Deshabhimani

മാമനിതന്‍...വിജയ് സേതുപതി സംസാരിക്കുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Feb 02, 2019, 03:46 PM | 0 min read

രാഷ്ട്രീയനിഷ്‌പക്ഷതയെന്ന കാപട്യമല്ല, ഉറച്ച നിലപാടുകളാണ് മക്കള്‍ സെൽവന്‍ വിജയ് സേതുപതി എന്ന ജനകീയതാരത്തിന്റെ ശോഭ. ആലപ്പുഴയില്‍ സിനിമാ ചിത്രീകരണത്തിനെത്തിയ താരം പറയുന്നു പുതിയകാലത്തെക്കുറിച്ച് തനിക്ക് ആശങ്കകളുണ്ടെന്ന്, തൊട്ടുകൂടായ്‌മകള്‍ ഇവിടെയുമുണ്ടെന്ന്, ജാതിയെ തോല്‍പ്പിക്കാന്‍ പ്രണയ വിവാഹങ്ങള്‍ക്കേ കഴിയൂവെന്ന്, ശബരിമലയില്‍ തനിക്ക് നിലപാടുണ്ടെന്ന്

 

ആലപ്പുഴയിലെ കാവാലത്തെ ബോട്ട്ജെട്ടിയിൽ നാട്ടുകാരിൽ ഒരാളായി അലിഞ്ഞ് നിൽക്കുകയാണ് വിജയ് സേതുപതി. വഴിമാറി നടക്കുന്ന തമിഴക സിനിമയുടെ മുഖം. തെൻമേർക്ക് പരുവക്കാട്ര് മുതൽ ഒടുവിൽ 96, സീതക്കാതിവരെ നായകനായി ഇറങ്ങിയ 25 ചിത്രവും പതിവു ശീലങ്ങൾ വിട്ട് പുത്തൻ ഭാവുകത്വംതേടിയവ. ആൾക്കൂട്ടത്തിൽ ഒരുവനായും ഡബ്ബിങ് ആർട്ടിസ്റ്റായും അവസരങ്ങൾക്കുവേണ്ടി ഏറെ അല‍ഞ്ഞിട്ടുള്ളതിനാൽ, നായകപരിവേഷത്തോടൊപ്പമെത്തുന്ന താരജാഡകൾ വിജയ ​ഗുരുനാഥ സേതുപതി പണ്ടേ തൂത്തെറിഞ്ഞതാണ്. വീട്ടിലെ ഒരാളോടെന്നപോലെ വിശേഷങ്ങൾ ചോദിച്ച് ചുറ്റും നിൽക്കുകയാണ് കാവാലത്തെ നാട്ടിമ്പുറത്തുകാർ. റേഷൻകടയിൽ സാധനം വാങ്ങാനെത്തിയ വീട്ടമ്മമാർമുതൽ സ്കൂൾവിട്ട് മടങ്ങുന്ന കുട്ടിക്കൂട്ടംവരെയുണ്ട് ചുറ്റും. ‘മാമനിതൻ'(മഹാനായ മനുഷ്യൻ) എന്ന സിനിമയുടെ ചിത്രീകരണമാണ് ആലപ്പുഴയിൽ നടക്കുന്നത്. വിജയ് സേതുപതിയെ ആദ്യമായി നായകനാക്കിയ  ​സീനു രാമസാമിയാണ്‌ സംവിധാനം. ഷൂട്ടിങ് ഇടവേളകളിൽ കാരവനിലേക്ക് മടങ്ങാതെ കാത്തിരിക്കുന്നവർക്കിടയിലേക്ക് ഓടിയെത്തുന്ന താരം പറ‍ഞ്ഞുതുടങ്ങി, പിന്നിട്ട വഴികളെക്കുറിച്ച്, പുതിയകാലത്തെ തന്റെ വേവലാതികളെക്കുറിച്ച്. ജാതിയെ തോല്‍പ്പിക്കാന്‍ പ്രണയവിവാഹങ്ങള്‍ക്കേ കഴിയൂവെന്ന്, ശബരിമലയില്‍ തനിക്ക് നിലപാടുണ്ടെന്ന്. രാഷ്ട്രീയനിഷ്പക്ഷതയെന്ന കാപട്യമല്ല, മനസ്സിന്റെ ഉറച്ച നിലപാടുകളാണ് തമിഴകത്തിന്റെ മക്കള്‍ സെൽവന്റെ വാക്കുകളിൽ. 

അവകാശബോധമുള്ള മലയാളി

തമിഴ്നാടും കേരളവും തമ്മിൽ വ്യത്യാസം തോന്നുന്നില്ല. സ്വന്തം ആളുകളാണ് എല്ലാവരും. എനിക്ക് തമിഴിൽ പറയാം അവർ മലയാളത്തിൽ മറുപടി നൽകും. പക്ഷേ, ഇരുകൂട്ടര്‍ക്കും മനസ്സിലാകും. ഭാഷപോലും തടസ്സമാകാത്ത സ്നേഹം. പ്രളയത്തിനുശേഷം ആലപ്പുഴയെ ഇങ്ങനെ കാണുന്നതിൽ സന്തോഷമുണ്ട്. ചെറുതെങ്കിലും റോഡുകളൊക്കെ മനോഹരവും വൃത്തിയുള്ളതുമാണ്. അതിജീവിച്ചുതുടങ്ങി ഈ നാട്. ഇവിടെ എല്ലാവരും പത്രം വായിക്കും. രാഷ്ട്രീയം സംസാരിക്കും, അവകാശങ്ങളെപ്പറ്റി നല്ല ബോധ്യമുള്ള ജനത, അതാണ് എനിക്കീ നാട്ടുകാരോട് ആരാധന. കേരളക്കാരിയാണ് എന്റെ ഭാര്യ. കൊല്ലം കൊട്ടാരക്കര സ്വദേശിനി. ചെന്നൈയിലാണ് ജനിച്ചതും വളർന്നതുമെല്ലാം. അമ്മവീടാണ് കൊട്ടാരക്കര. മകൻ സൂര്യ ഒമ്പതാംക്ലാസിൽ പഠിക്കുന്നു. മകൾ ശ്രീജ ആറാംക്ലാസിലും. സൂര്യയും സിനിമയിൽ അഭിനയിക്കുന്നുണ്ട്. സിന്ധുബാദ് എന്ന സിനിമയില്‍ മുഴുനീള വേഷത്തിലെത്തും. ജയറാം സാർ നായകനായ സിനിമയിൽ അതിഥിതാരമായി ഞാന്‍ ഉടൻ മലയാളത്തിൽ എത്തും.

കുടുംബചിത്രം

കേരള മുഖ്യമന്ത്രിക്ക് വാഴ്ത്തുക്കള്‍

ഞാൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ കടുത്ത ആരാധകനാണ്. ശബരിമല വിഷയംപോലുള്ളവ അദ്ദേഹം കൈകാര്യം ചെയ്തരീതി എന്നെ വളരെ ആകർഷിച്ചു. ഒരു ചാനലിന്റെ പരിപാടിയിൽ ഒരിക്കൽ അദ്ദേഹത്തോടൊപ്പം വേദി പങ്കിടാൻ ഭാഗ്യം ലഭിച്ചു. അദ്ദേഹം കടന്നുവന്നപ്പോൾ ഒരു സ്കൂൾ ഹെഡ്മാസ്റ്ററെപ്പോലെയാണ് എനിക്ക് തോന്നിയത്. എല്ലാ ബഹളവും നിലച്ചു. ഏവരും അനുസരണയുള്ളവരായി. ഞങ്ങളിരുവരും അൽപ്പം സംസാരിച്ചു. സംസാരത്തിനിടെ എന്റെ വിമാനം 10 മണിക്കാണെന്ന് ഞാനദ്ദേഹത്തിനോട് പറഞ്ഞിരുന്നു. അപ്പോഴദ്ദേഹം പറഞ്ഞത്, താങ്കൾ ആദ്യം സംസാരിക്കൂ എന്നിട്ട് പോകാൻ നോക്കിക്കോളൂ എന്നാണ്. ഞാൻ അത്ഭുതപ്പെട്ടുപോയി. എത്ര ലളിതമായാണ് അദ്ദേഹമത് നിർദേശിച്ചത്. അതൊരു എംഎൽഎയോ എംപിയോ ആയിരുന്നെങ്കിൽപ്പോലും സഹകരിക്കുമായിരുന്നോ ? എനിക്കു തോന്നുന്നില്ല. ഇതുമാത്രമല്ല, അദ്ദേഹം വളരെ കൂളാണ്. ഏതു പ്രശ്നത്തെയും പക്വതയോടെ കൈകാര്യം ചെയ്യാനറിയാം. കേരളത്തിലെ പ്രളയത്തിനു പിന്നാലെയാണ്  തമിഴ്നാട്ടിൽ ഗജ ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ സാർ 10 കോടി രൂപയാണ് തമിഴ്നാടിന് താങ്ങാകാൻ നൽകിയത്. ആ നന്ദി എനിക്കെപ്പോഴുമുണ്ട്. 

ശബരിമലവിഷയത്തിൽ നിലപാടുണ്ട്

എന്തിനാണീ ബഹളങ്ങൾ. ഭൂമി എന്നാൽ നമുക്കറിയാം അമ്മയാണ്. അതിൽനിന്ന‌് ഒരുപിടി മണ്ണെടുത്ത് പ്രതിമചെയ്യുന്നു. അതിനുശേഷം ആ പ്രതിമ പറയുന്നു ഭൂമി അശുദ്ധയാണെന്ന്. ഇതല്ലേ സത്യത്തിൽ സംഭവിച്ചത്.  ആണായിരിക്കാൻ വളരെ എളുപ്പമാണ്. തിന്നു കുടിച്ച് മദിച്ച് ജീവിക്കാം. എന്നാൽ, സ്ത്രീകൾക്ക് അങ്ങനെയല്ല. എല്ലാമാസവും സ്ത്രീകൾക്ക് ഒരു വേദന സഹിക്കേണ്ടതുണ്ട്. നമുക്കറിയാം അതെന്തിനുള്ള വേദനയാണെന്ന്. പരിശുദ്ധമാണത്. സ്ത്രീകൾക്കത്തരം ​ഗുണവിശേഷമില്ലെങ്കില്‍ നമ്മളാരും ഇവിടെയുണ്ടാകില്ല.  സ്ത്രീയാണ് ദൈവം. അവരെങ്ങനെ അശുദ്ധരാകും.  ശബരിമല വിഷയത്തിൽ കേരള മുഖ്യമന്ത്രിയുടെ നിലപാടാണ് ശരി. 

എറിഞ്ഞുതന്ന പ്രസാദം

ജാതി, മതം അത്തരം വാലുകളൊന്നും ഇന്നും പോയിട്ടില്ല. എല്ലായിടത്തുമുണ്ട് പലവിധത്തിൽ. പലർക്കുമത് മനസ്സിലാകുന്നില്ല എന്നതാണ് വേദന. ആലപ്പുഴയില്‍ ചിത്രീകരണത്തിനിടെ ഞാനൊരു ക്ഷേത്രത്തിൽ പോയി. പ്രസാദം കൈയിലേക്ക് തൂക്കിയെറിഞ്ഞാണ് തന്നത്. പിന്നീടറിഞ്ഞു, അതാണിവിടത്തെ രീതിയെന്ന്. പക്ഷേ, എനിക്കത് വേദനയുണ്ടാക്കി. അതിനെന്ത് മാറ്റം വരുത്താനാകും. കാസ്റ്റ് എന്നത് ഇപ്പോഴുമുണ്ട്. ഇമോഷണൽ കറപ്ഷനാണ് കാസ്റ്റ്. അതിന് കൃത്യമായ ശ്രേണി ഉണ്ടാക്കിവച്ചിരിക്കുന്നു. എന്തിനാണിപ്പോഴും തീണ്ടായ്മ. ഇതെല്ലാം ഒരുകാലത്ത് വിദ്യാഭ്യാസത്തിലൂടെ മാറും. പിന്നെ പ്രണയത്തിലൂടെയും. പ്രണയവിവാഹങ്ങളിലൂടെ ജാതിയെ തുടച്ചെറിയുന്ന പുതുതലമുറയെ വളര്‍ത്തിയെടുക്കാനാകുമെന്ന്  ഞാന്‍ കരുതുന്നു. നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ പുരോഗമനം പറയുന്നവരാണ് ഫെയ്സ്ബുക്കിൽ ജാതിവാൽ പേരുവച്ച് ‘അനീതികളെ’ എതിർത്ത് പോസ്റ്റിട്ട് രോഷംകൊള്ളുന്നത്. തനിക്ക് അടുത്തവനുമായി ഒരു വ്യത്യാസവുമില്ലെന്ന് ഒരാള്‍ മനസ്സിലാക്കുന്നതോടെ തീരുമെല്ലാം. തീർച്ചായയും മാറ്റം വരും, നമുക്ക് ഈ സ്വയംതിരിച്ചറിവുണ്ടായാല്‍.

വേണം ഡബ്ല്യ‌ുസിസി

 ലൈം​ഗികചൂഷണം എല്ലാമേഖലയിലുമുണ്ട്. എല്ലാം പുറത്തുവരുന്നില്ലെന്നുമാത്രം.  സിനിമ കൂടുതൽ തിളക്കമേറിയ സ്ഥലമായതിനാല്‍ ചിലതെല്ലാം പുറത്തറിയുന്നു. ചൂഷണം എവിടെ നടന്നാലും തെറ്റാണ്. ഇരകള്‍ക്ക് നീതി ലഭിച്ചേമതിയാകൂ. സ്ത്രീകൾക്കെതിരായ ലൈം​ഗികചൂഷണണത്തേക്കാള്‍ ഭീകരമാണ് ആൺകുട്ടികൾക്കെതിരെയുള്ള ഇത്തരം അതിക്രമം. എനിക്കുതോന്നുന്നു ഇതാണ് ഏറെ ചർച്ച ചെയ്യപ്പെടേണ്ടതെന്ന്. അത്തരത്തിലൊരു സംഭവം നടന്നാൽ ആ കുട്ടി 10 വർഷം കഴിഞ്ഞാണെങ്കിലും പുറത്ത് പറയുമെന്ന പേടിയുണ്ടാക്കാൻ ഇപ്പോഴുള്ള മൂവ്മെന്റിന് സാധിച്ചിട്ടുണ്ട്. അറിയാത്ത വയസ്സിൽ നടന്നാലും ഓർമവരുന്ന കാലത്ത് പരാതി നൽകണമെന്നാണ് എന്റെ പക്ഷം. പക്ഷേ, പരാതി ന്യായമുള്ളതായിരിക്കണം. ‍ഡബ്ല്യ‌ുസിസിപോലുള്ള സംഘടനകള്‍ തമിഴകത്തും രൂപംകൊള്ളണം. അതാര് തടഞ്ഞാലും സംഭവിക്കും.

താര രാഷ്ട്രീയം

രാഷ്ട്രീയത്തിലേക്ക് ആർക്കും വരാം. നല്ല രാഷ്ട്രീയക്കാരെയാണ് നമുക്ക് വേണ്ടത്. ജനങ്ങളെ സേവിക്കുന്നവരായിരിക്കണം. അതാരായാലും പ്രശ്നമില്ല.

സിനിമയ്ക്കായുള്ള അലച്ചില്‍

വളരെയധികം പരിശ്രമിച്ചുതന്നെയാണ് എനിക്കൊരു ചാൻസ് കിട്ടിയത്.  ഓരോന്നും പഠിച്ച് പഠിച്ചാണ് വളരുന്നത്. പഠനങ്ങൾ ഇപ്പോൾ എനിക്ക് ഒരുതരം അഡിക‌്ഷനായി, ശ്വാസംപോലെയായി. കഴിഞ്ഞദിവസം സെറ്റിൽ വന്ന ഒരു പയ്യൻ ചോദിച്ചത്, അണ്ണാ സിനിമ പഠിക്കാൻ എന്ത് ചെയ്യണം എന്നാണ്. അത് എവിടെനിന്നെങ്കിലും പഠിച്ച് വരാൻ പറ്റില്ല. ഇവിടെത്തന്നെനിന്ന് പഠിക്കണം. നമ്മൾ അന്വേഷിക്കണം. കഴിവ് ഉള്ളിലുണ്ടെങ്കിൽ നടക്കും.

മക്കള്‍ സെൽവൻ

ധർമദുരൈ സിനിമാവേളയില്‍ സംവിധായകൻ സീനു രാമസാമിയാണ് എന്നെ മക്കൾ സെൽവൻ എന്നു വിളിക്കുന്നത്. പിന്നത് നാട്ടുകാരേറ്റെടുത്തു. ആ വിളിപ്പേരെനിക്കിഷ്ടമാണ്. അതെന്റെ ബാറ്ററി റീച്ചാർജാകാൻ സഹായിക്കുന്നു.

 

ഏന്‍ വഴി തനി വഴി

ഇല്ലായ്മയുടെ മുന്നില്‍ പകച്ചുനില്‍ക്കാതെ സ്വന്തം ഇച്ഛാശക്തിയും കഠിനാധ്വാനവുംകൊണ്ട് ജീവിതത്തെ വരച്ചവരയില്‍ നിര്‍ത്തിയ ഒരു നായകനുണ്ട് വിജയ് സേതുപതിയില്‍. ശരാശരിക്കാരന്‍ വിദ്യാര്‍ഥിയായിരിക്കെ, ഒരുവിധ പ്രത്യേകതകളും തന്നിലില്ലെന്നു കണ്ട് സ്വയം ഒതുങ്ങിക്കടന്നുപോയ സ്‌കൂള്‍കാലം. കൊമേഴ്‌സില്‍ ബിരുദമെടുത്തതിനൊപ്പം കുടുംബത്തിന്റെ ഉത്തരവാദിത്തവും പേറേണ്ടിവന്നപ്പോള്‍ ജീവിതത്തില്‍ കെട്ടിയത് പലവേഷങ്ങള്‍. സെയില്‍സ്മാന്‍, കാഷ്യര്‍, ബൂത്ത് ഓപ്പറേറ്റര്‍... എന്നിങ്ങനെ, ഒടുവില്‍ വിദേശത്തേക്ക്. അക്കൗണ്ടന്റ് ജോലി തരമായി. ഇടയ്‌ക്കെപ്പോഴോ സിനിമാമോഹം തലയ‌്ക്കുപിടിച്ചു. ഇതിനിടെ ഓൺലൈനിലൂടെ പരിചയപ്പെട്ട കൊട്ടാരക്കരക്കാരി ജെസിയുമായി പ്രണയത്തിലുമായി. നേരെ നാട്ടിലേക്ക്. 2003ല്‍ ജെസിയെ വിവാഹം ചെയ്തു. പിന്നെ സിനിമയില്‍ അവസരംതേടിയുള്ള അലച്ചില്‍.  ആള്‍ക്കൂട്ട അഭിനേതാവായിപ്പോലും ആരും വിളിക്കാത്ത കാലമുണ്ടായിരുന്നു ഇപ്പോഴത്തെ സൂപ്പര്‍താരത്തിന്. ചെന്നൈയിലെ നാടകക്കൂട്ടായ്മയായ കൂത്തുപട്ടറൈയില്‍ അക്കൗണ്ടന്റായി ഒപ്പംകൂടി. അത് അഭിനയക്കളരിയായി. ‘നാളൈയെ ഇയക്കുനാര്‍' എന്ന ടെലിവിഷന്‍ പരിപാടി വഴിത്തിരിവായി. കാര്‍ത്തിക് സുബ്ബരാജ് (പേട്ട), ബാലാജി മോഹന്‍ (മാരി) അടക്കമുള്ള സംവിധായകപ്രതിഭകളെ ഷോ കണ്ടെത്തി, ഒപ്പം വിജയ് സേതുപതിയെന്ന നടനെയും. ശെൽവരാഘവന്‍ ചിത്രമായ പുതുപ്പേട്ടൈയില്‍ സഹതാരമായി. സീനു രാമസാമിയുടെ തെന്‍മേര്‍ക്ക് പരുവക്കാട്ര് (2011) ആണ് വിജയ് സേതുപതി എന്ന താരത്തിന്റെ പിറവി വിളിച്ചറിയിച്ചത്. ബാലാജി തരണീധരന്‍, കാര്‍ത്തിക് സുബ്ബരാജ്, നളന്‍ കുമാരസാമി, മണികണ്ഠന്‍, സി പ്രേംകുമാര്‍ എന്നിങ്ങനെ തമിഴ് സിനിമയിലെ പുതുതലമുറ പ്രതിഭകള്‍ക്കൊപ്പം വിജയ് സേതുപതി പുതിയ വഴി വെട്ടിത്തുറക്കുകയായിരുന്നു പിന്നീട്.

സൂതുകവ്വും, റമ്മി, പന്നൈയാറും പദ്മിനിയും, വന്‍മം, ഓറഞ്ച് മിട്ടായി, ഇരൈവി, ധര്‍മദുരൈ, ആണ്ടവന്‍ കട്ടളൈ, സീതക്കാതി എന്നിങ്ങനെ നിരൂപകശ്രദ്ധനേടിയ സിനിമകള്‍ നിരവധി. സുന്ദരപാണ്ഡ്യന്‍, നാനും റൗഡിതാന്‍, പുരിയാത പുതിര്‍, കറുപ്പന്‍, ജുംഗ, 96 എന്നിങ്ങനെ മെഗാഹിറ്റുകളിലും പങ്കാളിയായി. വിജയ് സേതുപതി നിര്‍മിച്ച  ‘മേർക്ക് തൊടർച്ചിമലൈ' രണ്ടുമാസത്തിനകം കേരളത്തിലും റിലീസ് ചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home