ബർത്ത് പ്ലേസ്; വെങ്കിടേഷിന്റെ വർക്ക് പ്ലേസ്

താൻ ഉണ്ടാക്കിയ ബോട്ടുമായി വെങ്കിടേഷും ഭാര്യ നിബിതയും
അഞ്ജുനാഥ്
Published on Jan 25, 2026, 09:21 AM | 2 min read
ബോട്ടിൽ ജനിച്ചതുകൊണ്ടാകണം, കുട്ടിക്കാലംമുതൽ വെങ്കിടേഷിന് ബോട്ടുകളോട് വലിയ കൗതുകമായിരുന്നെന്ന് അമ്മ ഷൈല പറഞ്ഞു. വരച്ചിരുന്നത് മുഴുവൻ ബോട്ടിന്റെ ചിത്രങ്ങളായിരുന്നു. പ്രായമെത്തിയപ്പോൾ തടിയും പ്ലൈവുഡുമൊക്കെ ഉപയോഗിച്ച് ബോട്ടിന്റെ മാതൃകകൾ ഉണ്ടാക്കാനും തുടങ്ങി. ചെറുപ്പംമുതൽ നാട്ടുകാർ ‘ബോട്ട് മാഷ്’ എന്നായിരുന്നു വിളിച്ചിരുന്നത്
മൂന്നുപതിറ്റാണ്ടുമുന്പാണ് സംഭവം. ചേർത്തല പെരുന്പളം കിഴക്കനേഴത്ത് ബാബു വേലായുധനും ഭാര്യ ഷൈല ബാബുവും തങ്ങളുടെ രണ്ടാമത്തെ കൺമണിയെ കാത്തിരിക്കുകയാണ്. എറണാകുളം ജനറൽ ആശുപത്രിയിലാണ് ചികിത്സ. ഒരുമാസം കഴിഞ്ഞാണ് ഡോക്‌ടർമാർ പ്രസവത്തീയതി നിശ്ചയിച്ചിരിക്കുന്നത്.
1996 ജൂൺ മൂന്ന്
സമയം പുലർച്ചെ രണ്ട്
ഷൈല ബാബുവിന് പൊടുന്നനെ ശാരീരിക അസ്വസ്ഥത തുടങ്ങി. പ്രസവവേദനയും ആരംഭിച്ചു. എത്രയുംവേഗം ആശുപത്രിയിൽ എത്തണം. ഇടവപ്പാതിയാണ്. നിർത്താതെ മഴ പെയ്യുന്നുണ്ട്.
വേന്പനാട്ടുകായലിന് നടുവിലാണ് പെരുന്പളം ദ്വീപ്. അവിടെ ചികിത്സാസൗകര്യങ്ങളൊന്നുമില്ല. ഏറ്റവും അടുത്തുള്ളത് പൂത്തോട്ട ഗവ. ആശുപത്രിയാണ്. പക്ഷേ, അവിടേക്ക് എത്തുന്നത് എങ്ങനെ?
ജലഗതാഗതവകുപ്പിന്റെ സർവീസ് ബോട്ടുകൾ രാത്രിയിൽ പെരുന്പളം ദ്വീപിൽ നിർത്തിയിടാറുണ്ട്. അതിൽ എ 47 ബോട്ട് തുണയായി. ഷൈല ബാബുവും ഭർത്താവ് ബാബു വേലായുധനും ഷൈലയുടെ മാതാപിതാക്കളും ഒരു ബന്ധുവുമടങ്ങിയ സംഘവുമായി ബോട്ട് പൂത്തോട്ടയിലേക്ക് കുതിച്ചു. കായലിന്റെ നടുവിലെത്തിയപ്പോൾ ബോട്ടിലൊരു കുഞ്ഞിക്കരച്ചിൽ മുഴങ്ങി. പ്രസവം നടന്നു, ആൺകുട്ടി! ഷൈലയുടെ അമ്മ ശുശ്രൂഷകൾ ചെയ്‌തു. അമ്മയെയും കുഞ്ഞിനെയും പൂത്തോട്ട ഗവ. ആശുപത്രിയിൽ എത്തിച്ചു. പിറ്റേന്ന് എറണാകുളം ജനറൽ ആശുപത്രിയിലേക്ക്. അവിടെനിന്ന് അഞ്ചുദിവസത്തിനുശേഷം കുഞ്ഞുമായി വീട്ടിലെത്തി.
പെരുന്പളത്തെ വീട്ടിലിരുന്ന് ഇതൊക്കെ ഓർമിച്ചുകൊണ്ട് ഷൈല പറയുന്നു: ‘‘എന്തായിരുന്നു അന്നത്തെ അവസ്ഥ. ഇവിടെനിന്ന് പുറത്തു കടന്നുകിട്ടാൻ പ്രയാസമായിരുന്നു. അസമയത്താണെങ്കിൽ പറയുകയും വേണ്ട. എന്തിനും ബോട്ടുതന്നെ ശരണം. ഒരു അടയ്‌ക്കാമരത്തിന്റെ പാലമെങ്കിലും ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിട്ടുണ്ട്. എന്നാൽ, ഇന്ന് ഇതിനൊക്കെ മാറ്റം വരുന്നു. പെരുന്പളത്തെയും പടിഞ്ഞാറെ കരയായ വടുതലയെയും ബന്ധിപ്പിച്ചുള്ള പാലം നിർമാണം പൂർത്തിയായി, ഫെബ്രുവരി പകുതിയോടെ ഉദ്‌ഘാടനത്തിന് ഒരുങ്ങുകയാണ്.’’
വെങ്കിടേഷും അമ്മ ഷൈല ബാബുവും പെരുന്പളം പാലത്തിനുസമീപം
അന്ന് ബോട്ടിൽ ജനിച്ച കുട്ടി
അന്ന് ബോട്ടിൽ ജനിച്ച കുട്ടി പിന്നീട് അതേ ബോട്ടിൽ ജീവനക്കാരനായി. ബാബു വേലായുധന്റെയും ഷൈല ബാബുവിന്റെയും മകൻ കെ ബി വെങ്കിടേഷാണ് താൻ ജനിച്ചുവീണ എ 47 ബോട്ടിൽ മൂന്നുപതിറ്റാണ്ടുകൾക്കിപ്പുറം ലാസ്‌കറായി ജോലിയിൽ പ്രവേശിച്ചത്. 2025 നവംബറിലാണ് വെങ്കിടേഷ് ജോലിക്ക് കയറിയത്. വെങ്കിടേഷ് ജനിച്ചുവീണ ‘എ 47’ ബോട്ട് ഇപ്പോൾ ആലപ്പുഴ–നെടുമുടി റൂട്ടിൽ സർവീസ് നടത്തുകയാണ്.
ബോട്ടിൽ ജനിച്ചതുകൊണ്ടാകണം, കുട്ടിക്കാലംമുതൽ വെങ്കിടേഷിന് ബോട്ടുകളോട് വലിയ കൗതുകമായിരുന്നെന്ന് അമ്മ ഷൈല പറഞ്ഞു. വരച്ചിരുന്നത് മുഴുവൻ ബോട്ടിന്റെ ചിത്രങ്ങളായിരുന്നു. പ്രായമെത്തിയപ്പോൾ തടിയും പ്ലൈവുഡുമൊക്കെ ഉപയോഗിച്ച് ബോട്ടിന്റെ മാതൃകകൾ ഉണ്ടാക്കാനും തുടങ്ങി. ചെറുപ്പംമുതൽ നാട്ടുകാർ ‘ബോട്ട് മാഷ്’ എന്നായിരുന്നു വിളിച്ചിരുന്നത്. പെരുന്പളം കേന്ദ്രീകരിച്ച് സർവീസ് നടത്തിയിരുന്നകാലത്ത് ‘എ 47’ ബോട്ടിൽ കയറുന്പോൾ പ്രത്യേക പരിഗണന കിട്ടിയിരുന്നു. ബോട്ട് ജീവനക്കാർ വളരെ സ്‌നേഹത്തോടെയാണ് പെരുമാറിയിരുന്നത്. വിളിച്ച് എൻജിൻ റൂമിൽ ഇരുത്തുന്നതും പതിവായിരുന്നു. അങ്ങനെ ബോട്ടുകളോടുള്ള ഇഷ്‌ടം വെങ്കിടേഷിനെ ബോട്ടിന്റെ ലോകത്തുതന്നെ എത്തിച്ചു. ആദ്യം കൊച്ചി ജലമെട്രോയിലായിരുന്നു ജോലി. പിന്നീടാണ് ജലഗതാഗതവകുപ്പിൽ ജോലി ലഭിച്ചത്. ഇപ്പോൾ എറണാകുളത്താണ് ജോലി ചെയ്യുന്നത്. ബോട്ടുമായുള്ള ‘കുടുംബബന്ധം’ വേറെയുമുണ്ട്. ജ്യേഷ്‌ഠൻ ഗണേഷ് ബാബുവും ബോട്ടിലാണ് ജോലി ചെയ്യുന്നത്. കൊച്ചി ജലമെട്രോയിൽ ബോട്ട് അസിസ്റ്റന്റാണ് ഗണേഷ്.










0 comments