ad
Deshabhimani

വായന കുടിയേറിയ ഒരു ​ഗ്രാമം

 Village Reading.jpeg
avatar
ബിജു കാർത്തിക്‌

Published on Aug 02, 2026, 12:01 AM | 4 min read


‘ഒരു സംസ്‌കാരത്തെ നശിപ്പിക്കാൻ നിങ്ങൾ പുസ്തകങ്ങൾ കത്തിക്കേണ്ടതില്ല. ആളുകളെക്കൊണ്ട് വായന നിർത്തിച്ചാൽമാത്രം മതി.'

​റേ ബ്രാഡ്ബറി (എഴുത്തുകാരൻ)



വീട്ടുമുറ്റങ്ങളിലേക്കൊരു കുടിയേറ്റം

ആലക്കോട്‌, വൈതൽമല, കാപ്പിമല, മഞ്ഞപ്പുല്ല്‌, വെള്ളാട്‌, മൂന്നാംകുന്ന്‌, മണക്കടവ്‌, ചീക്കാട്‌, ചിറ്റടി... ഇ‍ൗ സ്ഥലപ്പേരുകൾക്കുപോലും പ്രകൃതിയുടെയും സാഹിത്യത്തിന്റെയും നാട്ടുചാരുതയുടെ ചൂരുണ്ട്‌. ഇ‍ൗ നാടിനെ, അതിന്റെ തുടിപ്പിനെ വായിച്ചറിഞ്ഞ കുറച്ചുപേർ ഒത്തുചേർന്നാണ്‌ ആലക്കോട്‌ സർഗവേദി റീഡേഴ്‌സ് ഫോറത്തിന്‌ രൂപംകൊടുത്തത്‌. സാഹിത്യ കാർണിവലുകളുടെ കാലത്ത്‌, അതിൽനിന്നു മാറി, ചെറുകാട്‌ പറഞ്ഞതുപോലെ ഓരോ വീട്ടുമുറ്റത്തും വിരിയുന്ന ‘മുരിങ്ങാമരച്ചോട്ടിലെ ആകാശ’മാണ്‌ സർഗവേദി റീഡേഴ്സ് ഫോറം.

എല്ലാ അതിർവരന്പുകളെയും അവർ അക്ഷരംതൊട്ട്‌ മായ്‌ച്ചുകളഞ്ഞു. ജാതിയും മതവും വർഗീയതയും ആ മുറ്റത്ത്‌ കയറിയതേയില്ല. അവർക്ക്‌ ഒരു മതമേ ഉണ്ടായിരുന്നുള്ളൂ– അക്ഷരം. അവർക്ക്‌ ഒരു ജാതിയേ ഉണ്ടായിരുന്നുള്ളൂ– വായന. സാഹിത്യം, കല, ജീവിതം അതിലെല്ലാം ഒന്നിച്ചിരുന്നു. അവർക്കൊപ്പം ചേരാൻ പലരും വന്നു; എഴുത്തുകാരും പ്രഭാഷകരും ചിന്തകരുമെല്ലാം. ഓരോ വീട്ടുമുറ്റത്തായി ഇരുന്ന്‌ മിണ്ടിയും പറഞ്ഞും ആശയങ്ങൾ പങ്കിട്ടും പകർന്നും അവരെല്ലാം തിരിച്ചുപോയി; പലരും പിന്നെയും വന്നു, സ്‌നേഹവും ഓർമയും പുതുക്കിക്കൊണ്ടേയിരുന്നു.


 Village Reading 2.jpg

വായനയിലേക്കൊരു കുടിയേറ്റം

കുടിയേറ്റ ഗ്രാമമായ ആലക്കോട്ട്‌, കാലത്തിനോടും മണ്ണിനോടും കാലാവസ്ഥയോടും പ്രകൃതിയോടും മഴയോടും മല്ലിട്ടായിരുന്നു ആദ്യപഥികർ വേരുറപ്പിച്ചത്‌. വാഹനങ്ങൾപോലും അപൂർവമായ കാലത്ത്‌ ജീവിതംകൊണ്ട്‌ അവർ പോരാടി നേടിയതാണ്‌ പലതും. സൂര്യനസ്‌തമിച്ചാൽ ഇരുട്ടിലമർന്നിരുന്ന ഒരു കുഗ്രാമത്തിൽനിന്ന്‌ ആലക്കോട്‌ ഇന്ന്‌ ഏറെ മാറി. ഇ‍ൗ കുടിയേറ്റമണ്ണിൽനിന്ന്‌ ലോകത്തിന്റെ പല ഭാഗത്തേക്കും കുടിയേറിയവർ ഏറെയുണ്ട്‌. അങ്ങനെ ഒത്തിരിയൊത്തിരി കിടയറ്റ കഥകൾ പറയാനുള്ള ആലക്കോടിന്റെ മണ്ണിലേക്ക്‌ വന്ന ഒരു വായനയുടെ, സംസ്‌കാരത്തിന്റെ കുടിയേറ്റത്തിന്റെ കഥയാണ്‌ വീട്ടുമുറ്റചർച്ചകളുടെ കഥ.

എഴുത്തുകാരൻ എൻ പ്രഭാകരന്റെ നേതൃത്വത്തിൽ ആലക്കോട്ട്‌ സംഘടിപ്പിച്ച സാഹിത്യപാഠശാലയുടെ തുടർച്ചയായാണ് വീട്ടുമുറ്റ സാഹിത്യചർച്ചകൾ ആരംഭിച്ചത്. വലിയ വലിയ സെമിനാറുകളിലും സാഹിത്യോത്സവത്തിലും പോയിരിക്കാത്തവർ... അയൽപക്കത്തെ വീട്ടുമുറ്റത്തെ വായനക്കൂട്ടത്തിലേക്ക്‌ സ്വയം എത്തിച്ചേർന്നു. കൃതികൾ എഴുത്തുകാരുടെ സാന്നിധ്യത്തിൽ ചർച്ച ചെയ്‌തപ്പോൾ, തുറന്നുപറച്ചിലുകൾ കേൾക്കാൻ ആളുകൾ വീട്ടുമുറ്റത്തേക്ക്‌ ഒഴുകിയെത്തിയപ്പോൾ സർഗവേദി സ‍ൗഹൃദവേദിയായി.

2017 ഡിസംബറിലായിരുന്നു തുടക്കം. കവികളായ മാധവൻ പുറച്ചേരിയും കെ വി സിന്ധുവുമായിരുന്നു ആദ്യ അതിഥികൾ. എൻ പ്രഭാകരൻ, സുനിൽ പി ഇളയിടം, സന്തോഷ്‌ ഏച്ചിക്കാനം, പി എൻ ഗോപീകൃഷ്ണൻ, എൻ ശശിധരൻ, ഷ‍ൗക്കത്ത്‌, ആർ രാജശ്രീ, ഇ പി രാജഗോപാലൻ, വി എസ് അനിൽകുമാർ, രാംമോഹൻ പാലിയത്ത്‌, സോമൻ കടലൂർ, രമേശൻ ബ്ലാത്തൂർ, അഭിലാഷ് മോഹൻ, നാരായണൻ കാവുമ്പായി, വിനോയ് തോമസ്, എ വി അജയകുമാർ, എ വി പവിത്രൻ, ഡോ. കെ വി തോമസ്, ഡോ. കെ വി കുഞ്ഞിക്കൃഷ്ണൻ തുടങ്ങി നിരവധിപേർ വീട്ടുമുറ്റചർച്ചകളുടെ ഭാഗമായി.


​വായനയുടെ ലോകം വിപുലമാക്കുന്നതിനുമപ്പുറം തിരക്കുകൾക്കിടയിൽ അൽപ്പനേരം സാഹിത്യത്തിനായി മാറ്റിവയ്‌ക്കുക, അയൽവീട്ടിലെ തണലിൽ പുസ്‌തകം ചർച്ച ചെയ്‌തും ഇടയ്‌ക്ക്‌ പാട്ട് കേട്ടും പാടിയുമിരിക്കുക അങ്ങനെ ഏറെ മനോഹരമായ, മറക്കാനാകാത്ത സായാഹ്നമായത് മാറ്റിത്തീർക്കുക എന്നതുമാണ്‌ വീട്ടുമുറ്റചർച്ചകളെ ഹൃദ്യമാക്കിയത്‌. സ്വകാര്യ ഇടമായ ഒരു വീട്ടുമുറ്റത്തെ പൊതുചർച്ചയുടെ ഇടമാക്കിമാറ്റിയപ്പോൾ, വൻ സ്വീകാര്യതയാണ്‌ ലഭിച്ചതെന്ന്‌ സർഗവേദി റീഡേഴ്‌സ്‌ ഫോറത്തിന്റെ സ്ഥാപകാംഗം എ ആർ പ്രസാദ്‌ പറയുന്നു. പുറമെയുള്ള സാഹിത്യചർച്ചകൾക്ക് വരാൻ മടിച്ചിരുന്നവരാണ്‌ ഞങ്ങൾക്കൊപ്പം സജീവമായത്‌. കലയും സാഹിത്യവും വായനയും ഏതോ വഴികളിൽ കൈവിട്ടുപോയവർ നാട്ടുവിശേഷങ്ങളും സൗഹൃദം പുതുക്കലുമായി ഹൃദയംകൊണ്ട്‌ ചേർന്നുനിൽക്കുന്നു. മഴക്കാലത്ത് വീട്ടകത്തും ഒരുമിച്ചിരിക്കും. അങ്ങനെ അപരവിദ്വേഷത്തിന്റെയും വിഭാഗീയതയുടെയും കാലത്ത് വീട്ടുമുറ്റങ്ങൾ മാനവികതയുടെ പൊതു ഇടങ്ങളായി. ലഹരിയും സൈബർലഹരിയും പിടിമുറുക്കുന്ന ബാല്യങ്ങളുടെ കാലത്ത്‌, സർഗാത്മകതയുടെ ലോകത്തേക്ക്‌ വന്നെത്തുന്ന കുട്ടികളും ഇ‍ൗ കാഴ്‌ചയ്‌ക്ക്‌ മിഴിവേകുന്നു.

 Village Reading 1.jpg

എഴുത്താളർ പറയുന്നു

സാഹിത്യത്തിൽ വിശേഷപഠനം നടത്തിയിട്ടില്ലാത്ത ഏറ്റവും സാധാരണക്കാർക്കും ഇടപെടൽ സാധ്യമാകുന്നതാണ്‌ ഏറെ ആകർഷിച്ചതെന്ന്‌ എൻ പ്രഭാകരൻ പറഞ്ഞു. പുതിയകാല വായനയും നിരൂപണവും ചില സിദ്ധാന്തങ്ങളോടും സങ്കേതങ്ങളോടുമുള്ള വിധേയത്വത്തിൽനിന്ന് പുറത്തുകടക്കില്ലെന്ന പിടിവാശിയിൽ, സാഹിത്യത്തിന്റെ ജനകീയതയെ പ്രതിരോധിക്കുന്നുണ്ട്‌. ഇതിനൊരു മാറ്റംവരണമെങ്കിൽ വീട്ടുമുറ്റചർച്ചപോലുള്ള ബോധപൂർവമായ ശ്രമം നടത്തേണ്ടതുണ്ട്. അവിടെ ഒരാൾ സംസാരിക്കുന്നു. ജനകീയ ഇടപെടലുണ്ടാകുന്നു. അഭിപ്രായം കൈമാറുന്നു. ആശയത്തിന്‌ കൂടുതൽ വ്യക്തതയുണ്ടാകുന്നു. വളരെ അർഥപൂർണമായ പ്രവർത്തനമാണ് വീട്ടുമുറ്റ സാഹിത്യചർച്ചയെന്ന് എന്നെ ബോധ്യപ്പെടുത്തിയ നേരനുഭവമായിരുന്നു അതെന്നും പ്രഭാകരൻ മാഷ്‌.


വായനകൊണ്ടും അറിവുകൊണ്ടും ജീവിതംകൊണ്ടും നിറവുറ്റ ഒരുപറ്റം സഹൃദയർക്കൊപ്പം വീട്ടുമുറ്റത്ത് ഒരു സായാഹ്നം ചെലവഴിച്ചതിന്റെ ഓർമയാണ്‌ പ്രഭാഷകനായ ഷ‍ൗക്കത്തിന്‌ പങ്കിടാനുള്ളത്‌. ‘‘ഗുരു നിത്യചൈതന്യ യതിക്കൊപ്പം യാത്ര ചെയ്‌തപ്പോൾ പല വീടുകളിലും അയൽക്കാരും സുഹൃത്തുക്കളും ഒന്നിച്ചിരുന്ന് സംവദിച്ചതാണ്‌ ഓർമകളിൽ നിറഞ്ഞത്‌. ഏറെ ദൂരെനിന്നുപോലും എത്തിയ സുഹൃത്തുക്കൾ. ധൃതിയില്ലാതെ, ഔപചാരികതകളില്ലാതെ ജീവിതം പറഞ്ഞ് ഇരുന്നു. ​ഹൃദ്യം! ധന്യം! മറ്റൊരു വാക്കില്ല ആ സായാഹ്നത്തെ പറയാൻ. സ്നേഹത്തോടെ ചേർന്നിരിക്കൽതന്നെ സമാധാനമാണ്. മതിലുകളും വാതിലുകളും തുറന്നിട്ട് നമ്മുടെ വീട്ടുമുറ്റവും വീട്ടകവും ഇങ്ങനെ സഹൃദയസദസ്സുകൾക്ക് വേദികളായാൽ വിഭാഗീയതകളെല്ലാം അറ്റുവീണ് നാം എത്ര വിനീതരായേനെ’’– ഷ‍ൗക്കത്തിലൂടെ വാക്കുകൾ ഒഴുകുകയാണ്‌.


​കേരളം മുഴുവൻ ഏറ്റെടുത്ത്‌, വിപുലീകരിക്കേണ്ട സാംസ്കാരികപ്രവർത്തനമാണ് വീട്ടുമുറ്റക്കൂട്ടായ്‌മയെന്ന്‌ കവി പി എൻ ഗോപീകൃഷ്‌ണൻ. പ്രധാനപ്പെട്ട സൂക്ഷ്മ സാംസ്കാരിക ഇടപെടലുകളാണ് വീട്ടുമുറ്റസദസ്സുകൾ. സംസ്കാരവികേന്ദ്രീകരണം അധികാരവികേന്ദ്രീകരണത്തേക്കാൾ പ്രധാനപ്പെട്ടതാണ്. ഇന്ത്യ ഉണ്ടായ കാലംമുതൽ ഊട്ടിവളർത്തിയ സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം തുടങ്ങിയ ആശയങ്ങൾക്കുമേൽ കൈക്കോടാലി വീഴുന്ന കാലമാണിത്. മനുഷ്യപുരോഗതിക്ക് തടസ്സമായ സാംസ്കാരികാധിനിവേശങ്ങളെ ചെറുക്കാൻ ചരിത്രത്തിൽനിന്ന് ആർജിച്ച മൂല്യങ്ങളെ വ്യക്തതയോടെ പുതിയ കാലത്തേക്ക് വ്യാപരിപ്പിക്കണം. അതിൽ പ്രധാനപ്പെട്ടതാണ് വീട്ടുമുറ്റസദസ്സുകളെന്നും ഗോപീകൃഷ്‌ണൻ. മുറ്റത്തെ മരങ്ങളും ചെടികളുംകൂടി പങ്കാളികളാകുന്ന സംവാദത്തിന്‌ എന്തു ചന്തം! എന്നാണ്‌ ഇ പി രാജഗോപാലന്റെ വിലയിരുത്തൽ. വീടിന് സ്വകാര്യതയുടെയും സ്വാർഥതയുടെയും ഉള്ളടക്കമല്ല എപ്പോഴും ഉണ്ടാകേണ്ടത് എന്ന നിലപാടിന്റെ ആവിഷ്കാരമാണിത്‌– അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ വായനസംസ്‌കാരത്തെ ശക്തിപ്പെടുത്തുന്നതിൽ വീട്ടുമുറ്റ സാഹിത്യചർച്ചകൾ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന്‌ സന്തോഷ്‌ ഏച്ചിക്കാനം പറഞ്ഞു. സമൂഹത്തിൽ വർധിച്ചുവരുന്ന വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പ്രതിലോമ ആശയങ്ങൾക്കെതിരായ ഒരു പ്രതിരോധമായിക്കൂടി വീട്ടുമുറ്റ സാഹിത്യചർച്ചകൾ മാറിയെന്നും അദ്ദേഹം പറഞ്ഞു.


എൻമകജെ യാത്ര

അംബികാസുതൻ മാങ്ങാടിന്റെ ‘എൻമകജെ’ ചർച്ചയ്‌ക്ക്‌ വച്ചപ്പോൾ നോവലിലൂടെ അതിന്റെ നോവറിഞ്ഞവർ വെറുതെയിരുന്നില്ല. 250 പുസ്‌തകങ്ങൾ ഒറ്റയടിക്ക്‌ വിറ്റുതീർത്തു, അതിന്റെ കമീഷനും എല്ലാവരും ചേർന്നെടുത്ത ഒരു തുകയുമായി അവർ വണ്ടി കയറി എൻമകജെയിലേക്ക്‌. അവർക്കുവേണ്ടി തങ്ങളാലാകുന്നത്‌ ചെയ്‌തു. വെറുമൊരു വായനയ്‌ക്കപ്പുറം, ആ സത്യത്തെ കണ്ണീരാൽ തൊട്ടറിഞ്ഞതിന്റെ പൊള്ളലുമായി മനസ്സിന്റെ പാതി പകുത്തുനൽകി; വായനയെന്നത്‌ ജീവിതത്തിന്റെകൂടി വായനയാണെന്ന തിരിച്ചറിവിലൂടെ. ആലക്കോടിന്‌ തിരികെ വണ്ടികയറി.​അഡ്വ. ജിജി കുന്നേമുറി, ജി പ്രദീപ്, എ ആർ പ്രദീപ്, ഒ എം ജോർജ്, പ്രിയ രാധാകൃഷ്ണൻ, കെ യശോദ, സി ജെ ഔസേഫ്, സക്കറിയാസ് കുളമാങ്കുഴി, ടോമി ജോസഫ്, കെ സുരേഷ് കുമാർ, സി എം തോമസ്, കെ ജി ശശിധരൻ, സി ഡി ജയശ്രീ, എ ആർ പ്രസാദ്, ഡോ. കെ വി ദീപേഷ്, രാജു ജോസഫ്, ഷീബ അനിൽ എന്നിവരാണ്‌ സർഗവേദി റീഡേഴ്സ് ഫോറം ഭാരവാഹികൾ.

​​കുടിയിറങ്ങാത്ത പുരസ്‌കാരങ്ങൾ

സർഗവേദി രക്ഷാധികാരിയായിരുന്ന പി ടി തങ്കപ്പൻ മാസ്റ്ററുടെ ഓർമയ്‌ക്ക്‌ അദ്ദേഹത്തിന്റെ പേരിൽ പുരസ്‌കാരവും എട്ടുവർഷമായി ഇവിടെവച്ച്‌ നൽകുന്നുണ്ട്‌. 15,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ്‌ സാഹിത്യപുരസ്‌കാരം. എൻ പ്രഭാകരൻ, സി വി ബാലകൃഷ്ണൻ, അംബികാസുതൻ മാങ്ങാട്, മാധവൻ പുറച്ചേരി, പി പി രാമചന്ദ്രൻ, ഇ പി രാജഗോപാലൻ, എം കെ മനോഹരൻ, വിനോയ് തോമസ് എന്നിവരാണ്‌ ഇതുവരെ പുരസ്‌കാരത്തിന്‌ അർഹരായവർ. കുടിയേറ്റമേഖലയിൽ കലാസാംസ്കാരികരംഗത്തെ ആദ്യകാലപ്രവർത്തകരെ 10,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരം നൽകി ആദരിക്കുന്നുമുണ്ട്‌. ഗായകനായ പ്രേംകുമാറിന്‌ (ചാക്കോ) ജനകീയ ഗായകപുരസ്കാരവും വായനക്കാരെ തേടി വീടുകളിലെത്തി പുസ്തകങ്ങൾ നൽകുന്ന അക്ഷര മൊബൈൽ ലൈബ്രറി പ്രവർത്തകൻ എം വി ജോർജിന് ജനകീയ ഗ്രന്ഥശാലപ്രവർത്തക പുരസ്‌കാരവും നൽകി. ഇ‍ൗ വർഷംമുതൽ മികച്ച വായനക്കാരനും പുരസ്‌കാരം നൽകുന്നു; ഉദയഗിരിയിലെ കരാട്ടെ അധ്യാപകൻ ബെന്നി കുറ്റിവേലിയാണ്‌ പ്രഥമപുരസ്‌കാരത്തിന്‌ അർഹനായത്‌. എഴുത്തുകാർക്കൊപ്പം വായനക്കാരും അംഗീകരിക്കപ്പെടുന്പോൾ പുരസ്‌കാരസമർപ്പണത്തിന്‌ തിളക്കമേറുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home