print edition അത്യുന്നതങ്ങളിൽ


വൈഷ്‌ണവ് ബാബു
Published on Jul 26, 2026, 12:01 AM | 3 min read
ഹിമാലയത്തിന്റെ അത്യുന്നതങ്ങളിൽ കോടമഞ്ഞുകീറി നടന്നുകയറുമ്പോൾ അറുപത്തൊമ്പതുകാരൻ കെ എം ഗംഗാധരന് യുവത്വത്തിന്റെ ചുറുചുറുക്ക്. സാഹസികതയുടെ വഴികളിൽ പ്രായം ഒരു അടയാളമേയല്ലെന്ന് തെളിയിക്കുകയാണ് ഈ കണ്ണൂർക്കാരൻ. മിലിട്ടറി എൻജിനിയറിങ് സർവീസിലെ ഔദ്യോഗികജീവിതത്തിന്റെ പടിയിറക്കത്തിനുശേഷമാണ് ഗംഗാധരൻ ട്രെക്കിങ്ങിന്റെ ലോകത്തേക്ക് കാലെടുത്തുവച്ചത്. അതും 64–ാംവയസ്സിൽ. ഡിസ്ക് സംബന്ധിയായ കടുത്ത ബുദ്ധിമുട്ട് ശരീരത്തെ വരിഞ്ഞുമുറുക്കുമ്പോഴും മനസ്സുറപ്പുകൊണ്ട് ലോകത്തിലെ ഏറ്റവും ദുർഘടമായ വഴികളിലൂടെ നടന്നുകയറി.
19 വർഷംമുമ്പ് ആൻജിയോപ്ലാസ്റ്റി ചെയ്തതും ഗംഗാധരനെ അലട്ടിയില്ല. ദീർഘനാളത്തെ ആഗ്രഹമായ എവറസ്റ്റ് ബേസ് ക്യാമ്പാണ് ഏറ്റവും ഒടുവിലായി കീഴടക്കിയത്. ആ യാത്രകളിലുടനീളം സിപിഐ എം പതാകയും കൂടെ കരുതിയിരുന്നു. ഉയരത്തെ കീഴടക്കിയ ആവേശത്തിൽ ആ പതാക വാനിലേക്ക് വീശി ആർപ്പുവിളിക്കണമെന്ന സ്വപ്‌നവും ഗംഗാധരൻ യാഥാർഥ്യമാക്കി.
സർവീസിൽനിന്ന് സാഹസികതയിലേക്ക്
ഇന്ത്യൻ ആർമിയുടെയും ഡിഫൻസിന്റെയും കീഴിലുള്ള മിലിട്ടറി എൻജിനിയറിങ് സർവീസിൽ (എംഇഎസ്) ജൂനിയർ എൻജിനിയറായിട്ടാണ് ഗംഗാധരൻ വിരമിച്ചത്. മിലിട്ടറി ക്യാമ്പ് നിർമാണവും അവിടങ്ങളിൽ അടിസ്ഥാനസൗകര്യം ഉറപ്പുവരുത്തലും അറ്റകുറ്റപ്പണിയുമാണ് ചുമതല. കണ്ണൂർ ക്യാമ്പിൽനിന്ന് സേവനം പൂർത്തിയാക്കി 2017-ൽ റിട്ടയേർഡായതിനുശേഷമാണ് യാത്രകൾ ജീവിതത്തിന്റെ ഭാഗമാക്കിയത്. കൊറോണ വ്യാപനകാലത്തിനിപ്പുറമുള്ള യാത്രാവേളയിൽ യാദൃച്ഛികമായി പരിചയപ്പെട്ട ട്രെക്കിങ് കൂട്ടായ്മയാണ് ഇതിൽ നിർണായകമായത്.
പിന്നീട് വലുതും ചെറുതുമായ നൂറിലേറെ പ്രദേശങ്ങളാണ് ഗംഗാധരൻ നടന്നുകയറിയത്. എവറസ്റ്റ്, അന്നപൂർണ ബേസ്, ജീവ്ധൻ കോട്ട, പിൻ ബാബ പാസ്, വാലി ഓഫ് ഫ്ലവേഴ്സ്, ഹേംകുണ്ഡ് സാഹിബ്, ആദി കൈലാസ്, അഗസ്ത്യകൂടം, ചെമ്പ്ര പീക്, റാണിപുരം, കുമാരപർവത, വെള്ളഗവി, കൊണ്ടരങ്ങി, രംഗമല, ആവലാഞ്ചി– ദേവർബേട്ട, ഹരിഹർ കോട്ട, ബ്രഹ്മഗിരി എന്നിവ സഞ്ചരിച്ചയിടങ്ങളിൽ ചിലതാണ്. സുഹൃദ് സംഘത്തിന്റെയോ കൂട്ടായ്മയുടെയോ ഒപ്പം മാത്രമാണ് ഭൂരിഭാഗം യാത്രയും.
കിളിമഞ്ചാരോയുടെ കൊടുമുടിയിലേക്ക്
ഗംഗാധരന്റെ ജീവിതത്തിലെ ഏറ്റവും വലിയ നാഴികക്കല്ലുകളിലൊന്ന് ആഫ്രിക്കയിലെ താൻസാനിയയിലുള്ള കിളിമഞ്ചാരോ കീഴടക്കിയതാണ്. വയനാടൻ ട്രെക്കിങ് കൂട്ടായ്മയായ ‘ഗ്ലോബ് ട്രക്കേഴ്സി'ന്റെ ഒപ്പമായിരുന്നു ഈ ദൗത്യം. സമുദ്രനിരപ്പിൽനിന്ന് 5895 മീറ്റർ ഉയരത്തിലുള്ള കിളിമഞ്ചാരോയിലേക്ക് പുറപ്പെടുമ്പോൾ കഠിനമായ ശാരീരിക തയ്യാറെടുപ്പുകൾ ആവശ്യമായിരുന്നു. മഴക്കാലമായതിനാൽ കനത്ത തടസ്സങ്ങൾ നേരിട്ടെങ്കിലും പതറിയില്ല. സ്വന്തമായി പരിശീലനരീതികൾ കണ്ടെത്തി മുന്നേറി. കണ്ണൂർ പറശ്ശിനി മുത്തപ്പൻ ക്ഷേത്രത്തിലെ 256 സ്റ്റെപ്പുകൾ റെയിൻകോട്ട് ഇട്ട്, ഏഴു കിലോ ഭാരമുള്ള ബാക്ക്പാക്ക് ചുമലിൽവച്ച് ദിവസവും 15 മുതൽ 18 പ്രാവശ്യംവരെ കയറിയിറങ്ങി കരുത്ത് വീണ്ടെടുത്തു.
ജിമ്മിലെ ട്രെയിനിങ്, ദിവസവും അഞ്ചു കിലോമീറ്റർ നടത്തം, നീന്തൽ എന്നിവയും പരിശീലനത്തിന്റെ ഭാഗമാക്കി. കിളിമഞ്ചാരോ സംഘത്തിൽ അദ്ദേഹത്തേക്കാൾ മുതിർന്ന 73 വയസ്സുള്ള ഒരാളും ഉണ്ടായിരുന്നു എന്നത് പ്രായം വെറുമൊരു സംഖ്യമാത്രമാണെന്ന് വീണ്ടും തെളിയിച്ചു. കഠിന പരിശ്രമത്തിനൊടുവിൽ സെപ്തംബർ ഒമ്പതിന് കിളിമഞ്ചാരോ കീഴടക്കി. ഇതിന് തൊട്ടുപിന്നാലെ ഒക്ടോബർ 12-ന് അന്നപൂർണ ബേസ് ക്യാമ്പിലേക്കും യാത്രതിരിച്ചു.
എവറസ്റ്റ് ബേസ് ക്യാമ്പും ചെങ്കൊടിയും
എവറസ്റ്റ് ബേസ് ക്യാമ്പ് എന്ന വലിയ സ്വപ്‌നം കഴിഞ്ഞ ഏപ്രിലിലാണ് യാഥാർഥ്യമാക്കിയത്. പഠനകാലത്ത് എസ്‌എഫ്‌ഐ പ്രവർത്തകനും പിന്നീട് സിപിഐ എം അനുഭാവിയുമായ ഗംഗാധരൻ, എവറസ്റ്റ് യാത്രയിൽ സിപിഐ എം പതാക ഒപ്പം കരുതിയിരുന്നു. നാലുപേർ മാത്രമടങ്ങുന്ന ചെറിയ സംഘമായിരുന്നു ആ യാത്രയിലുണ്ടായിരുന്നത്. 5164 മീറ്റർ ഉയരത്തിലുള്ള ബേസ് ക്യാമ്പിലായിരുന്നു താമസം. കാഠ്മണ്ഡുവിൽനിന്ന് ലോകത്തിലെ ഏറ്റവും അപകടംപിടിച്ചതും ചെറുതുമായ ലുക്ല എയർപോർട്ടിലേക്കുള്ള വിമാനം വൈകിയതുമൂലം ഒരു സ്റ്റേ ഒഴിവാക്കേണ്ടിവന്നത് യാത്ര കൂടുതൽ ദുഷ്കരമാക്കി. എല്ലാ പ്രതിസന്ധികളെയും തരണംചെയ്ത്, ഏപ്രിൽ 20-ന് കാഠ്മണ്ഡുവിൽനിന്ന് ആരംഭിച്ച് 27-ഓടെ വിജയകരമായി പൂർത്തിയാക്കി. 5364 മീറ്റർ ഉയരത്തിലുള്ള എവറസ്റ്റ് ബേസ് ക്യാമ്പിൽ ചെങ്കൊടി ആഞ്ഞുവീശി.
പ്രതിസന്ധികളെ തോൽപ്പിച്ച ഇച്ഛാശക്തി
സർവീസിലിരിക്കെ ഹൃദയസംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് 2007ലാണ് ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാകേണ്ടിവന്നത്. അതിന്റെ ഭാഗമായി ഇപ്പോഴും ഗുളികകൾ കഴിക്കുന്നുമുണ്ട്. ഡിസ്ക് സംബന്ധിയായ ബുദ്ധിമുട്ടും അലട്ടുന്നുണ്ട്. ‘കുറച്ചുസമയം വെറുതെ നിന്നാൽ വലിയ വേദന അനുഭവപ്പെടും. എന്നാൽ, വലിയ മലകൾ കയറുമ്പോഴോ ദുർഘടമായ പാതകളിലൂടെ സഞ്ചരിക്കുമ്പോഴോ വേദന അനുഭവപ്പെടാറില്ല’– ഗംഗാധരൻ പറഞ്ഞു.
ആദ്യകാലങ്ങളിൽ പ്രായമായ കാലത്ത് ഇത്തരം സാഹസികതകൾ എന്തിനാണെന്ന് പറഞ്ഞ് കുടുംബത്തിന് ആശങ്കയുണ്ടായിരുന്നു. നെറ്റ്‌വർക്ക് ഇല്ലാത്ത മലനിരകളിൽ പത്തോ പതിനഞ്ചോ ദിവസം ഒരു വിവരവും ലഭിക്കാതെ വരാറുമുണ്ട്. എന്നാൽ, അദ്ദേഹത്തിന്റെ ആത്മവിശ്വാസവും യാത്രകളോടുള്ള അടങ്ങാത്ത അഭിനിവേശവും കണ്ടറിഞ്ഞ ഭാര്യ സി പി ഗീതയും അമ്മ സരോജിനി അമ്മയും പിന്നീട് പൂർണപിന്തുണയുമായി ഒപ്പംനിന്നു. കണ്ണൂരിലെ പറശ്ശിനിക്കടവിനടുത്തുള്ള കണ്ണപ്പിലാവ് എന്ന ഗ്രാമത്തിലാണ് ഗംഗാധരൻ ജനിച്ചതും വളർന്നതും. ഇപ്പോൾ കീച്ചേരിയിലാണ് താമസം. മൂന്നു മക്കളുമുണ്ട്. ഇനിയുള്ള കാലങ്ങളിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ കൊടുമുടികളിലേക്ക് യാത്ര ചെയ്യണമെന്ന ആഗ്രഹത്തിലാണ് ഗംഗാധരൻ. എവറസ്റ്റ് കീഴടക്കുകയെന്ന സ്വപ്നവും മുറുകെപ്പിടിക്കുന്നു.









0 comments