ad
Deshabhimani

കൂട്ടുകാരെ നിങ്ങളെവിടെ

KARNATAKA KALBURGI SFI
avatar
വൈഷ്‌ണവ്‌ ബാബു

Published on Apr 12, 2026, 12:25 AM | 4 min read

കർണാടകത്തിലെ കൽബുർഗിയിൽ സൂര്യൻ ഉച്ചിയിൽ കനൽ കോരിയിട്ടു. കുസുനൂർ ഗവ. ഹയർ പ്രൈമറി സ്കൂൾമുറ്റത്തെ മരങ്ങൾപോലും ചൂടേറ്റ് തളർന്നുനിൽക്കുന്നു. ക്ലാസ് മുറിയിലെ നിശ്ശബ്ദതയെ ഭേദിച്ച് കുറെ കുരുന്നുകണ്ണുകൾ ജനാലയ്ക്കപ്പുറത്തേക്ക്‌ നീണ്ടു. അശ്വിനിയും തായമ്മയും സ്വാതിയും കാർത്തിക്കും സായ്ബണ്ണയുമടങ്ങുന്ന കൊച്ചുസംഘം പാഠപുസ്തകത്തിനപ്പുറത്തേക്ക്‌ മറ്റൊരന്വേഷണത്തിലായിരുന്നു. ‘തങ്ങളോടൊപ്പം ഈ ബെഞ്ചിലിരുന്ന് പഠിക്കേണ്ടവർ എവിടെ? ഇടവഴികളിലെ കളിക്കൂട്ടുകാരും മിഠായിമധുരം പങ്കുവച്ചവരും പാതിവഴിയിൽ പഠനം ഉപേക്ഷിച്ച് എങ്ങോട്ടാണ് മറഞ്ഞത്?’ – ഒഴിഞ്ഞ ബെഞ്ചുകളെ സാക്ഷിയാക്കി കൊച്ചുകൂട്ടുകാർ ഉയർത്തിയ ആ ചോദ്യം ഒരു അന്വേഷണയാത്രയുടെ തുടക്കമായിരുന്നു. പാഠപുസ്തകത്തിലെ അക്ഷരങ്ങളേക്കാൾ വലിയൊരു ജീവിതപാഠം തേടി എസ്എഫ്ഐയുടെ പതാകയുമേന്തി അവർ ആ ഗ്രാമത്തിന്റെ ഇടവഴികളിലേക്ക് സഞ്ചരിച്ചു.


എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗവും കൽബുർഗി ജില്ലാ സെക്രട്ടറിയുമായ വൈ സുജാതയുടെ നേതൃത്വത്തിൽ വിദ്യാർഥികളായ അശ്വിനി, തായമ്മ, സ്വാതി, കാർത്തിക്, സായ്ബണ്ണ, ശ്രേയസ് ആദി, മഹേഷ്, പ്രഭാസ്, മഹേഷ് കുമാർ, ബി ചന്ദു എന്നിവരാണ്‌ കുസുനൂർ ഗവ. സ്കൂളിൽനിന്ന്‌ കൊഴിഞ്ഞുപോയ സഹപാഠികളെ തേടിയിറങ്ങിയത്‌. അധ്യയന വർഷത്തിന്റെ അവസാനകാലമായ ഫെബ്രുവരിയിലായിരുന്നു ആ യാത്ര. വെറുമൊരു അന്വേഷണത്തിനപ്പുറത്ത്‌, കർണാടകത്തിലെ ദരിദ്രഗ്രാമങ്ങളിലെ അക്ഷരവെളിച്ചം അണയ്ക്കാൻ ശ്രമിക്കുന്ന കോൺഗ്രസ് സർക്കാരിന്റെ നയങ്ങൾക്കെതിരെയുള്ള പുതുതലമുറയുടെ അതിജീവനസമരമായി മാറി.


ഇഷ്ടികച്ചൂളയിൽ എരിയുന്ന സ്വപ്‌നങ്ങൾ


കുസുനൂരിലെ പൊടിപടലങ്ങൾ നിറഞ്ഞ തെരുവുകളിൽനിന്ന് ഗ്രാമാതിർത്തിയിലെ ആദിവാസിക്കുടിലുകളിലേക്കും കറുത്ത പുക തുപ്പുന്ന ഇഷ്ടികച്ചൂളകളിലേക്കുമായിരുന്നു യാത്ര. ‘തങ്ങളോടൊപ്പം സ്കൂൾ യൂണിഫോമിൽ അക്ഷരമുറ്റത്ത്‌ എത്തേണ്ട 6, 7, 8 ക്ലാസുകളിലെ കുരുന്നുകൾ എവിടെ’യെന്ന്‌ വഴിയിൽ കണ്ടവരോടൊക്കെയും ചോദിച്ചു. ഒടുവിൽ, യൂണിഫോമിന് പകരം അഴുക്കുപുരണ്ട വസ്ത്രങ്ങളണിഞ്ഞ് കറുത്ത പുക തുപ്പുന്ന ഇഷ്ടികച്ചൂളകളിൽ പണിയെടുക്കുന്ന സഹപാഠികളെയാണ്‌ അവർ കണ്ടത്‌. മറ്റൊരിടത്തുവച്ച്‌, അഴുക്കുചാലുകളിൽനിന്ന് പ്ലാസ്റ്റിക് കുപ്പികൾ പെറുക്കുന്ന കൈകൾ തന്റെ പ്രിയപ്പെട്ട കൂട്ടുകാരന്റേതാണെന്ന് അവർ തിരിച്ചറിഞ്ഞു. കൊച്ചുകൂട്ടുകാരെ കണ്ടപ്പോൾ പലരുടെയും കണ്ണുനിറഞ്ഞു. എങ്കിലും ലക്ഷ്യം ഒന്നുമാത്രം, അവരെ തിരികെ എത്തിക്കണം.


യാത്ര പിന്നിട്ടു. ചില കുട്ടികൾ പുകപിടിച്ച അടുക്കളയ്ക്കും ഇഷ്ടികച്ചൂളയ്ക്കുമപ്പുറം മറഞ്ഞുനിൽക്കുകയാണ്‌. കണ്ണുവെട്ടിച്ച്‌ കടന്നുകളയാൻ ശ്രമിച്ച കുസൃതിക്കുടുക്കയും കൂട്ടത്തിലുണ്ട്‌. വിദ്യാഭ്യാസം ഉപേക്ഷിച്ച്‌ പ്രതിദിനം നൂറോ ഇരുനൂറോ രൂപയുടെ തുച്ഛമായ കൂലിക്കായി ജോലി ചെയ്യേണ്ടിവരുന്ന കർണാടകത്തിലെ ആയിരക്കണക്കിന്‌ കുട്ടികളിൽ കുറച്ചുപേർമാത്രമാണിത്‌. "എനിക്ക് വരണമെന്നുണ്ടായിരുന്നു. പക്ഷേ അച്ഛനും അമ്മയും പണിക്ക് പോകുമ്പോൾ അനിയനെ നോക്കാൻ ഞാൻ വേണ്ടേ’ എന്നായിരുന്നു ഒരു പെൺകുട്ടിയുടെ ചോദ്യം. സ്കൂൾ വളരെ ദൂരെയാണെന്നും വാഹനസ‍ൗകര്യമില്ലാത്തതിനാൽ എത്താൻ കഴിയില്ലെന്നും മറ്റുചിലർ പറഞ്ഞു. ദാരിദ്ര്യം പത്തിവിടർത്തിയാടുന്ന വടക്കൻ കർണാടകയിലെ ദളിത്–-ആദിവാസി മേഖലകളിൽ അക്ഷരം എന്നത് ഒരു ആഡംബരമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഇ‍ൗ മേഖലകളിൽ കഴിഞ്ഞ ഏതാനും വർഷങ്ങളിലായി കൊഴിഞ്ഞുപോക്ക്‌ രൂക്ഷമാണ്‌. ‘ദാരിദ്ര്യത്തിന്റെ കാഠിന്യത്തിൽ മറ്റെന്താണ്‌ ഞങ്ങൾ ചെയ്യേണ്ടത്‌’ എന്ന്‌ ചില രക്ഷിതാക്കൾ ചോദിച്ചു. വിദ്യാഭ്യാസമെന്ന മഹത്തായ പ്രക്രിയയെ എത്രത്തോളമാണ്‌ കോൺഗ്രസ്‌ സർക്കാർ ലഘൂകരിച്ചതെന്ന്‌ ഇ‍ൗ വാക്കുകളിലൂടെ വ്യക്തം. സ്വകാര്യ വിദ്യാലയങ്ങളെ സഹായിക്കാൻ പൊതുവിദ്യാഭ്യാസത്തെ ശ്വാസം മുട്ടിക്കുന്ന കാഴ്ചയാണ് കർണാടകത്തിലെ ഓരോ ഗ്രാമത്തിലും കാണാൻ കഴിയുന്നത്.


വീണ്ടെടുത്ത പന്ത്രണ്ട് വസന്തങ്ങൾ


ചിലയിടങ്ങളിൽ രക്ഷിതാക്കളോട് തർക്കിച്ചും മറ്റിടങ്ങളിൽ കണ്ണീരോടെ അപേക്ഷിച്ചുമാണ് ആ കുട്ടിസംഘം കൂട്ടുകാരെ തിരികെ വിളിച്ചത്. "വിശപ്പകറ്റാൻ അക്ഷരം വേണം, നമ്മൾ പഠിക്കണം’–എസ്എഫ്ഐ പ്രവർത്തകർ ഓരോ വീട്ടിലും ഈ സന്ദേശമെത്തിച്ചു. തങ്ങളുടെ കൂട്ടുകാരെ പണിക്കളങ്ങളിൽ വിട്ടുനൽകില്ലെന്ന ആ കുട്ടികളുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ പല രക്ഷിതാക്കളും കീഴടങ്ങി. അന്ന് പന്ത്രണ്ട് കുട്ടികളെയാണ് കൊച്ചുസംഘം വീണ്ടെടുത്ത് സ്കൂളിലെത്തിച്ചത്. മുറിഞ്ഞുപോയ അക്ഷരങ്ങൾ വീണ്ടും എഴുതിത്തുടങ്ങുമ്പോൾ ആ മുഖങ്ങളിൽ വിരിഞ്ഞ പുഞ്ചിരിക്ക് കൽബുർഗിയിലെ വെയിലിനേക്കാൾ തിളക്കമുണ്ടായിരുന്നു.


എന്നാൽ ഈ 12 പേർ ഒരു തുടക്കം മാത്രമാണ്. കർണാടകത്തിലെ പ്രൈമറി സ്കൂളുകളിൽ 50,000ത്തിനുമേലെ അധ്യാപക തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു. അടിസ്ഥാന സൗകര്യങ്ങളില്ലാതെ പൊതുവിദ്യാലയങ്ങൾ കൂപ്പുകുത്തുകയാണ്‌. ഇവിടങ്ങളിലാകെ കുട്ടികൾ കൊഴിഞ്ഞുപോയിക്കൊണ്ടിരിക്കുന്നു. അക്ഷരമുറ്റങ്ങൾ അനാഥമാകുമ്പോൾ ചൂഷണത്തിന്റെ പുതിയ രൂപങ്ങളാണ്‌ ഇ‍ൗ കുട്ടികളെ കാത്തിരിക്കുന്നത്‌. ഇത്തരത്തിൽ വിദ്യാഭ്യാസത്തെ കച്ചവടമാക്കിയ കോൺഗ്രസ്‌ നയങ്ങൾക്കെതിരെയുള്ള പ്രതിഷേധം അവസാനിക്കുന്നില്ലെന്ന്‌ കൽബുർഗിയിലെ വിദ്യാർഥികൾ പറയുന്നു.


കെപിഎസ് എന്ന മരണമണി


കർണാടകത്തിലെ കോൺഗ്രസ് സർക്കാർ കൊട്ടിഘോഷിച്ച് നടപ്പാക്കുന്ന കർണാടക പബ്ലിക് സ്കൂൾ സംവിധാനം ഗ്രാമീണമേഖലയിലെ സാധാരണ വിദ്യാർഥികളുടെ ഭാവിയെ തകിടംമറിച്ചിരിക്കുന്നു. കുട്ടികൾ കുറവാണെന്നപേരിൽ 32,000 പ്രൈമറി സ്‌കൂളുകൾ പൂട്ടി അവയെ നഗരമേഖലയിലെ 6000 സ്‌കൂളുകളിൽ ലയിപ്പിക്കാനാണ്‌ കർണാടകത്തിലെ കോൺഗ്രസ്‌ തീരുമാനിച്ചത്‌. ഗ്രാമീണമേഖലയിലെ പ്രൈമറി സ്‌കൂളുകളാണ്‌ നഷ്ടത്തിന്റെ പേരിൽ നഗരത്തിലെ ‘മാഗ്‌നറ്റ്‌ സ്‌കൂൾ’ എന്നറിയപ്പെടുന്ന കർണാടക പബ്ലിക്‌ സ്‌കൂളുകളിലേക്ക്‌ ലയിപ്പിക്കുന്നത്‌. ആറു കിലോമീറ്റർ ചുറ്റളവിലെ എല്ലാ സ്‌കൂളുകളും പൂട്ടിയശേഷം ഒറ്റ സ്‌കൂളാക്കുന്നതാണ്‌ പദ്ധതി. നിരവധി സ്‌കൂളുകൾക്ക്‌ ഇതിനകം താഴുവീണു. പല ഗ്രാമങ്ങളിലും വർഷങ്ങളായി പ്രവർത്തിച്ചിരുന്ന സർക്കാർ സ്കൂളുകൾ ഇന്ന് അടച്ചുപൂട്ടലിന്റെ വക്കിലാണ്. ഇ‍ൗ സ്കൂളുകളിലാകട്ടെ ഒരു അധ്യാപകൻതന്നെ മൂന്നും നാലും വിഷയങ്ങൾ കൈകാര്യം ചെയ്യേണ്ടിവരുന്നുണ്ട്‌. അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തതയും അധ്യാപകരുടെ കുറവുംമൂലം രക്ഷിതാക്കൾ കുട്ടികളെ സ്കൂളിൽ വിടാനും മടിക്കുന്നുണ്ട്‌. പലർക്കും കിലോമീറ്ററുകൾ താണ്ടി വലിയ സ്കൂളുകളിൽ എത്താനുള്ള സാമ്പത്തികശേഷിയോ സൗകര്യമോ ഇല്ല. സർക്കാർ വാഹനസ‍ൗകര്യം ലഭ്യമാകുമെന്ന കാര്യത്തിൽ ഒരു ഉറപ്പുമില്ല.


അവഗണനയുടെ കോൺഗ്രസ് മോഡൽ


സംസ്ഥാനത്തെ വിദ്യാഭ്യാസമേഖലയിൽ കോൺഗ്രസ് സർക്കാർ പുലർത്തുന്ന അലംഭാവം ഒരു സംസ്ഥാനത്തിന്റെ ഭാവിയെക്കൂടിയാണ്‌ തകർക്കുന്നത്‌. സ്കോളർഷിപ്പുകൾ കൃത്യസമയത്ത് ലഭിക്കാത്തതും ഗ്രാമീണമേഖലകളിൽ ബസ് സൗകര്യങ്ങളുടെ കുറവും വിദ്യാർഥികളെ പഠനത്തിൽനിന്ന് പിന്തിരിപ്പിക്കുന്നു. കുപ്പായത്തിന് മുഷിഞ്ഞ മണമില്ലാത്ത, വിശപ്പില്ലാത്ത ഒരു ക്ലാസ്‌മുറി കർണാടകത്തിലെ ഓരോ കുട്ടിയും സ്വപ്നം കാണുന്നുണ്ട്. 2020– -21 മുതൽ 2024– -25 വരെ 947 സർക്കാർ സ്‌കൂളുകൾക്കാണ്‌ കർണാടകത്തിൽ പൂട്ടുവീണത്‌. 2023 മെയ്‌ 20ന്‌ അധികാരത്തിലേറിയ കോൺഗ്രസിന്റെ മൂന്നുവർഷത്തെ ഭരണത്തിലാണ്‌ 676 സ്‌കൂളുകളുടെയും പ്രവർത്തനം അവസാനിപ്പിച്ചത്‌. അഞ്ചുവർഷത്തിനിടെ സർക്കാർ സ്കൂളുകളുടെ എണ്ണം 49,791-ൽനിന്ന് 48,844 ആയി കുറഞ്ഞു. അതേസമയം, കർണാടകത്തിലെ സ്‌കൂൾ വിദ്യാഭ്യാസ സാക്ഷരത വകുപ്പിന്റെ 2025 ഒക്‌ടോബറിലെ ഉത്തരവുപ്രകാരം സംസ്ഥാനത്തുള്ള സ്‌കൂളുകളുടെ എണ്ണം 46,174 മാത്രമാണ്‌. പാർലമെന്റിൽ നൽകിയതിനേക്കാൾ 2,670 സ്‌കൂളുകൾ കുറവാണ്‌ സംസ്ഥാനത്തിന്റെ കണക്കിലുള്ളത്‌.


ബിജെപി ഭരിച്ച 2020–23ൽ 271 സ്‌കൂളുകളാണ്‌ പൂട്ടിയത്‌. സാധാരണക്കാരുടെ വിദ്യാഭ്യാസ അവകാശങ്ങളെ ഹനിക്കുന്ന ബിജെപി സർക്കാരിന്റെ നയം കൂടുതൽ തീവ്രമായി കോൺഗ്രസ്‌ നടപ്പാക്കിയെന്നാണ്‌ ഇ‍ൗ കണക്കുകൾ വ്യക്തമാക്കുന്നത്‌. സർക്കാർ സ്‌കൂളുകളിൽ 2015–16ൽ 47.1 ലക്ഷം കുട്ടികളുണ്ടായിരുന്നത്‌ 2025–26ൽ 38.2 ലക്ഷമായി ചുരുങ്ങി. അതേസമയം, സ്വകാര്യ മേഖലയിലെ സ്കൂളുകളെ സർക്കാർ വലിയ രീതിയിൽ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്‌. കർണാടകത്തിൽ 2000നുശേഷം ‘ഒരു ഗ്രാമത്തിന് ഒരു സ്കൂൾ’ നയം നടപ്പാക്കിയപ്പോൾ ആദിവാസി, ദളിത് മേഖലയിലെ സ്കൂൾ ഹാജർ ഗണ്യമായി വർധിച്ചിരുന്നു. എന്നാൽ, കോൺഗ്രസ്‌ സർക്കാർ അധികാരത്തിലേറിയതോടെ ഇ‍ൗ നയം പാടേ പൊളിച്ചെഴുതുകയാണുണ്ടായത്‌. ഇതിനെതിരെ ഡിവൈഎഫ്‌ഐയും സിപിഐ എമ്മും ഉൾപ്പെടെ പ്രതിഷേധം ഉയർത്തുന്നുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home