ദൈവത്തിന്റെ സ്വന്തം സ്വർഗം

ഫോട്ടോ: നിലിയ വേണുഗോപാൽ

വൈഷ്‌ണവ് ബാബു
Published on Feb 22, 2026, 10:35 AM | 4 min read
കാമറക്കണ്ണിലൂടെ സിനിമയെ കാണാൻ മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെത്തിയ ആ പെൺകുട്ടി, പിന്നീട് ഇന്ത്യൻ സിനിമയുടെ ഭാവപ്പകർച്ചയായി മാറിയതാണ് ചരിത്രം. തമിഴ്‌നാട്ടിലെ പരമകുടിയിൽനിന്ന് മലയാളിയുടെ സ്വീകരണമുറിയിലേക്ക് ആലീസായും നീനയായും സുഭദ്രയായും പെയ്തിറങ്ങിയ പ്രിയനടി, സുഹാസിനി എന്ന സുഹാസിനി മണിരത്നം. അഭിനേത്രി എന്നതിലുപരി, കാമറാ വുമൺ, തിരക്കഥാകൃത്ത്, സംവിധായിക, സാമൂഹ്യപ്രവർത്തക എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര ചാർത്തി.
മലയാളസിനിമയിൽ പത്മരാജന്റെ ‘കൂടെവിടെ’യിലൂടെ ആലീസ് എന്ന അധ്യാപികയായി എത്തിയ സുഹാസിനി, പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും നമ്മുടെ മനസ്സുകളിൽ ആഴത്തിൽ അടയാളപ്പെട്ടുനിൽക്കുന്നുണ്ട്. വർഷങ്ങൾക്കിപ്പുറം നടി എന്നതിലുപരി സാമൂഹ്യജീവിയായി കേരളത്തിലേക്ക് തിരിഞ്ഞുനോക്കുകയാണ് അവർ. കേരളത്തിലെ അടിസ്ഥാനസൗകര്യങ്ങളിലെ വിസ്മയിപ്പിക്കുന്ന കുതിച്ചുചാട്ടവും മലയാളിയുടെ വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയജാഗ്രതയും വികസനനേട്ടവും സുഹാസിനിയെ നമ്മളോട് ചേർത്തുവയ്ക്കുന്നു. ചേച്ചിക്കുട്ടിയായി, സഹോദരിയായി, കാമുകിയായി സുഹാസിനി നമ്മളിൽ ജീവിക്കാൻ തുടങ്ങിയിട്ട് നാളേറെയായി.
‘നാട്ടിൻപുറത്തെ ചായക്കടകളിലെ ബെഞ്ചിലിരുന്ന് ഗബ്രിയേൽ ഗാർസിയ മാർക്വേസിന്റെ ഏകാന്തതയുടെ നൂറുവർഷങ്ങളെക്കുറിച്ച് ഗൗരവത്തോടെ സംസാരിക്കുന്ന സാധാരണക്കാർ. അധിനിവേശത്തിന്റെ കറപുരളാത്ത മതനിരപേക്ഷതയുടെ ആഴക്കടൽ. പെൺകരുത്തിന് കാവലായി സംസ്ഥാനം തീർത്ത സുരക്ഷാകോട്ടകൾ. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് കേരളമെന്ന കൊച്ചുതുരുത്തിനെ വേറിട്ടുനിർത്താൻ കാരണങ്ങൾ അനവധിയാണ്.
മണ്ണറിഞ്ഞുള്ള കൃഷിപോലെ, തനിമയുള്ള സംസ്കാരത്തെയും പാരമ്പര്യത്തെയും നെഞ്ചോടുചേർക്കുന്ന മലയാളി ലോകത്തെ ഏതു ഭാഷയും വഴങ്ങുന്ന വിശ്വപൗരന്മാരായി വളരുകയാണ്. നഗരവും ഗ്രാമവും തമ്മിലുള്ള അതിരുകൾ മായ്ച്ചുകളഞ്ഞ ‘കേരള മോഡൽ’ ലോകത്തിനുതന്നെ വഴികാട്ടിയാകുന്നു. അറിവിനോടുള്ള അടങ്ങാത്ത ആവേശവും വർഗീയതയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ ശബ്ദിക്കുന്ന സാമൂഹികവ്യവസ്ഥിതിയും കേരളത്തെ ദൈവത്തിന്റെ സ്വന്തം നാട് എന്ന വിശേഷണത്തിൽനിന്ന് ‘ദൈവത്തിന്റെ സ്വന്തം സ്വർഗ’മായി മാറ്റിത്തീർത്തിരിക്കുന്നു. സുഹാസിനിയാണ് ആ സ്വർഗത്തെക്കുറിച്ച് ആദ്യമായി പറഞ്ഞത്. ഇതാ അവർ ദേശാഭിമാനിയോട് സംസാരിക്കുന്നു.
കഴിഞ്ഞ 10 വർഷങ്ങൾ
പത്തുവർഷത്തിനിടെ കേരളത്തിലുണ്ടായ മാറ്റങ്ങൾ ഏതൊരാളെയും ആ ശ്ചര്യപ്പെടുത്തുന്നതാണ്. വിദ്യാഭ്യാസം, കല, സാക്ഷരത എന്നിങ്ങനെ എല്ലാ മേഖലകളിലും കേരളം രാജ്യത്തിന് വഴികാട്ടിയായി. 10 വർഷത്തിനിടെയുണ്ടായ അടിസ്ഥാനസൗകര്യ വികസനങ്ങൾ മറ്റ് സംസ്ഥാനങ്ങൾക്കും മാതൃകയാക്കാവുന്നതാണ്. കേരളം ഇന്ന് വെറും ഗ്രാമങ്ങളുടെ കൂട്ടമല്ല. ഗ്രാമീണത്തനിമ ഒട്ടും ചോർന്നുപോകാതെ മെട്രോ നഗരങ്ങളിലെ സൗകര്യങ്ങൾ ഓരോ ഗ്രാമത്തിലും എത്തിക്കാൻ കഴിഞ്ഞു എന്നതാണ് കഴിഞ്ഞ പതിറ്റാണ്ടിന്റെ വലിയ നേട്ടം. ആധുനികസംവിധാനങ്ങളുള്ള ആശുപത്രിമന്ദിരങ്ങൾ, ഹൈടെക് സർക്കാർ കെട്ടിടങ്ങൾ, പൈതൃകസ്മാരകങ്ങളുടെ ശാസ്ത്രീയമായ സംരക്ഷണം എന്നിവയെല്ലാം നേട്ടങ്ങളുടെ പട്ടികയിൽ ചിലതുമാത്രം. മറ്റ് സംസ്ഥാനങ്ങളിൽ ഗ്രാമവും നഗരവും തമ്മിൽ വലിയ അന്തരം നിലനിൽക്കുമ്പോൾ, കേരളം ആ വ്യത്യാസങ്ങളെ വിവേകപൂർവം മായ്ച്ചുകളഞ്ഞു.
കേരളത്തിലെ യുവാക്കളുടെ ഭാഷാപ്രാവീണ്യം അതിശയിപ്പിക്കുന്നതാണ്. മുമ്പ് ഒന്നോ രണ്ടോ ഭാഷകൾമാത്രം സംസാരിച്ചിരുന്ന മലയാളി, ഇന്ന് ഇംഗ്ലീഷും ഫ്രഞ്ചും അറബിയുമെല്ലാം അനായാസം കൈകാര്യം ചെയ്യുന്നു. സമത്വം, മതനിരപേക്ഷത, വിദ്യാഭ്യാസം എന്നിവയിലൂന്നിയ സാമൂഹിക വ്യവസ്ഥയുള്ളതിനാലാണ് ഇത് സാധ്യമാകുന്നത്. അറിവിനോടുള്ള ഈ ആവേശം ലോകത്തിന്റെ ഏത് കോണിൽ പോയാലും ഒരു മലയാളി കൂടെ കരുതാറുണ്ട്. മലയാളിയെ കേരളത്തിൽനിന്ന് പുറത്തുകൊണ്ടുവരാൻ സാധിക്കും. പക്ഷേ, മലയാളിയിൽനിന്ന് കേരളത്തെ പറിച്ചെടുക്കാനാകില്ല. അതുകൊണ്ടാണ് അറിവിനും ജോലിക്കുമായി ഏതു നാട്ടിലേക്ക് പോയാലും കേരളപാരമ്പര്യം ഹൃദയത്തോട് ചേർക്കുന്നത്.
വിനോദസഞ്ചാരമേഖല
സംസ്കാരം (Culture) എന്ന വാക്കിന് കൃഷി (Agriculture) എന്ന വാക്കുമായി അഗാധബന്ധമുണ്ട്. കൃഷി എന്നത് മണ്ണറിഞ്ഞ് പരിപാലിക്കേണ്ടതാണ്. എങ്കിൽമാത്രമേ മൂല്യമുള്ളവ വളരൂ. അതുപോലെതന്നെയാണ് സാംസ്കാരികപൈതൃകവും. കേരളത്തിന്റെ കലകൾ, വാസ്തുവിദ്യ, പാരമ്പര്യങ്ങൾ എന്നിവയ്ക്ക് നിരന്തരമായ പരിചരണവും ശ്രദ്ധയും ആവശ്യമാണ്. സംസ്കാരം വളരുന്നത് അത് സംരക്ഷിക്കപ്പെടുകയും പരിപോഷിപ്പിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യുമ്പോൾമാത്രമാണ്. പുരാതന ചുവർചിത്രങ്ങൾ, കെട്ടുവള്ളങ്ങൾ, തെയ്യം, കാവുകൾ, കഥകളിവേദികൾ, മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങൾ ഇവയെല്ലാം സർക്കാരിന്റെ പിന്തുണയോടെ ജനങ്ങൾ നിലനിർത്തുന്നുണ്ട്. ഇവ നമ്മുടെ ചരിത്രത്തിന്റെ തെളിവുകളാണ്. ഓരോ പൗരനും നമ്മുടെ സമ്പന്നവും സമ്മിശ്രവുമായ സംസ്കാരത്തെ വിലമതിക്കുകയും സംരക്ഷിക്കുകയും വേണമെന്ന കർത്തവ്യം കേരളം കൃത്യമായി പാലിക്കുന്നു. കൂടാതെ വിദേശികളെയും മറ്റ് സംസ്ഥാനത്തുള്ളവരെയും സ്വീകരിക്കാൻപാകത്തിൽ സംസ്ഥാനം ഏറെ വളർന്നിരിക്കുന്നു.
കേരളത്തിലെ വായനശാലകൾ
വായനയുടെ കാര്യത്തിൽ കേരളം പുലർത്തുന്ന നിർബന്ധബുദ്ധി മറ്റെങ്ങും കാണാത്ത ഒന്നാണ്. മറ്റ് സംസ്ഥാനങ്ങൾക്ക് ഇപ്പോഴും പിന്തുടരാൻ കഴിയാത്ത ‘വായനശാലാ സംസ്കാരം’ കേരളത്തെ കൈപിടിച്ച് നടത്തിയിട്ടുണ്ട്. വലിയ നഗരങ്ങളിലെ സെൻട്രൽ ലൈബ്രറികൾമാത്രമല്ല, ചെറിയ ഗ്രാമങ്ങളിൽപ്പോലും പത്രങ്ങളും നോവലുകളും പഴയ മാസികകളുമുള്ള ചെറിയ വായനമുറികൾ കാണാനാകും. വായന വെറുമൊരു വിനോദമല്ല, മലയാളിക്ക് അത് ജീവവായുവാണ്. അതുകൊണ്ടാണ് ചായക്കടകളിൽപ്പോലും ലോക സാഹിത്യകാരന്മാരുടെ കൃതികൾ ഗൗരവത്തോടെ ചർച്ച ചെയ്യപ്പെടുന്നത്. സ്കൂളുകളിലൂടെയും പത്രങ്ങളിലൂടെയും റേഡിയോയിലൂടെയും കലയെക്കുറിച്ച് കേട്ടാണ് ഓരോ മലയാളിയും വളരുന്നത്. കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായം ഗ്രാമങ്ങളിൽപ്പോലും ലോകോത്തര ചിത്രകാരന്മാരെയും എഴുത്തുകാരെയുംകുറിച്ച് ജനങ്ങൾക്ക് അറിവ് നൽകുന്നുണ്ട്. മാർക്വേസിനെ വായിക്കുന്ന മീൻപിടിത്തക്കാരനും വാൻഗോഗിനെ സ്നേഹിക്കുന്ന മസാജിസ്റ്റുമുള്ള കേരളത്തുരുത്തിന് അവസാനിക്കാത്ത ജിജ്ഞാസയെന്ന മറുപേരുകൂടിയുണ്ട്.
സ്ത്രീസുരക്ഷ
സ്ത്രീസുരക്ഷയുടെ കാര്യത്തിൽ കേരളം ഇന്ത്യയുടെ മറ്റു ഭാഗങ്ങളേക്കാൾ ബഹുദൂരം മുന്നിലാണ്. രാജ്യത്തെ മറ്റെല്ലാ ഭാഗത്തും സ്ത്രീകൾക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനുമുമ്പേ കേരളത്തിലത് ഉണ്ടായിരുന്നു. ഭയപ്പെട്ടുകൊണ്ട് സ്ത്രീകൾക്ക് ജീവിക്കേണ്ടിവന്നിട്ടില്ല. ഏതൊരു ബുദ്ധിമുട്ടുകളെയും തരണംചെയ്യാനുതകുന്ന സംവിധാനമാണ് ഇവിടെയുള്ളത്. എന്നാൽ, മറ്റു ഭാഗങ്ങളിലെ സ്ഥിതി തീർത്തും വിഭിന്നമാണ്. ഭയപ്പെട്ടുകൊണ്ടാണ് ഓരോ നിമിഷവും സ്ത്രീകൾ തള്ളിനീക്കുന്നത്. പെൺകരുത്തിന് കാവലായി സംസ്ഥാനം തീർത്ത സുരക്ഷാകോട്ടകൾ കേരളത്തിനുമാത്രം അവകാശപ്പെട്ടതാണ്.
സൗജന്യ വിദ്യാഭ്യാസം
വർഷങ്ങൾക്കുമുമ്പ് ഒരു ഷൂട്ടിങ് സെറ്റിൽ മമ്മൂട്ടി, നെടുമുടി വേണു എന്നിവരോടൊപ്പം ഇരിക്കുമ്പോഴുണ്ടായ അനുഭവമാണ് ഓർമ വരുന്നത്. ‘ഫലം വന്നോ ഫലം വന്നോ’ എന്ന് എല്ലാവരും ആകാംക്ഷയോടെ ചോദിച്ച് പത്രത്തിനായി കാത്തിരിക്കുന്നുണ്ടായിരുന്നു. തെരഞ്ഞെടുപ്പുഫലമോ ലോട്ടറി ഫലമോ പരിശോധിക്കാനാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ, എനിക്ക് തെറ്റി. 12–ാംക്ലാസിലെ പരീക്ഷാഫലം അറിയാനാണ് അവരുടെ ആകാംക്ഷ. സിനിമയിലെ വലിയ താരങ്ങൾപോലും ഏതു ജില്ലയാണ് മുന്നിലെത്തിയത് എന്നറിയാൻ കാത്തിരിക്കുന്നത് വിദ്യാഭ്യാസത്തിന് ഈ നാട് നൽകുന്ന പ്രാധാന്യത്തിന്റെ തെളിവാണ്. മറ്റ് സംസ്ഥാനങ്ങളിൽ വിദ്യാഭ്യാസത്തിനും വിവാഹത്തിനും വലിയ തുക ചെലവാക്കേണ്ടിവരുമ്പോൾ, കേരളത്തിൽ സർക്കാർ സംവിധാനങ്ങളിലൂടെ സൗജന്യമായി മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുന്നുണ്ട്.
പൊന്നുമോൻ നന്ദൻ
പന്ത്രണ്ടാംവയസ്സിൽ കാൾ മാർക്സിന്റെ ‘മൂലധനം’ വായിച്ചുതീർക്കുകയും ചെറുപ്പംമുതൽ ഇടതുപക്ഷചിന്ത കാത്തുസൂക്ഷിക്കുകയും ചെയ്ത മകന്റെ അമ്മകൂടിയാണ് ഞാൻ. മകൻ നന്ദൻ ആറാംക്ലാസിൽ പഠിക്കുമ്പോൾമുതൽ രാഷ്ട്രീയകാര്യങ്ങളിൽ ഏറെ താൽപ്പര്യം കാണിച്ചിരുന്നു. സ്കൂൾ വിട്ടുവന്നാൽ കോമിക് ചാനലിനുപകരം പാർലമെന്റ് ടിവി ചാനലാണ് കണ്ടിരുന്നത്. അങ്ങനെ ഒരിക്കൽ ചെന്നൈ ടി നഗറിലെ സിപിഐ എം ഓഫീസ് കാണാൻ നന്ദൻ തനിയേ പോയി. ‘മൂലധന’വുമായാണ് അന്ന് പോയത്. പേരെന്താണെന്നോ
എവിടെനിന്നുവരുന്നുവെന്നോ ചോദിക്കാതെ പാർടി പ്രവർത്തകർ ഭക്ഷണം കഴിക്കാൻ ക്ഷണിച്ചു. വിശപ്പകറ്റിയശേഷമാണ് വിശദാംശങ്ങൾ ആരാഞ്ഞത്. അച്ഛന്റെ പേര് ചോദിച്ചപ്പോൾ മണിരത്നത്തിനുപകരം ഗോപാലരത്നം സുബ്രഹ്മണ്യം എന്ന ശരിയായ പേരാണ് അന്നു പറഞ്ഞത്. അതിനാൽ പാർടി പ്രവർത്തകർക്ക് അവനെ മനസ്സിലായില്ല. അമ്മയുടെ പേര് സുഹാസിനിയെന്നു
പറഞ്ഞപ്പോൾമാത്രമാണ് അവർക്ക് തിരിച്ചറിയാനായത്. മാതാപിതാക്കൾക്ക് അവിടേക്ക് വന്ന കാര്യം അറിയാമോ എന്ന ചോദ്യത്തിന്, ‘അവരെന്തിന് അതറിയണം’ എന്നായിരുന്നു നന്ദന്റെ മറുചോദ്യം. അടിയുറച്ചതും തെളിവാർന്നതുമായ മകന്റെ രാഷ്ട്രീയബോധ്യം എന്നും അഭിമാനമുണ്ടാക്കാറുണ്ട്.
മതനിരപേക്ഷ മാതൃക
വിവിധ വിഷയങ്ങളിൽ കേരളം സ്വീകരിക്കുന്ന രാഷ്ട്രീയനിലപാടും മതനിരപേക്ഷതയും ഇന്ത്യക്ക് മാതൃകയാണ്. അധിനിവേശത്തിന്റെ കറപുരളാത്ത മതനിരപേക്ഷതയുടെ ആഴക്കടലാണ് കേരളം. ഇത്രയും സൗകര്യങ്ങളുള്ളപ്പോൾ മലയാളികൾ എന്തിനാണ് വിദേശത്തേക്ക് പോകുന്നതെന്ന് ചിന്തിച്ചുപോകാറുണ്ട്. മലയാളികളുടെ ശേഷി മറ്റു രാജ്യങ്ങൾക്കു പകരം കേരളത്തിനുതന്നെ ഉപയോഗപ്രദമാകണം. പ്രകൃതിസൗന്ദര്യംകൊണ്ടും മാനവികമൂല്യങ്ങൾകൊണ്ടും കേരളം ലോകത്തിന് മാതൃകയായി തിളങ്ങിനിൽക്കുന്നു. പൈതൃകം എന്നത് മ്യൂസിയത്തിൽ വയ്‌ക്കേണ്ട വസ്തുവല്ല. അത് നമ്മൾ ജീവിക്കുകയും പങ്കുവയ്‌ക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ട ഒന്നാണ്. കാരണം അതാണ് കേരളത്തെ കേരളമായി നിലനിർത്തുന്നത്.









0 comments