ഗോഡ്‌വിന്റെ ‘ആദ്യസംഭവം'


അശ്വതി ജയശ്രീ
Published on May 10, 2026, 12:01 AM | 2 min read
ഹാൻസ് സിമ്മർ സംഗീതത്തിന്റെ ആരാധകൻ, ഡ്യൂണും ഇന്റർസ്റ്റെല്ലറും അടക്കമുള്ള ഹിറ്റ് ഹോളിവുഡ് സിനിമകൾ കാലാതീതമാക്കിയതിൽ പശ്ചാത്തലസംഗീതത്തിനുള്ള പങ്കിൽ വിശ്വസിക്കുന്ന ഒരു പുതുതലമുറ സംഗീതസംവിധായകൻ. ജിത്തു സതീശൻ മംഗലാട്ട് സംവിധാനം ചെയ്ത ടൈം ട്രാവൽ, ത്രില്ലർ ചലച്ചിത്രം "സംഭവം, അധ്യായം ഒന്നി'ന്റെ സംഗീതസംവിധായകൻ ഗോഡ്‌വിൻ തോമസ് തന്റെ സിനിമാ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു.
സംഗീതസംവിധായകൻ
രണ്ട് ഹ്രസ്വചിത്രങ്ങളുടെ സംഗീതസംവിധാനമാണ് എന്റെ അനുഭവം. അതിൽ ആദ്യത്തേത് തുടക്കം എന്ന ചിത്രമായിരുന്നു. അതിനുശേഷം സംഭവം എന്ന പേരിൽ ജിത്തു രണ്ടുവർഷം മുമ്പ് സംവിധാനം ചെയ്ത ഹ്രസ്വചിത്രത്തിന്റെ പശ്ചാത്തലസംഗീതം ചെയ്തതും ഞാനായിരുന്നു. ആ ഹ്രസ്വചിത്രം മുഴുനീള ചിത്രമായപ്പോഴും ഞാൻ തന്നെ സംഗീതസംവിധായകനായി. അതിനാൽത്തന്നെ സംഭവം ടീമുമായി വളരെ അടുത്ത ബന്ധമാണുള്ളത്.
ഷെപേർഡ് ടോൺ ഇല്യൂഷൻ
ഷെപേർഡ് ടോൺ ഇല്യൂഷൻ എന്ന രീതിയാണ് ഉപയോഗിച്ചത്. അവസാനിക്കാതെ അനന്തമായി ഉയരുന്ന സംഗീതമാണത്. ത്രില്ലർ, ടൈം ട്രാവൽ ചിത്രങ്ങളിൽ സാധാരണയായി സന്ദർഭത്തിന്റെ തീവ്രത നിലനിർത്താൻ ഉപയോഗിക്കും. ഹോളിവുഡ് സംഗീതസംവിധായകൻ ഹാൻസ് സിമ്മർ സംഗീതസംവിധാനം നിർവഹിച്ച ഡ്യൂൺ, ഇന്റർസ്റ്റെല്ലർ എന്നീ സിനിമകളിൽ ഇൗ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ സംഗീതം വളരെ ഇഷ്‌ടത്തോടെ പിന്തുടരുന്നയാളാണ് ഞാൻ. മലയാളത്തിലാണെങ്കിൽ മുജീബ് മജീദാണ് ഇഷ്‌ട സംഗീതസംവിധായകൻ.
എന്നും പ്രിയപ്പെട്ടത്
ശരിക്കും മ്യൂസിക് പ്രൊഡക്‌ഷൻ ശാസ്‌ത്രീയമായി പഠിച്ചിട്ടില്ല. ഡിഗ്രികാലംവരെ പിയാനോ പഠിച്ചിരുന്നു. എന്റെ ആദ്യ സ്വതന്ത്ര ആൽബമാണ് സംഭവം. സംഗീതസംവിധാനം മാത്രമായിരുന്നു എന്റെ സ്വപ്നം. പള്ളി ക്വയറിൽ കീബോർഡ് വായിച്ച അനുഭവം മാത്രമെയുള്ളൂ. വീട്ടിലാരും അങ്ങനെ സംഗീത പശ്ചാത്തലം ഉള്ളവരല്ല. അൽഫോൺസ് ജോസഫ് സാറിന്റെ കൊച്ചിയിലെ ഇൻസ്റ്റിറ്റ്യൂട്ടിലാണ് പിയാനോ പഠിച്ചത്. മാസ്റ്റർ ഇൻ ഹോസ്പിറ്റൽ മാനേജ്‌മെന്റ് ബിരുദധാരിയാണ് ഞാൻ. എന്നാൽ അതുമായി ബന്ധപ്പെട്ട തൊഴിൽ തേടാൻ ശ്രമിച്ചിട്ടേയില്ല എന്നുവേണം പറയാൻ. എല്ലാ ഘട്ടത്തിലും സംഗീതവും സിനിമയുമൊക്കെയായിരുന്നു പ്രിയപ്പെട്ട മേഖല.
ഇടുക്കിക്കാരൻ
ഇടുക്കി തൂക്കുപാലം സ്വദേശിയാണ് ഞാൻ. പഠനകാലം മുതൽ എറണാകുളത്താണ്. ഇപ്പോഴും സ്ഥിരമായി എറണാകുളം തന്നെയാണ് കേന്ദ്രം. അച്ഛൻ തോമസ് മാത്യു, അമ്മ ഡെയ്‌സി തോമസ്, സഹോദരൻ എഡ്‌വിൻ തോമസ്, സഹോദരി എയ്‌ഞ്ചൽ ജിക്കു എന്നിവരടങ്ങിയതാണ് കുടുംബം. അവരുടെ പിന്തുണയും എന്റെ വിജയത്തിൽ പ്രധാനമാണ്.
പുതിയ സിനിമ
എൽവിൻ സി ജോൺസൻ സംവിധാനം ചെയ്യുന്ന ടാരന്റീനോ ആണ് എന്റെ അടുത്ത ചിത്രം. എന്റെ ആദ്യ ഹ്രസ്വചിത്രം തുടക്കത്തിന്റെ സംവിധായകനായിരുന്നു എൽവിൻ. ഇനിയും നിരവധി ചിത്രങ്ങളുടെ ഭാഗമാകാമെന്ന പ്രതീക്ഷയിലാണ്.










0 comments