‘നീണ്ട വംശാവലി' എന്ന അസീൽ കോഴികളെ വളർത്താം

ഡോ. എം ഗംഗാധരൻ നായർ
Published on Aug 16, 2025, 11:57 PM | 2 min read
പ്രധാനമായും ഇറച്ചി ഉൽപ്പാദനത്തിന് വളർത്തുന്ന കോഴി ഇനമാണ് അസീൽ കോഴികൾ. അസീൽ എന്ന പേര് അറബിയിൽനിന്ന് വന്നതാണ്. അർഥം ‘നീണ്ട വംശാവലി' എന്നാണ്. "സമഗ്രമായ’ അല്ലെങ്കിൽ ‘ശുദ്ധമായ' എന്ന അർഥവും ഉണ്ട്. കോഴിപ്പോരിന് പ്രസിദ്ധമായ ഒരു ഇനമാണ് അസീൽ കോഴികൾ. റീസ, ടിക്ര എന്നീ പേരുകളിലാണ് മുമ്പ് ഇവ അറിയപ്പെട്ടിരുന്നത്. പോരാളി പക്ഷികളാണെങ്കിലും അസീൽ കോഴികൾ മനുഷ്യരോട് വളരെ ഇണക്കമുള്ളവയാണ്. അവയെ മെരുക്കാൻ എളുപ്പമാണ്. മാംസം രുചിയുള്ളതും പോഷകപ്രദവുമാണ്.
ഇനങ്ങൾ
അസീൽ കോഴികളിൽ ഏറ്റവും കൂടുതൽ പ്രതിരോധശേഷിയുള്ള ഇനമാണ് വെത്ത്കാൽ. ഇവയ്ക്ക് ആയുസ്സും കൂടും. നല്ല രീതിയിൽ പരിപാലിച്ചാൽ 10 വയസ്സിനു ശേഷവും മുട്ടയിട്ട് അടയിരിക്കും. കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിലും ഇവ മുന്നിലാണ്. നിരവധി ഇനങ്ങൾ നിലവിലുണ്ടെങ്കിലും അവയിൽ പ്രധാനപ്പെട്ടത് അംരോഹ, ഭൈംഗം, കിളിമൂക്കു, കുലാങ്, ലസാനി, മദ്രാസ്, മിയാൻവാലി, സിന്ധി, പീല (സ്വർണ ചുവപ്പ്), യാക്കൂബ് (കറുപ്പും ചുവപ്പും), നൂറി (വെളുപ്പ്), കാഗർ (കറുപ്പ്), ചിറ്റ (കറുപ്പും വെളുപ്പും പുള്ളി), ജാവ (കറുപ്പ്), സബ്ജ (വെളുപ്പും സ്വർണവും അല്ലെങ്കിൽ മഞ്ഞയുമുള്ള കറുപ്പ് ), ടീകർ (തവിട്ട്), റെസ (ഇളം ചുവപ്പ്) എന്നിവയാണ്.
പ്രത്യേകതകൾ
ബഹുവർണ തൂവലുകളാണ് ഇവയുടെ പ്രത്യേകത. താടകളും ഇയർ ലോബുകളും കടും ചുവപ്പാണ്. കൊക്ക് ചെറുതാണെങ്കിലും ബലമേറിയതാണ്. മുഖം നീളത്തിലുള്ളതും മെലിഞ്ഞതുമാണ്. ശൗര്യം പ്രകടിപ്പിക്കുന്ന കണ്ണുകൾ ഒതുക്കമുള്ളതും ചെറുതുമാണ്. കഴുത്ത് നീളമുള്ളതും ഒരുപോലെ കട്ടിയുള്ളതും എന്നാൽ മാംസളമല്ലാത്തതുമാണ്. വാൽ ചെറുതും തൂങ്ങിക്കിടക്കുന്നതുമാണ്. തെക്കൻ പഞ്ചാബ്, ആന്ധ്രപ്രദേശ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതലായി കണ്ടുവരുന്നത്. മുട്ടയുല്‍പ്പാദനം കുറവാണെങ്കിലും അടയിരിക്കുന്ന സ്വഭാവം നന്നായിട്ടുണ്ട്. പൂവന് 4.5 കിലോഗ്രാമും പിടയ്‌ക്ക് 3.4 കിലോഗ്രാമും തൂക്കമുണ്ടാകും. 196 ദിവസമാകുമ്പോള്‍ പ്രായപൂര്‍ത്തിയെത്തും.
പരിചരണം
ഇവ ആറ്, ഏഴ് മാസം പ്രായമാകുമ്പോൾ മുട്ടായിടാൻ തുടങ്ങും. ഒറ്റത്തവണ പത്തിൽ താഴെ മുട്ടകൾവരെ ഇടും. വർഷത്തിൽ മൂന്ന് നാല് തവണകളായിട്ടാണ് മുട്ടയിടുന്നത്. ഒരു വർഷത്തിൽ ഏകദേശം 40 മുട്ട ലഭിക്കും. പരിചരണ രീതിയനുസരിച്ച് മുട്ടയുടെ എണ്ണത്തിൽ മാറ്റം വരാം. മുട്ടയുടെ തൂക്കം 50 ഗ്രാം ഉണ്ടാകും. മുട്ടകൾ വിരിയാൻ 21 ദിവസം വേണം. അസീൽ കോഴികൾ മറ്റ് പല കോഴികളേക്കാളും വലുതാണ്, അവയ്ക്ക് ധാരാളം സ്ഥലം വേണം. വലിയ ഇനങ്ങൾക്ക് ഒന്നിന് കുറഞ്ഞത് ആറ്, എട്ട് ചതുരശ്ര അടി വിസ്തീർണമുള്ള സുരക്ഷിതമായ മുറിയോ കൂടോ ആവശ്യമാണ്. എങ്കിലും ചെറിയ ഇനങ്ങളെ നാലടി നീളവും വീതിയും ഉയരവുമുള്ള ഇരുമ്പുവല കൂടുകളിൽ ഒരു പൂവനെയും രണ്ട് പിടകളെയും സൗകര്യത്തോടെ പാർപ്പിക്കാം. മുട്ടകൾ കോഴിക്കുതന്നെ അടവയ്‌ക്കുകയോ ഇൻകുബേറ്ററിലോ വച്ച് വിരിയിച്ചെടുക്കാം. 12–15 മുട്ടകൾ ഒരു കോഴിക്ക് അടവയ്ക്കാം. മുട്ട വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങൾക്ക് ഒരാഴ്ച സ്റ്റാർട്ടർ തീറ്റ നൽകണം. അഴിച്ചുവിട്ട് ചിക്കിച്ചികഞ്ഞു നടക്കുന്ന കോഴികൾ കൂടുതൽ മുട്ടയിടുന്നതായി കണ്ടിട്ടുണ്ട്. അത്തരത്തിലുള്ള കോഴികൾക്ക് കമ്പ് ( ബജ്റ ) റാഗി, ചോളം, കടല, ഗോതമ്പ് എന്നിവ പോലുള്ള ധാന്യങ്ങളും കൂടാതെ പുഴുങ്ങിയ മുട്ട, കോഴിയിറച്ചി, വീട്ടിലെ മറ്റു ഭക്ഷണാവശിഷ്ടങ്ങളും നൽകാം. കേരള വെറ്ററിനറി യൂണിവേഴ്സിറ്റിയിലെ മണ്ണുത്തി പൗൾട്രി ഫാമിലും മറ്റും അസീൽ കോഴികൾ ലഭ്യമാണ്.
(മൃഗസംരക്ഷണ വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടറാണ് ലേഖകൻ)










0 comments