ഭദ്രകാളിത്തീയാട്ട്


കോട്ടയം, എറണാകുളം, പത്തനംതിട്ട ജില്ലകളിലെ ചില ഭദ്രകാളിക്കാവുകളിലും ക്ഷേത്രങ്ങളിലും നിലനിൽക്കുന്ന കലാരൂപമാണ് ഭദ്രകാളിത്തീയാട്ട്. വസൂരി ശമിപ്പിക്കാൻ തീയാട്ടു നടത്തണമെന്ന വിശ്വാസം ഈ പ്രദേശത്തുണ്ട്. ദൈവമായിട്ട് ആടുക എന്നർഥമുള്ള 'തെയ്യാട്ട്' എന്ന പദത്തിന്റെ തത്ഭവമാണ് തീയാട്ട് എന്ന് മഹാകവി ഉള്ളൂർ സാഹിത്യചരിത്രത്തിൽ രേഖപ്പെടുത്തുന്നു. ശബ്ദതാരാവലിയിലും തെയ്യാട്ട് എന്ന് അർഥം നൽകിയിരിക്കുന്നു. തീയാട്ടിനെ 'തെയ്യ' ശബ്ദവുമായി ബന്ധപ്പെടുത്തി തെയ്യാട്ടമാണ് തീയാട്ടായതെന്നും എന്നാൽ, ഉത്തരകേരളത്തിലെ തെയ്യങ്ങളുമായി ഇതിനു ബന്ധമില്ലെന്നും ഡോ. എം വി വിഷ്ണുനമ്പൂതിരി. കേരളപാണിനി എ ആർ രാജരാജവർമ തീയുമായി ബന്ധപ്പെടുത്തിയാണ് തീയാട്ടിനെക്കാണുന്നത്. ‘തീയ്യുകൊണ്ടുള്ള ആട്ട്’ (ഉച്ചാടനം) ആണ് തീയാട്ടെന്ന് ഡോ. എസ് കെ നായർ. കനലാട്ടത്തിനും പന്തം ഉഴിച്ചിലിനും തീയാട്ടിലും തീയാട്ടുണ്ണികളെ സംബന്ധിച്ച ഐതിഹ്യത്തിലും പ്രാധാന്യമുള്ളതുകൊണ്ട് തീയുമായി ബന്ധപ്പെടുത്തിയുള്ള അഭിപ്രായമാണ് തീയാട്ടിനു യോജിക്കുന്നത്.
പാട്ടുപുരയില്ലാത്ത കാവുകളിലും ഭവനങ്ങളിലും തീയാട്ട് നടത്തേണ്ടസ്ഥലത്ത് പ്രത്യേകം പന്തലിടുന്നു. പന്തലിനുമുകളിൽ കയർ നിരനിരയായി പാകി വെള്ളവസ്ത്രവും ചുവന്നപട്ടും വിരിച്ചലങ്കരിക്കുന്നു. കുരുത്തോല ഒരു മുഴം നീളത്തിൽ മുറിച്ചു പന്തലിനുചുറ്റും വിതാനിക്കുന്നു. പൂക്കൾ, മാലകൾ, ആലില, മാവില, വെറ്റില, കുലവാഴ മുതലായവകൊണ്ട് അലങ്കരിക്കുന്നു.
ആദ്യചടങ്ങ് ഉച്ചപ്പാട്ടാണ്. ചാണകം മെഴുകിയ തറയിൽ ശംഖ്ചക്രം കളംവരച്ച് അഷ്ടമംഗല്യവും പീഠവും വാളും വെച്ച് നിലവിളക്ക‌് കൊളുത്തിവയ്ക്കുന്നു. ഗണപതി, സരസ്വതി, ഭദ്രകാളി എന്നീ ദേവതകളെ സ്തുതിച്ചുകൊണ്ട് ഉച്ചപ്പാട്ടു നടത്തുന്നു. പറയും ചേങ്ങിലയുമാണ് ഇതിനുള്ള വാദ്യങ്ങൾ.
തുടർന്ന‌് കളമെഴുത്താരംഭിക്കുന്നു. നാലോ എട്ടോ കൈകളോടുകൂടിയ രൂപം ധ്യാനശ്ലോകം അനുസരിച്ച് കുറിക്കുന്നു. പഞ്ചവർണപ്പൊടികളാണ് കളമെഴുത്തിന് ഉപയോഗിക്കുന്നത്. കളത്തിനുചുറ്റും പച്ചപ്പൊടിയിട്ട് പശ്ചാത്തലരൂപം എഴുതും. നെന്മണികൊണ്ട‌് സ‌്തനം ഉണ്ടാക്കും. കണ്ണുമിഴിപ്പിക്കുന്നതോടെ കളം പൂർത്തിയാകുന്നു. കളത്തിൽ എട്ടുദിക്കുകളിലായി അരി, നെല്ല്, മലർ, നാളികേരം, ശർക്കര, വെറ്റില, പഴുക്ക എന്നിവയും പീഠത്തിന്മേൽ പട്ടുവിരിച്ചു കോടിവസ്ത്രവും വയ്ക്കുന്നതാണ‌് വെച്ചൊരുക്ക്.
കേളികൊട്ടുപോലെ തീയാട്ടിൽ സന്ധ്യക്കൊട്ടാണ‌്. പറ, ചേങ്ങില, ഇലത്താളം, ചെണ്ട എന്നിവയാണ് വാദ്യങ്ങൾ. ഭദ്രകാളിയെ കുടിയിരുത്തുന്ന എതിരേൽപ്പ‌് എന്ന ചടങ്ങോടുകൂടി അനുഷ്ഠാനങ്ങൾ തുടങ്ങും. ചുവന്നപട്ട്, ചെപ്പ്, വാൽക്കണ്ണാടി, മഷിക്കൂട്ട്, അക്ഷതം, ദശപുഷ്പം, ദീപം, ഗ്രന്ഥം എന്നിവ തളികയിൽവെച്ച് ഒരുക്കുന്ന അഷ്ടമംഗല്യത്തിൽ ദേവീചൈതന്യത്തെ എതിരേൽക്കുന്നു. തുടർന്ന് ക്ഷേത്രപൂജാരി താന്ത്രികവിധിപ്രകാരം കളംപൂജ നടത്തുന്നു. തീയാട്ടുണ്ണികളുടെ പൂജയ‌്ക്കു ശേഷം കളത്തിനുചുറ്റം കർപ്പൂരം കത്തിച്ച് ദീപാരാധന.
കളംപൂജയ്ക്കു ശേഷം ദേവീസ്തുതിപരങ്ങളായ പാട്ടുകൾ തീയാട്ടുണ്ണികൾ പാടും. ദാരികവധം, മണിമങ്കചരിതം തുടങ്ങിയ തോറ്റങ്ങളാണ് തീയാട്ടിൽ പാടിയിരുന്നത്. ഇന്ന് പലയിടത്തും 'ദാരികവധം' പാടി കേൾക്കാറുണ്ട്. കളംപാട്ടു കഴിയുമ്പോഴേക്കും തീയാട്ടുവേഷമെത്തി കളം മായ്ക്കുന്നതോടെ അനുഷ്ഠാനാംശങ്ങൾ തീരും. കഥാഭിനയമാണ‌് പിന്നെ.
കഥകളിയിലെന്നപോലെ കളിവിളക്കിന്റെ പൂർവരൂപം തീയാട്ടിലുമുണ്ട‌്. വിളക്കിനു തിരിഞ്ഞിരുന്ന് ധ്യാനശ്ലോകം ചൊല്ലി മുടി (കിരീടം) അണിയുന്നു. തുടർന്ന് ചില കൈമുദ്രകൾ ഉപയോഗിച്ച് 'ഗണപതിക്കൈ' എന്നുപറയുന്ന വന്ദനക്രിയ. പിന്നീട് കഥാഭിനയം. വേതാളത്തിന്റെ പുറത്തുകയറി ദാരികന്റെ ശിരസ്സുമായി കൈലാസത്തിലേക്ക് വരുന്ന കാളിയായി തീയാട്ടുണ്ണി പ്രത്യക്ഷപ്പെടും. നിലവിളക്കിൽ ചൈതന്യം കണ്ട് കാളി നമസ്കരിക്കുന്നു. നിലവിളക്കിനെ കഥാപാത്ര(ശിവൻ) മായിക്കാണുന്ന അപൂർവസങ്കല്പം. പീഠത്തെ കൈലാസമായി സങ്കൽപ്പിച്ച് ദാരികശിരസ്സ് പിതാവിന്റെ കാൽക്കൽവച്ച് കാളി നമസ്കരിക്കുന്നു. തുടർന്ന് ദാരികനെ നിഗ്രഹിച്ച കഥ പിതാവിനെ അഭിനയിച്ചുകാണിക്കുന്നു.
ദാരികന്റെ മരണവാർത്തയറിഞ്ഞ് അതിനു പരിഹാരംതേടി ദാരികപത്നി മനോദരി കൈലാസത്തിലെത്തുന്നു. പരമശിവനെ ഭജിക്കുന്നുവെങ്കിലും ദർശനം നൽകിയില്ല. പാർവതിക്ക് അലിവു തോന്നി ശിവന്റെ സ്വേദകണങ്ങൾ നൽകിക്കൊണ്ട് അവളുടെ ആഗ്രഹം സാധിക്കുമെന്നു പറയുന്നു. മനോദരി യുദ്ധഭൂമിയിലെത്തിച്ചേരുംമുമ്പ് ഭദ്രകാളി കൈലാസത്തിലേക്ക് തിരിച്ചുകഴിഞ്ഞു. വഴിക്കുവച്ച് മനോദരിയും കാളിയും കണ്ടുമുട്ടി. ഭർത്താവിനെ വധിച്ച കാളിയോട് മനോദരി ഏറ്റുമുട്ടി. അവൾക്കു കിട്ടിയ സ്വേദകണങ്ങൾ കാളിയുടെ നേർക്കെറിഞ്ഞു. കാളിയുടെ ശരീരത്തിൽ വസൂരി നിറഞ്ഞു. അതു പഴുത്തുപൊങ്ങിയപ്പോൾ ദേവി നിലംപതിച്ചു. വിവരമറിഞ്ഞ പരമേശ്വരൻ തന്റെ കർണത്തിൽനിന്നും കണ്ഠാകർണനെ സൃഷ്ടിച്ചയച്ചു. കണ്ഠാകർണൻ ഭദ്രകാളിയുടെ ശരീരത്തിലെ വസൂരിക്കുരുക്കളെല്ലാം നക്കിയെടുത്തു. സഹോദരനാകയാൽ മുഖം നക്കാൻ കാളി അനുവദിച്ചില്ല. കാളീവേഷത്തിന് മുഖത്ത് കുരുക്കളുടെ ആകൃതിയിലുള്ള ചുട്ടിയിടാൻ കാരണമിതാണ്. ക്ഷീണമകന്ന കാളി മനോദരിയെ ശപിച്ചു. അവൾ അംഗഭംഗം വന്ന‌് കാഴ‌്ചചയില്ലാത്തവളായി. കാളിയുടെ കോപം ശമിപ്പിക്കാൻ ശിവൻ ദിഗംബരനൃത്തം ചെയ്യുന്നു. പിതാവിനെ ആ നിലയിൽ കാണാൻ കഴിയാത്ത കാളി കൈലാസം ചുറ്റിവന്ന‌് പിതാവിനെ നമസ്കരിക്കുന്നു. ദാരികവധാനന്തരം കുരുത്തോലക്കഷണങ്ങൾ വാരിയെറിയുന്നത് ദേവന്മാരുടെ പുഷ്പവൃഷ്ടിയാണ‌്.
തീയാട്ടിലെ അവസാനത്തെ ചടങ്ങാണ് തിരിയുഴിച്ചിൽ. ഭദ്രകാളിയായി വേഷമിട്ട് ആടിയ തീയാട്ടുണ്ണി പന്തവുമായി രംഗത്തുവന്ന് നാളികേരം ഉടച്ച് ലക്ഷണം നോക്കിയതിനുശേഷം തെള്ളിപ്പൊടി പന്തത്തിലെറിയുന്നു. പന്തൽ ചുറ്റിവന്ന് ആളിക്കത്തുന്ന പന്തം നിലത്തുവയ്ക്കുന്നു. കിണ്ടിയിൽനിന്ന് പൂവെടുത്ത് പൂജചെയ്ത് വിളക്കിനുമുമ്പിൽ സമർപ്പിച്ചതിനുശേഷം കിരീടം ശിരസ്സിൽനിന്ന‌് എടുക്കുന്നു. ആ കിരീടംകൊണ്ട് വഴിപാടുകാരെയും മറ്റും ഉഴിഞ്ഞ് അനുഗ്രഹിക്കുന്നു. കളംമായ്ച്ച് വാരിയെടുത്ത പൊടി പ്രസാദമായി നൽകി ദക്ഷിണ സ്വീകരിക്കുന്നു. അപൂർവമായി ഒരേ അരങ്ങിൽ രണ്ടുകലാകാരന്മാർ ഭദ്രകാളീവേഷത്തിലെത്തി തീയാട്ടു നടത്താറുണ്ട്. ഇതിനെ ഇരട്ടത്തീയാട്ട് എന്നു വിളിക്കുന്നു. വിവിധ കഥാപാത്രങ്ങളായി ഒരുവേഷംതന്നെ അഭിനയിക്കുന്ന പകർന്നാട്ടം തീയാട്ടിന്റെ പ്രത്യേകതയാണ്.









0 comments