ബിഹാറിലെ 'ക്രാന്തി'

കാന്തികുമാരി
കെ പി അക്ഷയ്
Published on Aug 30, 2026, 01:30 AM | 3 min read
ഹിന്ദിയിൽ ക്രാന്തി എന്നാൽ വിപ്ലവമാണ്. ബിഹാറിലെ വിദ്യാർഥികളെ സംബന്ധിച്ച് കാന്തി എന്ന ഇരുപത്തിരണ്ടുകാരിയും വിപ്ലവത്തിന്റെ മറ്റൊരു പേരാണ്. നളന്ദ ജില്ലയിലെ നഗർനൗസയിൽ സർക്കാർ കോളേജ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത എസ്‌എഫ്‌ഐ ബിഹാർ സംസ്ഥാന പ്രസിഡന്റ് കാന്തികുമാരിയെ 40 ദിവസമാണ് ജയിലിലിട്ടത്. നഗർനൗസയിലാണ് കാന്തിയുടെ വീടും സ്ഥിതി ചെയ്യുന്നത്. ഭഗത് സിങ്ങിന്റെ ചിത്രവുമായി തെരുവിലിറങ്ങിയ കാന്തിക്ക് ജയിലിലും സമരം തുടരേണ്ടി വന്നു. ജയിലിനകത്തും പുറത്തും നടന്ന പോരാട്ടങ്ങളിൽ കാന്തിയുടെ രണ്ട് സഹോദരിമാരും കൂടെയുണ്ടായിരുന്നു. ബിഹാറിലെ എന്നല്ല, ഇന്ത്യയിലെതന്നെ വിദ്യാർഥിസമരങ്ങളുടെ പ്രതീകമായി മാറിയ കാന്തികുമാരി സംസാരിക്കുന്നു.
എന്തിനായിരുന്നു സമരം
എസ്‌എഫ്‌ഐയുടെ തുടർച്ചയായ പോരാട്ടത്തിന്റെ ഫലമായിക്കൂടിയാണ് ബിഹാറിലെ നളന്ദ ജില്ലയിൽ ഡിഗ്രി കോളേജിന് അനുമതി ലഭിച്ചത്. 2022 മുതൽ എസ്‌എഫ്‌ഐ ഇൗ ആവശ്യമുന്നയിച്ച് സമരത്തിലായിരുന്നു. നഗർനൗസയിൽ കോളേജ് സ്ഥാപിക്കണമെന്നായിരുന്നു എസ്‌എഫ്‌ഐയുടെയും മറ്റ് വിദ്യാർഥികളുടെയുമെല്ലാം ആവശ്യം. ജില്ലയിലെ എല്ലാ വിദ്യാർഥികളുടെയും യാത്രാസൗകര്യംകൂടി കണക്കിലെടുത്തായിരുന്നു ഇൗ ആവശ്യമുന്നയിച്ചത്. കോളേജ് നഗർനൗസയിൽ സ്ഥാപിക്കാനായിരുന്നു അധികൃതർ തീരുമാനിച്ചത്. എന്നാൽ, രാഷ്‌ട്രീയലാഭത്തിനായി കോളേജ് ലോധിപുരിലേക്ക് മാറ്റാൻ തീരുമാനിച്ചപ്പോൾ വിദ്യാർഥിരോഷം അണപൊട്ടി.
എസ്‌എഫ്‌ഐ മെയ് 21 മുതൽ നഗർനൗസയിൽ കോളേജ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് അനിശ്ചിതകാലസമരം ആരംഭിച്ചു. സമരത്തിന് വലിയ രീതിയിലുള്ള പിന്തുണയും ലഭിച്ചു. അധികൃതർ ചർച്ചയ്‌ക്ക് തയ്യാറാകാതെ വന്നപ്പോൾ മെയ് 30ന് റോഡ് ഉപരോധിച്ചു. തുടർന്ന് ആവശ്യങ്ങളിൽ നടപടിയെടുക്കാമെന്ന് അധികൃതർ രേഖാമൂലം ഉറപ്പുനൽകി. എന്നാൽ, അതുസംബന്ധിച്ച തുടർനടപടികളൊന്നും ഉണ്ടാകാത്തതിനാൽ ജൂൺ 18ന് ഞങ്ങൾ വീണ്ടും തെരുവിലിറങ്ങി. ബിഹാർ പൊലീസ് സമരത്തെ ക്രൂരമായി നേരിട്ടു. പെൺകുട്ടികളെയുൾപ്പെടെ റോഡിലൂടെ വലിച്ചിഴച്ചു. വിദ്യാർഥിനികളുടെ വസ്‌ത്രം വലിച്ചുകീറി. സമരത്തിൽ പങ്കെടുത്ത എസ്‌എഫ്‌ഐ പ്രവർത്തകരുൾപ്പെടെ 40 വിദ്യാർഥികളെ അറസ്റ്റ് ചെയ്തു. എന്റെ രണ്ട് സഹോദരിമാരും അറസ്റ്റിലായവരിൽ ഉണ്ടായിരുന്നു.
ജയിലിലും ക്രൂരത
അറസ്റ്റ് ചെയ്തിട്ടും പൊലീസിന്റെ ക്രൂരത തുടർന്നു. ജയിലിലേക്ക് കൊണ്ടുപോകുന്നതിനുമുന്പ്, പൊലീസ് സ്റ്റേഷനിൽവച്ച് വലിയ രീതിയിൽ ഉപദ്രവിച്ചു. ‘നിങ്ങൾ നക്സൽവാദികളാണ്, നിങ്ങൾ തീവ്രവാദികളാണ്’ എന്നൊക്കെ ഞങ്ങളോട് അലറി. എന്നാൽ, ഞങ്ങൾ വിദ്യാർഥികളാണെന്നും പേനയും പുസ്തകങ്ങളുമാണ് ഞങ്ങളുടെ ആയുധമെന്നും പൊലീസിനോട് പറഞ്ഞു. ഞങ്ങൾക്ക് അർഹതപ്പെട്ട കോളേജാണ് നിഷേധിക്കാൻ ശ്രമിക്കുന്നതെന്ന് പറഞ്ഞെങ്കിലും ഫലമുണ്ടായില്ല.
ജയിലിലെത്തിയപ്പോഴും സമാനരീതിയിലായിരുന്നു പൊലീസിന്റെ പെരുമാറ്റം. ‘നിങ്ങൾ കലാപകാരികളാണ്, കലാപം നടത്തിയിട്ടാണ് ജയിലിലേക്ക് വന്നിരിക്കുന്നത്’ എന്ന വാദം ജയിലിലും പൊലീസ് ആവർത്തിച്ചു. മാത്രമല്ല, 18 വയസ്സ് തികയാത്ത ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളെയും പൊലീസ് മുതിർന്നവരുടെ ജയിലിലടച്ചു.
വളരെ ചെറിയ ജയിലിലാണ് 40 ദിവസം കഴിഞ്ഞത്. നിരവധിപേർ ജയിലിൽ കഴിയുന്നതിനാലും പൊലീസ് പെരുമാറ്റംമൂലവും ഒരുതരം ശ്വാസംമുട്ടൽ തുടക്കംമുതൽ അനുഭവപ്പെട്ടു. വളരെ മോശമായ ഭക്ഷണമാണ് ലഭിച്ചത്. മറ്റൊരു മാർഗവുമില്ലാത്തതിനാൽ ആ ഭക്ഷണം കഴിക്കാൻ ഞങ്ങൾ നിർബന്ധിതരായി.
മറ്റു മാർഗങ്ങളില്ലാതെ ജയിലിനുള്ളിലും ഓരോ ആവശ്യത്തിനുവേണ്ടി ഞങ്ങൾക്ക് പോരാടേണ്ടി വന്നു. തരുന്ന മോശം ഭക്ഷണംപോലും സമയത്ത് കിട്ടിയിരുന്നില്ല. രാവിലെ ഏഴിന് ലഭിക്കേണ്ട ഭക്ഷണം മണിക്കൂറുകൾ വൈകിയാണ് ലഭിച്ചത്. തുടർന്ന് കൃത്യസമയത്ത് ഭക്ഷണം ലഭിച്ചില്ലെങ്കിൽ അത് കഴിക്കില്ലെന്ന നിലപാട് ഞങ്ങളെടുത്തു. ജയിലിനുള്ളിലെ മറ്റൊരു പ്രശ്നം വിനോദത്തിനുള്ള അസൗകര്യമായിരുന്നു. അതിലും ഞങ്ങൾ പരാതി ഉന്നയിച്ചു. വിദ്യാർഥികൾ ഒരടി പിന്നോട്ടുപോകില്ലെന്ന് മനസ്സിലാക്കിയതോടെ ജയിൽ അധികൃതർ ആവശ്യങ്ങൾ അംഗീകരിക്കാൻ തയ്യാറായി. ഒരാളെ ഭയപ്പെടുത്താനും പോരാട്ടങ്ങളിൽ ഏർപ്പെടാതിരിക്കാനുമുള്ള ഒരു സംവിധാനമായാണ് ജയിലിനെ ഇപ്പോഴും ഉപയോഗിക്കുന്നത്.
ഒരു വീട്ടിലെ മൂന്നുപേർ ജയിലിൽ
ചേച്ചി സാവിത്രികുമാരി, അനുജത്തി ഗായത്രികുമാരി എന്നിവരും എന്നോടൊപ്പം അറസ്റ്റിലായി. ഞങ്ങൾ മൂന്നുപേരും ഒരേ സെല്ലിലായിരുന്നു. അനുജത്തിയുടെ പ്രായം 18 മാത്രമാണ്. വിദ്യാഭ്യാസത്തിന്റെ മഹത്വം എന്താണെന്ന് വീട്ടുകാർക്ക് നന്നായി അറിയാം. അതിനാൽത്തന്നെ അവർ എല്ലാവിധ പിന്തുണയും ഞങ്ങൾക്ക് തന്നു. ഒരുവിധത്തിലുള്ള ആശങ്കയ്‌ക്കും അതിനാൽ സ്ഥാനമുണ്ടായിരുന്നില്ല. അറസ്റ്റിലായ 40 പേരിൽ ഓരോരുത്തരെയായി പൊലീസ് മോചിപ്പിച്ചുതുടങ്ങി. അപ്പോഴും ഞങ്ങൾ സഹോദരിമാർ ഉൾപ്പെടെ എട്ടുപേരെ പുറത്തുവിടാൻ പൊലീസ് തയ്യാറായില്ല. ഇൗ എട്ടുപേരും എസ്‌എഫ്‌ഐ പ്രവർത്തകരായിരുന്നു എന്നതാണ് കാരണം.
പോരാട്ടത്തിനുള്ള ഉൗർജം
വീട്ടിലുള്ളവരെപ്പോലെ ഗ്രാമത്തിലുള്ളവരും ഞങ്ങൾക്ക് പൂർണപിന്തുണ നൽകി. മാർക്‌സ്‌വാദി, ലെനിൻ നഗർ, സ്റ്റാലിൻ നഗർ തുടങ്ങിയ ഗ്രാമങ്ങളിലേക്ക് നഗർനൗസയിൽനിന്ന് ഏതാനും കിലോമീറ്റർ ദൂരമുണ്ട്. 1970കളുടെ അവസാനത്തിലും 1980-കളിലും ഇവിടെ ഭൂരഹിതർക്കും ദളിത് വിഭാഗങ്ങൾക്കും ഭൂമി ലഭിക്കുന്നതിനായി സിപിഐ എം നേതൃത്വത്തിൽ നിരവധി സമരങ്ങൾ നടന്നിരുന്നു. ഈ സമരങ്ങളുടെ ഭാഗമായി ഭൂരഹിതർക്ക് ഭൂമിയും താമസസ്ഥലവും ലഭിച്ചു. തുടർന്നാണ് മാർക്‌സ്‌വാദി, ലെനിൻ നഗർ തുടങ്ങിയ പേരുകളിൽ പ്രദേശങ്ങൾ രൂപപ്പെട്ടത്. അവിടേക്ക് പോകുന്പോൾ പാർടി പ്രവർത്തകരായ ധാരാളം ആളുകളെ കാണാൻ കഴിയും. അവരിൽനിന്നെല്ലാം ലഭിച്ച ഉൗർജമാണ് കോളേജ് ആവശ്യപ്പെട്ട് നടത്തിയ സമരത്തിനും തുടർന്നും കരുത്തായത്.









0 comments