എരുമേലി പേട്ടതുളളല്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 05, 2019, 01:10 PM | 0 min read

മതസൗഹാർദത്തിന്റെ പ്രതീകമായി പ്രകീർത്തിക്കപ്പെടുന്ന അനുഷ്‌ഠാന നൃത്തമാണ് എരുമേലി പേട്ടതുള്ളൽ. ജാതീയമായോ സാമ്പത്തികമായോ ഔദ്യോഗികമോ ആയ ഉച്ചനീചത്വങ്ങളില്ലാത്ത സമതയുടെ ആഘോഷം. ശബരിമല തീർഥാടനകാലത്ത്  മകരവിളക്കിനു മുന്നോടിയായി ധനു ഇരുപതുമുതൽ എരുമേലി രാപ്പകൽ ഭേദമെന്യേ അയ്യപ്പന്മാരുടെ ആനന്ദനൃത്തമായ പേട്ടതുള്ളലിന് അരങ്ങാകുന്നു. ധനു 27നു നടക്കുന്ന അമ്പലപ്പുഴ, ആലങ്ങാട്ടു സംഘങ്ങളുടെ തുള്ളലാണ് പ്രധാനം. 

എരുമകൊല്ലി എന്ന ദേശനാമം കാലാന്തരത്തിൽ എരുമേലി എന്നു പരിഷ്‌കരിക്കപ്പെട്ടു. അങ്ങനെ ലഭിച്ച പേരിന്റെ പിന്നിലെ പുരാവൃത്തം തന്നെയാണ് പേട്ടതുള്ളലിന്റെയും പശ്ചാത്തലം. വിന്ധ്യപർവതത്തിനു സമീപം ഗാലവൻ എന്നൊരു മുനിയും ദത്തൻ എന്നൊരു ശിഷ്യനുമുണ്ടായിരുന്നു. മുനിയുടെ മകൾ ലീലയ്‌ക്ക്‌ ദത്തനോട് അനുരാഗം. തന്നെ പട്ടമഹിഷിയാക്കണം എന്നഭ്യർഥിച്ച ലീലയെ കോപാകുലനായ ദത്തൻ മഹിഷിയായിപോകട്ടെ എന്ന് ശപിച്ചു. ലീല മഹിഷാസുരന്റെ സഹോദരി മഹിഷിയായി ജനിച്ചു. അവർ മഹിഷാസുരവധത്തെ തുടർന്നുഘോരതപസ്സനുഷ്ഠിച്ച് ബ്രഹ്മാവിനെ പ്രത്യക്ഷപ്പെടുത്തി. സ്‌ത്രീ പുരുഷസംയോഗത്തിൽ ജനിച്ച ആർക്കുംതന്നെ കൊല്ലാൻ സാധിക്കരുത് എന്നും ഇന്ദ്രലോകം കീഴ്പ്പെടുത്താൻ തനിക്ക് ശക്തിതരണം എന്നുമുള്ള വരങ്ങൾ മഹിഷി ചോദിച്ചു. ബ്രഹ്മാവ‌് നൽകിയ വരബലത്താൽ മഹിഷി ഇന്ദ്രലോകം പിടിച്ചടക്കി. ഇന്ദ്രൻ ഹരിഹരപുത്രനായ ശാസ്‌താവിനെ അഭയം പ്രാപിച്ച് മനുഷ്യനായി അവതാരമെടുത്ത് മഹിഷിയെ നിഗ്രഹിക്കാൻ അപേക്ഷിച്ചു. അങ്ങനെ അവതാരമെടുത്ത അയ്യപ്പനെ നായാട്ടിനായി വനത്തിലെത്തിയ പന്തളത്തുരാജാവിനു ലഭിക്കുന്നു. കൊട്ടാരത്തിൽവച്ച് ആയോധനമുറകൾ അഭ്യസിച്ച‌് യോദ്ധാവായിത്തീർന്ന അയ്യപ്പനെ മഹാരാജാവ് മന്ത്രിയുടെ ഉപദേശപ്രകാരം പുലിപ്പാലിനായി വനത്തിലേക്കയച്ചു. എരുമേലി വഴിയാണ് അയ്യപ്പൻ വനത്തിലേക്ക് പോയത്.
 
ദത്തനോടുളള പകതീർക്കാൻ രാത്രികാലങ്ങളിൽ നാട്ടിലിറങ്ങി പുരുഷന്മാരെ കടിച്ചുകൊന്നിരുന്ന മഹിഷി അയ്യപ്പനെ കണ്ട് ആക്രമിക്കാനടുത്തു. വാലിൽ കടന്നുപിടിച്ച അയ്യപ്പനേയുംകൊണ്ട് മഹിഷി ആഴമുള്ള ജലാശയത്തിലേക്കു ചാടി. വില്ലും ശരവും കൈവശമുണ്ടായിരുന്ന അയ്യപ്പൻ ശരംകൊണ്ടു കുത്തി മഹിഷിയെ നിഗ്രഹിച്ചു. മഹിഷി നിഗ്രഹിക്കപ്പെട്ടതറിഞ്ഞ് ഓടിക്കൂടിയ ദേശവാസികൾ മഹിഷിയുടെ ജഡം കമ്പിൽ കെട്ടിത്തൂക്കി ചുവടുവച്ചു. പേട്ടതുള്ളലിലൂടെ അയ്യപ്പഭക്തർ ആഹ്ലാദനൃത്തത്തിന്റെ സ്‌മരണ നിലനിർത്തുന്നു. മഹിഷി കൊല്ലപ്പെട്ട സ്ഥലം എരുമകൊല്ലിയെന്നറിയപ്പെട്ടു. 
 
വെറ്റിലപ്പാക്കോടുകൂടി ഒരു നാണയം ഇരുമുടിക്കെട്ടിൽവച്ചു നമസ്‌കരിച്ച് ഗുരുസ്വാമിക്ക് ദക്ഷിണയും കൊടുത്തുകൊണ്ടാണ് അയ്യപ്പന്മാർ പേട്ടതുള്ളൽ ആരംഭിക്കുന്നത്. തുള്ളൽക്കാരെല്ലാം കറുപ്പോ നീലയോ വസ്‌ത്രങ്ങളാണ് ധരിക്കുന്നത്. മഹിഷിയിൽനിന്നു തെറിച്ചുവീണ ചോര, ചാണകം, ചെളി എന്നിവയെ സൂചിപ്പിക്കുന്നവണ്ണം എല്ലാവരും കുങ്കുമം, ഭസ്‌മം, കരി എന്നിവ ദേഹം മുഴുവൻ വാരിപ്പൂശുന്നു. എട്ടടിയോളം നീളമുള്ള കമ്പിൽ എരുമയുടെ ജഡം എന്ന സങ്കൽപ്പത്തിൽ കറുത്ത കമ്പിളിപ്പുതപ്പിനകത്ത് പച്ചക്കറികളും കിഴങ്ങുകളും കെട്ടിത്തൂക്കുന്നു. അയ്യപ്പന്മാർ കമ്പിന്റെ അഗ്രങ്ങൾ തോളിൽ വഹിക്കുന്നു. ബാക്കിയുളളവർ ശരക്കോലും പച്ചിലക്കമ്പും കൈയിൽ പിടിച്ചിരിക്കും. അടുത്തുകൂടിയിരിക്കുന്ന ഈച്ചകളെ വീശിയകറ്റുകയാണ് പച്ചിലക്കമ്പുകൾ വഹിച്ചുളള തുള്ളൽ കാണിക്കുന്നതെന്നും മഹിഷിയെ കുത്തിക്കൊന്ന അമ്പിനെ ഓർമിപ്പിക്കാനാണ് ശരക്കോലുകൾ വഹിക്കുന്നതെന്നും കരുതുന്നു.
 
കൊച്ചമ്പലത്തിന്റെ മുമ്പിൽനിന്നാണ‌് പേട്ടതുളളൽ തുടങ്ങുന്നത്. കന്നി അയ്യപ്പന്മാരാണ്‌ പേട്ടതുള്ളേണ്ടതെന്നൊരു വിശ്വാസം നിലവിലുണ്ട്. പേട്ടതുള്ളലിന്റെ ചുമതല രണ്ടാംതവണ മലചവിട്ടാൻ എത്തുന്ന തീർഥാടകർക്കാണ്. രണ്ടാംകന്നി എന്നാണ് ഇവരെ വിളിക്കുക. മൂന്നാം തവണക്കാരനെ മുതല്പ് പേര് എന്നും നാലാം തവണക്കാരനെ ഭരിപ്പ് എന്നും അതിലധികമുള്ളവരെയെല്ലാം പഴമ എന്നുമുള്ള സ്ഥാനപ്പേരുനൽകി വിളിക്കുന്നു. അയ്യപ്പന്റെ മാതൃസ്ഥാനീയരെന്നുകരുതുന്ന അമ്പലപ്പുഴ സംഘം ഉച്ചയ്‌ക്ക്‌ മുമ്പ്‌ പതിനൊന്നു മണിയോടെ പേട്ടതുള്ളൽ ആരംഭിക്കും. നെറ്റിപ്പട്ടം കെട്ടിയ ആനകളുടെ അകമ്പടിയോടെ അമ്പലപ്പുഴ സംഘം കൊച്ചമ്പലത്തിനു മുമ്പിലെത്തും. ആകാശത്ത് കൃഷ്‌ണപ്പരുന്തുവട്ടമിട്ടു പറക്കുന്നതോടെ  പേട്ടതുള്ളലിനു തുടക്കമാവും. അമ്പലപ്പുഴ ഭഗവാൻ ഗരുഡവാഹനത്തിൽ പേട്ടതുളളൽ കാണാനെത്തുന്നതായി ഭക്തജനങ്ങൾ വിശ്വസിക്കുന്നു. വാവരുപള്ളിയിലെത്തുന്ന സംഘത്തെ പള്ളിക്കമ്മിറ്റിയുടെ നേതൃത്വത്തിൽ കളഭം തളിച്ചും പുഷ്‌പവൃഷ്ടി നടത്തിയും സ്വീകരിക്കും. പള്ളിയിൽ കാണിക്കയർപ്പിച്ച് നീങ്ങുന്ന അയ്യപ്പന്മാരോടൊപ്പം വാവരും ശബരിമലയ്‌ക്ക്‌ പുറപ്പെടുമെന്നാണ് വിശ്വാസം. വാവരുടെ പ്രതിനിധിയും തുള്ളൽക്കാരോടൊപ്പം വലിയമ്പലത്തിലേക്ക് അനുഗമിക്കും. ചെണ്ടമേളത്തിന്റെയും പാണ്ടിമേളത്തിന്റെയും അകമ്പടിയിൽ അയ്യപ്പ തിന്തകത്തോം, സ്വാമി തിന്തകത്തോം എന്നു താളാത്മകമായി പാടിത്തുള്ളിക്കൊണ്ട് അയ്യപ്പൻമാർ വലിയമ്പലത്തിൽ കയറി നമസ്‌കരിക്കുന്നതോടെ പേട്ടതുള്ളൽ സമാപിക്കും.
 
ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ പിതൃസ്ഥാനീയരായ ആലങ്ങാട്ടു സംഘക്കാരുടെ പേട്ടതുള്ളൽ ആരംഭിക്കും. ഭക്തിനിർഭരമായി മെയ്‌വഴക്കമുള്ള ചിട്ടയോടെയാണ് തുള്ളൽ. ആദ്യം പേട്ടതുളളിയ അമ്പലപ്പുഴക്കാരുടെകൂടെ എരുമേലിയിൽ കുടികൊള്ളുന്ന വാവരും ശബരിമലയിലേക്കു പോകുമെന്ന വിശ്വാസമുള്ളതിനാൽ ആലങ്ങാട്ടുസംഘം വാവരുടെ പള്ളിയിൽ കയറാറില്ല.  ഇവരുടെ കൂടെ എരുമേലിയിൽനിന്ന് അയ്യപ്പനും ശബരിമലയിലേക്ക് പോകുന്നു. അയ്യപ്പനും വാവരും എരുമേലിയിൽനിന്ന് ശബരിമലയിലേക്ക് പോയതിനാൽ അതോടെ പേട്ടതുള്ളൽ അവസാനിക്കേണ്ടതാണ്. എന്നാൽ, ഇപ്പോൾ മണ്ഡലമകരവിളക്കുകാലത്ത് എല്ലാ ദിവസങ്ങളിലും ചെറുതും വലുതുമായ സംഘങ്ങൾ പേട്ടതുള്ളാറുണ്ട്. കൊള്ളക്കാരനായ ഉദയനൻ എന്ന നാടുവാഴിയിൽനിന്ന് ശബരിമലക്ഷേത്രം  മോചിപ്പിക്കാൻ അയ്യപ്പന്റെ നേതൃത്വത്തിൽ നടന്ന ധാർമികയുദ്ധത്തിന് യോദ്ധാക്കൾ നൽകിയ ആത്മീയപിന്തുണയായിട്ടാണ് പേട്ടതുള്ളലിനെ അയ്യപ്പൻപാട്ടുകളിൽ വിവരിക്കുന്നത്.


deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home