‘സ്പാനിഷ് ഗോൾ’; തൃശൂർ മാജിക് എഫ്സിയെ കീഴടക്കി കണ്ണൂർ വാരിയേഴ്സ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 10, 2024, 04:18 AM | 0 min read

മഞ്ചേരി
ഒരു ഗോളിന് പിന്നിട്ടുനിന്നശേഷം സ്‌പാനിഷ് കരുത്തിൽ കണ്ണൂർ വാരിയേഴ്സിന്റെ  ഉയിർപ്പ്. സൂപ്പർ ലീഗ് കേരളയിൽ തൃശൂർ മാജിക്‌ എഫ്‌സിയെ ഒന്നിനെതിരെ രണ്ട് ഗോളിന്‌ കീഴടക്കി കണ്ണൂർ വിജയക്കുതിപ്പ് തുടങ്ങി. കണ്ണൂരിനായി സ്പാനിഷ് താരങ്ങളായ ഡേവിഡ് ഗ്രാൻഡേ, അൽവാരോ അൽവാരസ് ഫെർണാണ്ടസ് എന്നിവർ ലക്ഷ്യംകണ്ടപ്പോൾ തൃശൂരിന്റെ ഗോൾ അഭിജിത് സർക്കാർ വകയായിരുന്നു.

നായകവേഷത്തിലിറങ്ങിയ സി കെ വിനീതിന്റെ പരിചയസമ്പത്ത്‌ തൃശൂരിന് തുണയായി. വിനീതും ആദിലും ചേർന്ന് നടത്തിയ നീക്കത്തിനൊടുവിലാണ്‌ ആദ്യഗോൾ. വിനീത് നൽകിയ മനോഹരമായ പാസ് കാലിലൊതുക്കി അഭിജിത് സർക്കാർ പന്ത് അനായാസം വലയിലാക്കി.

കണ്ണൂരിന്റെ സമനിലയ്‌ക്ക്‌ 71–-ാംമിനിറ്റുവരെ കാത്തിരിക്കേണ്ടിവന്നു. ബോക്‌സിന് പുറത്തുനിന്ന് സ്‌പെയ്‌ൻ താരം ഡേവിഡ് ഗ്രാൻഡേ തൊടുത്ത ഇടങ്കാലൻ ഷോട്ട് പോസ്റ്റിൽ കയറി. കളി തീരാൻ മിനിറ്റുകൾ ബാക്കിയുള്ളപ്പോൾ കണ്ണൂർ നായകൻ അഡ്രിയാൻ സാർഡിനെറോയെ വീഴ്‌ത്തിയതിന് മഞ്ഞ കാർഡ് ലഭിച്ച തൃശൂരിന്റെ ഹെൻറി റഫറിയുമായി തർക്കിച്ചു. ഇതോടെ റഫറി ചുവപ്പ് കാർഡ് വീശി. പരിക്കുസമയത്ത് പ്രഗ്യാൻ സുന്ദർ എടുത്ത കോർണർ കിക്ക്‌ തകർപ്പൻ ഹെഡറിലൂടെ അൽവാരോ അൽവാരസ് വലയിലാക്കി. അൽവാരസാണ്‌ കളിയിലെ താരം. പയ്യനാട്‌ സ്‌റ്റേഡിയത്തിൽ 14ന്‌ മലപ്പുറം കലിക്കറ്റിനെ നേരിടും.



deshabhimani section

Related News

View More
0 comments
Sort by

Home