ad
Deshabhimani

തീവ്ര ദാരിദ്ര്യ നിര്‍മാര്‍ജനത്തിന്റെ ചൈനീസ് മോഡല്‍

extreme poverty alleviation
വെബ് ഡെസ്ക്

Published on Oct 26, 2025, 01:07 PM | 5 min read

തീവ്രദാരിദ്ര്യനിർമാർജനം, സന്പദ്‌വ്യവസ്ഥയിലെ മുന്നേറ്റം, സ്വകാര്യ നിക്ഷേപത്തോടുള്ള സമീപനം, എന്താണ്‌ പാർടി തുടങ്ങിയ വിഷയങ്ങളിൽ പുതുകാല ചൈനയുടെ വിശേഷങ്ങൾ പങ്കുവയ്‌ക്കുകയാണ്‌ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി. അടുത്തിടെ എം എ ബേബിയുടെ നേതൃത്വത്തിലുള്ള ആറംഗ സിപിഐ എം പ്രതിനിധിസംഘം ചൈന സന്ദർശിച്ചശേഷം ദേശാഭിമാനിക്ക്‌ നൽകിയ അഭിമുഖത്തിന്റെ അവസാനഭാഗം


നമ്മുടെ നാട്ടിൽ പുനരധിവാസമെന്ന്‌ കേൾക്കുമ്പോൾത്തന്നെ വലിയ പ്രശ്‌നമാണ്‌. എന്നാൽ, ചൈനയിൽ അത്‌ പ്രശ്‌നമേയല്ല. ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുതപദ്ധതി, ത്രീ ഗോർജസ് ഡാം ഹുബെയ് പ്രവിശ്യയിൽ യാങ്‌സി നദിയിലാണ് നിർമിച്ചിരിക്കുന്നത്. അതിന്റെ ഭാഗമായി 13 ലക്ഷത്തിലേറെപ്പേരെയാണ്‌ മാറ്റിപ്പാർപ്പിക്കേണ്ടിവന്നത്‌. ഏഷ്യയിലെ ഏറ്റവും നീളം കൂടിയ നദിയാണ്‌ യാങ്‌സി. വിനാശകരമായ വെള്ളപ്പൊക്കത്തിന്‌ കാരണമാകുന്ന നദികളിൽ ഒന്നുകൂടിയാണത്‌. ത്രീ ഗോർജസ് ഡാം നിർമിച്ചതിലൂടെ വെള്ളപ്പൊക്കം ഉൾപ്പെടെയുള്ള പാരിസ്ഥിതിക വിഷയങ്ങൾക്കുകൂടിയാണ്‌ ഒരുപരിധിവരെ പരിഹാരമായത്‌. ഒപ്പം വലിയതോതിൽ വൈദ്യുതോൽപ്പാദനവും വലിയ കപ്പലുകൾക്ക് നദിയിലൂടെ സുഗമസഞ്ചാരവും ഉറപ്പാക്കി. കൂറ്റൻ ചരക്കുകപ്പലുകളും യാത്രക്കപ്പലുകളും അണക്കെട്ട്‌ കടന്നുപോകുന്ന അത്ഭുതകാഴ്ച ലോകമെമ്പാടുമുള്ള സഞ്ചാരികളെ അങ്ങോട്ട്‌ ആകർഷിക്കുന്നു. ഒരു എൻജിനിയറിങ് വിസ്മയമാണ്‌ ത്രീ ഗോർജസ് ഡാം. അഞ്ചുഘട്ടങ്ങളായി ജലനിരപ്പുയർത്തി കപ്പലുകളെ അണക്കെട്ടിന്റെ താഴെനിന്ന്‌ മുകളിലെത്തിക്കുന്ന അതിഗംഭീരമായ കപ്പൽ ലോക്ക്- എസ്‌കലേറ്റർ സാങ്കേതികസംവിധാനമാണ്‌ ഏറ്റവും ആകർഷകം. ഇതിന്റെ റിസർവോയറുകളായി മാറിയ പ്രദേശങ്ങളിൽനിന്ന് കുടിയൊഴിപ്പിക്കപ്പെട്ടവരെ പുനരധിവസിപ്പിച്ച ചില ഗ്രാമങ്ങൾ സന്ദർശിക്കാനും നാട്ടുകാരുമായി സംസാരിക്കാനും ഞങ്ങൾക്ക് സാധിച്ചു.


​വിപ്ലവ മ്യൂസിയം


ചൈനാചരിത്രത്തിലെ പോരാട്ടമുന്നേറ്റങ്ങളുടെ സാക്ഷ്യമാണ്‌ വുഹാനിലെ വുചാങ് ജില്ലയിലുള്ള വിപ്ലവ മ്യൂസിയം. ക്വിങ്‌ രാജവംശ കാലഘട്ടത്തിലെ ഒരു സ്കൂൾ കെട്ടിടത്തിലാണ് അത്‌ പ്രവർത്തിക്കുന്നത്. ചൈനയുടെ വിപ്ലവചരിത്രത്തിലെ നിർണായക ഏടുകളെയാണ് ഈ മ്യൂസിയം അനുസ്മരിപ്പിക്കുന്നത്. കമ്യൂണിസ്റ്റ് പാർടിയും കുമിന്റാങ്ങും തമ്മിലുള്ള സഹകരണത്തിലാണ്‌ ഈ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത്. അന്ന് മ‍ൗ സെ ദൊങ് സിപിസിയുടെ കർഷക കമ്മിറ്റിയുടെ സെക്രട്ടറിയാണ്‌. കമ്യൂണിസ്റ്റ് പാർടിയുടെയും കുമിന്റാങ്ങിന്റെയും പതാകകൾ പഠനക്ലാസ്‌ നടത്തുന്ന മുറിയിൽ ചുവരിൽ സൂക്ഷിച്ച്‌ സംരക്ഷിച്ചിട്ടുണ്ട്‌.


m a baby at china

കേഡർമാരെ സജ്ജരാക്കുന്നതിനും കർഷകപ്രസ്ഥാനം വളർത്തുന്നതിനുമുള്ള പരിശീലന-, വിദ്യാഭ്യാസ പരിപാടികൾ ഇവിടെ ഇരു പാർടികളും സംയുക്തമായി നടത്തി. കർശനമായ ചിട്ടവട്ടങ്ങളായിരുന്നു വിപ്ലവമുന്നേറ്റ നാളുകളിൽ. ആ കാലത്താണ് മാവോ അദ്ദേഹത്തിന്റെ പ്രശസ്തമായ ‘ഹുനാനിലെ കർഷകപ്രസ്ഥാനത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട്’ എഴുതിയത്. അവിടെനിന്ന് അധികം അകലെയല്ലാതെ മാവോ താമസിച്ചിരുന്നു. 1927 ഏപ്രിൽ 27 മുതൽ മെയ് ഒന്പതുവരെ സിപിസിയുടെ അഞ്ചാം കോൺഗ്രസ് ഇതിനുസമീപത്താണ്‌ നടന്നത്‌. കോൺഗ്രസ് നടക്കുന്നതിനുമുമ്പ്, ഏപ്രിൽ 12-ന്, ജനറൽ ചിയാങ് കൈ-ഷെക്കിന്റെയും അദ്ദേഹത്തിന്റെ ദേശീയ (പ്രതിവിപ്ലവ) സൈന്യത്തിന്റെയും നേതൃത്വത്തിലുള്ള കുമിന്റാങ്ങിലെ വലതുപക്ഷവിഭാഗം ഷാങ്ഹായിൽ നടത്തിയ അതിക്രൂരമായ കൂട്ടക്കൊലയിൽ പതിനായിരത്തോളം സഖാക്കളെയും കമ്യൂണിസ്റ്റ് അനുഭാവികളെയും കൊന്നൊടുക്കി. ഇത് കുമിന്റാങ്ങിലെ വലതുപക്ഷവും ഇടതുപക്ഷവും തമ്മിലുള്ള ഭിന്നത രൂക്ഷമാക്കി. കുമിന്റാങ്ങിന്റെ പ്രതിവിപ്ലവ നയങ്ങൾക്കെതിരെ കമ്യൂണിസ്റ്റ് പാർടിയുടെ തുടർന്നുണ്ടായ ചെറുത്തുനിൽപ്പുകൾ, ലോങ്‌ മാർച്ച് പോലുള്ള ത്രസിപ്പിക്കുന്ന സംഭവങ്ങൾ തുടങ്ങിയവ ലോകമെമ്പാടുമുള്ള വിപ്ലവപ്രസ്ഥാനങ്ങളുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട അധ്യായങ്ങളിൽ ചിലതാണ്. ​


china


എം-ഹീറോ 917


പേര്‌ കേൾക്കുമ്പോൾത്തന്നെ അറിയാമല്ലോ, അതൊരു വാഹനമാണ്‌. ഡ്രൈവറില്ലാതെ ഓടുന്ന ആ വാഹനത്തിൽ ബീജിങ്ങിലെ തിരക്കേറിയ പൊതുതെരുവിലൂടെ സഞ്ചരിച്ചത്‌ കൊതിപ്പിക്കുന്ന അനുഭവമാണ്‌. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സജ്ജീകരിച്ച, ലക്‌ഷ്വറി എസ്‌യുവിയായ എം-ഹീറോ 917 ഈ മേഖലയിലെ ചൈനയുടെ സാങ്കേതികശേഷിയും മികവും പ്രകടമാക്കി. ഇതിന് നാലു ചക്രങ്ങളിലും സ്വതന്ത്ര സ്റ്റിയറിങ് സംവിധാനമുണ്ട്, നിമിഷങ്ങൾക്കുള്ളിൽ അതിവേഗം ആക്സിലറേറ്റ് ചെയ്യാനും കഴിയും. ചൈനീസ് വാഹന നിർമാതാക്കളായ ഡോങ്ഫെങ് മോട്ടോർ കോർപറേഷൻ പുറത്തിറക്കിയ ഫുൾ-സൈസ് ലക്‌ഷ്വറി എസ്‌യുവിയാണ്‌ എം-ഹീറോ 917. ചൈനയുടെ സൈനികവാഹനങ്ങളായ ‘മെങ്ഷി'യുടെ മോഡലിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ്‌ അതിന്റെ രൂപകൽപ്പന. ഈ വാഹനം 2023-ലാണ് ചൈനീസ് വിപണിയിലെത്തിയത്‌. ​


ദാരിദ്ര്യനിർമാർജനം


ചൈന സൂക്ഷ്മമായി ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന തീവ്ര ദാരിദ്ര്യനിർമാർജന പരിപാടികളെക്കുറിച്ച് നേരിട്ട് മനസ്സിലാക്കാൻ അവസരം ലഭിച്ചു. ഗ്രാമങ്ങളെ വിനോദസഞ്ചാരകേന്ദ്രങ്ങളായി വികസിപ്പിച്ചത്, അവിടത്തെ കർഷകരുടെയും ജീവിത പ്രയാസങ്ങൾ അനുഭവിച്ചിരുന്ന സമൂഹങ്ങളുടെയും സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തി. പ്രാദേശിക സാധ്യതകൾക്കനുസരിച്ച് വിവിധ പദ്ധതികൾ നടപ്പാക്കുന്നു. സിപിഐ എമ്മി-ന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ എൽഡിഎഫ് സർക്കാരും സമാനമായ ഗ്രാമീണ ടൂറിസം വികസനം നടപ്പാക്കാൻ ശ്രമിക്കുന്നത്‌ അപ്പോൾ ഓർമയിലെത്തി.


china

2020 അവസാനത്തോടെ, ദേശീയ മാനദണ്ഡം അനുസരിച്ചുള്ള അതിദാരിദ്ര്യം പൂർണമായും ഇല്ലാതാക്കിയതായി ചൈന പ്രഖ്യാപിച്ചു. ദാരിദ്ര്യരേഖയ്ക്കുതാഴെയുള്ള ഓരോ വീട്ടുകാരെയും ഗ്രാമങ്ങളെയും തിരിച്ചറിഞ്ഞ് ദേശീയ ഡാറ്റാബേസിൽ രജിസ്റ്റർ ചെയ്തു. സാമ്പത്തികസ്ഥിതി, രോഗങ്ങൾ, വിദ്യാഭ്യാസം, വീടിന്റെ അവസ്ഥ തുടങ്ങിയ വിവരങ്ങൾ ശേഖരിച്ചു. ഓരോ കുടുംബത്തിന്റെയും ദാരിദ്ര്യത്തിന്റെ കാരണം കണ്ടെത്തി, അതിനനുസരിച്ചുള്ള സഹായം നൽകി. "എല്ലാവർക്കും ഒരേ നിയമം’ എന്ന രീതി ഒഴിവാക്കി. ഓരോ ദരിദ്രകുടുംബത്തിനും മേൽനോട്ടം വഹിക്കാനും സഹായങ്ങൾ ഉറപ്പാക്കാനും പാർടി കേഡർമാരെയും ഉദ്യോഗസ്ഥരെയും നിയോഗിച്ചു.


ദാരിദ്ര്യമുള്ള ഗ്രാമങ്ങളിൽ പ്രാദേശികവ്യവസായങ്ങൾ, ഉദാഹരണത്തിന് കൃഷി, ടൂറിസം, കൈത്തൊഴിൽ, സോളാർ പവർപ്ലാന്റുകൾ തുടങ്ങിയവ സ്ഥാപിക്കുന്നതിലൂടെ ആളുകൾക്ക് സ്വന്തം നാട്ടിൽത്തന്നെ വരുമാനമുണ്ടാക്കാൻ അവസരം നൽകി. പരിസ്ഥിതി ദുർബല പ്രദേശങ്ങളിൽ ജീവിക്കുന്ന ലക്ഷക്കണക്കിന് ആളുകളെ സർക്കാർ മാറ്റിപ്പാർപ്പിച്ചു. അവിടെ മികച്ച ഭവനങ്ങളും അടിസ്ഥാനസൗകര്യങ്ങളും ഉറപ്പാക്കി. ദാരിദ്ര്യത്തിന്റെ പ്രധാന കാരണങ്ങളായ രോഗങ്ങൾ, ചികിത്സാച്ചെലവുകൾ എന്നിവ കുറയ്ക്കുന്നതിന് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ വർധിപ്പിച്ചു. കൂടാതെ ദരിദ്രകുടുംബങ്ങളിലെ കുട്ടികൾക്ക് നിർബന്ധിത വിദ്യാഭ്യാസം ഉറപ്പാക്കി. ദാരിദ്ര്യമുള്ള ഗ്രാമങ്ങളിലേക്ക് റോഡുകൾ, ഇന്റർനെറ്റ് കണക്ടിവിറ്റി, കുടിവെള്ളസംവിധാനം, വൈദ്യുതി എന്നിവ എത്തിച്ചു. ഇത് ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കാനും വിവരസാങ്കേതികവിദ്യ ഉപയോഗിക്കാനും സഹായിച്ചു. ​​


ചൈനീസ് സമ്പദ്‌വ്യവസ്ഥ


ചൈനയുടെ മുന്നേറ്റത്തിന്റെ പ്രധാന കാരണം അവർ പിന്തുടരുന്ന സവിശേഷമായ സാമ്പത്തിക, രാഷ്ട്രീയ നയങ്ങളാണ്. സിപിസിയുടെ 20–-ാം കോൺഗ്രസ് നടന്ന 2022-ൽ, ചൈനയുടെ മൊത്ത ആഭ്യന്തരോൽപ്പാദനം (ജിഡിപി) 114 ട്രില്യൺ യുവാൻ‍ (ലക്ഷം കോടി) ആയിരുന്നു. 2025ൽ 137.36 ട്രില്യൺ യുവാനായി ഉയർന്നു. ധാന്യ ഉൽപ്പാദനത്തിലും നിർമാണമേഖലയിലും ചൈന ആഗോളതലത്തിൽ ഒന്നാംസ്ഥാനത്താണ്. ഇത് ‘ലോകത്തിന്റെ ഫാക്ടറി’ എന്ന അതിന്റെ ഖ്യാതിക്ക് അടിവരയിടുന്നു. ചൈനയുടെ പ്രതിശീർഷ വരുമാനം 26,920 യുഎസ് ഡോളറാണ്. ഇന്ത്യയുടേത് ഇതിന്റെ പകുതിയിൽ താഴെ, ഏകദേശം 11,000 യുഎസ് ഡോളറാണ് എന്നോർക്കണം.


china


ചൈനയുടെ മുന്നേറ്റത്തിന് ഊർജംപകരുന്ന മറ്റൊരു ഘടകം വിദ്യാഭ്യാസത്തിന്, പ്രത്യേകിച്ച് ശാസ്ത്രസാങ്കേതിക മേഖലകൾക്ക്‌ നൽകുന്ന പരിഗണനയാണ്. ഇന്നൊവേഷനിൽ നേരത്തേ ജർമനിയെയായിരുന്നു ലോകനേതാവായി കണക്കാക്കിയിരുന്നത്. എന്നാൽ, ലോക ബൗദ്ധിക സ്വത്തവകാശ സംഘടന (WIPO) പ്രസിദ്ധീകരിച്ച 139 സമ്പദ്‌വ്യവസ്ഥകളുടെ പുതിയ ആഗോള റാങ്കിങ്‌ അനുസരിച്ച്, ലോകത്തിലെ ഏറ്റവും നൂതനമായ പത്തു രാജ്യങ്ങളിൽ ജർമനിയില്ല. ചൈന ജർമനിയെ മറികടന്നു. 2023-ൽ ചൈനയ്ക്ക് അഞ്ചു ദശലക്ഷം പേറ്റന്റുകളുണ്ടായിരുന്നു. ഇപ്പോൾ 18.5 ശതമാനം വളർന്നു. ഗവേഷണ-വികസന മേഖലയിലെ സർക്കാർ പിന്തുണയുള്ള നിക്ഷേപമാണ് ഇതിന് പ്രധാന കാരണം.


സ്വകാര്യ നിക്ഷേപം


ചൈനയിലെ സ്വകാര്യമേഖല, പൊതുമേഖലയുടെ ശക്തമായ മേൽനോട്ടത്തിലാണ് പ്രവർത്തിക്കുന്നത്. സംരംഭകർ തൊഴിലവസരങ്ങൾ സൃഷ്ടിച്ച്‌ ഉൽപ്പാദനക്ഷമത ഉയർത്തി, ഖജനാവിലേക്ക് നികുതി ഒടുക്കുകമാത്രമല്ല ചെയ്യേണ്ടത്‌. രാജ്യത്തിന്റെ വികസനത്തിൽ സജീവമായ പങ്കുവഹിക്കാനും സംരംഭകർക്ക് കഴിയണമെന്നാണ് ചൈനയുടെ നയം. സോഷ്യലിസത്തിലൂന്നിയ ഈ സമീപനം ചൈനീസ് പ്രസിഡന്റും സിപിസിയുടെ ജനറൽ സെക്രട്ടറിയുമായ ഷി ജിൻപിങ്‌ ഊന്നിപ്പറയുന്നു. ഒരുകാലത്ത് ചൈനയുടെ വിമർശകനും സ്വതന്ത്ര മാർക്സിസ്റ്റ് ചിന്തകനുമായ ഡേവിഡ് ഹാർവിപോലും ഈ സിദ്ധാന്തങ്ങളെ ഇപ്പോൾ പ്രശംസിച്ചിട്ടുണ്ട്. ​


എന്താണ്‌ പാർടി


ഒരു മാർക്സിസ്റ്റ്–ലെനിനിസ്റ്റ് പാർടി എന്നനിലയിൽ, സിപിസി മൂന്നു പ്രധാന മുൻഗണനകൾക്ക് ഊന്നൽ നൽകുന്നു.
1. പ്രദേശങ്ങൾ തമ്മിലുള്ളതും പൗരർ തമ്മിലുള്ളതുമായ സാമ്പത്തിക അസമത്വങ്ങൾ അതിവേഗം കുറയ്‌ക്കുക.

2. സർക്കാർ, പാർടി, സമൂഹം എന്നിവിടങ്ങളിലെ അഴിമതി കർശനമായി തടയുക.

3. പാരിസ്ഥിതിക സന്തുലിതാവസ്ഥയ്ക്കും പരിസ്ഥിതി സംരക്ഷണത്തിനും കൂടുതൽ ശ്രദ്ധ നൽകുക.


സിപിസിയുടെ 200–ാം വാർഷികത്തിലേക്ക് കടക്കുമ്പോൾ, രണ്ടുഘട്ടങ്ങളായുള്ള തന്ത്രപരമായ പദ്ധതികളാണ് ചൈന ആവിഷ്കരിച്ചിരിക്കുന്നത്‌. ആദ്യഘട്ടം 2020 മുതൽ 2035 വരെ സോഷ്യലിസ്റ്റ് നവീകരണം കൈവരിക്കാൻ ലക്ഷ്യമിടുന്നു. രണ്ടാംഘട്ടം 2035 മുതൽ 2049 വരെ. അതായത് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ 100–ാം വാർഷികം എത്തുംവരെ. അപ്പോഴേക്ക്‌ സമൃദ്ധിയും ശക്തിയുമുള്ള സോഷ്യലിസ്റ്റ്‌ ചൈനയെന്ന ഒരു ഘട്ടമാണ്‌ ലക്ഷ്യംവയ്‌ക്കുന്നത്‌. ​


തിരുത്തൽ നടപടികൾ


അഴിമതിക്കെതിരെ സിപിസി കർശനമായ തിരുത്തൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഞങ്ങളുടെ സന്ദർശനവേളയിൽ പാർടിയുടെ അന്താരാഷ്ട്രവിഭാഗം മേധാവി അഴിമതി ആരോപണങ്ങളിൽ അന്വേഷണത്തിലായിരുന്നു. ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞതായും അദ്ദേഹത്തിനെതിരെ അച്ചടക്കനടപടി സ്വീകരിച്ചതായും ഞങ്ങൾ തിരിച്ചെത്തിയപ്പോൾ അറിയാൻ കഴിഞ്ഞു. രണ്ടു പാർടി കോൺഗ്രസുകൾക്കിടയിൽ, കേന്ദ്ര അച്ചടക്ക പരിശോധനാ കമീഷന്റെ ഇടപെടലുകളുടെ ഫലമായി വിവിധതലങ്ങളിലുള്ള 74,000 പാർടി അംഗങ്ങളെ അഴിമതിക്ക് ശിക്ഷിച്ചു. 2015 മുതൽ 4700 പാർടി ചുമതലക്കാരുടെ ബന്ധുക്കൾ നടത്തുന്ന നിയമപ്രകാരമല്ലാത്ത ബിസിനസുകൾക്കെതിരെയും സമാന നടപടി സ്വീകരിച്ചിട്ടുണ്ട്.


പാർടിയിലും ഗവൺമെന്റിലും പ്രവർത്തനരീതി, പെരുമാറ്റം, അച്ചടക്കം എന്നിവ മെച്ചപ്പെടുത്തുന്നതിന്‌ പൊളിറ്റ് ബ്യൂറോയും കേന്ദ്ര കമ്മിറ്റിയും എട്ടു പ്രധാന നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. യഥാർഥ സാഹചര്യങ്ങൾ മനസ്സിലാക്കാൻ താഴെത്തട്ടിൽ സമഗ്രമായ ഗവേഷണം നടത്തുക, യോഗങ്ങൾ കാര്യക്ഷമമായി സംഘടിപ്പിക്കുക, ഔദ്യോഗികരേഖകളും റിപ്പോർട്ടുകളും സംക്ഷിപ്തമായും വ്യക്തമായും എഴുതുക, വിദേശസന്ദർശനങ്ങൾക്ക് വ്യക്തമായ നടപടിക്രമങ്ങൾ പാലിക്കുക, സുരക്ഷാസംവിധാനങ്ങൾ ശക്തിപ്പെടുത്തുകയും പൊതുജനങ്ങളുമായുള്ള ഇടപെടൽ മെച്ചപ്പെടുത്തുകയും ചെയ്യുക, വാർത്താ റിപ്പോർട്ടുകളുടെ ഗുണനിലവാരവും അവതരണവും വർധിപ്പിക്കുക, ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ കർശനമായ നിയമങ്ങൾ നടപ്പാക്കുക, പാർടിയിലും ഗവൺമെന്റ് കാര്യങ്ങളിലും സത്യസന്ധതയും ലാളിത്യവും നിലനിർത്തുക, അഴിമതിയും ധൂർത്തും ഒഴിവാക്കുക എന്നിവയാണ്‌ നിർദേശങ്ങളുടെ ഉ‍ൗന്നൽ.


ആഡംബരജീവിതം


ആഡംബര ജീവിതശൈലികൾക്കും പൊതുസ്ഥലത്തെ മദ്യപാനത്തിനുമെതിരെ ചൈനീസ് കമ്യൂണിസ്റ്റ് പാർടി ശക്തമായ നിലപാട് എടുത്തിട്ടുണ്ട്. മുന്പ്‌ പ്രതിനിധിസംഘങ്ങൾക്ക് നൽകുന്ന വിരുന്നുകളിൽ പ്രസംഗങ്ങളുടെയും ചടങ്ങുകളുടെയും ഭാഗമായി വീഞ്ഞോ മദ്യമോ നൽകുന്ന പാനോപചാരം പതിവുണ്ടായിരുന്നു. ഈ സമ്പ്രദായം ഇപ്പോൾ പൂർണമായും നിർത്തലാക്കി. സിപിസിയുടെ ഈ നയം മദ്യപാനം ശക്തമായി നിരുത്സാഹപ്പെടുത്തുന്നു. ഇത് വലിയൊരു വിഭാഗത്തിനിടയിൽ പാർടിയെക്കുറിച്ച് വളരെ അനുകൂലമായ മതിപ്പും പ്രതിച്ഛായയും സൃഷ്ടിക്കുന്നു. ഇക്കാര്യം ചൈനീസ് സഖാക്കളുമായി ചർച്ച ചെയ്തപ്പോൾ, ‘വോഡ്ക അടിമത്തം’ സോവിയറ്റ് യൂണിയന്റെ തകർച്ചയിലും ശിഥിലീകരണത്തിലും ഒരു പ്രധാന പങ്കുവഹിച്ചു എന്നും അതിനാലാണ് ഇത്തരം ഒരു തീരുമാനം കൈക്കൊണ്ടതെന്നും അവർ അഭിപ്രായപ്പെട്ടു. (അവസാനിച്ചു)



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home