print edition ഒറ്റയ്‌ക്ക് പാടുന്ന പൂങ്കുയിലേ...

അതുല്യ ഉണ്ണി
Published on Jul 26, 2026, 12:01 AM | 3 min read
സംഗീത ലോകത്തെ ചില ശബ്ദങ്ങൾ പെട്ടെന്നുവന്ന് മാഞ്ഞുപോകും. മറ്റുചിലത് കാലത്തെ അതിജീവിച്ച് ആസ്വാദകരുടെ ഹൃദയങ്ങളിലെന്നും തങ്ങിനിൽക്കും. ആ അപൂർവ നിരയിൽ ചേർത്തുപിടിക്കേണ്ട പേരാണ് വൈക്കം വിജയലക്ഷ്മിയുടേത്. കൺമുന്നിലെ നിറങ്ങളെക്കാൾ വലിയൊരു ലോകം സംഗീതത്തിലുണ്ടെന്ന് തെളിയിച്ച ഗായിക. ഏത് ഇരുണ്ടകോണിൽനിന്നും സർഗാത്മകതയുടെ വെളിച്ചത്തിലേക്ക് എങ്ങനെ വളർന്നുവരാം എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് അവരുടെ സംഗീതയാത്ര. ചില പാട്ടുകൾ കേൾക്കുമ്പോൾ ഉള്ളിൽ പെട്ടെന്ന് ഒരു തിരി തെളിയും. പിന്നെ ആ ഈണം നമ്മെ എങ്ങനെയൊക്കെയോ കീഴടക്കും.
‘അജയന്റെ രണ്ടാം മോഷണ’ത്തിലൂടെ നമ്മെ ഒരുപോലെ കണ്ണീരണിയിച്ചും ഹൃദയം തൊട്ടും കടന്നുപോയ ഗാനമാണ് ‘അങ്ങ് വാനക്കോണില്’. ആ ഗാനം നാം ഏറ്റെടുത്തത് പെട്ടെന്നായിരുന്നു. വരികളുടെ ലാളിത്യവും ആലാപനത്തിന്റെ ആഴവുംകൊണ്ട് പ്രേക്ഷകരെ ഒന്നടക്കം തങ്ങളുടെ ബാല്യകാലത്തിലേക്ക് കൈപിടിച്ചു നടത്തിയ ഗാനം മലയാളത്തിന്റെ മനസ്സ് കീഴടക്കി. ഇരുട്ടിന്റെ ലോകത്തുനിന്ന് സംഗീതത്തിന്റെ അമൃത് മാത്രം നുകർന്ന് ജീവിക്കുന്ന വൈക്കം വിജയലക്ഷ്മിയുടെ ആലാപന മികവ് ഒടുവിൽ ദേശീയ പുരസ്കാരത്തിന്റെ പൊൻതിളക്കത്തിൽ. പാട്ടിന്റെ പാലാഴി തീർത്ത ആ നാദവിസ്മയത്തിന്റെ വിശേഷങ്ങളിലേക്ക്.
ദേശീയ പുരസ്കാര നേട്ടം
അപ്രതീക്ഷിതമായി കിട്ടിയ പുരസ്‌കാരം. പെട്ടെന്ന് കേട്ടപ്പോൾ ഒരു അമ്പരപ്പായിരുന്നു. എന്നെങ്കിലും പുരസ്‌കാരം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഇത്രപെട്ടെന്ന് കിട്ടുമെന്ന് സ്വപ്‌നത്തിൽപ്പോലും വിചാരിച്ചില്ല. പുരസ്‌കാര പ്രഖ്യാപനത്തിന്റെ വാർത്ത ഡോക്യുമെന്ററി സംവിധായകൻ സുഭാഷേട്ടൻ വിളിച്ച് പറഞ്ഞപ്പോഴാണ് അറിയുന്നത്. അത്ഭുതവും സന്തോഷവും ഒരുപോലെ നിറഞ്ഞ നിമിഷമായിരുന്നു അത്. രണ്ടുവർഷം മുന്നേയാണ് പാട്ട് റെക്കോഡ് ചെയ്‌തത്. ദിബു സാറിനൊപ്പമുള്ള രണ്ടാമത്തെ പാട്ട്. ഒരു മുത്തശ്ശി കഥ പറയുന്നതുപോലെ പാടണമെന്നായിരുന്നു പറഞ്ഞുതന്നത്. പാടണ്ട രീതിയെല്ലാം കൃത്യമായി പഠിപ്പിച്ചു. റെക്കോഡിങ് കഴിഞ്ഞ് ഇറങ്ങിയപ്പോൾ ഒരു അവാർഡ് മണക്കുന്നുണ്ടല്ലോ എന്നാണ് അവർ ആദ്യം പറഞ്ഞത്. ദാ അത് ഇപ്പോൾ കിട്ടിയിരിക്കുന്നു. അതിന്റെ ആനന്ദലബ്‌ധിയിലാണ് ഞാൻ.
തുടക്കവും ഓർമകളും
ജനിച്ചത് വൈക്കത്തായിരുന്നു. അഞ്ച് വയസ്സുവരെ താമസം ചെന്നൈയിലും. ഒന്നരവയസ്സുമുതലേ പാടുമെന്ന് അച്ഛനും അമ്മയും പറഞ്ഞ് കേട്ടിട്ടുണ്ട്. ചെറുപ്പംതൊട്ടേ ദാസേട്ടന്റെയും എംഎസ് അമ്മയുടെയും ബാലമുരളി സാറിന്റെയും ചെമ്പൈ സ്വാമികൾ തുടങ്ങിയവരുടെയും പാട്ടുകൾ കേട്ടാണ് പഠനം ആരംഭിച്ചത്. അഞ്ചര വയസ്സിൽ ദാസേട്ടന് ഗുരുദക്ഷിണ സമർപ്പിച്ച് വൈക്കത്തെ ഉദയനാപുരം ചാത്തൻകുടി ക്ഷേത്രത്തിലായിരുന്നു സംഗീത സപര്യ ആരംഭിച്ചത്. 39 വർഷമായി സംഗീത യാത്ര തുടരുന്നു. ആദ്യമായി സിനിമയിൽ പാടാൻ അവസരം ലഭിച്ചത് മധുരമുള്ള ഓർമകളിൽ ഒന്നാണ്. ഒരു ചാനലിലെ പരിപാടി കണ്ട് ജയചന്ദ്രൻ സാറാണ് ആദ്യമായി വിളിക്കുന്നത്. എം എസ് സുബ്ബുലക്ഷ്‌മിയമ്മയുടെ സംഗീതവുമായി സാമ്യത ഉണ്ടെന്നാണ് അദ്ദേഹം എന്നോട് ആദ്യമേ പറഞ്ഞത്. ജീവിതത്തിലെ വഴിത്തിരിവ് തന്നെയായിരുന്നു അത്. അങ്ങനെ ‘കാറ്റേ കാറ്റേ’ പാടി.
ഇൗ വർഷം ഇരട്ടിമധുരം
സത്യത്തിൽ ഇൗ വർഷം ഇരട്ടി മധുരമാണ് സമ്മാനിച്ചിരിക്കുന്നത്. ദേശീയ പുരസ്‌കാരവും തമിഴ്‌നാടിന്റെ സംസ്ഥാന പുരസ്‌കാരവും തേടിയെത്തി. ഇതൊക്കെ ഒരു ഭാഗ്യമാണ്. അതുകൊണ്ട്‌തന്നെ ആഹ്ലാദം ഏറെയാണ്. മലയാളം, തമിഴ്, തെലുഗു, ഹിന്ദി, ബംഗാളി, കന്നഡ ഭാഷകളിലായി മുന്നൂറിലധികം സിനിമാഗാനങ്ങൾ പാടനായിട്ടുണ്ട്. കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ പ്രത്യേക ജൂറി പരാമർശം, മികച്ച പിന്നണി ഗായികയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം, കേരള സർക്കാരിന്റെ കേരളശ്രീ പുരസ്‌കാരം, വനിതാരത്‌നം, കർണാടകം സ്റ്റേറ്റ് അവാർഡ് തുടങ്ങി നിരവധി അവാർഡും ലഭിച്ചിട്ടുണ്ട്. എല്ലാ ഭാഷയിൽയിൽനിന്നും ജനങ്ങൾ നൽകുന്ന പിന്തുണയാണ് ഏറ്റവും വലിയ അവാർഡ്.
കരുത്തായി കൂടെയുണ്ട്
അമ്മ വിമലയും അച്ഛൻ മുരളീധരനും ആണ് എന്റെ കരുത്ത്. അവരും പാടും. ഞങ്ങൾ സംഗീത കുടുംബമാണ്. അവരുടെ പ്രോത്സാഹനം ഒന്നുകൊണ്ട് മാത്രമാണ് ഇവിടെയെത്തി നിൽക്കുന്നത്. അവരാണ് എന്റെ ഭാഗ്യവും. എവിടെപ്പോകാനും അവർ ഒപ്പമുണ്ട്. അതാണ് തളരാതെ പിടിച്ചുനിർത്തുന്നതും. ചെറുപ്പംതൊട്ടേ മുടങ്ങാതെ അവർ സാധകം ചെയ്യിക്കുമായിരുന്നു. പാട്ട് പഠിപ്പിക്കുന്നതിനുമുന്നേ മുതൽ അങ്ങനെയാണ്. അക്ഷരസ്‌ഫുടതയ്‌ക്കുവേണ്ടി പരിശീലിപ്പിക്കുമായിരുന്നു. എല്ലാ സാഹചര്യങ്ങളിലും അവർ തണലായി കൂടെയുണ്ട്.
സ്വപ്‌നങ്ങൾ
ഇളയരാജാസാറിനൊപ്പവും എ ആർ റഹ്‌മാൻ സാറിന്റെയും വിദ്യാസാഗർ സാറിന്റെയുമൊക്കെകൂടെ പാടണം. ഇതിനെ ആഗ്രഹമെന്നോ സ്വപ്‌നമെന്നോ എന്തും വിളിക്കാം. സംഗീതപഠനം തുടരണം. നമ്മൾ പരിശ്രമിക്കുക അവസരങ്ങൾ താനെ വരും. ഇനിയും മികച്ച പാട്ടുകളുടെ ഭാഗമാകണം. ഒട്ടേറെ ഭാഷകളിൽ പാടണം. ജയചന്ദ്രൻ സാറിന്റെയും ഒൗസേപ്പച്ചൻ സാറിന്റെയുംകൂടെ പുതിയ പാട്ട് ചെയ്യുന്ന തിരക്കിലാണ് ഇപ്പോൾ.









0 comments