തെക്കൻ കേരളത്തിലെ ദേവീക്ഷേത്രങ്ങളിൽ ഉത്സവത്തോടനുബന്ധിച്ച് നടക്കാറുള്ള അനുഷ്‌ഠാനകലാരൂപമാണ് കുത്തിയോട്ടം. വലിയകുളങ്ങര, കരുവാറ്റ, മുതുകുളം, പഴവീട്, പനയന്നാർകാവ്, വേട്ടടി, ശാർക്കര, ശാസ്‌താംകോട്ട, ആറ്റുകാൽ, കടയ്‌ക്കൽ തുടങ്ങിയ ക്ഷേത്രങ്ങളിലാണ് കുത്തിയോട്ടത്തിനു പ്രചാരം. ആലപ്പുഴയിലെ ചെട്ടികുളങ്ങര ക്ഷേത്രത്തിൽ കുംഭഭരണിയോടനുബന്ധിച്ച്, ചെട്ടികുളങ്ങര മാതേവിയമ്മയ്‌ക്ക്/എട്ടുവയസ്സിലെ കുത്തിയോട്ടം / തുഷ്ടിയോടമ്മേ നീ സ്വീകരിച്ചീടണേ/ ഇഷ്ടവരപ്രദേ കാർത്ത്യായനീ എന്ന് പാടിക്കളിക്കുന്ന കുത്തിയോട്ടം പ്രസിദ്ധം. കുത്തുക, ഓടുക എന്നീ രണ്ടു പ്രവൃത്തിയും ഈ അനുഷ്‌ഠാനത്തിന്റെ ഭാഗം. നരബലി സൂചകമായി നേർച്ചക്കുട്ടികളുടെ വയറിനിരുവശത്തും നേർത്ത ചൂരൽപ്പൊളി നാരുകൾ ചോര പൊടിയുംവണ്ണം കുത്തിക്കോർക്കുന്ന ചടങ്ങും തുടർന്ന് പാട്ടും ചുവടുകളുമായി ക്ഷേത്രത്തിലേക്ക് വേഗത്തിലുള്ള യാത്രയുമാണ് അനുഷ്‌ഠാനം.
ദാരികവധത്തിനുശേഷം കലിയടങ്ങാത്ത കാളിയുടെ കോപശമനത്തിന് ഭക്തരുടെ ബലിയായി കുത്തിയോട്ടത്തെ വിശ്വസിക്കുന്നവരുണ്ട്. മതിവരുവോളം രക്തം നൽകാമെന്ന് വാക്കുപറഞ്ഞാണ് ദാരികനിഗ്രഹത്തിനു പുറപ്പെട്ട ഭദ്രകാളി വേതാളത്തെ വാഹനമാക്കിയത്. എന്നാൽ, ദാരികന്റെ രക്തംകൊണ്ടൊന്നും വേതാളത്തിന്റെ ദാഹം ശമിച്ചില്ല. ഭദ്രകാളിയത്തന്നെ വേതാളം അപായപ്പെടുത്തമോ എന്ന ആശങ്കയിൽ ദേശവാസികൾ രക്തബലി നൽകാൻ സന്നദ്ധരായെന്നാണു കഥ. മറ്റൊരുകഥയിൽ രോഗാദിപീഡകളിൽനിന്ന് ദേശത്തെ രക്ഷിക്കുന്നതിനായി രാജാവ് ദേവിയെ തപസ്സുചെയ്‌ത് പ്രത്യക്ഷപ്പെടുത്തി. സൽപുത്രനെ ബലിനൽകി രാജ്യത്തെ രക്ഷിക്കാനുണ്ടായ അരുളപ്പാടിൽനിന്ന് ആരംഭിച്ചതാണു കുത്തിയോട്ടം എന്നും പുരാവൃത്തമുണ്ട്. എന്നാൽ, ഇതൊന്നും കുത്തിയോട്ടത്തിന് ആധാരമെന്നനിലയിൽ സമൂഹമനസ്സിൽ ദൃഢപ്രചാരം നേടിയിട്ടില്ല. ഉർവരരാധനയുടെ ഭാഗമായിരുന്ന നരബലിയോട് അടുത്തുനിൽക്കുന്ന അനുഷ്‌ഠാനമാണ് കുത്തിയോട്ടം എന്ന് ചടങ്ങുകൾ സൂചിപ്പിക്കുന്നു.
ചെട്ടികുളങ്ങരയിലും സമീപത്തും ശിവരാത്രിമുതൽ കുംഭഭരണി ഏഴുനാൾ നീളുന്ന ചടങ്ങുകളോടെയാണിത് അനുഷ്‌ഠിക്കപ്പെടുന്നത്. യജ്ഞശാലാ നിർമാണമാണ് തുടക്കം. വഴിപാടുകാരനും ആശാനും കരനാഥന്മാരും ബന്ധുമിത്രാദികളും കാൽനാട്ടുകർമത്തിൽ പങ്കെടുക്കണം. നീളം കൂടിയും വീതികുറഞ്ഞും കെട്ടിയെടുക്കുന്ന പന്തലിന്റെ തെക്കുപടിഞ്ഞാറെ മൂലയ്‌ക്ക് ഭദ്രകാളിയെ പത്മമിട്ട് ഇരുത്താൻ കിഴക്കോട്ട് ദർശനമുള്ള മണ്ഡപം പണിയുന്നു. കുരുത്തോലയും ആലിലയും മാവിലയും കൊണ്ടലങ്കരിച്ച മണ്ഡപത്തിൽ പ്ലാവിൽ തീർത്ത പീഠംവച്ച് ഭഗവതിയുടെ ചിത്രം സ്ഥാപിക്കുന്നു.
എട്ടിനും പന്ത്രണ്ടിനും ഇടയിൽ പ്രായമുള്ള കുട്ടികളെയാണ് കുത്തിയോട്ടത്തിനായി വഴിപാടുകാരൻ ദത്തെടുക്കുന്നത്. ക്ഷേത്രദർശനത്തിനുശേഷം ശിവരാത്രിനാൾ വൈകുന്നേരത്തോടെ കുട്ടികൾ പന്തലിലെത്തും. തുടർന്ന് ഭസ്‌മചന്ദനാദികളണിഞ്ഞ് മാതാപിതാക്കളോടും ആശാന്മാരോടുമൊപ്പം കളത്തിലെത്തി ദക്ഷിണവച്ച് ചുവടു ചവിട്ടാനാരംഭിക്കുന്നു. ആശാന്മാരുടെ കൈയിൽ പിടിച്ചാണ് പരിശീലനം. അതുകഴിഞ്ഞാൽ ചുവടുറച്ച നൃത്തസംഘം പാട്ടിനൊത്ത് കലാപരമായി ചുവടുവയ്‌ക്കും. ചുവടു പഠിക്കുന്ന കുട്ടികൾക്ക് പ്രത്യേകമായ വേഷങ്ങളില്ല. നൃത്തസംഘത്തിന് മുണ്ടും കച്ചയും ബനിയനുമാണു വേഷം. ആദ്യകാലത്ത് പട്ടും കുരുത്തോലയുമായിരുന്നു. മുണ്ടു ഞൊറിഞ്ഞുടുത്തു തുടങ്ങിയിട്ട് അധികകാലം ആയിട്ടില്ല. ഗുരുവന്ദനവും സഭാവന്ദനവും ഉൾപ്പെടുന്ന ദേവീസ്‌തുതിയോടെയാണ് ചുവടുവച്ചുതുടങ്ങുക.
പാദങ്ങൾ എന്നു വിളിക്കപ്പെടുന്ന ഏഴ് അടിസ്ഥാന ഈണങ്ങളാണ് പാട്ടിന്. താനവട്ടം എന്നറിയപ്പെടുന്ന വായ്‌ത്താരികളോടെയാണ് പാട്ടു പാടുന്നത്. ഓരോ കുത്തിയോട്ടത്തിലും അടിസ്ഥാനതാനവട്ടങ്ങൾ നാലെണ്ണമെങ്കിലും പാടാറുണ്ട്. ഓരോ ഈരടിക്കു മുമ്പിലും പിമ്പിലും വായ്‌ത്താരി പാടുന്നു. ചില സംഘങ്ങൽ എട്ടു താനവട്ടംവരെയുണ്ട്.
സംഘത്തിൽ നാല് അംഗങ്ങൾ മുതൽ കളത്തിന്റെ വിസ്‌തൃതിക്കനുസരിച്ച് ഇരുപത് അംഗങ്ങൾവരെ ആകാം. മുഖാമുഖം നിന്നാണ് ചുവടുവയ്‌ക്കുക. വലതുകാലും ഇടതുകാലും മാറിമാറി ഉയർത്തി മുമ്പിലേക്കും പിമ്പിലേക്കും നീട്ടി വട്ടംചവിട്ടി ഇടത്തേക്കും വലത്തേക്കും താളത്തിനൊത്ത് നീങ്ങിക്കളിക്കുന്നരീതിയിലാണ് ചുവടുകൾ. ഇതിനിടയിൽ സൂചിക്കുവയ്‌പ്, വണ്ടിക്കിരുപ്പ്, തെറ്റുകാൽ, വണ്ടിക്കിടൽ എന്നിങ്ങനെ അഭ്യാസങ്ങളുമുണ്ട്. കൂടാതെ, തിരുവാതിരകളിയെ അനുസ്‌മരിപ്പിക്കുന്ന കുമ്മിയും. ഈ ചടങ്ങുകൾ ശിവരാത്രിനാൾമുതൽ അഞ്ചുദിവസം തുടരും. അഞ്ചാംനാൾ ചടങ്ങുകൾ ബന്ധുജനങ്ങളും കരക്കാരും പന്തലിൽ കാണിക്കയർപ്പിക്കുന്ന പൊലിവിനോടുകൂടി അവസാനിക്കും. ആറാം ദിവസമായ അശ്വതിനാളിൽ കുത്തിയോട്ടക്കുട്ടികളുടെ മുടിമുറിക്കുന്ന കോതുവെട്ടൽമാത്രം. പന്തലിനുപുറത്ത് പച്ചോലമെടഞ്ഞ തടുക്കിൽ ഇരുത്തിയാണ് കോതുവെട്ടൽ. തുടർന്ന് മഞ്ഞളും വേപ്പിലയുമിട്ട വെള്ളത്താൽ കുട്ടികളെ വാഴയിലയിൽ നിർത്തി ധാരകോരുന്നു. കുളികഴിഞ്ഞവർ ദക്ഷിണനൽകി പാളയിൽ വെട്ടിയുണ്ടാക്കിയ പാദുകമണിഞ്ഞ് അലക്കിയ വെള്ളത്തുണിയിൽ ഇരിക്കുന്നു. പുലരുംവരെ ദേവീസ്‌തുതികളുമായി വഴിപാടുകാരും ഭക്തരും അവരോടൊപ്പം പന്തലിൽ കഴിയും.
കുഭഭരണിനാളിലാണ് കുത്തിയോട്ടം. പൂജയ്‌ക്കുശേഷം കുട്ടികളെ ആശാനും സംഘവും ചമയങ്ങളണിയിക്കുന്നു. വാട്ടിയ വാഴയില താഴേക്ക് ഉടുപ്പിച്ച് തലയിൽ കിന്നരിത്തൊപ്പിവച്ച് മുഖത്തു മനയോലയിട്ട് കണ്ണും പുരികവുമെഴുതി കൃതാവുവരച്ച് മുഖത്തും ശരീരത്തും പുള്ളി കുത്തി കഴുത്തിൽ രക്തഹാരമണിയിച്ച് കാലിൽ ചിലങ്കകെട്ടി തളയുമിടുന്നതോടെ ചമയം പൂർണമാകുന്നു. സുഗന്ധതൈലങ്ങൾ തളിച്ച് ഒറ്റപ്പിടിയൻ കത്തിയിൽ അടയ്‌ക്ക കുത്തിനിർത്തി കിരീടത്തിനു മുകളിൽ ഇരുകൈകൊണ്ടും കോർത്തുപിടിപ്പിച്ച് കുട്ടികളെ പന്തലിൽനിന്ന് ക്ഷേത്രത്തിലെത്തിക്കും. താലപ്പൊലി, അമ്മൻകുടം, പമ്പമേളം, നാദസ്വരം, തകിൽ തുടങ്ങിവയുണ്ടാകും. ഓരോ കരയുടെയും കെട്ടുകാഴ്‌ചകളുടെ മുമ്പിൽ കുത്തിയോട്ടക്കുട്ടികളുടെ വയറിന്റെ ഇടതുംവലതും വശങ്ങളിൽ വാരിയെല്ലുകൾ അവസാനിക്കുന്ന ഭാഗത്തായി ഒന്നരമീറ്ററോളം നീളമുള്ള സ്വർണനൂലോ വെള്ളിനൂലോ തൊലിക്കടിയിലൂടെ കോർത്തുവലിക്കുന്നു. ഒരുകാലത്ത് കനംകുറഞ്ഞ ചൂരൽ ചീകിയെടുത്തു തുളച്ചു കയറ്റിയിരുന്നതിനാൽ ചൂരൽ മുറിയുക എന്നാണ് ഇന്നും ഇതറിയപ്പെടുന്നത്. നൂൽകുത്തിയ കുട്ടികളെ ഘോഷയാത്രയായി ദ്രുതവേഗത്തിൽ ചുവടുകൾ ചവിട്ടി ക്ഷേത്രത്തിലെത്തുന്ന ചടങ്ങാണ് കുത്തിയോട്ടം.
വായ്‌ത്താരികളും പാട്ടും ചുവടുകളുമാണ് നാടോടിത്തനിമ നിലനിർത്തുന്ന ഘടകങ്ങൾ. പാട്ടുകൂട്ടത്തിലെ ആശാൻ ഈരടി പാടിക്കഴിയുമ്പോൾ പിൻപാട്ടുകാർ വായ്‌ത്താരി ചൊല്ലുന്നു. കൈത്താളം മാത്രമുണ്ടായിരുന്ന പാട്ടിന്റെ പശ്ചാത്തലത്തിൽ ഗഞ്ചിറയും തബലയും തകിലും വയലിനും ഓടക്കുഴലുമെല്ലാം മേളക്കൊഴുപ്പിനായി ഇന്നു സ്വീകരിച്ചിട്ടുണ്ട്. വാമൊഴി വഴക്കങ്ങളായി നിലനിൽക്കുന്ന അപൂർവം പാട്ടിനൊപ്പം പഴക്കമേറെ അവകാശപ്പെടാനില്ലാത്ത പാട്ടുകളും പുതിയ രചനകളും കടന്നുവന്നിരിക്കുന്നു. നിശ്ചിതമായ പുരാണകഥ മാത്രമല്ല കുത്തിയോട്ടത്തിൽ പാടുന്നത്. അതുകൊണ്ടുതന്നെ ഭദ്രകാളീ മാഹാത്മ്യത്തോടൊപ്പം അയ്യപ്പചരിതവും സന്താനഗോപാലവും കിരാതവും ഹരിഹരപുത്രോൽപ്പത്തിയും നളചരിതവും ശാകുന്തളവുമൊക്കെ വിഷയമായിത്തീർന്നു.
0 comments