print edition മനസ്സിൽ എന്നും ആ താളവും ചുവടും


രാജിഷ രമേശൻ
Published on Apr 26, 2026, 12:01 AM | 3 min read
അരനൂറ്റാണ്ടിന്റെ സപര്യ. സമ്പാദ്യമായി മൂവായിരത്തോളം ശിഷ്യർ. ഒടുവിൽ കാസർകോട് മടിക്കൈ മലപ്പച്ചേരിയിലെ എരിപ്പിലെ കോൽക്കളിയാശാൻ കെ പി കൃഷ്‍ണൻ എന്ന കൃഷ്‍ണേട്ടൻ കളരിയൊഴിഞ്ഞു. "പതിനേഴാം വസ്സിൽ തുടങ്ങിയതാണ് പരിശീലിപ്പിക്കാൻ. പ്രതിഫലം വാങ്ങിയിട്ടില്ല. ഇപ്പോൾ എഴുപതായി. ശാരീരിക അവശതയിൽ പഠിപ്പിക്കാൻ ഇറങ്ങുന്നത് ശരിയല്ല. പരിശീലിക്കാനെത്തുന്നവർ ഈ കലയെക്കുറിച്ചറിയുന്നത് ഗുരുക്കന്മാരിൽനിന്നാണ്. കൃത്യമായ ചലനങ്ങളോടെ കൃത്യമായ അടവുകളോടെ ചെയ്ത് കാണിക്കാൻ ഗുരുവിന് കഴിഞ്ഞില്ലെങ്കിൽ അത് കലാരൂപത്തെതന്നെ അപമാനിക്കുന്നതിന് തുല്യമാണ്. മനസ്സിൽ എന്നും ആ താളവും ചുവടുകളുമുണ്ട്'. കൃഷ്‍ണൻ പറഞ്ഞു.
അന്യംനിന്നുവരുന്ന അലാമിക്കളി, മംഗലംകളി എന്നിവയും ശിങ്കാരിമേളം, അമ്മംകുടം വച്ചുള്ള കോൽക്കളിയും പരിശീലിപ്പിച്ചിരുന്നു. ഫോക്‌ലോർ അക്കാദമിയുടെ ഗുരുപൂജ അവാർഡ് നേടിയിട്ടുണ്ട്. ഫെബ്രുവരി 28ന് മലപ്പച്ചേരി വിഷ്‍ണുമൂർത്തി ക്ഷേത്രത്തിൽ യാത്രയയപ്പ് ചടങ്ങിൽ നാടൊന്നാകെയെത്തി കൃഷ്‍ണേട്ടനെ ആദരിച്ചു.
കാരക്കോലുമെടുത്തവർ കളി തുടങ്ങി
ജാതിമതഭേദമന്യേ കുട്ടികൾമുതൽ മുതിർന്നവർവരെ നാടൻ കലകളുടെ ഭാഗമായതിൽ കൃഷ്‌ണേട്ടന്റെ പങ്ക് ചെറുതല്ല. മാപ്പിള കോൽക്കളിയിൽനിന്ന് തികച്ചും വ്യത്യസ്തമാണ് കാസർകോടിന്റെ ഗ്രാമപ്രദേശങ്ങളിൽ കളിച്ച് തുടരുന്ന കോൽക്കളി. പതിഞ്ഞ താളത്തിൽ പതിയെയുള്ള ചുവടുവയ്‍പുമായാണ് ഇവിടുത്തെ കോൽക്കളി.
കാലിയെ മേയ്ച്ചു നടന്ന ശ്രീകൃഷ്‍ണനും കൂട്ടുകാരും വിശ്രമവേള ആനന്ദകരമാക്കാൻ ആരംഭിച്ചതാണ് കോൽക്കളിയെന്ന് പറയപ്പെടുന്നു. ഇത് കളിയുടെ തുടക്കത്തിലുള്ള വർണനയിൽത്തന്നെ വിവരിക്കുന്നുണ്ട്. "കാർവർണനും ബാലന്മാരും കാനനത്തിൽ അകം പൂക്കു കാരക്കോലുമെടുത്തവർ കളി തുടങ്ങി'.
ടെലിവിഷനും മൊബൈൽ ഫോണും ഇല്ലാതിരുന്ന കാലത്ത് വിനോദത്തിനാണ് കോൽക്കളി നാട്ടിൻപുറങ്ങളിൽ പരിശീലിക്കാൻ ആരംഭിച്ചത്. പരിശീലനം നേടിയവർ അടുത്തുള്ള അമ്പലങ്ങളിൽ ചുവടുവയ്‍ക്കുന്നു. മടിക്കൈയിലെ അയിക്കോടൻ നാരായണൻ നായരായിരുന്നു കെ പി കൃഷ്‍ണന്റെ ഗുരു. വൈകിട്ട് ആറിന് തുടങ്ങുന്ന പരിശീലനം പത്തുവരെ നീളും. നാട്ടുകാരെല്ലാം പരിശീലനം കാണാനെത്തും. മറ്റുസഹായത്തിനും കൂടെ നിൽക്കും. ഓരോരോ വീട്ടുമുറ്റത്താണ് പരിശീലനം. തങ്ങളുടെ വീട്ടിൽ പരിശീലനം എത്തിക്കാൻ നറുക്കെടുപ്പുവരെ നടക്കാറുണ്ടായിരുന്നെന്ന് കൃഷ്‍ണൻ ഓർക്കുന്നു. അയിക്കോടൻ നാരായണൻ നായർ ഇടയ്ക്ക് വരാതിരിക്കുമ്പോൾ പരിശീലനം കൃഷ്‍ണന് കൈമാറും.
അങ്ങനെയാണ് മലപ്പച്ചേരിയിലെ കുഞ്ഞിക്കണ്ണന്റെയും കുഞ്ഞിപ്പെണ്ണിന്റെയും ഏഴുമക്കളിൽ ഒരാളായ കൃഷ്‍ണൻ കോൽക്കളി ആശാനായി മാറിയത്. കൃഷ്‍ണന്റെ നേതൃത്വത്തിലുള്ള ആദ്യ സംഘം മലപ്പച്ചേരി ശ്രീ വിഷ്ണുമൂർത്തി ക്ഷേത്രത്തിൽ അരങ്ങേറി. അതോടെ ധാരാളം പ്രശംസയും നേടി. പിന്നീട് കോൽക്കളിയിൽ കെ പി കൃഷ്‍ണന്റെ പരീക്ഷണമായിരുന്നു മടിക്കൈക്കാർ കണ്ടത്. കോൽക്കളിയിൽ പുതുമ കൊണ്ടുവരാനും ശ്രമം നടത്തി. സാമൂഹ്യ പ്രവർത്തനങ്ങളിൽ സജീവമായതുകൊണ്ടുതന്നെ പീന്നിടുള്ള കോൽക്കളിക്ക് ഇതിവൃത്തമായി വന്നത് സാമൂഹിക സാംസ്‌കാരിക വിഷയങ്ങളായിരുന്നു. കുടുംബാസൂത്രണംമുതൽ അഴിമതിവരെ കോൽക്കളിയിൽ പാട്ടായി മാറി. അങ്ങനെ കേട്ടറിഞ്ഞ് ജില്ലയ്‌ക്ക് പുറത്തുനിന്നും പരിപാടിക്ക് ക്ഷണം വന്നുതുടങ്ങി. പ്രതിഫലമായി ലഭിക്കുന്ന തുക ടീമംഗങ്ങൾക്ക് വീതിക്കുന്നതാണ് പതിവ്.
കുട്ടികൾമുതൽ മുതിർന്നവർവരെ പത്തുവയസ്സുമുതലാണ് പരിശീലനം ആരംഭിക്കുന്നത്. അതിൽ പെൺകുട്ടികളും ആൺകുട്ടികളും ഉൾപ്പെടും. 2000 മുതലാണ് പെൺകുട്ടികൾ ഈ രംഗത്തേക്ക് പൂർണമായും വന്നുതുടങ്ങിയത്. പിന്നീട് വീട്ടമ്മമാരുമെത്തി. തന്നെക്കാൾ പ്രായമുള്ളവരെ പരിശീലിപ്പിച്ചിട്ടുണ്ടെന്ന് കൃഷ്‍ണൻ സന്തോഷത്തോടെ ഓർത്തെടുക്കുന്നു.
കാസർകോട് ജില്ലയിലെ കേടോം ബെളൂർ, കിനാനൂർ കരിന്തളം, നിലേശ്വരം, മടിക്കൈ, അജാനൂർ, കയ്യൂർ, ചീമേനി എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുകയാണ് കെ പി കൃഷ്‍ണന്റെ ശിഷ്യർ. 1985- –1990 വരെ അഞ്ചുവർഷം ഗൾഫിലായിരുന്നപ്പോൾ അവിടെ രണ്ട് ടീമിനെ പരിശീലിപ്പിച്ചു. മടിക്കൈ പഞ്ചായത്തിലെ മിക്ക കുടുംബത്തിലും ഒരാളെങ്കിലും തന്റെ ശിഷ്യരായിരിക്കുമെന്നും കൃഷ്‍ണൻ പറയുന്നു. 25 വർഷം മലപ്പച്ചേരി എൽപി സ്‌കൂളിലെ കുട്ടികളെയും പഠിപ്പിച്ചു. മലപ്പച്ചേരിയിലും പരിസരപ്രദേശത്തുള്ളവർക്കും ചികിത്സാസഹായമായി പ്രതിഫലം ലഭിച്ച തുക നൽകാറുണ്ട്.
നായനാരുടെ ഉപദേശം
ഒരിക്കൽ കർഷക തൊഴിലാളി യൂണിയന്റെ സമ്മേളനം കാഞ്ഞങ്ങാട് നടക്കുമ്പോൾ മടിക്കൈ ജാഥയുടെ മുൻപന്തിയിൽ അണിനിരന്നത് കെ പി കൃഷ്‍ണൻ പരിശീലിപ്പിച്ച പെൺകുട്ടികൾ ഉൾപ്പെടുന്ന കോൽക്കളി സംഘമായിരുന്നു. സംഘത്തെ കണ്ടയുടൻ ഇ കെ നായനാർ കോൽക്കളി അവതരിപ്പിക്കാൻ ആവശ്യപ്പെട്ടു. പോകുന്നതിനുമുമ്പ് നായനാർ പറഞ്ഞത് ആയുസ്സും ആരോഗ്യവും അനുവദിക്കുന്നിടത്തോളം കാലം പരിശീലനം തുടരണം. നാടിന്റെ നന്മ നിലനിർത്തണം. ഇ കെ നായനാരുടെ ഈ വാക്കുകൾ കെ പി കൃഷ്‍ണന് എന്നും പ്രചോദനമായി.
പുതുതലമുറ പരിശീലനവേദിയിലേക്ക് വരുന്നത് കുറയുന്നതിന്റെ വിഷമവും കൃഷ്‍ണനുണ്ട്. നാടൻ കലകൾ ഇനി വരുന്ന കാലവും നിലനിൽക്കണമെങ്കിൽ ഇത്തരത്തിലുള്ള പരിശീലന വേദികൾ ആവശ്യമാണ്. ഈ മേഖലയിലേക്ക് ആളുകൾ കടന്നുവരുമെന്ന് പ്രതീക്ഷിക്കുന്നു. ഭാര്യ മാധവിയുടെയും മക്കളായ നിഷ, ശ്രീകല, മിനി എന്നിവരുടെയും പൂർണപിന്തുണ ഇത്രയും കാലം പരിശീലന രംഗത്തുനിൽക്കാൻ തനിക്ക് തുണയായെന്നും കൃഷ്‍ണൻ പറയുന്നു.










0 comments