ad
Deshabhimani

print edition ‘കൂഹു’ പായുന്നത്‌
വർത്തമാനകാലത്തിലൂടെ

Kuhu Drama
avatar
അശോകൻ വെളുത്ത പറമ്പത്ത്

Published on Apr 26, 2026, 12:01 AM | 2 min read

കാലത്തിനുമുമ്പേ സഞ്ചരിക്കാൻ വിമുഖത കാണിക്കുന്ന ഒരു കലയും സ്വയം നവീകരിക്കപ്പെടില്ല. അതുകൊണ്ടുതന്നെ നാടകക്കാർ എപ്പോഴും വിദൂരതകളിലേക്കെത്താൻ തന്റെ കലയെ പ്രാപ്തമാക്കിയെടുക്കുന്നു. അരുൺ ലാലിന്റെ നാടകങ്ങൾ പൊതുവെ ചുട്ടുപൊള്ളിക്കുന്ന ആന്തരിക ചോദനകളുടെ ബഹിസ്ഫുരണങ്ങളാണ്. നടന്മാരുടെ ശരീരഭാഷയെ പ്രേക്ഷകരുടെ ഉള്ളുലയ്ക്കുന്ന തരത്തിൽ പരുവപ്പെടുത്തി നാടകത്തിന്റെ രംഗാവതരണമൊരുക്കുന്നതിൽ അരുൺ തീവ്രശ്രദ്ധാലുവാണ്.


‘കൂഹു’ ചരിത്രത്തിൽനിന്ന് വർത്തമാനകാലത്തേക്കുള്ള ഒരു തീവണ്ടി യാത്രയാണ്. തീവണ്ടി കാലത്തെ പ്രതീകവൽക്കരിക്കുമ്പോൾത്തന്നെ, ചരിത്രത്തിന്റെ നിഗൂഢതകളിൽ തമസ്കരിക്കപ്പെട്ടുപോയ സത്യങ്ങളെ പുനർ നിർവചിക്കാനാവശ്യമായ യുക്തിബോധം നാടകം നൽകുന്നുണ്ട്. ശക്തമായ പ്രമേയത്തിന് നാടകഭാഷ്യം നൽകുമ്പോൾ ലളിതമായ പ്രോപർട്ടീസ് ഉപയോഗിച്ചിരുന്ന കാലത്തുനിന്ന് ആർഭാടങ്ങളുടെ കെട്ടുകാഴ്‌ചയായി നാടകം വികലമായിത്തീരുന്ന കാലത്താണ് ഇങ്ങനെയും നാടകം ആകാമെന്ന് അരുൺ ലാൽ തെളിയിക്കുന്നത്. അവതരണ സ്ഥലങ്ങളിലേക്ക് നടന്മാർക്ക് തൂക്കി നടക്കാവുന്ന ആറ് ഇരുമ്പുപെട്ടികൾ മാറ്റിമറിക്കുന്ന ദൃശ്യപരത അപാരമാണ്. ഈ പെട്ടികളുടെ ചലനവും താളവുമാണ് തീവണ്ടിയുടെ വേഗവും ചലനാത്മകതയും സാധ്യമാക്കുന്നത്.


ചരിത്രത്തിലൂടെ ഓടുന്ന തീവണ്ടി യാത്രയ്ക്കിടയിൽ കൊരുത്തു പോകുന്ന സംഭവങ്ങളെ നമുക്ക് കാണാതിരിക്കാൻ കഴിയില്ല. ചിലപ്പോൾ തീവണ്ടി ഒരു ഭരണ വ്യവസ്ഥയായി മാറുന്നു. ഗോധ്ര തീവണ്ടിയപകടവും അതേത്തുടർന്നുണ്ടായ ഗുജറാത്ത് വംശഹത്യയും മണിപ്പുർ കലാപങ്ങളിലൂടെയും അരുൺ ലാലിന്റെ തീവണ്ടി പ്രേക്ഷക മനസ്സിലൂടെ കൂകിപ്പായുന്നു.


ചൗക്കീദാർ ചോർ ഹേ


ഭാഷയെയും സംസ്കാരങ്ങളെയും ഉൾക്കൊണ്ടുകൊണ്ട് സിഗ്നലുകളിലൂടെ ആശയവിനിമയം നടത്തുന്ന ലോക്കോ മോട്ടീവ് പൈലറ്റ് ചങ്ങലയുടെയും കൊളുത്തിന്റെയും ബലത്തിൽ ജനങ്ങളെ മുന്നോട്ടു നയിക്കുന്നു. ജനങ്ങളുടെ പൊതുസ്വത്ത് കൊള്ളയടിക്കുന്ന നയതന്ത്രജ്ഞർക്ക് വെളിച്ചം കാണിച്ചു കൊടുക്കുമ്പോഴാണ് ചൗക്കീദാർ ചോർ ഹേ എന്ന് നാം ഒരിക്കൽക്കൂടി തിരിച്ചറിയുന്നത്. റെയിൽവേ ഫ്ലാറ്റുഫോമുകളിലും വാഗണുകളിലും കൊഴിഞ്ഞുപോയ ധാന്യങ്ങൾ ശേഖരിക്കുന്നവർക്കുനേരെ "അധികാരി" ആയുധമെടുക്കുന്നിടത്ത് പ്രത്യക്ഷപ്പെടുന്ന ആദിരൂപ സംഗീതം നാടകത്തിന്റെ ആന്തരികതലത്തെ സമ്പന്നമാക്കുന്നു.


പൊതു സ്വത്ത് കൊള്ളയടിക്കുന്നവർക്ക് വെളിച്ചവും സംരക്ഷണവും നൽകുന്നവർതന്നെയാണ് ജീവിക്കാൻ പൊറുതിമുട്ടുന്ന ജനങ്ങൾക്കുമേൽ കിരാതനിയമം നടപ്പാക്കുന്നതെന്ന വൈരുദ്ധ്യം വളരെ പക്വതയോടെ നാടകം വെളിവാക്കുന്നു. തെയ്യവും കുമ്മാട്ടിയുമല്ലാതെ പാതാളപ്പടവുകൾ കയറിവരുന്ന ഒരു പ്രാക്തനരൂപം അടിസ്ഥാനവർഗത്തിന്റെ ഉയിർപ്പും ചെറുത്തു നിൽപ്പും വിദൂരമല്ലെന്നുള്ള ബോധ്യപ്പെടുത്തൽകൂടി നാടകം നൽകുന്നുണ്ട്. വൈകിയോടുന്ന വണ്ടിയിലെ യാത്രക്കാരുടെ നിരാശയും ട്രെയിൻ നഷ്ടപ്പെടുന്നവരുടെ ആന്തരിക വിഹ്വലതകളും തീവണ്ടിയാത്രയിലെ ആവർത്തിക്കപ്പെടുന്ന അനുഭവങ്ങളും വളരെ പക്വതയോടെയും സരസമായും നാടകത്തിൽ കാണാൻ കഴിയും.


ഇന്ത്യയുടെ നേർചിത്രം


ദേശീയ സ്വാതന്ത്യ്രസമര കാലത്ത് തീവണ്ടിയെ അധിനിവേശത്തിന്റെ പ്രതീകമായി കാണുകയും നമ്മുടെ ജൈവ സമ്പത്ത് കൊള്ളയടിക്കുന്നവർക്കെതിരെയുള്ള സമരമായി തീവണ്ടി അട്ടിമറികൾ നടത്തുകയും ചെയ്തത് നാടകം ഓർമിപ്പിക്കുന്നുണ്ട്. പഥേർ പാഞ്ചാലിയിലെ ഗ്രാമമുഗ്‌ധതയിലേക്ക് കറുത്ത പുക തുപ്പിയെത്തുന്ന തീവണ്ടി അശാന്തിയുടെയും അധിനിവേശത്തിന്റേ തുമായിത്തീരുന്നു നാടകത്തിൽ. തേർഡ് ക്ലാസ് ടിക്കറ്റും ഗാന്ധിജിയുടെ ജീവിതവുമായി കണ്ണിചേർക്കപ്പെട്ട പശ്ചാത്തലത്തിലേക്കും നാടകം സഞ്ചരിക്കുന്നുണ്ട്. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി എന്ന് ആലേഖനം ചെയ്‌ത നാലുപെട്ടികളിൽ മൂന്നെണ്ണവുമെടുത്ത് മൂന്നുപേർ രംഗത്തു നിന്ന് അപ്രത്യക്ഷമാകുമ്പോൾ ബാക്കി വരുന്ന ഇന്ത്യയെന്ന പെട്ടി ഒരു രാജ്യമായി പരിണമിക്കുമ്പോൾ ചരിത്ര ജീർണതകളും കലാപങ്ങളും ദാരിദ്ര്യവും സമ്മേളിക്കുന്ന ഇന്ത്യയുടെ നേർചിത്രം വിവരിക്കുന്നുണ്ട്.


സ്വന്തം രാജ്യത്ത് ജന്മാവകാശങ്ങൾ നിഷേധിക്കപ്പെടുന്ന ഇന്ത്യക്കാരുടെ പോരാട്ടവും വാഗൺ ട്രാജഡി പോലുള്ള ദുരന്തങ്ങളും പിന്നിട്ട് മണിപ്പുരിലെ കലാപത്തിന്റെ തീവണ്ടി ഗാസയിൽ എത്തി നിൽക്കുമ്പോൾ പ്രേക്ഷകർക്ക് ചില തിരിച്ചറിവുകളുണ്ടാക്കുന്നു. വിഭജനകാലത്തെ ഇന്ത്യ-–പാക്കിസ്ഥാൻ ട്രെയിൻ യാത്രകളിൽ മനുഷ്യ ഹൃദയങ്ങളിലുണ്ടായ മുറിവുകൾപോലും എത്ര സൂഷ്മമായാണ് രംഗത്തവതരിപ്പിച്ചത്. മണ്ണിൽ സർവവും നഷ്ടപ്പെട്ട് അഭയാർഥികളായിപ്പോകുന്ന മനുഷ്യരുടെ മാനസികാവസ്ഥയെ അപഗ്രഥനം ചെയ്യാൻ എല്ലാ കാലത്തും നാടകം പോലുള്ള പ്രതിരോധ കലകൾ പ്രതിജ്ഞാബദ്ധമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home