ad
Deshabhimani

print edition വിജയ് മന്തർ

ഫോട്ടോ: പി വി സുജിത്ത്

ഫോട്ടോ: പി വി സുജിത്ത്

avatar
എം അഖിൽ

Published on Jul 26, 2026, 12:01 AM | 4 min read

‘ദില്ലി പൊലീസ്‌ യാദ്‌ രഖോ, തുമാരേ ബച്ചോം കാ ഭവിഷ്യ ഭി ഇ‍സ്‌ ദേശ്‌ മേം ഡൂബ്‌ ജായേഗാ!’ (ഡൽഹി പൊലീസ്‌ ഓർത്തോളൂ... നിങ്ങളുടെ കുട്ടികളുടെ ഭാവിയും ഇ‍ൗ രാജ്യത്ത്‌ തുലഞ്ഞുപോകും!) എന്നെഴുതിയ ബാനർ ഉയർത്തിപ്പിടിച്ച്‌ ജന്തർ മന്തറിലെ സമരസാഗരത്തിന്റെ നടുവിൽ നിന്ന നീണ്ടുമെലിഞ്ഞ ചെറുപ്പക്കാരൻ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. ബാരിക്കേഡുകളുടെ കോട്ടതീർത്ത്‌ എന്തിനും തയ്യാറായി നിന്ന പൊലീസ്‌, സിആർപിഎ-ഫ്‌, ആർഎഎഫ്‌ ഉദ്യോഗസ്ഥർക്കുമുന്നിലെത്തിയപ്പോൾ ഓരോ കണ്ണിലും തന്റെ സന്ദേശമെത്തണമെന്ന വാശിയോടെ അയാൾ ബാനർ പരമാവധി ഉയർത്തി. ഗാസിയാബാദ്‌ എബിഇഎസ്‌ എൻജിനിയറിങ് കോളേജിൽ ബിടെക്‌ മൂന്നാംവർഷ വിദ്യാർഥിയായ രുദ്രാൻഷാണ്‌ ബാനറുമായി നിന്നത്‌. പ്രക്ഷോഭത്തെ അടിച്ചമർത്താനുള്ള ഡൽഹി പൊലീസിന്റെ നിഷ്‌ഠുര നടപടികളോടുള്ള പ്രതിഷേധമായിരുന്നു രുദ്രാൻഷിന്റെ ബാനർ.

​​

ഭരണകൂടത്തിന്റെ അടിച്ചമർത്തലുകളെ പ്രതിരോധിച്ചാണ്‌ സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ പ്രക്ഷോഭത്തിന്റെ വിജയം. ഇത്‌ ഭാവിയിലേക്കുള്ള പുതിയ പ്രതീക്ഷയാണ്‌. രാജ്യത്തെ യുവജനങ്ങൾ നൽകുന്ന പ്രതീക്ഷ. തല്ലിയാലും കൊന്നാലും പിന്മാറില്ലെന്ന്‌ പ്രക്ഷോഭകർ തീരുമാനിച്ചപ്പോൾ മോദിസർക്കാരിന്‌ മറ്റ്‌ വഴികളില്ലാതായി. സംഘടിത സമരശക്തിക്കുമുന്നിൽ ഏതു ഭരണാധികാരിക്കും കീഴടങ്ങിയേ മതിയാകൂ എന്ന് വിദ്യാർഥികളും യുവജനതയും തെളിയിച്ചു. ഒരു പ്രതിഷേധത്തിനും കീഴടങ്ങാതെ അധികാരത്തിന്റെ ഉരുക്കുമുഷ്ടികൊണ്ട് എല്ലാ എതിർപ്പുകളെയും അടിച്ചമർത്തി ഭരിക്കാമെന്ന് അഹങ്കരിച്ചിരുന്ന മോദിസർക്കാരിന്റെ ധാർഷ്ട്യത്തിനേറ്റ കനത്ത പ്രഹരമാണിത്‌.

ശനിയാഴ്ച പകൽ മൂന്നോടെ വിദ്യാഭ്യാസ മന്ത്രിധർമേന്ദ്ര പ്രധാന്റെ രാജിപ്രഖ്യാപനത്തിനു പിന്നാലെ ജന്തർ മന്തറിൽ ആർത്തിരന്പി മുദ്രാവാക്യങ്ങൾ. ത്രിവർണ പതാകകളും ഗാന്ധിജിയുടെയും അംബേദ്‌കറുടെയും ഭഗത്‌ സിങ്ങിന്റെയും വർണചിത്രങ്ങളും ഉയർത്തിയുള്ള പ്രക്ഷാേഭത്തിന്‌ തുടർച്ചയുണ്ടാകുമെന്നുറപ്പ്‌. ഉഷ്‌ണതരംഗത്തിന്‌ ആശ്വാസമായി പെയ്‌തിറങ്ങിയ കനത്ത മഴയ്‌ക്കുപോലും യുവഹൃദയങ്ങളിലെ ആവേശത്തെ തണുപ്പിക്കാനായില്ല.

നിരാഹാരസമരത്തിലായിരുന്ന സോനം വാങ്ചുക്കിനെ ബലംപ്രയോഗിച്ച്‌ അറസ്റ്റ്‌ ചെയ്‌തതിനുപിന്നാലെ ഡൽഹി പൊലീസ്‌ പൊളിച്ച മുഖ്യ സമരവേദി വീണ്ടും കെട്ടിപ്പൊക്കിയാണ്‌ സമരം സജീവമാക്കിയത്‌. പൊലീസ്‌ അതിക്രമത്തിൽ ഗുരുതര പരിക്കേറ്റവർവരെ മടങ്ങിയെത്തി സമരത്തിന്റെ ഭാഗമായി. ലാത്തിയടിയിൽ തലപൊട്ടിയവർ, ശരീരമാസകലം പരിക്കേറ്റവർ, വസ്‌ത്രങ്ങൾ കീറിപ്പറിഞ്ഞവർ... മുഖ്യവേദിയുടെ ഒരുഭാഗത്ത്‌ നീറ്റ്‌ ചോർച്ചയെ തുടർന്ന്‌ ആത്മഹത്യചെയ്‌ത വിദ്യാർഥികളുടെ ഫോട്ടോകളും പതിച്ചു. എസ്‌എഫ്‌ഐ ഉൾപ്പെടെയുള്ള സംഘടനകൾ പ്രത്യേക ടെന്റുകളുണ്ടാക്കിയാണ്‌ പ്രക്ഷോഭത്തിന്റെ ആവേശം ചോരാതെ നോക്കിയത്‌.

യുവജനപ്രവാഹത്തിനിടയിൽ മുതിർന്ന പ‍ൗരന്റെ സാന്നിധ്യം ശ്രദ്ധയാകർഷിച്ചു. സാമൂഹ്യപ്രവർത്തകനായ ഒ പി ഷായാണ്‌ താനെന്ന്‌ പരിചയപ്പെടുത്തി. ‘വിദ്യാർഥികൾ ഉന്നയിച്ച വിഷയങ്ങൾ സർക്കാർ ഗ‍ൗരവത്തോടെ കേൾക്കണം. അടിയന്തരമായി ഇടപെടണം. ബലംപ്രയോഗിച്ച്‌ സമരം അടിച്ചമർത്താൻ ശ്രമിക്കരുത്‌. അത്തരം നീക്കം സാഹചര്യം കൂടുതൽ വഷളാക്കും. എനിക്ക്‌ 85 വയസ്സായി. പ്രായത്തിന്റെ അവശതകളുണ്ട്‌. എന്നിട്ടും ഇ‍ൗ കുട്ടികൾ തെരുവിൽ സമരം ചെയ്യുന്പോൾ ഐക്യദാർഢ്യം പ്രകടിപ്പിക്കണമെന്ന്‌ തോന്നി’– ഒ പി ഷാ പറഞ്ഞു. കൊൽക്കത്ത കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന ‘സെന്റർ ഫോർ പീസ്‌ ആൻഡ്‌ പ്രോഗ്രസ്‌’ സംഘടനയുടെ അധ്യക്ഷൻകൂടിയാണ്‌ ഷാ.

സമരക്കാർക്ക്‌ ഭക്ഷണവും വെള്ളവുമായി ഡൽഹിയുടെ പലകോണുകളിൽനിന്ന്‌ സന്നദ്ധസംഘടനകളും കൂട്ടായ്‌മകളും എത്തിയിരുന്നു.


രാജ്യത്തിന്റെ പലഭാഗത്തുനിന്നും സമരക്കാർക്കുവേണ്ടി ആളുകൾ സ്വിഗിയും സൊമാറ്റോയുംവഴി ഭക്ഷണം ഓർഡർ ചെയ്‌തു. മുംബൈയിൽനിന്ന്‌ ഒരാൾ ഓർഡർ ചെയ്‌ത ഭക്ഷണം കനത്ത മഴയ്ക്കിടയിലും വിതരണം ചെയ്യാനെത്തിയ ഡെലിവറി ഏജന്റിന്റെ വീഡിയോ വൈറലായിരുന്നു.

​കേന്ദ്രസർക്കാരിന്റെ ഇഷ്‌ടക്കാരായ മുഖ്യധാരാ മാധ്യമങ്ങൾ പ്രക്ഷോഭത്തെ പൂർണമായും അവഗണിച്ചു. ഭൂരിഭാഗം ദേശീയ ചാനലുകളും ‘അനാവശ്യമായ അക്രമ, അരാജക സമരം’ എന്ന രീതിയിലാണ്‌ വാർത്തകൾ നൽകിയത്‌. ഡൽഹി പൊലീസ്‌ നടത്തിയ അതിക്രമങ്ങൾ ചാനലുകൾ കണ്ടില്ലെന്നു നടിച്ചു.


ഭീകരരെയും വിഘടനവാദികളെയുംമറ്റും നേരിടാൻ ഉപയോഗിക്കുന്ന പെല്ലറ്റ്‌ ഗണ്ണുകളും ആണി തറച്ച ലാത്തികളും ഇലക്‌ട്രിക് ബാറ്റണുകളുംമറ്റും ഉപയോഗിച്ചെന്ന ഞെട്ടിപ്പിക്കുന്ന ആരോപണങ്ങളും ഉയർന്നിട്ടും അതെല്ലാം അവഗണിച്ച മാധ്യമങ്ങളെ യുവജനങ്ങൾതന്നെ ചോദ്യംചെയ്‌തു. മോദിസർക്കാരിന്റെ സ്വന്തം ചാനലുകളെ പ്രതിഷേധക്കാർ ‘ഗോദി മീഡിയ... ഗോദി മീഡിയ...’ എന്നു വിളിച്ചു. മുഖ്യധാരാ മാധ്യമങ്ങൾ അവഗണിച്ചാലും യൂട്യൂബ്‌, വാട്സാപ്‌, ടെലിഗ്രാം ചാനലുകളിലൂടെ പ്രക്ഷോഭത്തിന്റെ സ്‌പന്ദനങ്ങൾ ഒഴുകി. സമരവേദിക്കുസമീപം നിരവധിപേർ തത്സമയ റിപ്പോർട്ടിങ് നടത്തി.

മഫ്‌തി പൊലീസെന്ന വ്യാജേന ചില ഗുണ്ടകൾ തന്റെ കൂട്ടുകാരെ കൈയേറ്റം ചെയ്‌തെന്ന്‌ അമൃത്‌സർ സ്വദേശിയും ഡൽഹി സർവകലാശാല വിദ്യാർഥിയുമായ ഗുർവിർ രോഷം പ്രകടിപ്പിച്ചു. ‘സിവിൽ ഡ്രസ്സിലുള്ള ചില ഗുണ്ടകൾ എന്റെ കൂട്ടുകാരിയെ ക്രൂരമായി മർദിച്ചു. ഗുരുതരമായി പരിക്കേറ്റതിനാൽ അവൾക്ക്‌ ഇന്ന്‌ ഇവിടെ എത്താനായില്ല. അവൾക്കുവേണ്ടിയാണ്‌ ഞാൻ ഇന്ന്‌ ഇ‍ൗ സമരവേദിയിൽ എത്തിയത്‌’– ഗുർവിറിന്റെ വാക്കുകളിൽ രോഷം. ചോദ്യപേപ്പറുകൾ ആസൂത്രിതമായി ചോർത്തിക്കൊടുക്കുന്ന നിരവധി റാക്കറ്റുകൾ വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നുണ്ടെന്ന്‌ ബിഹാർ സ്വദേശി റ‍ൗനീത്‌ കുമാർ ചൂണ്ടിക്കാണിച്ചു. ‘നീറ്റ്‌ പേപ്പർമാത്രമല്ല ചോർന്നത്‌. മിക്ക മത്സരപ്പരീക്ഷകളുടെയും പേപ്പറുകൾ ആസൂത്രിതമായി ചോർത്തുന്ന റാക്കറ്റുകൾ ഇവിടെയുണ്ട്‌. കഴിഞ്ഞവർഷം ബിഹാറിലെ നവാദ, ലഖിസരായ്‌ കേന്ദ്രീകരിച്ച്‌ നീറ്റ്‌ പരീക്ഷയിൽ തട്ടിപ്പുകൾ നടത്തി.


ഇക്കുറി രാജസ്ഥാൻ കേന്ദ്രീകരിച്ചാണ്‌ തട്ടിപ്പ്‌. നീറ്റ്‌ ചോർച്ച തടയാൻ പട്ടാളത്തെ ഇറക്കുമെന്ന്‌ പ്രധാനമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും പറഞ്ഞു. എന്നാൽ, പ്രസുകളിൽനിന്നുതന്നെ ചോദ്യങ്ങൾ ചോരുന്നു. ഉദ്യോഗസ്ഥർ കാമറയുള്ള കൂളിങ്ഗ്ലാസുകൾ ധരിച്ച്‌ ചോദ്യങ്ങൾ പകർത്തി കൈമാറുന്നു. നിങ്ങൾക്ക്‌ പൊലീസിൽ ജോലി വേണമെന്നുണ്ടോ? അതിന്‌ ലക്ഷങ്ങൾ മുടക്കിയാൽ മതി. ആദ്യം പരീക്ഷാഫലം നോക്കിയപ്പോൾ 620 മാർക്കുണ്ടെന്ന്‌ ബോധ്യപ്പെട്ട വിദ്യാർഥി രണ്ടാമത്‌ ഫലം നോക്കുന്പോൾ ഒറ്റയടിക്ക്‌ അത്‌ 120 മാർക്കായി കുറയുന്ന മറിമായം സംഭവിക്കുന്നു. ഇതിനെല്ലാം എന്ത്‌ ഉത്തരമാണ്‌ സർക്കാരിന്‌ നൽകാനുള്ളത്‌?– ഡൽഹി രാംജാസ്‌ കോളേജിൽ ജർമൻ ഭാഷാ വിദ്യാർഥിയായ റ‍ൗനീത്‌ കുമാർ നിലപാട്‌ വ്യക്തമാക്കി.

​​

ജന്തർ മന്തറിലേക്കുള്ള എല്ലാ വഴികളും ബാരിക്കേഡുകൾ നിരത്തി പൊലീസ്‌ അടച്ചെങ്കിലും സമരവേദിയിലേക്ക്‌ പലവഴികൾ താണ്ടി യുവജനതയെത്തി. നിരവധി ചെക്കിങ്‌പോയിന്റുകൾ കടക്കണം. പൊലീസിന്റെ വിരട്ടലുകൾക്കും വെല്ലുവിളിക്കും സമരവേദിയിലേക്ക്‌ ഒഴുകിയ ജനപ്രവാഹത്തെ തടയാനായില്ല. 16 മെട്രോ സ്റ്റേഷനുകൾ മുന്നറിയിപ്പ്‌ നൽകാതെ അടച്ചിട്ടിട്ടും ജന്തർ മന്തറിലേക്ക്‌ യുവതീയുവാക്കൾ പ്രവഹിച്ചു.

‘ആന്ധി യാ തൂഫാൻ ഏക്‌ കദം ബി പീച്ഛേ നഹീ ഹട്ടേംഗേ’ (പൊടിക്കാറ്റായാലും കൊടുങ്കാറ്റായാലും ഒരിഞ്ച്‌ പിന്നോട്ടില്ല) എന്ന മുദ്രാവാക്യം ജന്തർ മന്തറിന്റെ മുക്കിലും മൂലയിലും അലയടിച്ചതിന്റെ പ്രകന്പനമാണ്‌ ഇന്ന്‌ രാജ്യമാകെ പടർന്ന തീജ്വാലയായതും അനിവാര്യവിജയത്തിൽ എത്തിയതും.



സമരത്തിന്റെ മുന്നണിയിൽ ഉണ്ടായിരുന്ന ചിലർ ഡൽഹി പൊലീസിൽ നിന്നും നേരിട്ട ദുരനുഭവങ്ങൾ വിവരിക്കുന്നു...


ശരണ്യാവർമ

അംബേദ്‌കർ സർവകലാശാല മുൻ യൂണിയൻ ഭാരവാഹി


​‘ഞങ്ങളുടെ മുന്നിലൂടെ ദുർബലയായ, പരിഭ്രാന്തയായ പാവം പെൺകുട്ടി ഓടുകയായിരുന്നു. പെട്ടെന്ന്‌ ആറടിയുള്ള പൊലീസുകാരൻ അവളെ തടഞ്ഞു. ലാത്തികൊണ്ട്‌ അവളുടെ തലയ്ക്കടിച്ചു. നിലത്ത്‌ വീണുകിടന്ന അവളെ ഞങ്ങൾ പിടിച്ചെഴുന്നേൽപ്പിച്ചു. എന്തിനാണ്‌ നിങ്ങൾ ഇവളെ അടിച്ചുവീഴ്‌ത്തിയതെന്ന്‌ ഞങ്ങൾ പൊലീസുകാരനോട്‌ ചോദിച്ചു. ഞങ്ങൾ ഇത്‌ റിപ്പോർട്ട്‌ ചെയ്യുമെന്ന്‌ പറഞ്ഞു. പക്ഷേ, അയാൾ പുച്ഛത്തോടെ പോയി റിപ്പോർട്ട്‌ ചെയ്യാൻ ആക്രോശിച്ചു.

യുവജനങ്ങളെ ക്രൂരമായി തല്ലിച്ചതച്ച മിക്ക പൊലീസുകാരും നെയിംബോർഡുകൾ നീക്കിയിരുന്നു. യൂണിഫോമില്ലാതെ ഹെൽമെറ്റും ലാത്തിയും മാത്രമുള്ള നിരവധിപേർ പൊലീസിന്റെ കൂട്ടത്തിലുണ്ടായിരുന്നു. അവർ പൊലീസുകാരാണോയെന്ന കാര്യത്തിൽ സംശയമുണ്ട്‌. വളരെ മോശം രീതിയിലാണ്‌ യുവതികളോട്‌ പെരുമാറിയത്‌. സ്വകാര്യഭാഗങ്ങളിൽ കടന്നുപിടിച്ചു.


വസ്‌ത്രങ്ങൾ വലിച്ചുകീറി. അടിയേറ്റ്‌ നിലത്തുവീണ യുവതികളെ അവിടെയിട്ട്‌ വീണ്ടും തല്ലിച്ചതച്ചു. വനിതാ പൊലീസും ഒട്ടും പിന്നിലായിരുന്നില്ല. പാർലമെന്റ്‌ സ്‌ട്രീറ്റ്‌ പൊലീസ്‌ സ്‌റ്റേഷനിൽ എത്തിയപ്പോൾ പൊലീസുകാർ ഉന്തും തള്ളുമുണ്ടാക്കി. അതിൽ വനിതാ പൊലീസ്‌ താഴെ വീണു. എഴുന്നേറ്റയുടനെ അവർ ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്നവരെ ലാത്തികൊണ്ടടിച്ചു. ഞങ്ങളാണ്‌ അവരെ തള്ളിയിട്ടതെന്ന്‌ ആക്രോശിച്ചാണ്‌ തല്ലിയത്‌.’



കെ ഗോപിക ബാബു

​ജെഎൻയു യൂണിയൻ വൈസ്‌ പ്രസിഡന്റ്‌


​​​‘ജന്തർ മന്തറിൽ സമാധാനപൂർവം സമരം ചെയ്യുന്ന വിദ്യാർഥികളെയും യുവജനങ്ങളെയും അടിച്ചമർത്തുകയെന്ന ഒറ്റലക്ഷ്യത്തോടെയാണ്‌ ഡൽഹി പൊലീസ്‌ പ്രവർത്തിച്ചത്‌. ഇതിനായി അവർ ആസൂത്രിതമായി സംഘർഷങ്ങളുണ്ടാക്കി. സമരവേദിക്ക്‌ ഇരുവശവും ബാരിക്കേഡുകൾ നിരത്തി അടച്ചശേഷം വിദ്യാർഥികൾക്കുനേരെ ലാത്തിച്ചാർജ്‌ നടത്തി. എങ്ങോട്ടേക്കും പോകാനാകാതെ വിദ്യാർഥികൾ പരിഭ്രാന്തരായപ്പോൾ വലിയ ഉന്തും തള്ളുമുണ്ടായി. പൊലീസ്‌ യൂണിഫോമില്ലാത്ത ആൾക്കാരാണ്‌ വലിയ രീതിയിൽ ആക്രമിച്ചത്‌.


അവർ സ്‌ത്രീകളോട്‌ വളരെ മോശമായാണ്‌ പെരുമാറിയത്‌. വസ്‌ത്രങ്ങൾ വലിച്ചുകീറി. ചിലർക്ക്‌ ബോധം നഷ്‌ടപ്പെട്ടു. പാർലമെന്റ്‌ സ്‌ട്രീറ്റ്‌ പൊലീസ്‌ സ്‌റ്റേഷനിൽ എത്തിച്ചപ്പോഴും പൊലീസ്‌ മോശം പെരുമാറ്റം തുടർന്നു. പരിക്കേറ്റവർക്കും ക്ഷീണിതരായവർക്കും പ്രാഥമികശുശ്രൂഷയോ ഭക്ഷണമോ വെള്ളമോ നൽകിയില്ല. ഞങ്ങളുടെ കൂടെ സമാജ്‌വാദി പാർടി എംപി ഡിംപിൾ യാദവും ഉണ്ടായിരുന്നു. എസ്‌പി പ്രവർത്തകർ ഇടപെട്ടതുകൊണ്ടുമാത്രം ഞങ്ങൾക്ക്‌ ഫസ്റ്റ്‌ എയ്‌ഡുംമറ്റും കിട്ടി.


എന്റെ കൂടെയുള്ള പലർക്കും സാരമായി പരിക്കേറ്റു. നിരവധി പെൺകുട്ടികൾ വിവിധ ആശുപത്രികളിലുണ്ട്‌. അവരെ കാണാൻപോലും പൊലീസ്‌ അനുവദിക്കുന്നില്ല. ആശുപത്രികളിൽ പ്രവേശിപ്പിച്ചവർക്കെതിരെ കേസെടുക്കുന്നതായും പരാതിയുണ്ട്‌. അതുകൊണ്ട്‌ പരിക്കേറ്റ പലരും ആശുപത്രിയിൽ പോയില്ല.’




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home