പൈതൃക കലകളുടെ ചരിത്രസംരക്ഷകൻ

ജിംസിത്ത്
ഗയ പുത്തലത്ത്
Published on Feb 08, 2026, 12:01 AM | 3 min read
‘‘ചരിത്രം അറിയില്ലെങ്കിൽ നിങ്ങൾക്ക് ഒന്നും അറിയില്ല. ഒരു മരത്തിന്റെ ഭാഗമാണെന്ന് അറിയാത്ത ഇലയാണ് നിങ്ങൾ.’’ ചരിത്രത്തിന്റെ പ്രാധാന്യത്തെ അമേരിക്കൻ എഴുത്തുകാരനും ചലച്ചിത്രകാരനുമായ മൈക്കൽ ക്രിക്ടൺ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്. ചരിത്രത്തെ വളച്ചൊടിക്കുകയും ഇല്ലാതാക്കാൻ ശ്രമിക്കുകയും ചെയ്യുന്നൊരു കാലത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്. എന്നാൽ, ഇവിടെ കോഴിക്കോട് ജില്ലയിലെ അമ്പലപ്പാട് സ്വദേശിയായ ജിംസിത്ത് നമ്മുടെ പൈതൃക കലകളുടെയും സംസ്‌കാരങ്ങളുടെയും ചരിത്രവും അവയെക്കുറിച്ചുള്ള അവബോധവും പുതുതലമുറയിൽ സൃഷ്ടിക്കാൻ കലകളുടെ ചരിത്ര ദൃശ്യാവിഷ്‌കാരം ഒരുക്കുകയാണ്.
കലകളുടെ ചരിത്ര ദൃശ്യാവിഷ്‌കാരം
കേരളമെന്നത് നിരവധിയായ കലാരൂപങ്ങളാൽ സമ്പന്നമായൊരു നാടാണ്. വിവിധ ജാതി–മത–ആചാര–വിശ്വാസങ്ങളുമായി ബന്ധപ്പെട്ട കലാരൂപങ്ങൾ കേരളത്തിൽ പ്രചാരത്തിലുണ്ട്. എന്നാൽ, ഇൗ കലകളുടെ ചരിത്രവും പ്രാധാന്യവും എല്ലാവർക്കും അറിയണമെന്നില്ല. അതിനാൽ കലാരൂപങ്ങളുടെ ചരിത്രവും പ്രാധാന്യവും ഏവർക്കും മനസ്സിലാക്കാൻ ഇവയുടെ ദൃശ്യാവിഷ്‌കാരം നടത്തുകയാണ് ഫോക്‌ലോർ ഗവേഷകനും യുവ സംവിധായകനുമായ ജിംസിത്ത് അമ്പലപ്പാട്. കലകളെപ്പറ്റി ആധികാരികമായി ഗവേഷണം നടത്തുകയും അവ രൂപംകൊണ്ടയിടങ്ങൾ സന്ദർശിച്ച് അതുമായി ബന്ധപ്പെട്ട ആളുകളുമായി സംസാരിക്കുകയും ചെയ്‌തുകൊണ്ടാണ് ഇദ്ദേഹം ചരിത്രത്തെ പുനർനിർമിക്കുന്നത്. ഇത്തരത്തിൽ കേരളത്തിന്റെ പൈതൃക സംസ്‌കാരങ്ങളെയും കലകളെയും കുറിച്ചുള്ള നിരവധി പഠനങ്ങളും ഗവേഷണ അടിസ്ഥാനത്തിലുള്ള ഡോക്യുമെന്ററികളും ഇതിനകം പുറത്തിറക്കിയിട്ടുണ്ട്.
ക്ഷേത്രകലാരൂപമായ യക്ഷഗാനത്തിന്റെ ചരിത്രസഞ്ചാരം കാണിക്കുന്ന ടെലിഫിലിം ചെയ്‌തുകൊണ്ടാണ് തുടക്കം. മലബാറിലെ കളരിപ്പയറ്റ്, കോൽക്കളി, തെയ്യം തുടങ്ങിയ കലാരൂപങ്ങളുടെ ചരിത്രം, അവതരണം തുടങ്ങിയവ ഉൾപ്പെടുത്തി ഫോക്‌ലോർ സിനിമ ‘നാട്യകല’, വയനാട്ടിലെ പണിയ വിഭാഗത്തിന്റെ സാംസ്‌കാരികചരിത്രം പറയുന്ന ഡോക്യുമെന്ററി ‘വട്ടക്കളി’, മാപ്പിളകലകളെക്കുറിച്ചുള്ള ചരിത്ര ഡോക്യുമെന്ററി ‘പാട്ടും ചുവടും’ എന്നിങ്ങനെ നീളുന്നു ജിംസിത്തിന്റെ ദൃശ്യാവിഷ്‌കാരങ്ങൾ. "14 വർഷത്തോളമായി കേരളത്തിനു പുറത്ത് ജോലി ചെയ്യുന്ന, പ്രവാസി മലയാളിക്ക് തന്റെ വീടും നാടും സംസ്‌കാരവുമൊക്കെ എന്നും ഗൃഹാതുരത്വമുണർത്തുന്ന ഓർമകളാണ്. ചെറുപ്പംമുതൽ കാണുകയും ജീവിതത്തിന്റെ ഭാഗമാകുകയും ചെയ്‌തവയാണ് തെയ്യം, കോൽക്കളി തുടങ്ങിയവ. പുതുതലമുറയ്‌ക്ക് ഇവയെല്ലാം അതിന്റെ ചരിത്രപ്രാധാന്യത്തോടെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ഇത്തരം സംവിധാനസംരംഭങ്ങൾ ആരംഭിച്ചത്’– അദ്ദേഹം പറയുന്നു. നാടകത്തിലൂടെ കലാരംഗത്തെത്തിയ ജിംസിത്ത് ഡോക്യുമെന്ററികൾ, ടെലിഫിലിമുകൾ തുടങ്ങിയവയ്‌ക്ക് സംവിധാനം നിർവഹിച്ച് കലാരംഗത്ത് തന്റെ ചുവടുറപ്പിക്കുകയാണ്.
കേരള സർക്കാർ മലയാളം മിഷൻ ഭാഷാ പ്രതിഭ സ്‌പെഷ്യൽ ജൂറി അവാർഡ്
ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി, ജിംസിത്ത് അമ്പലപ്പാടിന് സമ്മാനിക്കുന്നു
ലോകം കീഴടക്കാൻ ‘നാട്യകല’
ഒന്നരമണിക്കൂർ ദൈർഘ്യമുള്ള ഫോക്‌ലോർ സിനിമയാണ് ‘നാട്യകല’. തെയ്യം, കളരിപ്പയറ്റ്, കോൽക്കളി തുടങ്ങിയ കലകളുടെ ചരിത്രം, അവതരണം, ഇവയെ പ്രോത്സാഹിപ്പിക്കുന്നതിന്റെയും നിലനിർത്തുന്നതിന്റെയും പ്രാധാന്യം തുടങ്ങിയവ ഒരു അധ്യാപകൻ ക്ലാസെടുക്കുന്നപോലെയാണ് സിനിമ. ഗോപാലൻകുട്ടി, കെ വി കാക്കൂർ, സ്നേഹ മനോജ്, സുനിൽകുമാർ ഇരുവള്ളൂർ തുടങ്ങിയവരാണ് ഇതിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. തെയ്യക്കോലങ്ങളുടെ ആട്ടവും വിഭാഗവും വേഷപ്പകർച്ചയും തുടങ്ങി കെട്ടിയാടുന്ന സമുദായങ്ങൾവരെയുള്ള എല്ലാം ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേരളത്തിന്റെ തനത് ആയോധനകലയായ കളരിപ്പയറ്റിന് ഇന്ന് വന്ന രൂപമാറ്റമായ തെക്കൻ സമ്പ്രദായം, വടക്കൻ സമ്പ്രദായം എന്നിവ സിനിമ വിശകലനം ചെയ്യുന്നു. ഹൈന്ദവ കോൽക്കളിയിൽ പൈതൽ മരയ്ക്കാർ നടത്തിയ മാറ്റങ്ങളും മുസ്ലിം കോൽക്കളിയുടെ പിറവിയും ഇതിലൂടെയറിയാം. കലിക്കറ്റ് സർവകലാശാല മുൻ ഫോക്‌ലോർ വകുപ്പ് മേധാവി ഡോ. ഗോവിന്ദവർമ രാജയാണ് ചിത്രം വിലയിരുത്തി തിരക്കഥ ഏകോപിപ്പിച്ചത്. കഴിഞ്ഞവർഷം തൃശൂരിൽ നടന്ന ഇന്റർനാഷണൽ ഫോക്‌ലോർ ഫിലിം ഫെസ്റ്റിവലിലും കേരള ചലച്ചിത്ര അക്കാദമിയുടെയും പാട്ടുകൂട്ടം കോഴിക്കോടിന്റെയും ആഭിമുഖ്യത്തിൽ കോഴിക്കോട് കൈരളി തിയറ്ററിലും സിനിമ പ്രദർശിപ്പിച്ചിട്ടുണ്ട്. സിനിമ വിദേശരാജ്യങ്ങളിലടക്കമുള്ള ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ച് കലകളുടെ അറിയപ്പെടാതെ പോകുന്ന ചരിത്രത്തെ ലോകോത്തരമാക്കുക എന്നതാണ് ആഗ്രഹമെന്നും ഇതിനുള്ള പ്രവർത്തനം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മലയാള നാടകങ്ങളിലൂടെ
കേരളത്തിൽ മലയാളനാടകം പിന്നിട്ട വഴികളിലൂടെയുള്ള സഞ്ചാരത്തിലാണ് ജിംസിത്ത് ഇപ്പോൾ. നാടോടിനാടകങ്ങൾമുതൽ ജനകീയ നാടകങ്ങൾവരെയുള്ള വിവിധതരം നാടകങ്ങളുടെ ചരിത്രം, ഉത്ഭവം, പിന്നിൽ പ്രവർത്തിച്ചവർ, മുൻകാലപ്രാധാന്യം തുടങ്ങിയ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള സമഗ്ര നാടക പഠനഗ്രന്ഥത്തിന്റെ പണിപ്പുരയിലാണ് ഇദ്ദേഹം. മാപ്പിളകലകളുടെ പഠനത്തിനായി ‘പാട്ടും ചുവടും’ എന്ന ഡോക്യുമെന്ററി മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമിയുടെ പഠന സിലബസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് തന്റെ ഗവേഷണങ്ങൾക്ക് ലഭിച്ച വലിയൊരു അംഗീകാരമാണെന്ന് അദ്ദേഹം പറഞ്ഞു. കേരള സർക്കാരിന്റെ മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി അവാർഡ്, യുവ സംവിധായകനുള്ള ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ ഡോ. അംബേദ്കർ നാഷണൽ അവാർഡ്, കേരള സർക്കാർ മലയാളം മിഷൻ ഭാഷാ പ്രതിഭ സ്‌പെഷ്യൽ ജൂറി അവാർഡ് തുടങ്ങിയ നിരവധി പുരസ്‌കാരങ്ങളും ഇദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. മലബാർ ഗ്രൂപ്പ് ഗോൾഡ് ഫാക്ടറി കൊൽക്കത്ത ഡിവിഷൻ മാനേജരായി പ്രവർത്തിക്കുന്ന ജിംസിത്ത് അവിടത്തെ മലയാളികളുടെ കലാസാംസ്‌കാരികരംഗത്തും സജീവപ്രവർത്തകനാണ്. ജോലിയുടെ ഇടവേളകളിൽ നാട്ടിൽ വരുമ്പോഴാണ് ഗവേഷണത്തിനും രചനകൾക്കും സമയം കണ്ടെത്തുന്നത്. ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്കെല്ലാം പൂർണപിന്തുണ നൽകി കുടുംബവും ഒപ്പമുണ്ട്. അച്ഛൻ: പരേതനായ വിശ്വനാഥൻനായർ, അമ്മ: പ്രേമവല്ലി, ഭാര്യ: എ എസ് അഞ്ജലി, മകൻ: അദ്രിനാഥ്.










0 comments