അയ്യപ്പൻ തീയാട്ട്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 27, 2018, 06:08 PM | 0 min read

അയ്യപ്പനെ ആരാധിക്കുന്നതിന്റെഭാഗമായി തൃശൂർ, മലപ്പുറം, പാലക്കാട് ജില്ലകളിലെ അയ്യപ്പൻകാവുകളിൽ അനുഷ്ഠിച്ചുവരുന്ന അഭിനയപ്രധാനമായ കലാരൂപമാണ് അയ്യപ്പൻതീയാട്ട്. നൂറ്റിയെട്ടുകാവുകളുടെ പേരുവിവരം തീയാട്ടിനു പാടുന്ന കാവെണ്ണൽതോറ്റത്തിലുണ്ട്‌. കളമെഴുത്തും   പാട്ടും കഥാഭിനയമുള്ള കൂത്തും  തീയാട്ടിന്റെ സവിശേഷതകൾ. പെരുമ്പിലാവ്, മുളങ്കുന്നത്തുകാവ്, ഇരിങ്ങാലക്കുട, ഷൊർണൂർ, തായങ്കാവ്, മലമക്കാവ്, ചെർപ്പുളശ്ശേരി, ഏലംകുളം എന്നിവിടങ്ങളിലെ തീയാടി നമ്പ്യാന്മാരുടെ എട്ടു കുടുംബങ്ങളാണ് തീയാട്ട് അവതരിപ്പിച്ചുവരുന്നത്. വസൂരിയിൽനിന്ന് രക്ഷനേടാൻ ബ്രാഹ്മണർ ശിവപൂജ ചെയ്‌ത വേളയിൽ ശിവൻ പ്രത്യക്ഷനായി വസൂരിബാധകളെ ഉഴിഞ്ഞ് ആട്ടിക്കളയുന്നതിനായി എരിയുന്ന പന്തം ബ്രാഹ്മണർക്ക് നൽകി. ബ്രാഹ്മണൻ ശിവനിൽനിന്ന‌് പന്തം ഇടതുകൈകൊണ്ടാണ് സ്വീകരിച്ചത്. അനിഷ്ടംതോന്നിയ ശിവൻ അവരെ ബ്രാഹ്മണരിൽനിന്ന് പതിത്വമുള്ളവരാക്കിമാറ്റി. അങ്ങനെയുണ്ടായ നമ്പ്യാന്മാർക്ക്‌ തീയാട്ടുനടത്താൻ അധികാരവും നൽകിയെന്നൊരു കഥ പ്രാചാരത്തിലുണ്ട്. മറ്റൊരു ഭാഷ്യം ഇങ്ങനെ:  അയ്യപ്പനും ദേവേന്ദ്രനും വേദപരീക്ഷയിൽ ഏറ്റുമുട്ടിയപ്പോൾ  ഭഗവതിയുടെ സഹായത്തോടെ ദേവേന്ദ്രേൻ കളവുകാട്ടി. ഇതുമനസ്സിലാക്കിയ അയ്യപ്പൻ അഗ്നിദേവനെ ധ്യാനിച്ചു. സ്വർലോകം അഗ്നികുണ്ഡമായി ജ്വലിച്ചു. ശിവൻ അഗ്നിമുഴുവൻ പന്തത്തിലേക്ക് സ്വീകരിച്ച് ബ്രാഹ്മണനുനൽകി. പന്തം ഇടതുകൈകൊണ്ട്  സ്വീകരിച്ചുപോയതിനാൽ ബ്രാഹ്മണന‌് ശിവൻ പതിത്വം കല്പിച്ചു. ഇങ്ങനെയുണ്ടായ നമ്പ്യാന്മാർക്ക് തീയാളുവാൻ  അധികാരംനൽകി സമാധാനിപ്പിച്ച‌് ഭൂമിയിലേക്ക് വിട്ടു.

കളമെഴുത്തോടുകൂടിയാണ്  അനുഷ്‌ഠാ നക്രിയകൾ ആരംഭിക്കുക. കാവുകളിൽ തീയാട്ടുതറയിലും അല്ലാത്തയിടങ്ങളിൽ നാലുകാൽ പന്തലുയർത്തി വെള്ള വിരിച്ചതിനുതാഴെ നിലം നിരപ്പാക്കി ചാണകം മെഴുകിയ തറയിലുമാണ് കളമെഴുതുക. കുലവാഴയും കമുകിൻ പൂക്കുലയും ആലിലയും മാവിലയുംകൊണ്ട്‌ പന്തൽ അലങ്കരിക്കുന്നു.  പഞ്ചവർണപ്പൊടികൊണ്ട് എഴുതുന്ന  തീയാട്ടുകളങ്ങളിൽ   കലാവിരുതിന്റെ  പൂർണത കാണാം. കറുപ്പിന് ഉമിക്കരിയും മഞ്ഞയ്‌ക്ക്‌ മഞ്ഞൾപ്പൊടിയും വെള്ളയ്‌ക്ക്‌ അരിപ്പൊടിയും പച്ചയ്‌ക്ക്‌ വാകയിലപ്പൊടിയും ഉപയോഗിക്കും. ചുവപ്പിന് മഞ്ഞൾപ്പൊടിയിൽ ചുണ്ണാമ്പുചേർക്കും.  ആന, പുലി, കുതിര എന്നിവയിൽ ഏതിലെങ്കിലും  ആരൂഢനായി നിലകൊള്ളുന്ന അയ്യപ്പന്റെ കളമാണ് ഏറെയും എഴുതുന്നത്. വലംകൈയിൽ വില്ലുംശരവും ഇടംകൈയിൽ ചുരികയുമേന്തി വേട്ടയ്‌ക്കുപോകുന്ന അയ്യപ്പനെ പുലിവാഹനക്കളത്തിൽ കാണാം. കുതിരക്കളത്തിൽ യുദ്ധസന്നദ്ധനായി  വെള്ളക്കുതിരയിൽ ചമ്മട്ടിയും പിടിച്ചുവരുന്ന അയ്യപ്പനെ എഴുതുന്നു. അഷ്ടദളമാലയിലുള്ള പത്മക്കളം, സ്വസ്‌തികം, പ്രഭാമണ്ഡലം  തുടങ്ങിയ എഴുത്തുരീതികളും അനുഷ്ഠാനസ്വഭാവം പുലർത്തുന്ന കളങ്ങൾതന്നെ.  

എഴുതിത്തീർത്ത കളത്തിന്റെ തലയ്‌ക്കൽ പീഠംവച്ച് ഉടയാട ചാർത്തും. അലക്കിയമാറ്റു പീഠത്തിനുമുകളിലും ചുരിക ചാരിയും വയ്‌ക്കുന്നതോടെ കളത്തിൽ ദേവസാന്നിധ്യമായെന്നാണ് സങ്കല്പം. കളത്തിന്റെ പാദത്തിൽ നിലവിളക്ക‌് കൊളുത്തിവയ്‌ക്കും. നെല്ല്, അരി, നാളികേരം, കദളിപ്പഴം തുടങ്ങിയവയും ഒരുക്കും. നിവേദ്യം നൽകി ആരാധനാമൂർത്തിയെ കളത്തിലേക്ക് ആവാഹിക്കുന്ന കളംപൂജ കഴിഞ്ഞാൽ കൊട്ടും പാട്ടും തുടങ്ങും. അയ്യപ്പസ്‌തുതികൾക്കൊപ്പം വേട്ടയ്‌ക്ക്‌ എഴുന്നള്ളുന്ന അയ്യപ്പകഥയും പാടാറുണ്ട്. കളംപാട്ടിന്റെ അന്ത്യത്തിൽ തോറ്റങ്ങൾ പാടുന്നു.  വായ്‌പാട്ടിനുസമാനമായ രീതിയിലാണ് തോറ്റം.  ഇലത്താളവും പറയുമാണ് വാദ്യങ്ങൾ.
 
മുദ്രയോടുകൂടി അമൃതമഥനവും അയ്യപ്പന്റെ ജനനകഥയും നന്ദികേശ്വരൻ അയ്യപ്പനോടുപറയുന്ന രീതിയിൽ അഭിനയിച്ചുകാണിക്കുന്ന കൂത്താണ് അടുത്ത ചടങ്ങ്. അയ്യപ്പൻകൂത്തെന്നും നന്ദികേശ്വരക്കൂത്തെന്നും ഇതിനെ വിളിക്കും. മറ്റ് അനുഷ്ഠാനകലകളിൽനിന്നു വ്യത്യസ്‌തമായി  അരങ്ങിൽവച്ചാണ് നടൻ ചമയമിടുന്നത്. ചാക്യാർ കൂത്തിന്റെ കിരീടത്തെ അനുസ്‌മരിപ്പിക്കുന്ന പതിയമാണ് ശിരസ്സിൽ. നെറ്റിയിൽ കുറിയും കണ്ണിൽ കരിമഷിയുമല്ലാതെ മറ്റു മുഖത്തെഴുത്തുകളോ തേപ്പോ ഇല്ല. തറ്റുടുത്തതിനുമേലെ ഞൊറി വച്ച വെള്ളവസ്‌ത്രം  ഉടുത്തുകെട്ടും. ചുവന്ന മേലുടുപ്പുധരിച്ച് ഉത്തരീയം അരയിൽ കെട്ടും. വളയും തോടയും കടകവും ചെവിപ്പൂവും കുരലാരവും  മാലകളും അരഞ്ഞാണവും അണിഞ്ഞുകഴിയുന്നതോടെ വേഷം പൂർണമാകും. അണിയലങ്ങൾ ചാർത്തുമ്പോൾ അനുയോജ്യമായ അയ്യപ്പസ്‌തുതി പാടും.
 
കളത്തിലാട്ടത്തോടുകൂടിയാണ് തീയാട്ട് അവസാനിക്കുക. അയ്യപ്പന്റെ വെളിപാടുമായി എത്തുന്ന കോമരത്തിന്റെ ഉറഞ്ഞുതുള്ളലാണ് കളത്തിലാട്ടം എന്നറിയപ്പെടുന്ന ഈടും കൂറും. തറ്റുടുത്ത് ശ്രീകോവിലിൽനിന്ന് ലഭിച്ച പൂമാലയണിഞ്ഞ് വലംകൈയിൽ വാളുംപിടിച്ച കോമരത്തെ താളമേളത്തോടെ  കളത്തിലേക്ക് കൊണ്ടുവരും. ചെണ്ടയുടെ താളത്തിൽ ഉറഞ്ഞു  പ്രദക്ഷിണംവച്ച് കളത്തിലേക്കുകയറും. താളത്തിനൊത്ത് പന്തലിലെ അലങ്കാരങ്ങൾ വാളുവീശിക്കളത്തിലേക്കു കോതിയിടും. പ്രത്യേക ചുവടുകൾ ചവിട്ടി കാലുകൊണ്ട് കളം മായ്‌ക്കുന്നു.  കളം മായ്‌ക്കലോടുകൂടിയാണ് അ യ്യപ്പൻതീയാട്ട് അവസാനിക്കുക.
 
ചില ദേശങ്ങളിൽ കനലാട്ടത്തോടുകൂടിയ തീയാട്ടു നടത്താറുണ്ട്. പ്ലാവിൻവിറക‌് കത്തിച്ചുണ്ടാക്കിയ മൂന്നു കനൽക്കൂമ്പാരങ്ങളിലേക്ക് വെളിച്ചപ്പാട്  നടന്നുകയറുകയും തട്ടിത്തെറിപ്പിക്കുകയുംചെയ്യുന്ന അനുഷ്‌‌ഠാനമാണിത്‌. ഈടും കൂറും തുള്ളുന്നതിനിടയിലാണ് കനലാട്ടം. ആറു പാട്ടുകളാണ്  പാടുക. മൂന്നു പാട്ടു കഴിയുമ്പോൾ ശിവന്റെ ഭൂതഗണങ്ങൾക്കായി നാളികേരം എറിഞ്ഞുടയ്‌ക്കുന്ന തോങ്ങാപൊളിയെന്ന ചടങ്ങ്‌. ചിലയിടങ്ങളിൽ ആയിരത്തിനുമേൽ തേങ്ങകൾ ഉടച്ചിരുന്നത്രെ. കനലാട്ടത്തിനും തേങ്ങാപൊളിക്കലിനും ശേഷം  തിരുമുഖമൊഴികെയുള്ള കളം മായ്‌ക്കും. തുടർന്ന്‌  ഭക്തർ കോമരത്തോട്  ആവലാതികൾ ഉണർത്തിക്കും. അയ്യപ്പന്റെ  അരുളപ്പാടുകൾപോലെ എല്ലാ ദുരിതങ്ങൾക്കും കോമരം പരിഹാരം ചൊല്ലും. അവസാനം കളത്തിലെ  മുഖവും മായ്ച്ച്  ശ്രീകോവിലിൽനിന്നു വാങ്ങിയ വാൾ തിരകെ ഏല്പിക്കുന്നതോടെ  തീയാട്ട് സമാപിക്കും.


deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home