ad
Deshabhimani

print edition പൂക്കാതിരിക്കാൻ എനിക്കാവതില്ലേ

irshad
avatar
ഷംസുദ്ദീൻ കുട്ടോത്ത്‌

Published on Jul 12, 2026, 12:01 AM | 4 min read

‘‘അമ്മ മരിച്ചപ്പോൾ

ആശ്വാസമായി

ഇനിയെനിക്ക്‌ അത്താഴപ്പഷ്‌ണി കിടക്കാം

ആരും സ്വൈര്യം കെടുത്തില്ല.

ഇനിയെനിക്ക്‌ ഉണങ്ങിപ്പാറുംവരെ

തല തുവർത്തേണ്ട

ആരും ഇഴ വിടർത്തി നോക്കില്ല...’’


മഴയൊഴിഞ്ഞ സന്ധ്യയിൽ കോഴിക്കോട്ടെ ഒരു ഹോട്ടലിലെ സൗഹൃദക്കൂട്ടായ്‌മയിലിരുന്ന്‌ നടൻ ഇർഷാദ്‌ അലി കവിത ചൊല്ലിത്തുടങ്ങി. കണ്ണ്‌ നിറഞ്ഞും കനംവച്ച നെഞ്ചിൽ കൈചേർത്തും സദസ്സ്‌ ആ വരികളത്രയും ഹൃദയത്തോട്‌ ചേർത്തു. മരിച്ചുപോയ അമ്മമാരുടെ സാന്നിധ്യം ആ അന്തരീക്ഷത്തിൽ നനവ്‌ പടർത്തി. കണ്ണടച്ച്‌ കവിതയുടെ കാണാവഴികളിലൂടെ പോയവരെല്ലാം പ്രതീക്ഷയുടെ പുതിയ വെളിച്ചത്തിൽ പരസ്‌പരം തൊട്ടു. വാക്കുകൾ തുറന്ന ആകാശത്തിനുകീഴിൽ അവർ തണലുകൊണ്ടു. പരസ്പരം ആശ്വാസമായി കെട്ടിപ്പിടിച്ചു.


മേതിൽ, അയ്യപ്പൻ, കൽപ്പറ്റ നാരായണൻ, സാവിത്രി രാജീവൻ, പി പി രാമചന്ദ്രൻ, വീരാൻകുട്ടി, റഫീക്ക്‌ അഹമ്മദ്‌, എം എസ്‌ ബനേഷ്‌, മോഹനകൃഷ്‌ണൻ കാലടി, ഷാജു വി വി, തമിഴ്‌ കവി അല്ലി ഫാത്തിമ, സിറിയൻ കവി നിസാർ ഖബ്ബാനി, മലയാളത്തിലെ യുവ എഴുത്തുകാരായ ആതിര ആർ, വിപന്യ രേവതി, നിരഞ്ജൻ തുടങ്ങിയവരുടെയെല്ലാം വരികൾ ആ കൂട്ടായ്‌മയിൽ ഇർഷാദിന്റെ ശബ്ദത്തിൽ പലതവണ പെയ്‌തൊഴിഞ്ഞു.

ഓരോ കവിതയും ചൊല്ലിക്കഴിഞ്ഞശേഷമുള്ള നിശ്ശബ്‌ദതയുടെ കനം കുറച്ചുകൊണ്ട്‌ പാശ്ചാത്യസംഗീത ഉപകരണമായ ‘ഹങ്ങി’ന്റെ നേർത്ത സംഗീതം പെയ്‌തുകൊണ്ടിരുന്നു; കവിതയുടെ ശ്വാസമായി. മുറിയിലെ ഏതോ കോണിൽനിന്ന്‌ ഒഴുകിവന്ന മരണവും പ്രണയവും അനുഭവിപ്പിക്കുന്ന പലതരം മണങ്ങൾ ആസ്വാദകരെ ഓർമകളിലേക്കും പോയകാലത്തിലേക്കും കൈപിടിച്ചു. മുറിവേറ്റ മനുഷ്യനായും അമ്മ നഷ്ടപ്പെട്ട കുഞ്ഞായും പ്രണയം തകർന്ന കാമുകനായും തോറ്റവരൊന്നും മരിച്ചുപോയിട്ടില്ലെന്ന്‌ ഓർമിപ്പിച്ചും ഇർഷാദ്‌ എന്ന നടൻ പരകായപ്രവേശം ചെയ്‌തു.


കോവിഡ്‌ കാലത്ത്‌ ഉറക്കം നഷ്ടപ്പെട്ട ഒരു രാത്രി എം എസ്‌ ബനേഷിന്റെ ‘തൊഴുകൈ തോക്ക്‌’ എന്ന കവിത സമൂഹമാധ്യമത്തിൽ പോസ്റ്റ്‌ ചെയ്‌തതുമുതലാണ്‌ ഇർഷാദിന്റെ കവിതയോടുള്ള പ്രണയം ലോകമറിയുന്നത്‌. കൂട്ടുകാർക്കുമുമ്പിൽ നേരമ്പോക്കിന്‌ തുടങ്ങിയ കവിതചൊല്ലൽ പതിയെ കൂടുതൽ വേദികളിലെത്തിച്ചു. സാഹിത്യോത്സവങ്ങളിലുംമറ്റും മികച്ച അഭിപ്രായങ്ങൾ നേടിയതോടെ പൂർവഗാമികൾ ഇല്ലാത്ത പരിപാടിയെ ഗൗരവത്തോടെ സമീപിച്ചുതുടങ്ങി.

‘പൂക്കാതിരിക്കാൻ എനിക്കാവതില്ലേ’ എന്ന്‌ പേരിട്ടിരിക്കുന്ന പരിപാടി 15 വേദികളിൽ ഇതിനകം അവതരിപ്പിച്ചു. ഷൂട്ടിങ്‌ ഇടവേളകളിലാണ്‌ ഇപ്പോൾ കവിതകൾ അവതരിപ്പിക്കുന്നത്‌. വിദേശ രാജ്യങ്ങളിൽനിന്നുൾപ്പെടെ നിരവധി അന്വേഷണങ്ങൾ വന്നതോടെ സിനിമകൾക്കൊപ്പം കവിതയുമായി ലോകം ചുറ്റാനുള്ള തയ്യാറെടുപ്പിലാണ്‌ ഇർഷാദ്‌. ഇത് കവിതചൊല്ലൽ മാത്രമല്ല. കവിതയെ കേൾക്കാനുള്ള പുതിയൊരു സംസ്കാരം സൃഷ്ടിക്കാനുള്ള ശ്രമംകൂടിയാണ്. ഓരോ കവിതയും അവസാനിക്കുമ്പോൾ കേൾവിക്കാർക്ക് സ്വന്തം ജീവിതത്തിലെ ഒരു മുറിവ് തൊട്ടുണരുന്ന അനുഭവമാണ്.


മലയാളം, തമിഴ്‌, തെലുഗു ഉൾപ്പെടെ നൂറ്റമ്പതോളം സിനിമകളിൽ അഭിനയിച്ച ഇർഷാദിന്റെ പാഠം ഒന്ന്‌ ഒരു വിലാപം, ഗർഷോം, പരദേശി, ഭക്തജനങ്ങളുടെ ശ്രദ്ധയ്‌ക്ക്‌, പ്രജ, ഓപ്പറേഷൻ ജാവ, വർഷം, ദൃശ്യം തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്‌. കവിതയുമായുള്ള യാത്രയെക്കുറിച്ച്‌ ഇർഷാദ്‌ അലി സംസാരിക്കുന്നു.


കോവിഡ് തുറന്ന വാതിൽ


സിനിമയൊന്നുമില്ലാതെ പകച്ചുനിന്ന കോവിഡ്‌ കാലത്ത്‌ മറ്റു ചിന്തകളിൽനിന്നെല്ലാം രക്ഷപ്പെടുത്തിയത്‌ കവിതകളാണ്‌. കുട്ടിക്കാലത്തേ കവിതകൾ ഇഷ്ടമായിരുന്നു. കോവിഡ്‌ ഭയപ്പെടുത്തിയ കാലത്ത്‌ എല്ലാ ദിവസവും കവിത ചൊല്ലി വീഡിയോ ഫെയ്‌സ്‌ബുക്കിലിടുമായിരുന്നു. എം എസ്‌ ബനേഷിന്റെ ‘തൊഴുകൈ തോക്ക്‌’ ചൊല്ലിയശേഷം കിട്ടിയ സ്വീകാര്യത കവിതയെ ഗൗരവത്തോടെ സമീപിക്കാൻ പ്രേരിപ്പിച്ചു. എല്ലാ ദിവസവും സുഹൃത്തുക്കൾ വിളിച്ച്‌ അഭിപ്രായം പറയുമായിരുന്നു. ചിലർ കവിതകൾ സജസ്റ്റ്‌ ചെയ്യും. വീരാൻകുട്ടിയെപ്പോലുള്ള കവികൾ ശ്രദ്ധിക്കുന്നുണ്ടെന്ന്‌ അറിഞ്ഞതോടെ അതൊരു ലഹരിയായി. പിന്നീട്‌ ‘കേച്ചേരിപ്പുഴ’ എന്ന ചാനലിലും കവിതകൾ അവതരിപ്പിച്ചു. ആ യാത്ര ഇന്നിവിടെ എത്തിനിൽക്കുമ്പോൾ വലിയ സന്തോഷമുണ്ട്‌.


അനുഭൂതിയുടെ 
വീഞ്ഞുപാത്രം


സിനിമയിൽ നല്ല ഒരു സീൻ അഭിനയിച്ചുതീർത്ത ഫീലാണ്‌ ‘പൂക്കാതിരിക്കാൻ എനിക്കാവതില്ലേ’ പരിപാടി കഴിയുമ്പോൾ. ഓരോ കവിതയിലൂടെയും കടന്നുപോകുമ്പോൾ അതിലെ ഇമോഷനുകളിലൂടെയെല്ലാം ഞാനും കടന്നുപോകാറുണ്ട്‌. മരണവും പ്രണയവും വിരഹവും അനാഥത്വവുമെല്ലാം ഞാനും അനുഭവിക്കുന്നു. കവിത ചൊല്ലുമ്പോൾ ചിലപ്പോൾ കണ്ണുകൾ നിറയാറുണ്ട്‌. ചങ്കിടറുന്നത്‌ ആരും അറിയാതിരിക്കാൻ ശ്രമിക്കാറുണ്ട്‌. ചെറിയ സൗഹൃദസദസ്സിനുമുന്നിൽ രാത്രി കവിതകൾ ചൊല്ലി കഴിയുമ്പോൾ അനുഭൂതികളുടെ വീഞ്ഞുപാത്രം ആരോ നീട്ടിയപോലെ. കവിതയ്‌ക്കുശേഷമുള്ള നിമിഷങ്ങൾ തരുന്ന ലഹരി പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്‌. അവതരിപ്പിക്കുന്ന കവിതകളെല്ലാം എനിക്ക്‌ മനപ്പാഠമാണ്‌. സിനിമയിൽ ഡയലോഗ്‌ പഠിക്കാനൊക്കെ ഈ പരിശീലനം സഹായിക്കുന്നുണ്ട്‌. ഇടവേളകളിൽ ഇപ്പോൾ കാരവനിൽ കവിതകളുമായാണ്‌ ഇരിക്കാറ്‌.


നെഞ്ചിൽ കൊള്ളുന്ന 
വരികൾ


എന്നെ ഏതെങ്കിലും തരത്തിൽ സ്വാധീനിച്ച കവിതകളാണ്‌ അവതരിപ്പിക്കാറുള്ളത്‌. ഒരുപാട്‌ കവിസുഹൃത്തുക്കളുണ്ട്‌. എന്നാൽ, അവരിൽ പലരുടെയും കവിതകൾ അവതരിപ്പിച്ചിട്ടില്ല. ഏതു തലമുറയിൽപ്പെട്ടതായാലും എന്നെ തൊടുന്ന വരികളാണ്‌ അവതരിപ്പിക്കാൻ ശ്രമിക്കാറുള്ളത്‌.


അമ്മയുടെ അഭാവം, 
കവിതയുടെ സാന്നിധ്യം


അമ്മയെക്കുറിച്ചുള്ള കവിതകൾ അവതരിപ്പിച്ചാണ് പരിപാടി തുടങ്ങാറുള്ളത്. അതിനു കാരണം ഉമ്മയുമായുള്ള എന്റെ ബന്ധമാണ്‌. അമ്മമാർ മരിക്കുന്നതോടെയാണ്‌ നമ്മൾ അനാഥരാകുന്നത്‌. അതുവരെ അവർക്ക്‌ നമ്മൾ കുട്ടികളാണ്‌. ഉമ്മ മരിച്ചപ്പോൾ കടന്നുപോയ വഴികൾ ഇപ്പോഴും മനസ്സിലുണ്ട്‌. കൽപ്പറ്റയുടെ ‘ആശ്വാസം’ എന്നെ വല്ലാതെ ഉലച്ചുകളഞ്ഞ കവിതയാണ്‌. അതുപോലെ സാവിത്രി രാജീവന്റെ ‘അമ്മയെ കുളിപ്പിക്കുമ്പോൾ’ എന്ന കവിതയും.


ലാലേട്ടൻ കണ്ട കവിതാഭ്രാന്ത്


എന്റെ കവിതാഭ്രാന്തിനെക്കുറിച്ച്‌ ലാലേട്ടന്‌ നന്നായറിയാം. ദൃശ്യം–3ൽ അഭിനയിക്കുന്ന സമയത്താണ്‌ തിരുവനന്തപുരത്ത്‌ നടന്ന വലിയ ഒരു ലിറ്റററി ഫെസ്റ്റിവലിൽ ഞാൻ പരിപാടി അവതരിപ്പിക്കാൻ പോയത്‌. അന്ന്‌ അദ്ദേഹം എന്നെ അനുഗ്രഹിച്ചൊക്കെയാണ്‌ വിട്ടത്‌. തരുൺമൂർത്തിയുടെ ‘അതിമനോഹരം’ എന്ന സിനിമയിലാണ്‌ ഇപ്പോൾ ലാലേട്ടനൊപ്പം അഭിനയിക്കുന്നത്‌. കാണുമ്പോഴെല്ലാം അവതരിപ്പിക്കുന്ന പുതിയ കവിത ഏതെന്ന്‌ അന്വേഷിക്കാറുണ്ട്‌.


അരങ്ങിലെ അനുഭവം


കോഴിക്കോട്‌ ‘കഥ’ എന്ന ഹോട്ടലിൽ പരിപാടി അവതരിപ്പിച്ചപ്പോൾ എം ടിയുടെ മകൾ അശ്വതി, ഭർത്താവും നർത്തകനുമായ ശ്രീകാന്ത്‌, എഴുത്തുകാരൻ എൻ പി ഹാഫിസ്‌ മുഹമ്മദ്‌ എന്നിവരൊക്കെയുണ്ടായിരുന്നു. ഗദ്യകവിതയ്‌ക്ക്‌ ഇത്രയും ആർദ്രതയോടെ ഹൃദയത്തിൽ കയറാൻ പറ്റുമെന്ന്‌ മനസ്സിലാക്കാൻ എന്റെ പരിപാടി കാരണമായി എന്നു പറഞ്ഞുകേട്ടപ്പോൾ വലിയ സന്തോഷം തോന്നി. ‘ഹങ്ങ്‌’ എന്ന സ്വിസ്‌ സംഗീതോപകരണമാണ്‌ കവിതയോടൊപ്പം വായിക്കുന്നത്‌. ഇന്ത്യയിൽ അത്ര പ്രചാരത്തിലില്ലാത്ത ഈ ഉപകരണം മാഡ്‌ മധു എന്ന സുഹൃത്താണ്‌ വായിക്കുന്നത്‌. താളവാദ്യ ഉപകരണമാണെങ്കിലും തന്ത്രിവാദ്യത്തിന്റെ ശബ്ദമായാണ്‌ ഇതിൽനിന്ന്‌ സംഗീതം പുറത്തുവരുന്നത്‌. പരിപാടിക്കെത്തുന്നവർക്ക്‌ ഈ സംഗീതോപകരണവും വലിയ കൗതുകമാണ്‌.


ഭാവിപരിപാടികൾ


സിനിമയിൽ സജീവമാണ്‌. അതിമനോഹരം, പ്രേംപാറ്റ എന്നിവയാണ്‌ പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ. ചില സിനിമകളുടെ ചർച്ചകൾ നടക്കുന്നുണ്ട്‌. ഇതിനൊപ്പം കവിതയുമായി നാടുചുറ്റാനുള്ള ഒരുക്കത്തിലാണ്‌. ഖത്തർ, ലണ്ടൻ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള സുഹൃത്തുക്കളെല്ലാം പരിപാടി അവതരിപ്പിക്കാനായി വിളിക്കുന്നുണ്ട്‌. അതിനുള്ള തയ്യാറെടുപ്പിലാണ്‌. സിനിമയുമായി ലോകം ചുറ്റാനാണ്‌ ആഗ്രഹിച്ചത്‌; ചിലപ്പോൾ ഞാൻ ചൊല്ലുന്ന കവിതയായിരിക്കും എന്നെ മറ്റു നാടുകളിൽ എത്തിക്കുന്നത്‌.


കവിത ചൊല്ലിയും 
ഒരു പോരാട്ടം


പുതിയ തലമുറയിലെ നിരവധി സുഹൃത്തുക്കൾ കവിതകളോട് താൽപ്പര്യം കാണിക്കുന്നത് വലിയ സന്തോഷം തരുന്നു. അവർക്കിടയിൽ കവിതയുമായി ഇറങ്ങിച്ചെന്ന് ചെറിയ തോതിലെങ്കിലും ഇടപെടാൻ കഴിയുന്നു എന്നതിൽ അഭിമാനമുണ്ട്. സങ്കീർണമായ നമ്മുടെ കാലത്ത് കവിത എഴുതിമാത്രമല്ല, ചൊല്ലിയും പോരാട്ടം തുടരാമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. അക്ഷര ങ്ങൾക്ക് ഏത് ആയുധത്തേക്കാളും മൂർച്ചയുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home