ad
Deshabhimani

നിലമ്പൂര്‍–ഷൊര്‍ണൂര്‍ പാത

നൂറ്റാണ്ട് കടക്കുന്ന ചൂളംവിളി

nilambur shornur rout

നിലമ്പൂര്‍–ഷൊര്‍ണൂര്‍ പാത

avatar
എം സനോജ്

Published on Mar 16, 2026, 11:27 AM | 4 min read

‘പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടി കടന്നെത്തുന്ന പദനിസ്വനം, പിന്നെയും പിന്നെയും ആരോ നിലാവത്ത് പൊന്‍‌വേണു ഉ‍ൗതുന്ന മൃദുമന്ത്രണം’’ വർഷം 1997. കൃഷ്ണഗുഡിയിലേക്ക്‌ ചൂളംവിളിച്ചെത്തിയ പ്രണയവും ജീവിതവും മലയാളികൾ മറന്നിട്ടുണ്ടാകില്ല. ഗാനത്തോടൊപ്പം ഹൃദയത്തോട്‌ ചേർത്തുവച്ചത്‌ നിലമ്പൂര്‍–-ഷൊര്‍ണൂര്‍ പാതയിലെ പച്ചപുതച്ച മനോഹരദൃശ്യങ്ങള്‍കൂടിയായിരുന്നു. 1927 മാര്‍ച്ച് 27നാണ് അന്നത്തെ മദ്രാസ് ഗവര്‍ണറായിരുന്ന ലോര്‍ഡ് ജോര്‍ജ് ജോക്കീം ഗോഷേന്‍ അങ്ങാടിപ്പുറത്തുവച്ച് മലബാര്‍ സെപ്ഷ്യല്‍ പൊലീസിന്റെ ഗാര്‍ഡ് ഓഫ് ഓണറോടെ ഉദ്ഘാടനം ചെയ്തത്. 2026 മാര്‍ച്ച് 27ന് പാതയുടെ ചൂളംവിളിക്ക് ഒരു നൂറ്റാണ്ട് തികയും. ‌‌


മൂന്നുവർഷം, 66 കിലോമീറ്റർ


പ്രതാപകാലത്തിന്റെ ചരിത്രം പേറുകയാണ് നിലമ്പൂര്‍–ഷൊര്‍ണൂര്‍ പാത. സംസ്ഥാനത്തെ ആദ്യ ബ്രോഡ്ഗേജ് പാതയിലൊന്നാണിത്. നിലമ്പൂര്‍ കാടുകളില്‍ സമൃദ്ധമായി വളര്‍ന്നുകൊണ്ടിരിക്കുന്ന തേക്ക് ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങളുടെ അന്താരാഷ്ട്ര വാണിജ്യസാധ്യത മനസ്സിലാക്കി അവയെ കടത്തിക്കൊണ്ടുപോകാനാണ് ബ്രിട്ടീഷുകാര്‍ ഈ തീവണ്ടിപ്പാത നിര്‍മിച്ചത്. 1916ലാണ് പാതയുടെ ആദ്യ സര്‍വേ ആരംഭിച്ചത്. പാതയുടെ നിര്‍മാണത്തിനായി നിലമ്പൂര്‍ കോവിലകം 35 ഹെക്ടര്‍ ഭൂമി ബ്രീട്ടിഷ് ഗവണ്‍മെന്റിന് കൈമാറി. 1921 ഒക്‌ടോബർ 26-ന് റെയിൽവേ ബോർഡ് എൻജിനിയർ ഇൻ ചീഫ് ജോൺ ഇസ്സാട്ടിനോട് സൗത്ത് ഇന്ത്യൻ റെയിൽവേ കമ്പനി പുതിയ റെയിൽവേ ലൈനുകൾക്കായി പദ്ധതി തയ്യാറാക്കാൻ നിർദേശിച്ചു.


nilamburമദ്രാസ് ഗവര്‍ണറായിരുന്ന ജോര്‍ജ് ജോക്കീം ഗോഷേന്‍ റെയില്‍വേ ഉദ്ഘാടനത്തിന് എത്തിയ ദൃശ്യം


മുൻ‌ഗണനാക്രമത്തിൽ ബ്രിട്ടീഷ് ഇന്ത്യയുടെ മദ്രാസ് പ്രസിഡൻഷ്യൽ ലിസ്റ്റില്‍ മലബാർ ജില്ലയില്‍ ആറാംസ്ഥാനമായിരുന്ന നിലമ്പൂര്‍ പാതയ്ക്ക്. നിലമ്പൂർ തേക്കിന്റെ പ്രശസ്തി ആഗോളരംഗത്ത് മൂല്യം വര്‍ധിച്ചതാണ് പാതനിര്‍മാണം തുടങ്ങാന്‍ ബ്രീട്ടിഷ് ഗവണ്‍മെന്റിനെ പ്രേരിപ്പിച്ചത്. ഷൊർണൂരിനും കൊച്ചിൻ ഹാർബർ ടെർമിലിനും ഇടയിൽ ബ്രോഡ്ഗേജ് ലൈൻ തുറന്നതോടെ നിലമ്പൂരിൽനിന്ന് പ്രധാന തുറമുഖങ്ങളിലേക്ക് നേരിട്ട് തടി കൊണ്ടുപോകാനുള്ള സാധ്യത കൊളോണിയൽ അധികാരികളെ ആകർഷിച്ചു. ഭാവിയില്‍ മൈസൂര്‍വഴി മാനന്തവാടി, ബാംഗ്ലൂര്‍വഴി കൂര്‍ഗിലേക്കും തടിഗതാഗതത്തിനായി പാത ഉപയോഗിക്കാനാണ് ബ്രോഡ്ഗ്രേജ് പാതയായി നിലമ്പൂരിനെ നിലനിര്‍ത്തിയത്. 1925–-27 കാലഘട്ടത്തിൽ 70 ലക്ഷം രൂപ ചെലവിൽ ദക്ഷിണേന്ത്യൻ റെയിൽവേ കമ്പനിയാണ് 66 കിലോമീറ്റർ നീളമുള്ള ഷൊർണൂർ–നിലമ്പൂർ റെയിൽപ്പാത നിർമിച്ചത്. ഹാളായിരുന്നു കരാറുകാരൻ. ഷൊർണൂരിനും അങ്ങാടിപ്പുറത്തിനും ഇടയിലാണ് ആദ്യ സെഗ്‌മെന്റ് തുറന്നത്.


അങ്ങാടിപ്പുറത്തിനും വാണിയമ്പലത്തിനും ഇടയിലുള്ള ഭാഗം 1927 ആഗസ്ത്‌ മൂന്നിന്‌ പൂർത്തിയായി. 1927 ഒക്‌ടോബർ 26-ന് നിലമ്പൂര്‍വരെയുള്ള മുഴുവൻ ഭാഗവും പൂർത്തിയാക്കി ചരക്കുഗതാഗതത്തിനായി തുറന്നുകൊടുത്തു. തടി, മുള കയറ്റുന്നതിനായി സ്റ്റേഷനുകളിൽ ബില്‍ഡിങ്ങുകളും നിർമിച്ചു. മലബാര്‍ കലാപമായിരുന്നു ഈ പാതയ്ക്കുപിന്നിലെ കാരണമെന്നാണ് ചരിത്രകാരന്മാരുടെ സാക്ഷ്യം. ലഹള അടിച്ചമര്‍ത്താനും പട്ടാളത്തെ എത്തിക്കാനും വനസമ്പത്ത് കടത്താനും ഉപകാരപ്രദം എന്ന നിലയിലാണ് പാതയെ ഉപയോഗിച്ചത്. കുലുക്കല്ലൂരിനും ചെറുകരയ്‌ക്കും ഇടയിലുള്ള കുന്തിപ്പുഴയുടെ മുകളിലൂടെയും പട്ടിക്കാടിനും മേലാറ്റൂരിനും ഇടയിലുള്ള കടലുണ്ടിയുടെ പോഷകനദിയായ വെള്ളിയാര്‍ പുഴയിലും മേലാറ്റൂരിനും തുവ്വൂരിനും ഇടയിലുള്ള കടലുണ്ടിയുടെ മറ്റൊരു പോഷകനദിയായ ഒലിപ്പുഴയുടെ മീതെയും വാണിയമ്പലത്തിനും നിലമ്പൂര്‍ റോഡിന്‌ ഇടയിലുള്ള ചാലിയാറിന്റെ പോഷകനദിയായ കുതിരപ്പുഴയിലും പാലങ്ങള്‍ നിര്‍മിച്ചാണ്‌ 66 കിലോമീറ്റര്‍ നീളമുള്ള പാതയുടെ പണി വെറും മൂന്നുവര്‍ഷംകൊണ്ട്‌ പൂർത്തിയാക്കിയത്‌. ഇന്ന് പാതയില്‍ 14 ട്രെയിനുകള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടുന്നു.


എന്തു രസമാണീ യാത്ര


ഷൊര്‍ണൂരില്‍നിന്ന് പുറപ്പെട്ടാല്‍ പാലക്കാട് ജില്ലയിലെ വാടാനംകുറുശ്ശിയാണ് ആദ്യ റെയില്‍വേ സ്റ്റേഷന്‍. ഇരുവശവും പച്ചവിരിച്ച നെല്‍പ്പാടങ്ങളുടെയും തോടുകളുടെയും ദൃശ്യമനോഹാരിത. അല്‍പ്പം മുന്നോട്ടുപോയാല്‍ ബ്രിട്ടീഷുകാര്‍ പണികഴിപ്പിച്ച വല്ലപ്പുഴ സ്റ്റേഷന്‍ കാണാം. കാളപൂട്ടിന് പ്രശസ്‌തമായ സ്ഥലം. കുലുക്കല്ലൂര്‍ പിന്നീട്ടാലുടനെ കുന്തിപ്പുഴ. ഭാരതപ്പുഴയുടെ പ്രധാന പോഷകനദികൂടിയാണിത്. പിന്നെ മലപ്പുറം ജില്ലയിലെ ആദ്യ സ്റ്റേഷനായ ചെറുകരയിലെത്തും. അവിടെനിന്ന്‌ അധികദൂരമില്ല, ഇ എം എസിന്റെ ജന്മനാടായ ഏലംകുളത്തേക്ക്‌. ചെറുകര കടന്നാല്‍ വള്ളുവനാടിന്റെ തലസ്ഥാന നഗരമായ അങ്ങാടിപ്പുറമെത്തും. തൊട്ടടുത്താണ് തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രവും തളിക്ഷേത്രവും പുത്തനങ്ങാടി പള്ളിയും. പിന്നെയെത്തുന്ന പട്ടിക്കാട് റെയില്‍വേ സ്റ്റേഷനില്‍നിന്ന് രണ്ടു കിലോമീറ്റര്‍ അടുത്താണ്‌ മഹാകവി പൂന്താനം നന്പൂതിരിയുടെ ജന്മദേശം. പട്ടിക്കാടിനും മേലാറ്റൂരിനും ഇടയില്‍ വെള്ളിയാറൊഴുകുന്നു. തുവ്വൂരും തൊടിയപുലവും കഴിഞ്ഞാല്‍ ബാണാസുര ക്ഷേത്രം സ്ഥിതി ചെയ്യുന്ന വാണിയന്പലം പാറ കാണാം. ചാലിയാറിന്റെ പോഷകനദിയായ കുതിരപ്പുഴ പിന്നിടുന്നതോടെ നിലന്പൂരിലെത്തും.


Nilambur-Shornur railway


ഹിറ്റ് സിനിമകള്‍ പിറന്ന ലൊക്കേഷന്‍


‘കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്‌’ ഉൾപ്പെടെ നിരവധി മലയാളസിനിമകൾ ഈ പാതയിൽ പിറന്നു. റെയില്‍വേ തൊഴിലാളികളുടെ കഥപറഞ്ഞ, പ്രേംനസീറും ജയനുമൊക്കെ തകർത്തഭിനയിച്ച ‘കരിപുരണ്ട ജീവിതങ്ങളാ’യിരുന്നു, നിലന്പൂര്‍ പാതയിലെ ആദ്യ ഹിറ്റ്. മലയാളത്തിന്റെ അഭിമാനങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ച നന്പര്‍ 20 മദ്രാസ് മെയില്‍ വന്‍ ഹിറ്റായി. മമ്മൂട്ടി നായകനായ ‘ഉണ്ട’യുടെ ഷൂട്ടിങ്‌ വേദിയായി നിലന്പൂര്‍– ഷൊര്‍ണൂര്‍ പാത മാറി. തമിഴ് നടന്‍ വിജയകാന്തിന്റെ ‘ശെന്തൂരപൂവേ’ സിനിമയും ഇവിടെ ഷൂട്ട് ചെയ്തിട്ടുണ്ട്.


കോടാലിവീണ ഹരിത ഇടനാഴി


റി‌ട്ട. റെയിൽവേ ഉദ്യോഗസ്ഥൻ ടി പി അയ്യപ്പൻ കർത്തയാണ് നിലമ്പൂർ–ഷൊർണൂർ പാതയെ ഹരിത ഇടനാഴിയാക്കി മാറ്റിയത്. 1981 ആഗസ്ത് 31ന്‌ ആരംഭിച്ച വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്ന പദ്ധതി 1986 മെയ് 22നാണ് പൂർത്തിയാക്കിയത്. അഞ്ചുവർഷംകൊണ്ട് 6.5 കിലോമീറ്റർ ദൈർഘ്യത്തിൽ 14 ലക്ഷം മരങ്ങളാണ് വച്ചുപിടിപ്പിച്ചത്. ഇതിൽ 10 ലക്ഷത്തോളം തേക്കുകളാണ്‌.


റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിൽ ഗുൽമോഹർ, കണിക്കൊന്ന, ഉങ്ങ് എന്നിവയും ജീവനക്കാരുടെ ക്വാർട്ടേഴ്സ് പരിസരത്ത്‌ തെങ്ങ്, മാവ്, പ്ലാവ് എന്നിവയും നട്ടു. നെടുങ്കയം, അരുവാക്കോട്, മുട്ടിക്കടവ്, അകമ്പാടം, ചെമ്പൻകൊല്ലി, പന്തീരായിരം, ചാലക്കുടി തുടങ്ങിയ വനംവകുപ്പിന്റെ ഡിപ്പോകളിൽനിന്നാണ് തൈകൾ ശേഖരിച്ചത്. രണ്ടുവർഷം വനംവകുപ്പ് തൈ സൗജന്യമായി നൽകി. 116 തൊഴിലാളികളാണ് തൈകൾ നട്ടുപിടിപ്പിക്കാൻ നേതൃത്വം നൽകിയത്. 2018 ഏപ്രിൽ 14 മുതല്‍ കേന്ദ്രസര്‍ക്കാര്‍ ഹരിത ഇടനാഴി (ഗ്രീൻ കോറിഡോര്‍) പദവി നല്‍കി. എന്നാല്‍, 26 വർഷങ്ങൾക്കുമുമ്പ്‌ മലയാളസിനിമയുടെ പ്രധാന ലൊക്കേഷനായ നിലമ്പൂര്‍–-ഷൊര്‍ണൂര്‍ പാതയിലെ മാമരങ്ങളും ഹരിതാഭയും ഇന്ന്‌ മാഞ്ഞുതുടങ്ങിയിരിക്കുന്നു.


വൈദ്യുതീകരണത്തിന്റെ ഭാഗമായാണ്‌ നിലമ്പൂര്‍–-ഷൊര്‍ണൂര്‍ പാതയിലെ മരങ്ങള്‍ മുറിച്ചുമാറ്റുന്നത്‌. പാതയുടെ ഇരുവശങ്ങളിലും നാലുമീറ്റര്‍ അകലത്തിലാണ് മരങ്ങള്‍ മുറിച്ചുമാറ്റുന്നത്. ഷൊര്‍ണൂര്‍ 2 മുതല്‍ 40 കിലോമീറ്റര്‍ ദൂരത്തില്‍ മരങ്ങള്‍ ഇതിനോടകം മുറിച്ചു. തേക്ക്, ഇ‍ൗട്ടി, പേരാല്‍, മരുത്, ഇരൂൾ, മഹാഗണി എന്നീ വിലപിടിപ്പുള്ള മരങ്ങളും റെയില്‍വേ സ്റ്റേഷനുകളിലെ അലങ്കാര–-തണല്‍വൃക്ഷങ്ങളായ ഗുല്‍മോഹര്‍, കണിക്കൊന്ന, ഉങ്ങ് എന്നിവയുമാണ് മുറിച്ചുമാറ്റുന്നത്.


കഥപറയുന്ന ഇ‍ൗട്ടിമുത്തശ്ശി


വേരുകൾ ചരിത്രത്തിലേക്ക്‌ വലിച്ചുനീട്ടി നിൽക്കുന്ന ഇ‍ൗട്ടിമുത്തശ്ശിയുണ്ട് നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ. നൂറ്റാണ്ടിലേറെ പ്രായമുള്ള ഇന്ത്യൻ റോസ്‌വുഡ് എന്നറിയപ്പെടുന്ന ഈട്ടിമരത്തിന് 200 വയസ്സ്‌ പിന്നിട്ടിരിക്കുന്നു. 1821ൽ നിലമ്പൂർ കോവിലകത്തിന്റെ സ്ഥലമായിരുന്നപ്പോഴാണ് ഈ ഇ‍ൗട്ടിമരം നട്ടത്. റെയിൽപ്പാത നിർമിച്ചപ്പോൾ മരം മുറിക്കാതെ സംരക്ഷിച്ചു. ജില്ലയിലെ ഏറ്റവും പ്രായചെന്ന മുത്തശ്ശിമരമായാണ് ഇതിനെ പരിസ്ഥിതിപ്രവർത്തകർ വിശേഷിപ്പിക്കുന്നത്. 2003ൽ റെയിൽവേ ഈ മരം മുറിച്ചുമാറ്റാൻ ശ്രമിച്ചു. എന്നാൽ, പരിസ്ഥിതിസ്നേഹികളുടെ പ്രതിഷേധംമൂലം പിന്മാറുകയായിരുന്നു. ഇപ്പോൾ മരത്തിനു ചുറ്റും കോൺക്രീറ്റ് ചുറ്റുമതിൽ കെട്ടിയിരിക്കുകയാണ്.


ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (ഐയുസിഎൻ) 1998ൽ വംശനാശഭീഷണി നേരിടുന്ന ജന്തു-സസ്യ വർഗങ്ങളുടെ റെഡ് ഡാറ്റ ബുക്കിൽ ഉൾപ്പെടുത്തിയതാണ് ഇന്ത്യൻ റോസ്‌വുഡ് എന്നറിയപ്പെടുന്ന ഇ‍ൗട്ടിമരം. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ വൃക്ഷം ഇപ്പോൾ കാടുകയറി നശിക്കുന്ന അവസ്ഥയാണ്. പലതവണ കെഎഫ്ആർഐ അധികൃതർ റെയിൽവേയോട് മരം സംരക്ഷിക്കാൻ ആവശ്യപ്പെട്ടെങ്കിലും മുഖംതിരിക്കുന്ന സമീപനമാണ് ദക്ഷിണ റെയിൽവേ സ്വീകരിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home