മധ്യതിരുവിതാംകൂറിലെ ഭഗവതിക്ഷേത്രങ്ങളിലും കാവുകളിലും നിലനിൽക്കുന്ന അനുഷ്‌ഠാന കലാരൂപമാണ് പടയണി. ധനുമുതൽ മേടംവരെ പടയണിയുടെ നാളുകൾ. മലയാളമാസത്തിലെ നക്ഷത്രക്കണക്കും ദിനക്കണക്കും അനുസരിച്ച് അനുഷ്‌ഠിക്കപ്പെടുന്ന ഈ വാർഷികോത്സവം തങ്ങളുടെ കരയെ ഉർവരമാക്കാൻ ദേശവാസികൾ തന്നെ പരിശീലിച്ച് അരങ്ങേറുന്ന അപൂർവ സമർപ്പണമാണ്. മുപ്പതിലധികം ഭഗവതിക്കാവുകളിൽ പടയണി അനുഷ്‌ഠിക്കപ്പെടുന്നു. പ്രകൃത്യുപാസനയുടെയും അമ്മദൈവാരാധനയുടെയും കാർഷിക സംസ്‌കൃതിയുടെയും വിശ്വാസാധിഷ്‌ഠിതമായ സമന്വയം പടയണിയിൽ നിറഞ്ഞുനിൽക്കുന്നു.
വസൂരിയോടുള്ള ഭയമാണ് അമ്മദൈവങ്ങളുടെ തട്ടകത്തിൽ ഈ അനുഷ്ഠാനകലയ്‌ക്ക് വഴിതെളിച്ചത്. ദാരികാസുരന്റെ ഭാര്യയായ മനോദരിയാണ് വസൂരിമാല എന്ന ദേവതയായി തീർന്നതെന്ന് ശിവപുരാണത്തിൽ കാണുന്നു. കാളി‐ ദാരിക യുദ്ധസമയത്ത് ഭർത്താവിന്റെ പ്രാണനുവേണ്ടി ശിവനെ ധ്യാനിച്ച മനോദരിയുടെ പ്രാർഥനയ്‌ക്കുമുമ്പിൽ പ്രത്യക്ഷപ്പെടാനാകാതെ പരിക്ഷീണനായി മഹാദേവൻ വിയർത്തു. നെറ്റിയിൽ പൊടിഞ്ഞ ചൂടിന്റെ പ്രതീകമായ വേർപ്പുമണികൾ കൈക്കുടന്നയിലാക്കി മനോദരിക്കു നൽകിയിട്ട് ശത്രുവിന്റെമേൽ തളിക്കാൻ നിർദേശിച്ചു. വൈകാതെ ഭദ്രകാളി ദാരികാസുരനെ നിഗ്രഹിച്ചതറിഞ്ഞ് മനംനൊന്ത് പ്രതികാര ചിത്തയായിത്തീർന്ന മനോദരി ഭദ്രകാളിയുടെമേൽ വിയർപ്പുതുള്ളികൾ തളിച്ചു. വിയർപ്പുതുള്ളിയിൽനിന്നും ഭദ്രകാളിയുടെ ശരീരത്തിൽ വസൂരി പഴുത്തുപൊങ്ങി. അവശയായിത്തീർന്ന ഭദ്രകാളിക്ക് സഹോദരൻ കണ്ഠാകർണൻ അവതരിച്ച് രോഗത്തിൽനിന്ന് വിടുതൽ നൽകി. കാളിയുടെ ദേഹത്തു തിണർത്തുപൊങ്ങിയ വസൂരിപ്പഴങ്ങൾ കണ്ഠാകർണൻ നാവുകൊണ്ട് തുടച്ചെടുത്തു. ക്ഷീണമകന്ന കാളി മനോദരിയെ ആയുധബലംകൊണ്ടു കീഴടക്കി. പരാജയപ്പെട്ട മനോദരി ദാസിയായി കാളിയോടു ചേർന്നു. മനോദരിയെ പരാജയപ്പെടുത്തി വസൂരിയെ ഉന്മൂലനംചെയ്‌ത ഭദ്രകാളിയെ വസൂരിഭീതിയിൽനിന്നും മുക്തിനേടാൻ പൂർവികർ ആരാധിച്ചുവന്നു. മനോദരി ഭദ്രകാളിക്കാവുകളിൽ വസൂരിമാല എന്ന ഉപദേവതയായി സ്ഥാനംനേടി. അങ്ങനെ ഈ സാംക്രമികരോഗത്തെ ഭയപ്പെട്ട കാലത്തോളം ഭദ്രകാളീപ്രീണനാർഥം മധ്യതിരുവിതാംകൂറിൽ പടയണി അനുഷ്‌ഠാനമായിത്തീർന്നു.
ദാരികനിഗ്രഹാനന്തരം ഭദ്രകാളിയുടെ കോപം ശമിക്കാതെ വന്നപ്പോൾ ശിവന്റെ നിർദേശാനുസരണം ഭൂതഗണങ്ങൾ പലവിധ കോലങ്ങൾ കെട്ടി നൃത്തം ചവിട്ടി ശാന്തയാക്കാൻ ശ്രമിച്ചു. ഭൂതഗണങ്ങളായ പിശാചും യക്ഷിയും പക്ഷിയും മറുതയും മാടനും തുള്ളി കളമൊഴിഞ്ഞിട്ടും കാളിയുടെ കോപം വിട്ടുപോയില്ല. ഒടുവിൽ യുദ്ധഭൂമിയിൽനിന്നും നിണമണിഞ്ഞ് കോപാകുലയായി അലറിവിളിച്ചുവരുന്ന കാളിയുടെ രൂപം സുബ്രഹ്മണ്യൻ പച്ചപ്പാളയിൽ എഴുതിത്തുള്ളി. തന്റെ പ്രതിരൂപം കോലത്തിൽ കണ്ട കാളിയുടെ കോപമകന്ന് ശാന്തയായി തീർന്നു. സുബ്രഹ്മണ്യൻ എഴുതിത്തുള്ളിയ കോലമാണ് ഭൈരവി. പടയണി ഭദ്രകാളിക്കാവുകളിൽ അനുഷ്‌ഠാന കലാരൂപമായി തീർന്നതോടെ പകർന്നാട്ട പ്രധാനമായ കാലൻകോലവും പടയണിയിൽ ഇടംപിടിച്ചു. പടയണിയുടെ പുരാവൃത്തവുമായി കാലൻകോലത്തിന‌് ബന്ധം കാണുന്നില്ല. മാർക്കണ്ഡേയചരിതവും അജാമിളമോക്ഷവുമാണ് ഈ കോലത്തിന്റെ ഇതിവൃത്തമായി സ്വീകരിക്കപ്പെട്ടിട്ടുള്ളത്. ഇവ രണ്ടും മൃത്യുഞ്ജയ കഥകളാണെന്നതിനാൽ ആനുഷ്‌ഠാനിക തലത്തിൽ കാലൻകോലത്തിനു പ്രാധാന്യവും ലഭിച്ചു.
ഗണപതി, യക്ഷി, പക്ഷി, മാടൻ, മറുത എന്നീ പഞ്ചകോലങ്ങളോടൊപ്പം ഭൈരവി, കാലൻ എന്നിവയുമാണ് പ്രധാന കോലങ്ങൾ. കോലങ്ങളിലെ പുരാവൃത്തങ്ങളുടെ മുഖ്യമായ ലക്ഷ്യം ദുരിതം, മാറാവ്യാധി തുടങ്ങിയവയിൽനിന്നും രക്ഷ നേടാമെന്ന് ബോധ്യപ്പെടുത്തുകയാണ്. പുരാവൃത്തങ്ങളുടെ ധർമങ്ങൾ നശിക്കുന്നതോടെ പുരാവൃത്തങ്ങളുമായി ബന്ധപ്പെട്ടുവരുന്ന അനുഷ്‌ഠാനങ്ങളും കലാരൂപങ്ങളും നശിച്ചുപോകുന്നു. എന്നാൽ, പുരാവൃത്തങ്ങളിൽ പുതിയ വിശ്വാസങ്ങൾ പ്രതിഷ്‌ഠിക്കപ്പെടുന്നതോടുകൂടി അനുഷ്‌ഠാനങ്ങൾ പുനഃസ്ഥാപിക്കപ്പെടുന്നു. വസൂരിബാധയിൽനിന്നുള്ള മോചനത്തിനായി കെട്ടിയാടിയ കോലങ്ങളിൽ കാലം മാറിയതോടെ പുതിയ വിശ്വാസങ്ങൾ അർപ്പിക്കപ്പെട്ടു.
.jpg)
പ്രാദേശിക പ്രകൃതിവിഭവങ്ങളായ പച്ചപ്പാളയും കുരുത്തോലയും കമുകിൻ വാരിയും ഉപയോഗിച്ചാണ് കോലങ്ങൾ നിർമിക്കുന്നത്. കോലങ്ങൾക്ക് പഞ്ചവർണമാണ്. വെള്ള, മഞ്ഞ, ചുവപ്പ്, കറുപ്പ്, പച്ച് എന്നിങ്ങനെ കളമെഴുത്തിൽ (ധൂളീചിത്രരചന) സ്വീകരിച്ചിട്ടുള്ള വർണങ്ങൾ തന്നെയാണ് പടയണിയിലും കാണുന്നത്. ഈ വർണങ്ങൾ പഞ്ചഭൂതങ്ങളെ പ്രതിനിധാനംചൈയ്യുന്നു. ചുവപ്പ് ഭൂമിയെയും പച്ച ജലത്തെയും മഞ്ഞ അഗ്നിയെയും കറുപ്പ് ആകാശത്തെയും വെള്ള വായുവിനെയും പ്രതിനിധാനം ചെയ്യുന്നു. ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന നിറം കറുപ്പും കുറച്ച‌് ഉപയോഗിക്കുന്നത് മഞ്ഞയുമാണ്. കമുകിൻ പാളയുടെ പുറംതൊലി ചെത്തി നീക്കിയ വെളുത്ത പ്രതലത്തിൽ കരിയും ചെങ്കല്ലും ചണ്ണക്കിഴങ്ങും ചാലിച്ചെടുത്ത നിറങ്ങളായ കറുപ്പും ചുവപ്പും മഞ്ഞയുംകൊണ്ട് അലൗകിക രൂപങ്ങൾ എഴുതി തെളിച്ചെടുക്കുമ്പോൾ പരിചിതമായ പ്രകൃതിപരിസരം അലൗകികമായ മറ്റൊരു അന്തരീക്ഷത്തിലേക്ക് മാറുന്നു. ചെത്തിമിനുക്കിയ പച്ചപ്പാളയിൽ കുരുത്തോലമടൽ മുറിച്ച് അറ്റം ചതച്ചുണ്ടാക്കിയ ചായക്കോലുകൾകൊണ്ട് കോലം എഴുതുന്നു. പച്ചപ്പാളയിലെ ജലാംശം നിറങ്ങളെ ഉള്ളിലേക്ക് വലിച്ചെടുക്കുന്നതിനാൽ നിറങ്ങൾ പെട്ടെന്ന‌് മാഞ്ഞുപോകുന്നില്ല. കോലം എഴുതുന്നതിനുള്ള കരിയുണ്ടാക്കുന്നത് മാവില, തണുങ്ങ്, ഉണക്ക വാഴയില എന്നിവ കരിച്ചാണ്. ചുവപ്പിന് ചെങ്കല്ലും മഞ്ഞയ്‌ക്ക് മഞ്ഞൾ വർഗത്തിൽപ്പെട്ട ചണ്ണച്ചെടിയുടെ കിഴങ്ങ് ഇടിച്ചുപിഴിഞ്ഞതും ഉപയോഗിക്കുന്നു. പച്ചപ്പാള ചെത്തുമ്പോഴുള്ള വെളുപ്പ് വെള്ളയായും ചെത്താത്ത ഭാഗം പച്ചയായും കാണപ്പെടുന്നു. ഇന്ന് വിപണിയിൽ സുലഭമായ കൃത്രിമവർണക്കൂട്ടുകൾ പടയണിക്കോലങ്ങൾ എഴുതുന്നതിന് ഉപയോഗിക്കാറുണ്ട്.
തപ്പും ഇലത്താളവുമാണ് പടയണിയിലെ പ്രധാന വാദ്യങ്ങൾ. കോലത്തെ കളത്തിൽ എത്തിക്കുന്നതുവരെയുള്ള ചുവടുകൾക്ക് പുറംകളത്തിൽ ചെണ്ടയും ഉപയോഗിച്ചുകാണുന്നു. ഓരോ കോലത്തിനും പ്രത്യേകമായ പാട്ടുകളും പാട്ടുരീതികളുമുണ്ട്. നാടൻപാട്ടുകൾക്ക് സമാനമായുള്ളതും മണിപ്രവാളശൈലിയിലുള്ളതും പച്ചമലയാളത്തിലുള്ളതുമായ നൂറുകണക്കിനു പാട്ടുകൾ ഈ ശാഖയിലുൾപ്പെടുന്നു. വൃത്തത്തിനും താളത്തിനും പ്രാധാന്യം നൽകിയാണ് കാവ്യഗുണമുള്ള പാട്ടുകൾ എഴുതിയിട്ടുള്ളത്. പച്ചത്തപ്പുകൊട്ടി ശ്രീകോവിലിൽനിന്ന് ദേവിയെ കളത്തിലേക്ക് ക്ഷണിക്കുന്നു. ദേവി അഗ്നിസ്വരൂപിണിയായി ചൂട്ടുകറ്റയിൽ കളത്തിലേക്ക് എഴുന്നെള്ളുന്നു. നേരംപുലരുംവരെ കളത്തിലെരിയുന്ന ദേവീസാന്നിധ്യമായ ചൂട്ടുവെളിച്ചത്തിലാണ് കോലങ്ങൾ തുള്ളിയൊഴിയുന്നത്. ഗണപതിക്കോലമായി പിശാചുകോലം ആദ്യം കളത്തിലെത്തും. തുടർന്ന് മറ്റു കോലങ്ങളും. കോലങ്ങളെ കൂടാതെ പുലവൃത്തം, പരദേശി, താവടി തുള്ളൽ, വിനോദ നാടകങ്ങൾ എന്നിവയും അരങ്ങിലെത്തും. മംഗളഭൈരവി തുള്ളിയാണ് പടയണി സമാപിക്കുന്നത്. കളത്തിലെ അഗ്നി അണയുന്നതിനുമുമ്പ് ആൾപ്പിണ്ടിയിലേക്ക് ദീപം പകർന്ന് ദേവി തിരുനടയിലേക്ക് മടങ്ങും.
പ്രകൃതിയെ ആരാധിച്ചിരുന്ന പൂർവപാരമ്പര്യത്തിന്റെ തുടർച്ച പടയണിയിൽ ദൃശ്യപ്പെടുന്നു. പമ്പാനദിയുടെയും മണിമലയാറിന്റെയും കിഴക്കൻ മലനിരകളുടെയും വനമേഖലകളുടെയും പ്രകൃതിബന്ധങ്ങൾ പടയണിയിലെ ജൈവസാന്നിധ്യമാണ്. വഞ്ചിപ്പാട്ടും പടയണിക്കരകൾ തമ്മിൽ നടത്തുന്ന തൻകര‐ബന്ധുക്കര സ്വീകരണങ്ങളും കരവഞ്ചിയും കടത്തുകാരൻ അന്തോണിയും നദീതട സംസ്‌കാരത്തിന്റെ തുടർച്ചയായി പടയണിയിൽ ഇന്നും നിലനിൽക്കുന്നു. മലദേവതകളും നായാട്ടുകോലങ്ങളും വൃക്ഷാരാധനയായ അടവിയും മലവിളിയും പാനയും ഉൾപ്പെട്ട പടയണി ഇവിടെ പ്രകൃതിയുടെ ഉത്സവമാക്കിത്തീരുന്നു. പടയണിക്കരകളുടെ സ്ഥലനാമങ്ങളിൽ അവശേഷിക്കുന്ന പ്രകൃതിയുടെ പര്യായമായ ‘കാവ്' ഈ പൂർവസംസ്‌കൃതിയുടെ തിരുശേഷിപ്പുകളാണ്. കടമ്മനിട്ടക്കാവ്, ഇടനാട്ടുകാവ്, മുണ്ടങ്കാവ്, പനമറ്റത്തുകാവ്, മഠത്തിൽക്കാവ്, അഴകിയകാവ് തുടങ്ങിയ ഭദ്രകാളിക്ഷേത്രങ്ങൾ ഇതിനു നിദർശനങ്ങളാണ്.
തീണ്ടലും വിലക്കുമില്ലാത്ത കൂട്ടായ്മയാണ് പടയണിയുടെ സമകാലിക പ്രസക്തി. സവർണാവർണഭേദമില്ലാതെ രാഷ്ട്രീയമായ വേർതിരിവുകളില്ലാതെ സാമ്പത്തികമായ ഉച്ചനീചത്വങ്ങളില്ലാതെ ഓരോ ഗ്രാമങ്ങളും ഇവിടെ ഒരേ മനസ്സോടെ പടയണിയുടെ ഭാഗമാകുന്നു.
0 comments