ad
Deshabhimani

ഇന്ന് ലോക
മാതൃ ദിനം

മറുപേരില്ലാതെ ഒരാൾ

mothers day
avatar
സതീജ വി ആർ

Published on May 10, 2026, 12:01 AM | 5 min read

മരിച്ചുപോയ മകന്റെ ശരീരവുംപേറി കടുകുമണി തേടിയിറങ്ങിയ കിസ ഗോതമിയുണ്ട്; പിന്നീട് ബുദ്ധന്റെ അനുയായി ആയവൾ. ദാഹിച്ചുവലഞ്ഞ സ്വന്തം കൈക്കുഞ്ഞിനുള്ള വെള്ളം തേടി സഫ, മർവ കുന്നുകൾക്കിടയിൽ ഏഴുപ്രാവശ്യം ഓടിത്തളർന്ന ഒരമ്മയുണ്ട് ഇബ്രാഹിം നബിയുടെ ഭാര്യയായ ഹാജിറ. പൂതം കട്ടോണ്ടുപോയ കുഞ്ഞിനെ വിട്ടുകിട്ടാനായി സ്വന്തം കണ്ണ് ചൂഴ്ന്നെടുത്ത് പൂതത്തിനുമുന്നിൽ വച്ച പൂതപ്പാട്ടിലെ നങ്ങേലി, ചുവരുറയ്ക്കാൻ കല്ലുകൾക്കിടയിൽവച്ച് കെട്ടിത്തേയ്ക്കാൻ ഒരുമ്പെടുമ്പോൾ
കുഞ്ഞിനെ പാലൂട്ടാനായി പകുതി മാറും ഒരു കൈയും കെട്ടിമറയ്ക്കരുതേ എന്നു പ്രാർഥിക്കുന്ന അമ്മ. ഖബറിൽ
കിടക്കുന്ന ഉമ്മുക്കൊലുസു നനയാതിരിക്കാനായി കുട
നിവർത്തിവയ്ക്കുന്ന ഉമ്മ. അമ്മസ്നേഹത്തിന്റെ കഥകൾ ഇനിയുമിനിയും എത്ര വേണമെങ്കിലും എഴുതിപ്പിടിപ്പിക്കാം


ലോകത്തിന്റെ ഏതു കോണിലേക്ക്‌ പറന്നകന്നാലും സ്വന്തമെന്നു കരുതുന്ന ഇടത്തേക്കുള്ള ചില പിൻവിളികളുണ്ട്. കാന്തക്കല്ലുപോലെ വരൂ വരൂ എന്ന വിളിയോടെ അത് വലിച്ചടുപ്പിച്ചുകൊണ്ടിരിക്കും. അത് ഒരു ഗന്ധമായിരിക്കാം, സ്വാദായിരിക്കാം, എപ്പോഴും ഉള്ളിൽ അലയടിച്ചുകൊണ്ടിരിക്കുന്ന പാട്ടായിരിക്കാം, ഒരു നിശ്വാസമായിരിക്കാം, ഇതൊക്കെയും ചേർന്നതുമാകാം. സംവേദനോപാധികളൊന്നുമില്ലാത്ത ഒരു ആശയവിനിമയമാണത്. ദൂരങ്ങളോ കാലങ്ങളോ പ്രസക്തമല്ല. ആ പിൻവിളിയെ നമുക്ക് അമ്മ എന്ന്‌ വിശേഷിപ്പിക്കാം.


സ്വന്തം ഉദരത്തിലെ ഇരുട്ടിലേക്ക് നിക്ഷേപിക്കപ്പെട്ട ഒരൊറ്റ ജീവകണത്തെ സ്വന്തം രക്തവും മാംസവും നൽകി പെരുപ്പിച്ചെടുത്ത് ഒരു മുഴുജീവിയാക്കി മാറ്റാൻ അമ്മ എന്ന മന്ത്രവാദിനിക്കല്ലാതെ ആർക്കാണ് കഴിയുക! ഓരോ ജീവിയെയും വംശപൂർവികതയിലേക്ക് കൊരുത്തുവയ്ക്കാൻ നാഭീബന്ധനത്തിനല്ലാതെ മറ്റെന്തിനാണാവുക!

​അതിനാലാകണം ജിബ്രാൻ അമ്മ എന്ന പദത്തിനെ “The most beautiful word on the lips of mankind is the word ‘Mother’ and the most beautiful call is the call of ‘My mother.’ It is a word full of hope and love, a sweet and kind word coming from the depths of the heart.’’ എന്ന് വ്യാഖ്യാനിച്ചത്.


​അമ്മ എന്ന പദം ജിബ്രാനുമാത്രമല്ല സുന്ദരമായിരുന്നത്. പ്രതീക്ഷയും സ്നേഹവുമായിരുന്നത്. നാൻസി എഡിസൺ എന്ന ഒരമ്മ ഇല്ലായിരുന്നെങ്കിൽ ഇലക്ട്രിക് ബൾബും ടെലിഗ്രാഫും മൂവി കാമറയും ഉൾപ്പെടെ ലോകത്തെ ആധുനികമാക്കാനുള്ള ഉപാധികളൊന്നും ഉണ്ടാകുമായിരുന്നില്ല. ‘ബുദ്ധിമാന്ദ്യമുള്ള കുട്ടി' എന്നു കുറ്റപ്പെടുത്തിക്കൊണ്ട് സ്കൂളിൽനിന്ന്‌ പുറത്താക്കപ്പെട്ട എഡിസണെ ഏറ്റവുമധികം കണ്ടുപിടിത്തങ്ങളുടെ അധിപനാക്കിയത് നാൻസി എഡിസൺ എന്ന അമ്മയല്ലാതെ മറ്റാരാണ്.


​പുതുചരിത്രം നിർമിക്കുകയും അതിനെ ഗതിമാറ്റി വിടുകയും ചെയ്ത മഹാരഥന്മാർക്കെല്ലാം ​പിന്നിൽ അമ്മ എന്ന വലിയ ശക്തി ഉണ്ടായിരുന്നു. അമേരിക്കൻ ഐക്യനാടുകളുടെ ആദ്യ പ്രസിഡന്റായിരുന്ന ജോർജ് വാഷിങ്‌ടനും അദ്ദേഹത്തിന്റെ കർക്കശക്കാരിയായിരുന്ന അമ്മ മേരി ബോളും തമ്മിലുണ്ടായിരുന്ന ബന്ധം പലപ്പോഴും വിവാദപരമായിരുന്നു. ആ കർക്കശനിലപാടുകളാണ് തന്നെ ഒരു സൈനികനായി രൂപപ്പെടുത്തുന്നതിന് കാരണമായതെന്ന വസ്തുത സ്മരിച്ചുകൊണ്ട് അദ്ദേഹം കുറിച്ചു: ‘‘ഞാൻ കണ്ടതിൽവച്ച് ഏറ്റവും സുന്ദരിയായ സ്ത്രീ എന്റെ അമ്മയാണ്‌.’’ ഒരു ഖനിത്തൊഴിലാളിയിൽനിന്ന്‌ തന്നെ സാമൂഹ്യപ്രവർത്തകനും വിദ്യാഭ്യാസ വിചക്ഷണനുമാക്കിയതിനുള്ള അവകാശി തന്റെ അമ്മയാണെന്ന്‌ ‘അപ് ഫ്രം ദ സ്ലേവറി' എന്ന പുസ്തകത്തിൽ മറ്റൊരു വാഷിങ്ടനായ ബുക്കർ ടി വാഷിങ്ടനും ഹൃദയസ്പർശിയായി പ്രതിപാദിച്ചിട്ടുണ്ട്. ഗാന്ധിജിയും വിവേകാനന്ദനും ടാഗോറും ഈ അമ്മസ്നേഹത്തിൽനിന്ന്‌ മുക്തരായിരുന്നില്ല.


സ്‌നേഹത്തിന്റെ


സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും പ്രതിരൂപമായ അമ്മമാർ ചരിത്രത്തിന്റെയും പുരാണങ്ങളുടെയും സാഹിത്യത്തിന്റെയും ഭാഗമായിട്ടുണ്ട്. മരിച്ചുപോയ മകന്റെ ശരീരവുംപേറി കടുകുമണി തേടിയിറങ്ങിയ കിസ ഗോതമിയുണ്ട്; പിന്നീട് ബുദ്ധന്റെ അനുയായി ആയവൾ. ദാഹിച്ചുവലഞ്ഞ സ്വന്തം കൈക്കുഞ്ഞിനുള്ള വെള്ളം തേടി സഫ, മർവ കുന്നുകൾക്കിടയിൽ ഏഴുപ്രാവശ്യം ഓടിത്തളർന്ന ഒരമ്മയുണ്ട് ഇബ്രാഹിം നബിയുടെ ഭാര്യയായ ഹാജിറ. പൂതം കട്ടോണ്ടുപോയ കുഞ്ഞിനെ വിട്ടുകിട്ടാനായി സ്വന്തം കണ്ണ് ചൂഴ്ന്നെടുത്ത് പൂതത്തിനുമുന്നിൽ വച്ച പൂതപ്പാട്ടിലെ നങ്ങേലി, ചുവരുറയ്ക്കാൻ കല്ലുകൾക്കിടയിൽവച്ച് കെട്ടിത്തേയ്ക്കാൻ ഒരുമ്പെടുമ്പോൾ കുഞ്ഞിനെ പാലൂട്ടാനായി പകുതി മാറും ഒരു കൈയും കെട്ടിമറയ്ക്കരുതേ എന്നു പ്രാർഥിക്കുന്ന അമ്മ. ഖബറിൽ കിടക്കുന്ന ഉമ്മുക്കൊലുസു നനയാതിരിക്കാനായി കുട നിവർത്തിവയ്ക്കുന്ന ഉമ്മ. അമ്മസ്നേഹത്തിന്റെ കഥകൾ ഇനിയുമിനിയും എത്ര വേണമെങ്കിലും എഴുതിപ്പിടിപ്പിക്കാം.


ധീരതയുടെ


സ്നേഹത്തിനതീതമായി, ധീരതകൊണ്ട് ഇടംകിട്ടിയ ചില അമ്മസ്നേഹങ്ങളുണ്ട്, ചരിത്രത്തിലും സാഹിത്യത്തിലും. മകനെ മുതുകിൽ കെട്ടിയിട്ട് ബ്രിട്ടീഷുകാരോട് പോരാടാനിറങ്ങിയ ഝാൻസിയിലെ റാണിയും ശത്രുക്കളുടെ കണ്ണിൽനിന്ന്‌ മകനെ കരുതലോടെ കാത്ത് മറാത്തയുടെ അധിപനായി വളർത്തിയെടുത്ത ജീജാഭായിയും സ്വന്തം ധീരതകൊണ്ട് ചരിത്രത്തെ മാറ്റിമറിക്കാൻ മക്കൾക്ക് കരുത്തുപകർന്ന അമ്മമാരാണ്. മേവാറിലെ രാജകുമാരനായ ഉദയ സിംഗനെ രക്ഷിക്കാനായി സ്വന്തം മകനായ ചന്ദനെ ബലികൊടുത്ത പന്നധായും റഷ്യൻ വിപ്ലവകാരിയായ കാല്യയേവിനുപകരം തന്റെ മകനെ കാട്ടിക്കൊടുക്കുകയും അവൻ വെടിയേറ്റുവീഴുന്നത്‌ കണ്ടുനില്ക്കുകയും ചെയ്ത അമ്മയും നീതിക്കുവേണ്ടിയും രാജ്യത്തിനുവേണ്ടിയും തങ്ങളുടെ മാതൃത്വം ബലി കഴിച്ചവരാണ്.


വിജയിച്ചു വരൂ എന്ന ആശംസയോടെ വീരതിലകമണിയിച്ച് തങ്ങളുടെ പുത്രന്മാരെ യുദ്ധമുഖത്തേക്ക്‌ യാത്രയാക്കിയ എത്രയോ അമ്മമാരുണ്ട് ചരിത്രത്തിന്റെ ഏടുകളിൽ ഇടംകിട്ടാതെ പോയവർ. ധർമയുദ്ധത്തിൽ 101 മക്കളെയും നഷ്ടപ്പെട്ടുനിന്ന ഒരമ്മയുടെ ശാപംകൊണ്ട് മുടിഞ്ഞുപോയ ഒരു കുലമുണ്ട് മഹാഭാരതത്തിൽ. കടലെടുത്ത ഒരു സാമ്രാജ്യവുമുണ്ട്. മകനിൽനിന്ന് വിപ്ലവത്തെ ഹൃദയത്തിലേക്ക് ഏറ്റുവാങ്ങിയ ഒരമ്മയുണ്ട്. ഗോർക്കിയുടെ അമ്മ. "രക്തത്തിന്റെ പുഴകള്‍ ഒഴുക്കിയാലും നിങ്ങള്‍ക്ക്‌ സത്യത്തെ മുക്കിക്കൊല്ലാന്‍ കഴിയില്ല’– നൂറ്റാണ്ടൊന്നു കഴിഞ്ഞിട്ടും സാഹിത്യചരിത്രത്തിന്റെ ഏടുകളിൽ ഇപ്പോഴും റഷ്യയുടെ തെരുവുകളിൽ ഉയർന്നുകേട്ട ഈ ശബ്‌ദത്തേക്കാൾ ഉയർന്നുനില്ക്കുന്ന മറ്റൊരമ്മശബ്ദവും ഇല്ലത്രേ!


കരുതലിന്റെ


ഈ അമ്മക്കരുതൽ മനുഷ്യനിൽമാത്രമായി പരിമിതപ്പെടുത്തേണ്ടതില്ല. എരിഞ്ഞടങ്ങാൻ തുടങ്ങിയ ഖാണ്ഡവ വനത്തിലെ കൂട്ടിൽ ചിറകുമുളയ്ക്കാത്ത തന്റെ കുഞ്ഞുങ്ങളെ ഉപേക്ഷിച്ചുപോകാനാകാതെ ‘ഞാനിനി എന്തോർത്തു തൻ തമ്പുരാനേ' എന്ന് വിലപിച്ച ഒരമ്മക്കിളിയുണ്ട് മഹാഭാരതം കിളിപ്പാട്ടിൽ. നാലാംക്ലാസിൽ ആ പാഠം പഠിപ്പിച്ചപ്പോൾ സ്വന്തം അമ്മയെ കാണാൻ വാശിപിടിച്ചുകരഞ്ഞ കൂട്ടുകാരുണ്ടായിരുന്നു. തന്റെ ശരീരംതന്നെ നൽകി കുഞ്ഞുങ്ങളെ പരിപോഷിപ്പിക്കുന്ന ചില ചിലന്തിവർഗങ്ങളുണ്ട്. കുഞ്ഞുങ്ങൾ പരുവപ്പെടുന്നതോടെ വെറും തോടായി നശിക്കുന്നവ. പ്രകൃതിയിലേക്ക് തിരിഞ്ഞാൽ അമ്മസ്നേഹത്തിന്റെ മാതൃകകൾ ഇനിയുമുണ്ടാകും. കൊത്തിയകറ്റുംവരെ എല്ലാ ജീവിവർഗത്തിനും തന്റെ കുഞ്ഞുങ്ങളോളം വലിയതായി ഒന്നുമില്ല; അതിനാലാകണം പ്രപഞ്ചത്തിന്റെ മുഴുവൻ അമ്മഭാവങ്ങളെയും ഉൾക്കൊണ്ട്‌ നമ്മളൊരു സുന്ദരൻ പഴമൊഴി തീർത്തത്: കാക്കയ്ക്കും തൻകുഞ്ഞ് പൊൻകുഞ്ഞ്.


ഹാജിറ ബീവിയെപ്പോലെ കൈക്കുഞ്ഞുങ്ങൾക്ക് നൽകാൻ ഒരിറ്റുവെള്ളം തേടി അലയുന്ന അമ്മമാർ ഇപ്പോഴുമുണ്ട്. തണുത്തുറഞ്ഞ ഉക്രയ്‌നിലൂടെ ഒരു ചുമലിൽ മൂന്നുവയസ്സായ കുട്ടിയെയും വയറ്റിൽ ഏഴുമാസം പ്രായമുള്ള കുഞ്ഞിനെയും ചുമന്നുകൊണ്ട് അഭയംതേടിയലഞ്ഞ നടാഷ, സുഡാനിലെ ചുട്ടുപൊള്ളുന്ന മണലിനെ കൈകൾകൊണ്ട് വാരിമാറ്റി ഉറവ തിരയുന്ന മരിയ, ജീവൻ നിലനിർത്തുന്നതിനായി എട്ടുമാസം പ്രായമുള്ള കുഞ്ഞിന് കടൽവെള്ളം തിളപ്പിച്ചുനൽകുന്ന ഗാസയിലെ പേരറിയാത്ത അമ്മ, യുദ്ധമുഖത്തുനിന്ന്‌ സ്വന്തം കുഞ്ഞുങ്ങളെയും ചേർത്തുപിടിച്ച് അഭയംതേടി അലയുന്ന അമ്മമാർ. അവർക്കൊപ്പം നിശ്ശബ്ദരായി നടന്നുനീങ്ങുന്ന കുട്ടികൾ. അപരിചിതമായ കാഴ്ചകളല്ലാതായിരിക്കുന്നു. ബലാത്സംഗം ചെയ്യപ്പെടുന്ന അമ്മമാരും ഗർഭിണികളും കലാപങ്ങളുടെ ഭാഗമാകുന്നു. കൗസർ ബാനുവും വിൽക്കിസ് ബാനുവും ജീവിക്കുന്നത് ഇന്ത്യയിലാണ്. വയറുകീറി ഭ്രൂണമെടുക്കുന്ന കലാപങ്ങളുണ്ടാകുന്നത് അമ്മയെ ദേവിയായി കണ്ട് ബഹുമാനിച്ചിരുന്ന ഭാരത ദേശത്താണ്.


ആദരവിന്റെ


സ്ത്രീ എന്ന പദത്തിനർഥം ‘തലമുറകളിലൂടെ വ്യാപിക്കുക’ എന്നാണെന്ന് ഭാഷാശാസ്ത്രം പറയുന്നു. എല്ലാ ജീവിവർഗങ്ങളിലെയും പെൺവിഭാഗത്തെപ്പോലെ മനുഷ്യസ്ത്രീയുടെയും ജൈവധർമം വംശത്തെ വർധിപ്പിക്കുകയാണ്. പക്ഷേ, അതിനുമപ്പുറം അമ്മയെന്ന ശ്രേഷ്ഠഭാവത്തിലേക്ക് ഉയർത്തപ്പെടുന്നത് കരുതലും പ്രയത്നവുംകൊണ്ടാണ്. അതുകൊണ്ടാണ് ലോകമെമ്പാടും അമ്മയെ ബഹുമാനിക്കാനും ആദരിക്കാനുമായി ഒരു ദിനം മാറ്റിവച്ചിട്ടുള്ളത്.

​1908 മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച അന്ന റീവിസ് ജാർവിസ് എന്ന അമേരിക്കൻ സാമൂഹ്യപ്രവർത്തക വെസ്റ്റ് വെർജീനിയയിലെ എപ്പിസ്കോപ്പൽ പള്ളിയിലെ തന്റെ അമ്മയുടെ ശവകുടീരത്തിൽ വെളുത്ത കാർനേഷൻ പൂക്കൾ അർപ്പിച്ച്‌ ആദ്യ മാതൃദിനം ആചരിച്ചു.


1905ൽ സ്വന്തം അമ്മയുടെ മരണശേഷം അമ്മമാരെ ആദരിക്കുന്നതിനായി ഒരു ദിനം വേണമെന്ന് അവർ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. 1914ൽ മെയ്‌ മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച എല്ലാ വർഷവും മാതൃദിനമായി ആചരിക്കുമെന്ന പ്രഖ്യാപനത്തിൽ അമേരിക്കൻ പ്രസിഡന്റായിരുന്ന റുഡ്റോ വിൽസൺ ഒപ്പുവച്ചതോടെ അന്ന് അന്ന സമർപ്പിച്ച പൂക്കൾ ലോകത്തിൽ അന്നുവരെയും അതിനുപിൻപും ജീവിച്ചിരുന്ന എല്ലാ അമ്മമാർക്കുമുള്ള ആദരമായി മാറുകയായിരുന്നു.


ആരാധനയുടെ


യഥാർഥത്തിൽ അമ്മയെ ദൈവമായി കരുതി ആദരിക്കുകയും ആരാധിക്കുകയും ചെയ്യുന്ന സംസ്കാരം എല്ലാ നാഗരികതകളിലും നിലനിന്നിരുന്നു. ‘യാ ദേവീ സർവഭൂതേഷു മാതൃരൂപേണ സംസ്ഥിതാ' ​എന്നു തുടങ്ങുന്ന ദേവീമാഹാത്മ്യത്തിലെയും ‘മാതൃദേവോ ഭവ' എന്നു തുടങ്ങുന്ന തൈത്തിരിയോപനിഷത്തിലെയും ശ്ലോകങ്ങളും ഗ്രീക്ക് പുരാണങ്ങളിലെ ഗയ്യ, ഡെമീട്ര റിയ്യ പോലുള്ള മാതൃദേവതാ സങ്കൽപ്പങ്ങളും സുമേറിയൻ സംസ്കാരത്തിലെ നമുവും ഇതിനെ സാധൂകരിക്കുന്നുണ്ട്. കേരളത്തിലെ അമ്മത്തെയ്യങ്ങളും ഭദ്രകാളി, ദേവി ആദിപരാശക്തി സങ്കൽപ്പങ്ങളും പൊങ്കാലപോലുള്ള ആചാരങ്ങളും ഈ മാതൃ ആരാധനയുടെ അനന്തരധ്വനികളാണ്. മനുഷ്യകുലത്തിന്റെ സാമൂഹ്യപരിണാമത്തെ 20 കഥകളിലൂടെ അടയാളപ്പെടുത്തിയ രാഹുൽ സാംകൃത്യായന്റെ വോൾഗമുതൽ ഗംഗവരെ എന്ന പുസ്തകത്തിൽ വോൾഗാ തടത്തിൽ നിലനിന്നിരുന്ന മാതൃകേന്ദ്രീകൃത സമൂഹക്രമത്തിന്റെ സൂചനകൾ അതിലെ ആദ്യകഥയായ ‘നിശ’യിലും പിന്നീടുള്ള കുറെ കഥകളിലും കാണാം.


സ്ത്രീയും പുരുഷനും ഒരുപോലെ ലൈംഗികസ്വാതന്ത്ര്യം അനുഭവിച്ചിരുന്ന ആ കാലഘട്ടങ്ങളിൽ മാതൃത്വം മാത്രമാണ് ആദ്യന്തമായ യാഥാർഥ്യമെന്നതുൾക്കൊണ്ട് നിർണയിക്കപ്പെടാൻ കഴിയാത്ത പിതൃത്വത്തെ അധികാരത്തിൽനിന്ന്‌ മാറ്റിനിർത്തുകയും മാതാവ് അധികാരത്തിന്റെ കേന്ദ്രമായി മാറുകയും ചെയ്തിരുന്നു. അധികാരത്തിനായുള്ള മനുഷ്യന്റെ ക്രൂരതയുടെ ആരംഭവും അവിടെ തുടങ്ങിയിരുന്നു. സ്വന്തം മകൾ ലേഖ അധികാരത്തിലെത്തുമെന്ന ഭയത്തിൽ അവളെ മുകളിലേക്ക് പൊന്തിവരാനാകാത്തവിധം മാറിടംകൊണ്ട് വോൾഗയുടെ ആഴങ്ങളിലേക്ക് തള്ളിയമർത്തിയ നിശ എന്ന ഗോത്രമാതാവിന്റെ ക്രൂരതയും വോൾഗയിലെ മഞ്ഞുവെള്ളത്തിലേക്ക് ചാടി കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിക്കുന്ന ലേഖയുടെ മാതൃസ്നേഹവും ഒരേ കഥയിൽ കാണാം. അന്നും ഇന്നും അധികാരത്തിനായുള്ള മനുഷ്യന്റെ അഭിവാഞ്ഛയ്ക്ക് ക്രൂരവും സ്വാർഥവുമായ പിന്നാമ്പുറങ്ങളുണ്ടായിരുന്നു.


​വോൾഗാ തടത്തിലെ നിശയുടെ ക്രൂരതയ്ക്കുസമാനമായ പല കാഴ്ചകളും സമ്മാനിച്ചുകൊണ്ടാണ് വർത്തമാനകാലം കടന്നുപോകുന്നത്. മക്കളെ കൊല്ലാൻതക്കവണ്ണം മനോരോഗം ബാധിച്ച അമ്മമാരുടെയും അമ്മയെ കൊല്ലാൻതക്കവണ്ണം ഭ്രാന്തുപിടിച്ച മക്കളും ഇന്ന് കാണാക്കാഴ്ചകളല്ല. എങ്കിലും ഒരു ലൈഫ് ജാക്കറ്റിനകത്ത് നാലുവയസ്സായ മകനെയും കെട്ടിപ്പിടിച്ച്‌ ജബൽപുരിലെ ബാർഗി അണക്കെട്ടിന്റെ ആഴങ്ങളിലേക്ക് താണുപോയ അമ്മച്ചിത്രം മായാതെനില്ക്കുന്നുണ്ട്. എന്നോ ഉപേക്ഷിക്കപ്പെടുമെന്ന് ഉറപ്പുണ്ടെങ്കിലും ഉറവച്ച ചോറിന്റെ കൈത്തഴക്കം നോക്കി ചിമ്മിനിവെട്ടത്തിൽ കാത്തിരുന്ന പഴയകാലത്തെ അമ്മയെപ്പോലെതന്നെ ഇപ്പോഴും കാത്തിരിക്കുകയാണ് കത്തുന്ന ഉള്ളുമായി ഓരോ അമ്മയും, പടിയിറങ്ങിപ്പോയ മക്കൾക്കായി. ചിലപ്പോൾ കാത്തിരിപ്പ് അവസാനിപ്പിച്ച് അമ്മ മടങ്ങിയിട്ടുണ്ടാകാം. എങ്കിലും ചില ഗന്ധങ്ങൾ, മാഞ്ഞുപോകാത്ത ഒച്ചകൾ ഇപ്പോഴുമുണ്ട്‌ അവിടെ. മടങ്ങിച്ചെല്ലാതെ പിന്നെങ്ങനെ...?



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home