സ്നേഹം തെറ്റുകൾക്ക് മാപ്പുനൽകുന്നു


തനൂജ ഭട്ടതിരി
Published on Apr 12, 2026, 12:29 AM | 4 min read
മലയാളത്തിന്റെ വിശ്വകഥാകാരി ലളിതാംബിക അന്തർജനത്തിന്റെ 117–ാം ജന്മദിനമായിരുന്നു ഇക്കഴിഞ്ഞ മാർച്ച് 30. എം കെ സാനുവിന്റെ സംഭാഷണത്തിലൂടെ അന്തർജനത്തെ ഓർക്കുകയാണ് ചെറുമകൾ (മകൾ മണി കൃഷ്‌ണന്റെ മകൾ) തനൂജ ഭട്ടതിരി.
എപ്പോൾ കണ്ടാലും ലളിതാംബിക അന്തർജനത്തെക്കുറിച്ച് സാനു മാഷ് എന്നോട് സംസാരിക്കാറുണ്ട്. ലളിതാംബിക അന്തർജനം കന്യാകുമാരിയിൽവച്ച് സ്വന്തം ഡയറിയിൽ എഴുതിയിട്ടിരുന്ന വരികളാണ് മാഷ് എന്നെ ആദ്യം ചൊല്ലി കേൾപ്പിക്കുന്നത്.
"ഇരുളില്ലിവിടെയെന്നാകിലും സന്ധ്യാസൂര്യ-
കിരണങ്ങളിൽ മുങ്ങിയിക്കടലലറവേ,
ഒരു നക്ഷത്രം ചന്ദ്രക്കലയോടൊപ്പം വാനിൽ,
മുകിൽമാലകൾ മാറ്റിയൽപ്പാൽപ്പം തെളിയവേ,
അമ്പലത്തിലെ ദീപാരാധനാമണിയുടെ,
സാന്ദ്രഗംഭീര സ്വരം മേൽക്കുമേൽ മുഴങ്ങവേ,
ഞാൻ അലിയുന്നു നിന്നിൽ ചൈതന്യ സ്വരൂപിണീ!
ശാശ്വതപ്രേമ ജ്ഞാനകൈവല്യ പ്രദായിനീ!’
ഈ അനുഭൂതിയാണ്, അലിവാണ് അന്തർജനത്തിന്റെ എഴുത്തിന്റെ ഉറവിടമെന്നാണ് സാനു മാഷ് പറഞ്ഞത്. "ജീവിതസ്നേഹവും കർമോത്സുകതയും സേവനതൃഷ്ണയും അന്തർജനരചനകളിൽ നിറഞ്ഞിരിക്കുന്നു. യാഥാർഥ്യങ്ങളിൽനിന്ന് പലായനം ചെയ്യാനല്ല, അവയെ അഭിമുഖീകരിക്കാനാണ് ആ രചനകൾ പ്രേരിപ്പിക്കുന്നത്. കരുത്തിനൊപ്പം ആത്മീയചൈതന്യവും ആ സൃഷ്ടികളിൽ ഉള്ളതുകൊണ്ടാണ് അത് സാധിക്കുന്നത്.’
"പ്രസംഗവേദിയിൽ നിന്നുകൊണ്ട് പ്രതിഷേധത്തിന്റെയും നിഷേധത്തിന്റെയും ശബ്ദം അവർ ഉയർത്തി. എന്നാൽ, കാര്യപ്രസക്തമായിമാത്രമേ അവർ പ്രസംഗിക്കാറുണ്ടായിരുന്നുള്ളൂ. അവയ്ക്ക് യുക്തിയുടെ ശക്തി ഉണ്ടായിരുന്നു. സ്വാതന്ത്ര്യത്തിനുവേണ്ടി വെമ്പൽകൊള്ളുന്ന സ്ത്രീയുടെ അന്തരാത്മാവ് അവരുടെ കഥകളിൽ ജ്വലിച്ചുനിന്നു. അത്ഭുതകരവും വിചിത്രവുമായ ആർത്തനാദം കേട്ടുകൊണ്ടേയിരുന്ന ഒരു എഴുത്തുകാരിയുടെ ഹൃദയമാണ് ശോകമായും അമർഷമായും വിപ്ലവബോധമായും അന്തർജനകഥകളിൽ സ്പന്ദിക്കുന്നത്’
കോട്ടവട്ടത്ത് ജനിച്ച് സമൃദ്ധിയിൽ വളർന്ന് അമനകര മനയിലെ നാരായണൻ നമ്പൂതിരിയുടെ ഭാര്യയായി ജീവിച്ച ലളിതാംബിക അന്തർജനത്തെ മലയാളത്തിന് മറക്കാനാകാത്ത എഴുത്തുകാരിയാക്കിമാറ്റിയത് മനുഷ്യത്വബോധമാണ്. മനുഷ്യത്വത്തിന് വൈകല്യമാകുന്ന ആചാരങ്ങളെയും വിശ്വാസങ്ങളെയും അവർ എതിർത്തു. സി വി കുഞ്ഞിരാമനുമായും അദ്ദേഹത്തിന്റെ നവജീവൻ പത്രവുമായും അന്തർജനം പുലർത്തിയ ബന്ധത്തെക്കുറിച്ചും ഇതുതന്നെ പറയാം. എല്ലാ ബന്ധങ്ങളിലും ഉദാരമായ സ്നേഹം മാത്രമേ സ്ഥിരമായി അവരിൽ പ്രവർത്തിച്ചുള്ളൂ. സ്നേഹമാകട്ടെ സജീവമായ മനുഷ്യത്വംതന്നെയാകുന്നു.
മാനവികതയുടെ മനോഹാരിത
ദുഃഖമാണ് എഴുത്തുകാരന്റെ ശക്തിയെന്ന് സാനു മാഷും വിശ്വസിച്ചിരുന്നു. സ്വകാര്യ ജീവിതത്തിലെ ദുഃഖത്തെക്കുറിച്ചല്ല പറഞ്ഞത്. മനുഷ്യരാശിയുടെ ദുരിതങ്ങൾ ഏറ്റെടുക്കുന്നതുമൂലം ഉണ്ടാകുന്ന ദുഃഖം. അങ്ങനെ അന്യരുടെ ദുഃഖം ഏറ്റെടുക്കുന്ന അവസ്ഥയിൽ എഴുത്തുകാരന്റെ രചനകൾ മാനവികതയുടെ മനോഹാരിതയാൽ കരുത്തുറ്റതായി തീരുന്നു. മഹനീയതയുടെ ആർദ്രചൈതന്യമായി അലിഞ്ഞുചേരുന്നു. ആ അവസ്ഥയിൽ ഏത് എഴുത്തുകാരനും തലമുറകളുടെ വിലാപത്തിന്റെയും സഹനത്തിന്റെയും വക്താവായി മാറുന്നു. സാനു മാഷ് അന്നു പറഞ്ഞു, "തീർച്ചയായും ലളിതാംബിക അന്തർജനത്തിന്റെ ജീവിതം സൗഭാഗ്യപരിലാളിതമായിരുന്നു. പരാതികളും ദുഃഖങ്ങളും ഉണ്ടായിരുന്നു. പക്ഷേ, മറ്റുള്ളവരോട് താരതമ്യം ചെയ്യുമ്പോൾ അവരുടെ ജീവിതം പ്രകാശപൂർണമായിരുന്നു എന്നു പറയാം. വിവാഹം, ദാമ്പത്യം, കുടുംബജീവിതം, സമൂഹത്തിലെ സ്ഥാനം തുടങ്ങിയ സംഗതികളെല്ലാം ഉൾപ്പെടുത്തിക്കൊണ്ടാണ് ഇപ്രകാരം ഞാൻ പറയുന്നത്. ഇതറിയുമ്പോൾ എഴുത്തുകാരി എന്ന നിലയിൽ അവരെ കൂടുതൽ ബഹുമാനിക്കാനാണ് നമുക്ക് തോന്നുക. സൗഭാഗ്യം അടിസ്ഥാനമാക്കി ഒരു വ്യക്തിയെ ബഹുമാനിക്കുക. അത് ശരിയായ നിലപാടല്ലെന്നറിയാം. അതുകൊണ്ട് ചെറിയൊരു വിശദീകരണം ഇവിടെ ആവശ്യമാണ്.
വിധിയുടെയോ സമൂഹത്തിന്റെയോ ആക്രമണങ്ങൾ നേരിട്ടനുഭവിച്ചിട്ടില്ലെങ്കിലും (സമൂഹത്തിൽനിന്നും സമുദായത്തിൽനിന്നും ലളിതാംബിക അന്തർജനത്തിന് പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഒട്ടും കൂസാതെ അവർ അത് മറികടന്നു എന്നും ഞാൻ അപ്പോൾ പറഞ്ഞു. മാഷ് സൗമനസ്യത്തോടെ കേൾക്കുകയും അംഗീകരിക്കുകയും ചെയ്തു) അത് അനുഭവിച്ചവരെക്കുറിച്ചാണ് അന്തർജനം എഴുതിയിട്ടുള്ളത്. സർഗാത്മകജീവിതത്തിൽ അവർ പീഡിതരോടൊപ്പം നിന്ദിതരോടൊപ്പം, വേദന സ്വന്തം അനുഭവമാക്കിമാറ്റി. മൂന്നു രീതിയിലാണ് അത് പ്രകടമാകുന്നത്. ഒന്ന്– യഥാർഥമായ ചിത്രമായി, രണ്ട്– ആ ചിത്രങ്ങളിൽ തുടിച്ചുനിൽക്കുന്ന പരിവർത്തനേച്ഛയായി, മൂന്ന്– അപാരമായ അനുതാപമായി. ഈ അനുതാപം സാമൂഹ്യവിമർശമായും ധാർമികരോഷമായും കഥകളിൽ കലർന്നിരിക്കുന്നു. അതുകൊണ്ട് അന്തർജനത്തിന്റെ കഥകൾ, പുരോഗമന സാഹിത്യപ്രസ്ഥാനത്തിലെ പ്രാതിനിധ്യസ്വഭാവമുള്ള കഥകൾ എന്ന നിലയ്ക്കുകൂടി വ്യാഖ്യാനിക്കാവുന്നതാണ്. അതേസമയം, നവോത്ഥാന നായകരുടെ ആദർശങ്ങൾ സ്വാംശീകരിച്ചതുമൂലം ആത്മീയമായ മാനവും കഥകൾക്ക് കൈവന്നു. നിശ്ശബ്ദസംഗീതംപോലുള്ള കവിതകളിൽ ആ വശത്തിലാണ് പ്രാമുഖ്യമെന്നു പറയാം. ഇതൊക്കെ സാധിച്ചത് വലിയ മനസ്സുള്ളവരുമായി ഇടപഴകാൻ അവസരം കിട്ടിയതുകൊണ്ടുകൂടിയാകാം. സ്വാമി നിരഞ്ജനാനന്ദ, അന്തർജനത്തിന്റെ ഗുരുവായിരുന്നു. അദ്ദേഹം ആത്മീയവും ലോകസേവനപരവുമായ ആദർശങ്ങൾ ആ ഇളംമനസ്സിൽ കലർത്തി. വിവേകാനന്ദന്റെയും ടാഗോറിന്റെയും കൃതികളുമായി ഗാഢമായ സമ്പർക്കത്തിൽ ഏർപ്പെടാൻ അവർക്ക് സാധിച്ചു. ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള ദേശീയപ്രസ്ഥാനത്തിന്റെ അന്തരീക്ഷവും ഉൾക്കൊണ്ടു.’
സഹജഭാവങ്ങളാണ് ജീവിതം
ലളിതാംബിക അന്തർജനത്തിന്റെ ബാല്യം സ്ത്രീകൾക്ക് സ്വാതന്ത്ര്യം ഇല്ലാതിരുന്ന കാലമാണ്, പ്രത്യേകിച്ചും നമ്പൂതിരി സമുദായത്തിൽ. അച്ഛന്റെ പുരോഗമനവീക്ഷണം കാരണം ലളിതാംബികയ്ക്ക് പഠിക്കാൻ സാധിച്ചു. പുസ്തകങ്ങളൊക്കെ വായിക്കാൻ സാധിച്ചു. അച്ഛന്റെ സുഹൃത്തുക്കളായ സാഹിത്യകാരന്മാർ, പണ്ഡിതന്മാർ, സഹൃദയന്മാർ മുതലായവരുടെ സാമീപ്യവും ഉപകാരപ്പെട്ടു. അവർ തമ്മിൽ നടത്തുന്ന ചർച്ചകൾക്ക് സാക്ഷിയായി. പൊതുവിദ്യാഭ്യാസം നേടിയ അധ്യാപകർ തറവാട്ടിലെത്തി കണക്ക്, ചരിത്രം, ഭൂമിശാസ്ത്രം, മറ്റു ഭാഷകളെല്ലാം ലളിതാംബികയെ പഠിപ്പിച്ചു. കൂടാതെ ഫിഡിൽ, ഹാർമോണിയം എന്നിവയും പഠിച്ചു. ലളിതാംബിക അന്തർജനത്തിന്റെ ജീവിതവും വീക്ഷണവും രൂപംപ്രാപിക്കുന്നത് ആ സാഹചര്യത്തിലാണ്.
ലളിതാംബിക അന്തർജനത്തിന്റെ കഥകളെക്കുറിച്ച് സംസാരിച്ചപ്പോൾ മാഷ് പറഞ്ഞു:
"ജീവിതവും മരണവും എന്ന കഥ എന്നെ ‘ഭയങ്കരമായി’ ആകർഷിച്ചു. നമ്പൂതിരി ഇല്ലത്തിൽ നടക്കുന്ന ഒരു കഥ. ഭർത്താവ് മരിക്കുമ്പോൾ 19 വയസ്സുമാത്രമുള്ള താത്രിയാണ് അതിലെ കേന്ദ്രബിന്ദു. അവളിലെ ഭീകരമായ ശാന്തത ആരുടെ ഹൃദയത്തെയും സ്പർശിക്കും. ‘മരണത്തിൽ അവൾ ജീവിച്ചു' എന്ന വാക്യം വായിക്കുമ്പോൾ അവളുടെ നേർക്ക് അളവില്ലാത്ത അലിവാണ് നമ്മിൽ ഉണരുക. അസാധാരണമായ സംയമനത്തോടെ അവൾ മരണാനന്തരകർമങ്ങൾ ഒക്കെയും നിഷ്ഠയോടെ നിർവഹിക്കുമ്പോൾ അവളുടെ ഇച്ഛാശക്തിയെ അഭിനന്ദിക്കാൻ നമുക്ക് തോന്നും. എന്നാൽ, അനുജൻ നമ്പൂതിരിയുടെ വേളിക്കാര്യം വന്നപ്പോഴാണ് എത്രമാത്രം അവജ്ഞയോടെയാണ് തന്നെ കുടുംബക്കാർ വീക്ഷിക്കുന്നതെന്ന് വെളിപ്പെടുന്നത്. അതോടെ അവൾ ‘മരണത്തിലെ ജീവിത'ത്തിൽനിന്ന് ഞെട്ടിയുണർന്നു. തന്നിലെ സഹജഭാവങ്ങളാണ് ജീവിതമെന്ന് അവൾ അറിഞ്ഞു.’
സ്വാതന്ത്ര്യതൃഷ്ണയുടെ തീക്ഷ്ണചിത്രങ്ങൾ
സാനു മാഷ് പറഞ്ഞതോർക്കുന്നു: "അന്തർജനത്തെ കണ്ടപ്പോൾ, ശാന്തമായ ജലാശയംപോലെയുള്ള ആ കണ്ണുകൾക്ക് എങ്ങനെ ഇത്രയും തീക്ഷ്‌ണമായ രംഗങ്ങൾ വിഭാവന ചെയ്യാൻ കഴിഞ്ഞു എന്ന് ഞാൻ ആലോചിച്ചുപോയി. എന്നാൽ, കൂടുതൽ അറിഞ്ഞുകഴിഞ്ഞപ്പോൾ തോന്നി ആ പ്രശാന്തതയ്ക്കും ആർദ്രതയ്ക്കും മാത്രമേ അപ്രകാരം സ്വാതന്ത്ര്യതൃഷ്ണയുടെ തീക്ഷ്ണചിത്രങ്ങൾ വരയ്ക്കാനാകൂ എന്ന്.’
സി ആർ കേശവൻ വൈദ്യരുടെ മകൻ മണിലാലാണ് സാനു മാഷിനെ ലളിതാംബിക അന്തർജനത്തിന് പരിചയപ്പെടുത്തിയത്. ‘അത്യന്തം ഹൃദ്യമായി ചിരിച്ചുകൊണ്ട് സാനുവിനെ എനിക്കറിയാമെന്ന് അവർ പറഞ്ഞപ്പോൾ, അത്ഭുതം തോന്നി. ആകെ സംഭ്രമിച്ചു. അതുകൊണ്ട് കൂടുതലൊന്നും സംസാരിക്കാൻ പറ്റിയില്ല. ആ പരിചയപ്പെടലിന്റെ പിൻബലത്തിലാണ് അവരുടെ ഷഷ്ടിപൂർത്തി നടന്നപ്പോൾ രാമപുരത്തുതന്നെ പോകാനും അതിൽ സംബന്ധിക്കാനും സാധിച്ചത്. ഒരു മാതൃഭാവത്തിന്റെ സൗമനസ്സ് എനിക്ക് അനുഭവപ്പെട്ടു.’
ധർമം എന്ന സ്വഭാവം
അഗ്നിസാക്ഷി ചെറിയ പുസ്തകമാണ്. പക്ഷേ, ഏകാഗ്രമായ കഥയാണ്. അപ്രസക്തമായ വർണനകളോ സംഭാഷണങ്ങളോ ഇല്ല. സമുദായ പശ്ചാത്തലത്തിൽ എഴുതിയതാണെങ്കിലും അന്നത്തെ സാമൂഹ്യജീവിതത്തിൽ പൊതുവേ ഉണ്ടായ പല പ്രശ്നങ്ങളെപ്പറ്റിയും ഇതിൽ സൂചന കാണാം. അതിൽ അന്തർജനം പറഞ്ഞിരിക്കുന്നത് നോക്കൂ, "ഞാൻ ഒരു നോവലിസ്റ്റ് അല്ല. നോവൽപോലെ ഒരു വലിയ സാഹിത്യകൃതിയുടെ സമഗ്രരൂപം മനസ്സിൽ കൽപ്പിച്ച് തപസ്സുകൊണ്ട് പൂർത്തീകരിക്കേണ്ട ഗൗരവകരമായ കൃത്യം നിർവഹിക്കുന്നതിന് യൗവനത്തിലോ മധ്യവയസ്സിലോ എനിക്ക് സൗകര്യമില്ലായിരുന്നു. എഴുത്ത് ഒരു മുഴുവൻസമയത്തൊഴിലാക്കി എടുക്കാൻ സാധാരണ കേരളീയ കുടുംബത്തിലെ അമ്മമാരും വീട്ടമ്മമാരുമായ സ്ത്രീകൾക്ക് കഴിയാറില്ലല്ലോ. അൽപ്പം സാവകാശം കിട്ടിയാൽ വല്ല നുള്ളുനുറുങ്ങുകളും എഴുതും. കഥകൾ, കവിതകൾ ലേഖനങ്ങൾ ഇടയ്ക്കൊന്ന് രണ്ട് നോവലുകളും കുറെ ഭാഗം എഴുതി പരീക്ഷിച്ച് ഉപേക്ഷിച്ചു. അങ്ങനെ കാലം പോയി. 67 വയസ്സിൽ മനസ്സിനിണങ്ങിയ ഒരു നോവൽ എഴുതിത്തീർക്കാമെന്ന ആശയദാർഢ്യം ഒട്ടും ഇല്ലായിരുന്നുതാനും. എന്നിട്ടും ഇതാ നോവലിന്റെ രൂപത്തിൽ ഒരു ചെറിയ പുസ്തകം നിങ്ങളുടെ മുന്നിൽ സമർപ്പിക്കാനുള്ള യോഗമുണ്ടായിരിക്കുന്നു. അത് എങ്ങനെ സംഭവിച്ചെന്ന് എനിക്കുതന്നെ വ്യക്തമല്ല. വിധി എന്ന പദം ഈ പുസ്തകത്തിൽ പലയിടത്തും ആവർത്തിച്ചിട്ടുണ്ട്. ഈ ഗ്രന്ഥം രചിച്ചത് എന്റെമാത്രം കഴിവുകൊണ്ടല്ല എന്ന് തുറന്നുതന്നെ പറയുന്നു.’
ധർമപുത്രരോട് പാഞ്ചാലി ചോദിച്ച ചോദ്യവും ഉത്തരവുമാണ് ലളിതാംബിക അന്തർജനത്തിന്റെ രചനകളെ ഓർത്തുകൊണ്ട് പറയാനുള്ളത് എന്നാണ് അപ്പോൾ സാനു മാഷ് പറഞ്ഞത്.
"നമുക്ക് അവകാശപ്പെട്ട രാജ്യവും സമ്പത്തുമെല്ലാം ധർമം എന്ന പേരിൽ അങ്ങ് ഉപേക്ഷിച്ചു. ധർമത്തിനുവേണ്ടി അങ്ങ് സ്വയം ദുഃഖിക്കുകയും ഞങ്ങളെയെല്ലാം ദുഃഖിപ്പിക്കുകയും ചെയ്യുന്നു. ഇത്രയെല്ലാം പണിപ്പെട്ട് പാലിക്കുന്ന ധർമം അങ്ങേയ്ക്ക് എന്താണ് പകരം തരുന്നത്? ധർമം എന്തിനാണ്?’ ചോദ്യത്തിനുമുമ്പിൽ ധർമപുത്രർ പതറിയില്ല. അദ്ദേഹം ശാന്തഗംഭീര സ്വരത്തിൽ പറഞ്ഞു: "അല്ലയോ ഭവതീ, എന്തെങ്കിലും ഫലം ഉദ്ദേശിച്ചല്ല ഞാൻ ധർമത്തിൽ ചരിക്കുന്നത്. അത് എന്റെ സ്വഭാവത്തിന്റെ ഭാഗമാണ്. കച്ചവടമായി ധർമാചരണത്തെ കാണുന്നവൻ ധർമിഷ്ഠനല്ല’, ആ ചോദ്യം ഇതിഹാസകാവ്യത്തിലും ചിന്താശീലരുടെ ജീവിതത്തിലും എപ്പോഴും മുഴങ്ങിനിൽക്കുന്നുണ്ട്. കൃത്യമായ ഉത്തരം കിട്ടുമോ എന്നത് മറ്റൊരു കാര്യം. ലളിതാംബിക അന്തർജനം തന്റെ എഴുത്തിലൂടെ ഇത്തരം ചോദ്യങ്ങൾ ചോദിക്കുകയും ഉത്തരം പറയുകയും പതിവാക്കിയ ആളായിരുന്നു.’









0 comments