കന്യാകുമാരിയിൽ പിറന്ന ഭാരതും സപ്തഗിരിയും

മഞ്ജു കുട്ടികൃഷ്‌ണൻ
Published on Aug 16, 2025, 11:33 PM | 3 min read
‘‘രാഗം എപ്പടിയിറ്‌ക്ക്’’ വയലിൻ തന്ത്രികൾ തീർത്ത നാദമാസ്മരികതയിൽ ലയിച്ചിരുന്ന നിറഞ്ഞ സദസ്സിനോട് കന്യാകുമാരിയുടെ ചോദ്യം. മറുപടി, നിലയ്‌ക്കാത്ത കൈയടി. ‘‘എനി റിസംബ്‌ളൻസ് വിത്ത് അദർ രാഗാസ്’’, വീണ്ടും ചോദ്യം. ‘ജോഗ്' എന്ന രാഗത്തിന്റെ ഛായയുണ്ടെന്ന് ചിലർ. ‘‘ജോഗ് പോലെയിരിക്കും. ആനാ സഞ്ചാരം വേറെ. പേര് ഗംഗ’’, കന്യാകുമാരി പുഞ്ചിരിച്ചു. തിരുവനന്തപുരത്ത് കരമനയിൽ നീലകണ്ഠ ശിവൻ സംഗീതസഭയുടെ 50–ാം വാർഷികാഘോഷവേദിയിൽ കച്ചേരിക്കിടെയാണ് കന്യാകുമാരി സ്വയം ചിട്ടപ്പെടുത്തിയ രാഗം വയലിനിൽ വായിച്ചത്. പത്മശ്രീ അവസരാള കന്യാകുമാരിയുടെ വിരലുകൾ വയലിനിൽ 74–ാം വയസ്സിലും വിസ്മയം തീർക്കുന്നു. പത്മശ്രീ ബഹുമതി കിട്ടുന്ന രാജ്യത്തെ ആദ്യ സ്‌ത്രീ വയലിനിസ്റ്റ്. 2017ൽ മദ്രാസ് മ്യൂസിക് അക്കാദമിയുടെ സംഗീത കലാനിധി പുരസ്കാരവും. കർണാടകസംഗീതത്തിൽ പിന്നിട്ട വഴികളെക്കുറിച്ചും വഴികാട്ടികളെക്കുറിച്ചും മനസ്സുതുറക്കുകയാണ് കന്യാകുമാരി.
വഴിത്തിരിവുകൾ
ആദ്യഗുരു പ്രമുഖ വയലിനിസ്റ്റ് ഇവാതുരി വിജേശ്വര റാവു. എന്റെ ജന്മനാടായ ആന്ധ്ര വിജയനഗരത്തിൽ അദ്ദേഹം ഒരു സംഗീതവിദ്യാലയം ആരംഭിച്ചത് എന്നെ പഠിപ്പിക്കാനായാണ്. ഞാനായിരുന്നു ആ സ്കൂളിലെ ആദ്യ വിദ്യാർഥി. ആദ്യത്തെ പെൺകുട്ടിയും. അച്ഛൻ രാമരത്നം പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ. അമ്മ വീണവിദുഷി ജയലക്ഷ്‌മി. എന്റെ സംഗീതജീവിതത്തിനായി അച്ഛൻ ജോലി രാജിവച്ചു. കുടുംബം ചെന്നൈയിലേക്ക് താമസംമാറ്റി. മദ്രാസ് ക്വീൻ മേരിസ് കോളേജിലെ ബിഎ ബിരുദകാലമാണ് വഴിത്തിരിവായത്. വയലിൻ വിദ്വാൻ എം ചന്ദ്രശേഖരന്റെ കീഴിലും വയലിൻ പഠിച്ചു. കോളേജിൽ ഒരുവർഷം സീനിയറായിരുന്നു ചാരുമതി രാമചന്ദ്രൻ. അദ്ദേഹം കർണാടക സംഗീതജ്ഞ എം എൽ വസന്തകുമാരിയെ കാണാൻ കൊണ്ടുപോയി. ആ കൂടിക്കാഴ്ച ജീവിതംതന്നെ മാറ്റിമറിച്ചു. അന്നു തുടങ്ങിയതാണ് എം എൽ വിയുമായുള്ള ബന്ധം. 19 വർഷം കച്ചേരിക്ക് വായിച്ചു. എനിക്ക് അവർ ഗുരുവല്ല, അമ്മതന്നെയാണ്. എന്നെ ഞാനാക്കിയത് അമ്മയാണ്. അവരില്ലെങ്കിൽ ഞാനില്ല. മകൾ, നടി ശ്രീവിദ്യ എന്നെ കാണുമ്പോളൊക്കെ പറയും "നീ താൻ അവരുടെ പൊണ്ണ്’ എന്ന്.
‘ഗ്രേഡ് കിട്ടിയിട്ട് പാടാം’
1960കളിലും എഴുപതുകളിലും സ്ത്രീകളെ പല സംഗീതവിദ്വാന്മാരും അകമ്പടിക്ക് വിളിക്കില്ല. അന്ന് അധികം സ്ത്രീകളുമില്ല ഈ രംഗത്ത്. എനിക്ക് തുണയായത് എം എൽ വി അമ്മയുടെ കരുതലാണ്. മഹാമേരുവിന് കീഴിൽ പുൽക്കൊടിക്കും വളരാം. അമ്മ അത് തെളിയിച്ചു. ഒരിക്കൽ ആകാശവാണി ദേശീയ മേള നടക്കുന്നു. എം എൽ വിയുടെ കച്ചേരി ഒഴിച്ചുകൂടാനാകാത്തത്. റെക്കോഡിങ്ങിന് എന്നെയും കൊണ്ടുപോയി വയലിൻ വായിക്കാൻ. സ്‌റ്റുഡിയോയിൽ കയറാൻ അധികൃതർ സമ്മതിച്ചില്ല. എന്നെ ഒഴിവാക്കാൻ പറഞ്ഞു. കാരണം ചോദിച്ചപ്പോൾ ഞാൻ എ ഗ്രേഡ് ആർട്ടിസ്റ്റല്ലാത്തതിനാലാണെന്ന്. "അവൾക്ക് ഗ്രേഡ് കിട്ടിയിട്ട് പാടാം’ എന്ന് പറഞ്ഞ് അമ്മ പാടാൻ വിസമ്മതിച്ചതോടെ അധികൃതർ അയഞ്ഞു. എന്നെ കച്ചേരിക്ക് വായിക്കാൻ അനുവദിച്ചു. പിന്നീട് ഞാൻ ആകാശവാണിയുടെ എ ഗ്രേഡ് ആർട്ടിസ്റ്റായി. പല പ്രമുഖർക്കും വയലിൻ വായിച്ചു. എം ബാലമുരളീകൃഷ്ണ, ഡി കെ പട്ടമ്മാൾ, ബോംബെ സിസ്‌റ്റേഴ്‌സ്, എൻ രമണി, മണി കൃഷ്ണസ്വാമി, ആർ വേദവല്ലി, ഒ എസ് ത്യാഗരാജൻ, കദ്രി ഗോപാൽനാഥ്, ടി വി ഗോപാലകൃഷ്‌ണൻ, മാൻഡലിൻ ശ്രീനിവാസ്, അങ്ങനെ നീളുന്നു ആ പട്ടിക.
ചിട്ടപ്പെടുത്തിയ രാഗങ്ങൾ
ഞാൻ ആദ്യം സൃഷ്ടിച്ചത് ‘ഭാരത്' എന്ന രാഗമാണ്. 1997ൽ രാജ്യം സ്വാതന്ത്ര്യത്തിന്റെ 50–ാം വർഷം ആഘോഷിച്ചപ്പോൾ രാജ്യത്തിനുള്ള ആദരമായാണ് രാഗം ചിട്ടപ്പെടുത്തിയത്. തിരുപ്പതി തിരുമലയിലെ ഏഴ് കുന്നുകളുടെ പേരിൽ ‘സപ്തഗിരി’ എന്ന സപ്തരാഗം സൃഷ്ടിച്ചു. അതിൽ ആദ്യ രാഗത്തിന്റെ പേര് ശേഷാദ്രി. മേളകർത്താരാഗമായ ഹേമവതിയുടെ ജന്യരാഗമാണിത്. മറ്റുള്ളവ നീലാദ്രി, ഗരുഡാദ്രി, അഞ്ജനാദ്രി, വൃഷഭാദ്രി, നാരായണാദ്രി, വെങ്കടാദ്രി എന്നിവയാണ്. ഇവ ഝങ്കാരധ്വനി, ചക്രവാകം, രസികപ്രിയ, കനകാംഗി, ധീരശങ്കരാഭരണം എന്നീ മേളകർത്ത രാഗങ്ങളുടെ ജന്യരാഗങ്ങളാണ്.
വിസ്മയിപ്പിച്ചവർ
ദ്വാരം വെങ്കടസ്വാമി നായിഡു, എം എസ് ഗോപാലകൃഷ്ണൻ, ലാൽഗുഡി ജയരാമൻ, ടി എൻ കൃഷ്ണൻ, എം ചന്ദ്രശേഖരൻ തുടങ്ങിയ വിദ്വാന്മാർ വയലിൻ വാദനത്തിൽ അതിശയിപ്പിച്ചിട്ടുണ്ട്. അവരുടെ കൈത്തഴക്കത്തിനും അഗാധ പണ്ഡിത്യത്തിനും പകരംവയ്‌ക്കാൻ മറ്റൊന്നുമില്ല. അവരുടെ ശൈലികളിൽനിന്നും ടെക്‌നിക്കുകളിൽനിന്നും എനിക്ക് പറ്റുന്നവ എടുത്തിട്ടുണ്ട്. ബാണിയാണ് ചന്ദ്രശേഖരൻ സാർ പ്രചാരത്തിൽ കൊണ്ടുവന്നത്. ഞാൻ ശ്രമിക്കുന്നത് "ഗായകി' ശൈലിയുടെ പൂർണതയാണ്. അതായത് വയലിൻ വാദനം വായ്പാട്ട് പോലിരിക്കണം. ബോയിങ്ശൈലിയും വിരലുകളുടെ ചലനവും ക്രമീകരിക്കണം. നല്ല സാധന വേണം. സമർപ്പണം വേണം.
അകമ്പടിയിലെ വെല്ലുവിളികൾ
അകമ്പടിയേകിയ കച്ചേരികളിൽ ഏറ്റവും വെല്ലുവിളി എം എൽ വിയുടെ കച്ചേരികളാണ്. അവരുടെ സർവ ലഘു സ്വരപ്രസ്താരം വയലിൻ വാദകർക്ക് വലിയ പരീക്ഷണമാണ്. സ്റ്റേജിൽ കയറുന്നതിന് തൊട്ടുമുമ്പാണ് പെട്ടെന്ന് പറയുക, ബുദ്ധിമുട്ടേറിയ താളങ്ങളിൽ രാഗം താനം പല്ലവി പാടാൻ പോകുന്നുവെന്ന്. റിഹേഴ്‌സലിനൊന്നും സമയമില്ല. എന്തുചെയ്യാൻ, അമ്മ പറയുന്നതല്ലേ, മറ്റു പോംവഴി ഒന്നുമില്ല. വായിച്ചേ മതിയാകൂ. മാൻഡലിൻ, സാക്സോഫോൺ തുടങ്ങിയ വാദ്യങ്ങളോടൊപ്പം വയലിൻ വായിക്കുമ്പോൾ ‘ടോൺ' വളരെ ശ്രദ്ധിക്കണം.
പ്രോത്സാഹനം വേണം
വായ്‌പാട്ട്‌പോലെതന്നെ പ്രാധാന്യമുള്ളതാണ് ഓരോ വാദ്യസംഗീതവും. പക്ഷേ, ഇപ്പോഴും കൂടുതൽ വേദികളും അവസരങ്ങളും വായ്‌പാട്ടുകാർക്കാണ്. ആ സ്ഥിതി മാറണം. അകമ്പടി വാദ്യമെന്നതിനപ്പുറം ഒറ്റയ്‌ക്ക് വേറിട്ട ഗംഭീര പ്രകടനങ്ങൾ നടത്താൻ വൈദഗ്‌ധ്യമുള്ള ഒട്ടേറെ കലാകാരന്മാരുണ്ട്. അവർക്ക് അവസരം കൊടുക്കാൻ സംഗീതസഭകളും കലാപ്രേമികളും തയ്യാറാകണം. അത് കൂടുതൽ പേർക്ക് സംഗീതം പഠിക്കാനും അവതരിപ്പിക്കാനും പ്രേരണയാകും. ആദ്യകാലത്ത് ഞാൻ കൂടുതലും അകമ്പടിക്കാണ് വായിച്ചിരുന്നത്. കുറെക്കാലം കഴിഞ്ഞപ്പോൾ സോളോ പ്രകടനങ്ങളായി. രണ്ടും ആസ്വദിക്കുന്നു. രണ്ടിനും വെല്ലുവിളികളുണ്ട്.
വിൽക്കാനില്ല വിദ്യ
ഇന്ത്യയിലുടനീളം ഒട്ടേറെ ശിഷ്യരുണ്ട്. മുമ്പൊക്കെ നേരിട്ടായിരുന്നു അധ്യാപനം. കോവിഡിനുശേഷം കൂടുതലും ഓൺലൈനിലായി. പലരും പടിക്കും. ഗൗരവമായി പഠിക്കണമെന്ന് ആഗ്രഹമുള്ളവർ സംഗീതം ധാരാളം കേൾക്കണം. ഞാൻ പഠിപ്പിക്കുകയല്ല, യഥാർഥത്തിൽ ചെയ്യുന്നത്. പാടിക്കൊടുക്കുകയാണ്. അതിന്റെ സാഹിത്യവും മറ്റും മനസ്സിലാക്കി അവരത് വയലിനിൽ വായിക്കണം. ഞാൻ രാഗം പറഞ്ഞുകൊടുക്കും. ബുദ്ധി ഉപയോഗിച്ച് അവർ അതിന്റെ മർമം ഗ്രഹിക്കണം. സംഗീതം പൈസ വാങ്ങിച്ച് പഠിപ്പിക്കാറില്ല. വിദ്യ പകരാൻ പൈസ വാങ്ങിക്കണമെന്ന് ഇന്നുവരെ തോന്നിയിട്ടില്ല. നമുക്കറിയാവുന്നത് പറഞ്ഞുകൊടുക്കുന്നു. സംഗീതജ്ഞാനം വിൽക്കാനുള്ളതല്ലെന്നാണ് എന്റെ പക്ഷം.
കേരളം ഏറെ പ്രിയം
എനിക്ക് കേരളം വളരെ ഇഷ്ടമാണ്. എത്രയോ കാലമായി കേരളത്തിൽ ഒട്ടേറെ സ്ഥലങ്ങളിൽ കച്ചേരി അവതരിപ്പിച്ചിരിക്കുന്നു. കഴിഞ്ഞ വർഷം ഗുരുവായൂരിൽ ചെമ്പൈ പുരസ്കാരം എനിക്കായിരുന്നു. ചെമ്പൈ സംഗീതോത്സവത്തിൽ കഴിഞ്ഞ വർഷം കച്ചേരിയും അവതരിപ്പിച്ചു. വർഷത്തിൽ രണ്ടോ ചിലപ്പോൾ അതിൽക്കൂടുതലോ തവണ കേരളത്തിലെത്താറുണ്ട്. മലയാളത്തിലെ സിനിമാഗാനങ്ങൾ കേൾക്കാൻ വലിയ ഇഷ്ടമാണ്. യേശുദാസിന്റെ കച്ചേരികൾക്ക് വയലിൻ വായിച്ചിട്ടുണ്ട്.










0 comments