ad
Deshabhimani

print edition മുൻഷി കലക്കൻ അനീതി

munshi
avatar
​വിനോദ്‌ പായം

Published on May 31, 2026, 12:01 AM | 5 min read

മുൻഷിയെ നമ്മളറിയും. ജീവിതത്തിന്റെ പല വേളകളിൽ; ഉപദേശകനായി, മാർഗനിർദേശകനായി, ഒരുവേള ഹെഡ്മാസ്റ്ററായിതന്നെ മുൻഷിയെ നമ്മൾ കാണും. തലമുറയെ നേർവഴിക്ക് നടത്താൻ ബാധ്യതപ്പെട്ടതെന്നാണ്‌ ആ വേഷത്തെ നമ്മൾ കരുതുന്നത്‌; മുതിർന്ന മാതൃകാ അധ്യാപകനാണയാൾ. ഇത്തരം മുൻഷിമാരെ, മിനിസ്ക്രീനിലാണ് പുതിയ തലമുറയ്ക്ക് പരിചയം. ഗാന്ധി തൊപ്പിയിട്ട്, ഖദർ ധരിച്ച് സത്യവും ധർമവും ഓതുന്ന സാക്ഷാൽ മുൻഷി, ഏഷ്യാനെറ്റ്‌ ന്യൂസ്‌ ചാനലിൽ ദശകങ്ങളായി ജനപ്രിയപരിപാടിയാണ്‌. മുൻഷിയുടെ അണിയറയിൽ പക്ഷേ; കാര്യങ്ങളല്ലത്ര പന്തിയല്ല! മുൻഷിയുടെ സൃഷ്ടാക്കളുടെ കൊടുംചതിയിൽപ്പെട്ട്‌ ജീവിതം ചോർന്നുപോയ ഒരാളുടെ കഥയാണ്‌, അല്ല ജീവിത യാഥാർഥ്യമാണ്‌ ഇനി പറയുന്നത്‌.


കഥാപാത്രം: മുൻഷിയിലെ ഹാജിയാർ

ചെയ്ത ജോലി: അഭിനയം

ചെയ്ത കാലം: 24 x 365

ലോക മലയാളിക്കെല്ലാം ചിരപരിചിതമായ ‘മുൻഷി'യിലെ ഹാജിയാർ വേഷം ചെയ്യുന്ന രാജേന്ദ്രൻ പറയുന്നു.


നാടകക്കാലം


​നാടകം, പരസ്യകല, എൽഐസി ഏജൻസി തുടങ്ങിയ പലതരം ജോലി ചെയ്താണ് രാജേന്ദ്രൻ നാറാത്ത്‌ എന്ന ഞാൻ ജീവിതം തുടങ്ങുന്നത്. കണ്ണൂരിന്റെ സമൃദ്ധമായ നാടകമണ്ണ്, എല്ലാ തരത്തിലും എന്നെ പ്രോത്സാഹിപ്പിച്ചു. കണ്ണൂർ കാവ്യകേളി, മലബാർ ഭാരത്, സംഘകേളി തുടങ്ങിയ പ്രൊഫഷണൽ ടീമിലും നാടകം കളിച്ചു. അമച്വർ നാടകം എഴുതി സംവിധാനം ചെയ്യുന്നതും ഹരമായിരുന്നു. വലിയ വിവാദമുണ്ടായ നാടകക്കാലവും എനിക്കോർമയുണ്ട്‌. ‘ചാത്തമ്പള്ളി കണ്ടൻ’ എന്നൊരു നാടകം ഞാൻ എഴുതി അവതരിപ്പിച്ചിരുന്നു. ഇതിനെതിരെ ഒരുകൂട്ടർ വലിയ ബഹളം സൃഷ്ടിച്ചു. ഒടുവിൽ കോടതി ഇടപെടലിലൂടെയാണ്‌ ആ നാടകം കളിച്ചത്‌. അങ്ങനെയൊരു നാടകത്തീക്കാലം എന്റെ ഓർമയിലുണ്ട്‌. നാടകമില്ലാക്കാലത്ത്, കണ്ണൂരിൽ ചായം എന്നൊരു പരസ്യകല സ്ഥാപനം തുടങ്ങി; ജീവിക്കണമല്ലോ. അപ്പോഴും അരങ്ങ് എന്നെ ദാഹിപ്പിച്ചുകൊണ്ടേയിരുന്നു. നാടകം എഴുതിയും പരിശീലിപ്പിച്ചും ഞാൻ എന്റെ അരങ്ങുമോഹങ്ങളെ ജ്വലിപ്പിച്ചു. ​


മുൻഷിയിലേക്ക്​


കാലം 2006: ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽ അക്കാലത്തും ഏറെ കാഴ്ചക്കാരുള്ള പരിപാടിയാണല്ലോ മുൻഷി. വാർത്തയ്ക്ക് തൊട്ടുമുന്പുള്ള സമയത്ത്, അത് ലോക മലയാളിയുടെ സ്വീകരണമുറിയിൽ ഉപദേശക സ്വരത്തിൽ, ആക്ഷേപഹാസ്യവേഷത്തിൽ, സത്യപ്രചാരകന്റെ റോളിൽ നിറഞ്ഞുനിന്നു. പലരെയുംപോലെ ക‍ൗതുകങ്ങളാൽ, വ്യത്യസ്‌തകളാൽ മുൻഷി എന്നെയും ആകർഷിച്ചിരുന്നു. അതിനിടയ്ക്കാണ് മുൻഷിയിൽ ഹാജിയാരായി വേഷമിടുന്ന കൂത്തുപറമ്പ് രാധാകൃഷ്ണൻ എന്ന കലാകാരൻ അന്തരിച്ചത്.​


മുൻഷിയുടെ അണിയറ പ്രവർത്തകർ പുതിയ ഹാജിയാരെ അന്വേഷിക്കുന്ന കാലം. സുഹൃത്തുക്കളുടെ ഇടപെടൽ വഴി, ഹാജിയാരുടെ വേഷമിടാനുള്ള അവസരത്തിനായി തിരുവനന്തപുരത്തേക്ക് സ്ക്രീൻ ടെസ്റ്റിന് ചെന്നു. പേയാട് ആസ്ഥാനമായ പ്രഹ്ലാവിഷൻ എന്ന സ്ഥാപനമാണ്‌ മുൻഷിയുടെ നിർമാതാക്കൾ. അനിൽ ബാനർജി എന്ന സംവിധായകൻ തന്നെയാണ് സ്ക്രിപ്റ്റും നിർമാണവും എല്ലാമെല്ലാം. ഇവർ പരിപാടി നിർമിച്ച്‌ ചാനലിന്‌ കൈമാറും. പ്രക്ഷേപണം മാത്രമാണ് ചാനലിന്റെ ഉത്തരവാദിത്വം. ​


ഹാജിയാരായി തെരഞ്ഞെടുക്കപ്പെടാൻ അനിൽ ബാനർജിക്ക്‌ കീഴിൽ, രണ്ടുമാസത്തെ പരിശീലനം. എല്ലാം കഴിഞ്ഞ് നാട്ടിലെത്തിയ എന്നെ, 2006 ഏപ്രിലിൽ, അനിൽ ബാനർജി, എന്നന്നേക്കുമായി തലസ്ഥാനത്തേക്ക് വിളിച്ചു. തല മൊട്ടയടിക്കണം, മീശ കളഞ്ഞ് താടി സ്ഥിരമായി വയ്ക്കണം, കണ്ണൂർ വാമൊഴി ഉപേക്ഷിച്ച്, ഹാജിയാർ മൊഴി തുടങ്ങണം. മറ്റ് നാടകം, സീരിയൽ, സിനിമാമോഹങ്ങൾ പാടില്ല. 365 ദിവസവും ചിത്രീകരണമുള്ളതിനാൽ അവധിയില്ല. നാട്ടിലെ എല്ലാ ബാധ്യതകളും ജോലിയും ബന്ധങ്ങളും ഉപേക്ഷിച്ച് കുടുംബവുമായി തിരുവനന്തപുരത്ത് എത്തുക; ഇതായിരുന്നു വാക്കാലുള്ള ‘അപ്പോയ്‌മെന്റ്‌ ഓർഡർ’ അങ്ങനെ മുൻഷിയുടെ 2122–ാം എപ്പിസോഡിൽ രാജേന്ദ്രൻ എന്നന്നേക്കുമായി ഹാജിയാരായി. രാജേന്ദ്രൻ നാറാത്ത് എന്ന കണ്ണൂരുകാരനെ അയാൾ കണ്ണൂരിൽ തന്നെ ഉപേക്ഷിച്ചു. അപ്പോഴേക്കും മുൻഷി പ്രക്ഷേപണം ആരംഭിച്ച്‌ ആറുവർഷം പിന്നിട്ടിരുന്നു. 2000ൽ സെപ്റ്റംബറിലാണ് മുൻഷി ആരംഭിക്കുന്നത്.​ പ്രശസ്‌തമായിരുന്നു മുൻഷിയുടെ നീക്കിയിരിപ്പ്‌. അലൻസിയർ, കലിംഗ ശശി, മുൻഷി വേണു, മുഹമ്മദ് പേരാമ്പ്ര എന്നിവരൊക്കെ ഇ‍ൗ പരിപാടിയിൽനിന്ന്‌ സിനിമാലോകത്തേക്കെത്തി. വാക്കാലുള്ള ഉടന്പടിയിൽനിന്ന്‌ കുതറിമാറി പുതിയ ലോകം വെട്ടിപ്പിടിച്ച്‌ താരങ്ങളായവർ.


സ്ക്രീനിൽ ധർമം, അണിയറയിൽ അധർമം​


കേരളത്തിലെ ഗ്രാമപ്രദേശങ്ങളിൽ സജീവമായ വെടിവട്ടത്തിന്റെ ശൈലിയിലാണ്‌ മുൻഷിയിൽ സമകാലിക സംഭവങ്ങൾ അവതരിപ്പിച്ചത്. ദിവസവും നടക്കുന്ന പ്രധാന സംഭവങ്ങളെ അടിസ്ഥാനമാക്കി, ആക്ഷേപ ഹാസ്യത്തിലൂടെ കാര്യങ്ങൾ പറഞ്ഞത്‌ ആൾക്കാർക്ക്‌ ഇഷ്ടമായി. വിവിധ കഥാപാത്രങ്ങളിലൂടെയും വേറിട്ട വീക്ഷണത്തിലൂടെയും കാര്യങ്ങൾ പറഞ്ഞ്‌ അവസാനം കുറിക്കുകൊള്ളുന്ന ഒരു ‘മുൻഷി' വാക്യത്തിൽ പരിപാടി അവസാനിപ്പിക്കും. കാഴ്‌ചക്കാരിൽ പലർക്കും മുൻഷി വാക്യത്തിൽ മുറിവേറ്റു. എന്നാൽ, അത്തരം ധർമവാഴ്‌ത്തുകൾ ഒന്നും അണിയറയിൽ ഉണ്ടായില്ല. ഒരു തൊഴിൽനീതിയും നടപ്പായില്ല– രാജേന്ദ്രൻ എന്ന ഹാജിയാർ ജീവിതകഥ തുടർന്നു.


എല്ലാ അർഥത്തിലും മറ്റൊരു വേഷമായി തലസ്ഥാനത്ത് എത്തിയ എനിക്ക്‌ പക്ഷേ അതിനൊന്നും രേഖയുണ്ടാക്കി വയ്ക്കാനായില്ല. സേവനത്തിനോ വേതനത്തിനോ ഒരു തരത്തിലുമുള്ള രേഖാമൂലമുള്ള കരാറില്ല. എല്ലാം വാക്കാൽ പറഞ്ഞുറപ്പിച്ച കാര്യങ്ങൾമാത്രം. ആ വാക്കുറപ്പ്, ഈ വർഷം മാർച്ചുവരെയും 20 വർഷംവരെയും ഞാൻ തെറ്റിച്ചിട്ടില്ല. മോഹിപ്പിച്ച അരങ്ങിലേക്ക് പോയിട്ടില്ല. ശ്രമിച്ചാൽ കിട്ടുമായിരുന്ന സിനിമാ കാഴ്‌ചകൾക്ക്‌ പിന്നാലെ പോയില്ല. സീരിയൽ അവസരംപോലും തേടിയില്ല; മുൻഷി സംവിധായകനുമായുള്ള വാക്കാൽ ഉടമ്പടി ഞാൻ അക്ഷരം പ്രതി പാലിച്ചു. 8000 രൂപയായിരുന്നു ആദ്യമാസശമ്പളം. ദീർഘകാലം ആ ശമ്പളത്തിൽ ജോലി ചെയ്‌തു. ബാങ്ക്‌ അക്ക‍ൗണ്ടിലാണ്‌ പണം വരുന്നത്‌. ഞാൻ ജോലി ചെയ്‌തുവെന്ന്‌ പറയുന്നതിന്റെ തെളിവ്‌ 2006 മുതലുള്ള മുൻഷി എപ്പിസോഡും ഞാൻ ബാങ്ക്‌ അക്ക‍ൗണ്ടിലൂടെ വാങ്ങിയ തുകയുടെ രേഖകളുംമാത്രമാണ്‌.


ഉച്ചയോടെ ചിത്രീകരണസ്ഥലത്ത് എത്തും. സ്ക്രിപ്റ്റ് വായനയും ചിത്രീകരണവും ഡബ്ബിങ്ങും പിന്നാലെ. ഒരു സെക്കന്റ്‌ പോലും സമയം കളയാനില്ല. വൈകിട്ടത്തെ ചാനൽ വാർത്തയ്ക്ക് മുന്നിൽ മുൻഷിയുടെ സാരോപദേശവുമായി എത്താനുള്ളതാണ്. അതിനിടയിൽ ഭക്ഷണമില്ല, എന്തിന്; പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാൻപോലുമുള്ള സാഹചര്യമില്ല. വീട്ടിൽനിന്ന് കൊണ്ടുവരുന്ന ഒരു കുപ്പിവെള്ളത്തിൽ രാത്രിയാക്കും. പിറ്റേന്നും പതിവുപോലെ തന്നെ കാര്യങ്ങൾ. പതിനഞ്ചോളം പേർ ജോലി ചെയ്യുന്ന തൊഴിലിടം. ആഴ്ച ലീവില്ല, നിയമം നിർദേശിക്കുന്ന അവധിയില്ല. അസുഖം വന്നാൽപോലും ചിത്രീകരണത്തിന് എത്തണം. ഓണത്തിനോ വിഷുവിനോ അമ്മയെ കാണാൻ കണ്ണൂരിൽ പോകണമെങ്കിൽ, പരമാവധി രണ്ടുദിവസം കിട്ടും. പക്ഷേ; ആ ദിവസത്തേക്കുള്ള എപ്പിസോഡ് മുൻകൂർ ചിത്രീകരിക്കും. ഇരട്ടി ജോലി ചെയ്താൽ രണ്ട് ദിവസത്തിൽ പോയി വരാം. ഇരട്ടി ജോലിക്ക്‌, പക്ഷേ പ്രതിഫലംമാത്രമില്ല.​


നാട്ടിലെ ആഘോഷങ്ങളില്ല, പ്രിയപ്പെട്ടവർ മരിച്ചാൽപോലും പോകാൻ പറ്റിയിട്ടില്ല. കാമറയ്ക്ക്‌ മുന്നിൽ ബലിയർപ്പിച്ച ജീവിതം. നാട്ടുകാരെ ഉത്തേജിപ്പിക്കാനായി 365 ദിവസവും സാരോപദേശ കഥകളുമായി ഞങ്ങൾ സ്വീകരണമുറിയിലെത്തി. സ്ക്രീനിൽ ഹാജിയാർ ചിരിച്ചപ്പോൾ, ഉള്ളിലെ ഞാനെന്ന രാജേന്ദ്രൻ കരഞ്ഞു. ആ കണ്ണീർ പ്രേക്ഷകരോ ചാനലോ കണ്ടില്ല. പക്ഷേ ഞാൻ ജീവിതദുരിതത്തിന്റെ കൊടിയ മഴ നനയുകയായിരുന്നു.


ഉപദേശം മുട്ടിയ മുൻഷി​


കോവിഡ്‌ സമയത്ത്‌ കുറച്ചുകാലം ചിത്രീകരണം മുടങ്ങി. അന്ന്‌ ഞങ്ങൾ ജീവിച്ചിരിപ്പുണ്ടോ എന്നുപോലും ആരും തിരക്കിയില്ല. കൂലിയില്ല; അതിനാൽ ഭക്ഷണം കഴിക്കാൻപോലും ബുദ്ധിമുട്ടിയ നാളുകൾ. ഭാര്യ അഞ്ചുമാസം ഗർഭിണിയായിരിക്കുന്പോഴാണ്‌ എനിക്കൊപ്പം തലസ്ഥാനത്തേക്ക്‌ വന്നത്‌. പേയാടുള്ള കുഞ്ഞുവാടകവീട്ടിൽ ഞങ്ങളുടെ ജീവിതത്തിലേക്ക്‌ ആദ്യം മകളും പിന്നാലെ മകനുമെത്തി. വ്യക്തിപരമായ അത്തരം സന്തോഷങ്ങൾക്ക്‌ പക്ഷേ വർണപ്പകിട്ടുണ്ടായില്ല. തൊഴിലുണ്ട്‌; മതിയായ വിശ്രമവും കൂലിയുമില്ലാത്ത അവസ്ഥ. ആരൊടൊക്കെയോ കടം വാങ്ങിയും ചിട്ടിപിടിച്ചും പേയാട്‌ മൂങ്ങോട്ട്‌ മൂന്നു സെന്റ്‌ സ്ഥലം വാങ്ങി കൊച്ചുവീടുവച്ചു. നീണ്ട കലാജീവിതത്തിലെ ഏക നീക്കിയിരിപ്പ്‌. ​


അതിനിടയിലെല്ലാം ശന്പളം കൂട്ടണം; വ്യവസ്ഥകൾ പുതുക്കണമെന്ന്‌ അഭ്യർഥിച്ചുകൊണ്ടേയിരുന്നു. എല്ലാം ചെയ്യാമെന്ന്‌ പറയുന്നതല്ലാതെ, ഇപ്പോഴും മൊബൈൽഫോൺ സ്വന്തമായില്ലാത്ത നിർമാതാവ്‌ പറഞ്ഞൊഴിഞ്ഞു.​ കഴിഞ്ഞ കൊല്ലം എപ്രിൽ 29ന്‌ ഹാർട്ട്‌ അറ്റാക്ക്‌ വന്ന്‌ ഞാൻ കിടപ്പിലായിപ്പോയി. ആ സമയങ്ങളിൽ ഹാജിയാരെ ഒഴിവാക്കിയാണ്‌ മുൻഷി സ്‌ക്രീനിലെത്തിയത്‌. മുറിച്ചുമാറ്റിയ എന്നെ രോഗക്കിടക്കയിൽനിന്ന്‌ ഞാൻ വേദനയോടെ കണ്ടു. എനിക്കെന്താണ്‌ പറ്റിയത്‌? എപ്പോൾ ഭേദമാകും... ആരും ഒന്നും അന്വേഷിച്ചില്ല. സങ്കടം സഹിക്കാഞ്ഞ്‌ ഞാൻ തന്നെ സംവിധായകനോട്‌, ജോലിക്ക്‌ വരട്ടെയെന്ന്‌ അന്വേഷിച്ചു. പൂർണമായും ഭേദമായാൽമാത്രം വന്നാൽ മതിയെന്നായിരുന്നു മറുപടി. ഒടുവിൽ രോഗക്കിടക്ക വിട്ട്‌, ഞാൻ ഉപജീവനത്തിനായി വീണ്ടും ഹാജിയാരായി. അപ്പോഴേയ്ക്കും തൊഴിലിടത്തെ അതൃപ്‌തി പെരുകി. ഇടപെടാൻ കഴിയുന്നവരോടെല്ലാം ഞങ്ങൾ പരാതി പറഞ്ഞു. സീരിയൽ, സിനിമ സംഘടനയിലൊന്നും അംഗത്വവുമില്ല. അപ്പോഴേക്കും ജീവിതദുരിതത്താൽ എല്ലാ സഹപ്രവർത്തകരും കൂലി കൂട്ടി ചോദിച്ചു തുടങ്ങിയിരുന്നു. ദിവസം 1000 രൂപ തന്നോളാമെന്ന വാക്കുറപ്പിൽ ഞങ്ങൾ ജോലി തുടർന്നു.​ എന്നാൽ, ആ ഉറപ്പും പാലിച്ചില്ലെന്ന വിഷമത്തിൽ മുൻഷിയിൽ പ്രവാസിയായി വേഷമിടുന്നയാൾ കൂലി ചോദിച്ച്‌ രംഗത്തെത്തി. കഴിഞ്ഞ മാർച്ച്‌ 12നും 13നും ലൊക്കേഷനിലുള്ള ഗാന്ധി പ്രതിമയ്ക്ക്‌ മുന്നിൽ അദ്ദേഹം കുത്തിയിരുന്നു. ഒന്നും പറയാതെ, ആരോടും ആലോചിക്കാതെ ആ പ്രതിഷേധത്തെ ഒന്നുതിരിഞ്ഞുപോലും നോക്കാതെ, പേയാടുള്ള സ്ഥിരം ഷൂട്ടിങ്‌ ലൊക്കേഷൻ പൂട്ടിയിട്ട്‌ സംവിധായകൻ കടന്നുകളഞ്ഞു. രണ്ടുനാൾ ചിത്രീകരിച്ച മുൻഷി, ഇപ്പോഴും കാമറയ്ക്കുള്ളിൽ കിടപ്പാണ്‌. ​


നിയമവഴിയിലേക്ക്‌

മൊബൈൽഫോണില്ലാത്തതിനാൽ, ഉള്ള ലാൻഡ്‌ ഫോണിൽ സംവിധായകനെ ഞങ്ങൾ മാറിമാറി വിളിച്ചു. ഒരു പ്രതികരണവുമില്ല. ആരോട്‌ പറയണമെന്നറിയില്ല. മകൾ ബംഗളൂരുവിൽ പഠിക്കുന്നു. പഠനം പൂർത്തിയായ മകൻ, തുച്ഛവേതനത്തിൽ ബംഗളൂരുവിൽ തന്നെ ഐടി ജോലി ചെയ്യുന്നു. മുന്നിൽ ജീവിതത്തിന്റെ കൂരിരുട്ട്‌. ഇനിയും പിടിച്ചുനിൽക്കാനാകില്ല. പരാതിയുമായി വിളപ്പിൽ പൊലീസ്‌ സ്റ്റേഷനിൽ പോയി.​

കിട്ടിയ നന്പറിൽ വിളിച്ച്‌ സംവിധായകൻ അനിൽ ബാനർജിയെ സിഐ സ്റ്റേഷനിൽ വരുത്തിച്ചു. കാര്യങ്ങൾ ചോദിച്ചു. ഇത്രയും പ്രശസ്‌തമായ പരിപാടിയിലെ പിന്നണിക്കാർക്ക്‌ കിട്ടുന്ന കൂലി കേട്ട്‌ സിഐ തലയിൽ കൈവച്ചുപോയി! മിനിമം ഒരുലക്ഷം രൂപയെങ്കിലും കിട്ടുന്നുണ്ടാകില്ലേ എന്നാണ്‌ സിഐ ആദ്യം എന്നോട്‌ ചോദിച്ചത്‌. ‘ചാനലിൽനിന്ന്‌ കാര്യമായി ഒന്നും കിട്ടുന്നില്ല. മുന്പോട്ടുപോകാൻ പറ്റാത്ത അവസ്ഥയാണ്‌. അഭിനേതാക്കളുമായി രേഖാമൂലമുള്ള കരാറൊന്നുമില്ല; മറ്റ്‌ വ്യവസ്ഥകൾ പാലിക്കാൻ പറ്റാത്ത അവസ്ഥയാണ്‌’ അനിൽ ബാനർജി കൈമലർത്തിയപ്പോൾ, തൊഴിൽ കോടതിയിലേക്ക്‌ പോകാൻ സിഐ നിർദേശിച്ചു. ​അതുപ്രകാരം തിരുവനന്തപുരം ജില്ലാ കോടതിയിലാണ്‌ ഇപ്പോൾ രാജേന്ദ്രന്റെ തൊഴിൽ വിഷയം. അതങ്ങനെ തുടരും. കലയ്ക്കായി രാജേന്ദ്രൻ ബലികൊടുത്ത 20 വർഷം അപ്പോഴും നീതിയെവിടെയെന്ന്‌ നിലവിളിക്കുന്നുണ്ട്‌. നമ്മളത്‌ കേൾക്കണം. സാംസ്‌കാരിക കേരളം മറുപടി പറഞ്ഞേ പറ്റൂ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home