പുലവൃത്തവും പുലയൻ പുറപ്പാടും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 12, 2018, 01:09 PM | 0 min read

 മധ്യതിരുവിതാംകൂറിലെ ഭഗവതിക്കാവുകളിലും ക്ഷേത്ര ങ്ങളിലും പടയണിയോടനുബന്ധിച്ച്  കളിച്ചുവരുന്ന നാടോടി കലാരൂപമാണ് പുലവൃത്തവും പുലയൻ പുറപ്പാടും.  പുലവൃത്തച്ചുവടുകൾക്കിടയിൽ പുലയൻ കടന്നുവരുന്നതോടെ നൃത്തം നാടകത്തിന്റെ ഭാഗമായി മാറുന്നു.  ക്ഷേത്രമുറ്റമാണ് അരങ്ങ‌് (കളം). നടയ്ക്കുനേരെ  കത്തുന്ന വിളക്ക്. അതിനുചുറ്റും പുലവൃത്തം തുടങ്ങും.   കാർഷികവൃത്തിയെ അനുസ്മരിപ്പിക്കുന്ന ചുവടുകൾ, കൈമെയ്ചലനങ്ങൾ.  നിലം ഒരുക്കുന്നതിന്റെയും വിത്തുവിതയ‌്ക്കുന്നതിന്റെയും കൊയ‌്ത്തിന്റെയും മെതിയുടെയും പതിരുവീശുന്നതിന്റെയും പൊലിയളക്കുന്നതിന്റെയുമൊക്കെ താളബദ്ധമായചലനങ്ങൾ.  പശ്ചാത്തലമായിപ്പാടുന്ന പാട്ടിൽ പുലയമാഹാത്മ്യവും വേദാന്തവും അദ്വൈതവും പുരാണവും പ്രാദേശികചരിത്രവും.  ഓരോ കരയിലെ പാട്ടുരീതിയും ചുവടും വേഷവും തമ്മിൽ പ്രകടമായ വ്യത്യാസമുണ്ട് . വെളുത്തമുണ്ടും തോർത്തുമാണ് പൊതുവേ കാണപ്പെടുന്നതെങ്കിലും ചിലകരകളിൽ മുണ്ടിന്റെ മുകളിൽ ചുവന്നപട്ടു ചുറ്റും. കുരമ്പാല പുത്തൻകാവിൽ തൊപ്പിപ്പാളവച്ച് പുലയവേഷത്തിൽതന്നെയാണ് കളിക്കാർ  കളത്തിലിറങ്ങുന്നത്. ഒറ്റ, ഇരട്ട, മുക്കണ്ണി, വല്യമുക്കണ്ണി, പിടിച്ചുമുക്കണ്ണി, കോതുകാൽ  എന്നിങ്ങനെയുള്ള  ചുവടുകളിലും താളക്കെട്ടിലും കാലപ്രമാണത്തിലും ചൊൽക്കെട്ടിലും മുമ്പോട്ടു കളിച്ചുകയറുന്ന പുലവൃത്തം പൂർണമാകാൻ ഒരു മണിക്കൂറിലധികം  വേണം.  

അരങ്ങുമുഴുവൻ വട്ടം ചുറ്റി നിറഞ്ഞുനിന്ന് അരങ്ങിനെ കീഴടക്കുകയോ തീണ്ടുകയോ ചെയ്യുന്ന പുലയരുടെ നൃത്തം   ജാതീയ അതിക്രമത്തിനെതിരെയുള്ള പ്രതിരോധമാണ‌്. 
 പുലവൃത്തം പത്താം താളവട്ടത്തിലേക്ക് കടക്കുന്നതിനുമുമ്പാണ് പുലയൻ പുറപ്പാട് ആരംഭിക്കുന്നത്. പടയണിയിലെ താവടി, കോലടി, കുംഭമിടിച്ചുപാട്ട്, ചാക്ക തുടങ്ങി താളത്തിനും വായ്ത്താരിക്കും ഇണങ്ങിക്കൊണ്ട് ചുവടുചവിട്ടി കൈമെയ് ചലനങ്ങളോടെ കാവുകളിൽ അവതരിപ്പിച്ചുവന്ന നൃത്തരൂപങ്ങളെപ്പോലെ ഒന്നുമാത്രമായിരുന്നു പുലവൃത്തം. കാവുകൾ ക്ഷേത്രങ്ങളായി പരിണമിച്ചപ്പോൾ സമവായത്തിന്റെ ഭാഗമായി ശ്രീകോവിലിനകത്ത് പൂജാദികാര്യങ്ങളിൽ ബ്രാഹ്മണർക്കും പുറത്ത് ഇതരമതസ്ഥർക്കും കാർമികത്വം അനുവദിക്കപ്പെട്ടു. ശ്രീകോവിലിൽനിന്ന് ദേവിയെ ദീപത്തിൽ ആവാഹിച്ച് മേൽശാന്തി നാലമ്പലത്തിന് പുറത്തുകൊണ്ടുവന്ന് ചൂട്ടുകറ്റയിലേക്ക് പകർന്നു കൊടുക്കുന്നുതോടെ ക്ഷേത്രമുറ്റത്ത് ദേവീസാന്നിധ്യത്തിൽ അബ്രാഹ്മണസമൂഹം പടയണിയനുഷ്ഠാനം ആരംഭിക്കുകയായി.  വ്യത്യസ്ത ജാതികൾക്ക് അനുഷ്ഠാനത്തിൽ പലവിധ അധികാരങ്ങൾ ലഭിച്ചതോടെ പുലവൃത്തത്തിൽ പുലയൻ രംഗപ്രവേശം ചെയ‌്തു.
 
തെക്കു തെക്കു തിരുക്കൊല്ലത്തേ.... പത്തുനൂറു പൊലയരുകൂടി .. .. തെയ്താര തെയ്താ
അതിലൊരു വല്യപൊലയനാരല്ലോ ... പത്രകാളീ പ്രതിട്ട ചെയ്തേ .. .. തെയ്താര തെയ്താ എന്നു പാടിയാടുന്ന പുലയൻ ക്ഷേത്രസങ്കൽപ്പങ്ങളോടും ആചാരങ്ങളോടും ചേർന്ന് യാത്ര തുടങ്ങി. നാരായണഗുരുവിന്റെ വിഖ്യാതമായ പ്രതിഷ്ഠയ്ക്കുമുമ്പ് വലിയപുലയനാരു ഭദ്രകാളിയുടെ പ്രതിഷ്ഠ ചെയ്തെന്ന ഈ വാമൊഴി പടയണിക്കരകളിൽനിന്ന് പുറംലോകം അറിയേണ്ട ചരിത്രം. ഒറ്റയാൾ നാടകമാണെങ്കിലും കരനാഥന്മാരും പുലയനും തമ്മിലുള്ള സംവാദത്തിലൂടെയാണ് നാടകം അവതരണരൂപത്തിലേക്ക് കടക്കുന്നത്. നാട്ടുകൂട്ടത്തിലെ ഏതു സഹൃദയനും കരനാഥനാകാം. കരനാഥന്റെ ചോദ്യങ്ങളെയും പരിഹാസങ്ങളെയും വിമർശനങ്ങളെയും സമർഥമായി നേരിടുന്ന പുലയൻ തന്റെ അഭിനയപാടവംകൊണ്ടും മെയ്വഴക്കംകൊണ്ടും ചടുലചലനങ്ങൾകൊണ്ടും ഹാസ്യാത്മകതകൊണ്ടും  ഈ സംവാദത്തെ നാടകമായി രൂപാന്തരം ചെയ്യുന്നു. പാടത്തു കിളികളെ ആട്ടിയോടിക്കുന്നുവെന്ന വ്യാജേന ‘ചാവോ ചാവോ യേന്റെ തമ്പിരാക്കമ്മാരെല്ലാം ചാവോ’ എന്നു നാടുവാഴിത്തവ്യവസ്ഥിതിയെ പ്രാകിക്കൊണ്ടാണ് പുലയൻ കളത്തിലേക്ക് എത്തുന്നത്.  പുലയനെ പരിഹസിക്കാൻ കരനാഥന്മാർ നാടകം മെനയുന്നു. അവരുടെ മോഷണംപോയ വസ്തു  കണ്ടെത്തിക്കൊടുക്കണമെന്ന്  ആവശ്യപ്പെടുന്നു. തമ്പുരാക്കന്മാർ പിന്തുടരുന്ന ജ്യോതിശാസ്ത്രമടക്കമുള്ള പദ്ധതികളെ പരിഹസിച്ച‌് പുലയൻ മോഷണവസ്തു കണ്ടെത്താനുള്ള പ്രവൃത്തി തുടങ്ങുന്നു. തന്നെ അവഹേളിക്കാൻ ശ്രമിച്ച തമ്പുരാക്കന്മാരെ അതേ വഴിയിൽ തിരിച്ചടിച്ചുകൊണ്ട് പുലയൻ നാടകം പൂർണമാക്കുന്നു. മോഷണം പോയ വസ്തു തമ്പുരാന്റെ കൗപീനമാണെന്നും മോഷ്ടിച്ചത് തമ്പുരാക്കന്മാരിൽ ഒരാളാണെന്നും പുലയൻ സമർഥിക്കുന്നു. മോഷ്ടാവായ തമ്പുരാനെ കാണികൾക്കിടയിൽനിന്ന‌്‌ പിടികൂടി പുലയൻ കളത്തിൽ പ്രദർശിപ്പിക്കുന്നതോടെ പുലയന്റെ വിജയം തമ്പുരാക്കന്മാരെ പരാജയപ്പെടുത്തിയ നാട്ടുകൂട്ടത്തിന്റെ വിജയമായി മാറുന്നു. കളത്തിനരികിലേക്ക് മാറിയിരുന്ന പുലവൃത്തക്കൂട്ടം കളത്തിൽ മടങ്ങിയെത്തി അടുത്ത താളവട്ടത്തിലേക്ക് ചുവടുവയ്ക്കുന്നു. അവരിലൊരാളായിച്ചേർന്ന് പുലയനും പുലവൃത്തത്തിന്റെ ഭാഗമായിത്തീരുന്നതോടെ പുലയൻ പുറപ്പാട് എന്ന നാടോടിനാടകം അവസാനിക്കുന്നു.  
കേരളത്തിന്റെ സാംസ്കാരികചരിത്രത്തിൽ പല സന്ദർഭങ്ങളിലായി അനുഷ്ഠാനകലകളോടു ബന്ധപ്പെടുത്തി പുലവൃത്തവും പുലയൻപുറപ്പാടും  രേഖപ്പെടുത്തിയിട്ടുള്ളതായിക്കാണാം. പുലത്തിനു പാടം എന്നർഥം. പുലത്തിൽ പണിയെടുത്തിരുന്നവർ പുലയർ.  ഈ അധ്വാനബന്ധത്തിൽനിന്ന്  ചേറുമണം പുരണ്ട ഇവർ ചേരമർ എന്നും  അറിയപ്പെട്ടു. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ പ്രചാരത്തിലുള്ള കാളിയൂട്ടിൽ പുലയൻ പുറപ്പാട് എന്ന അനുഷ്ഠാനം കാണാം. ശാർക്കര കാളിയൂട്ടിൽ ഏഴാം നാളിലാണ് ഇത് അരങ്ങേറുക. ഏഴു പുലയന്മാരും തമ്പുരാനുമടക്കം എട്ടുകഥാപാത്രങ്ങളാണ് പുറപ്പാടിലുള്ളത്. വില്വമംഗലം സ്വാമിയാരെ ഭയന്ന് ഭദ്രകാളി അനന്തശയനം കാട്ടിൽനിന്ന് ഒളിച്ചോടി വരുന്ന വഴി പുലയിയായി വേഷമെടുത്ത്  പുലയരോടൊപ്പമിരുന്ന് പുലയാട്ടു പറഞ്ഞുരസിച്ചതിന്റെ അനുസ്മരിക്കലാണ് ഇതിനു പിന്നിലെ ഐതിഹ്യം. 
സരസകവി മൂലൂർ എസ് പത്മനാഭപ്പണിക്കർ നാട്ടിൽ പ്രചരിച്ചിരുന്ന പാട്ടുകളുടെ മട്ടിൽ ഗാനങ്ങൾ എഴുതി പുലവൃത്തം എന്ന പേരിൽ സമാഹരിച്ചിട്ടുണ്ട്. തിരുവിതാംകൂർ പ്രജാസഭയിൽ അംഗമായിരുന്ന കുറുമ്പൻ ദൈവത്താന്റെ ആവശ്യപ്രകാരമാണ് മൂലൂർ ഈ പാട്ടുകളെഴുതിയത്. പുലവൃത്തം എന്നറിയപ്പടുന്ന വൃത്തവിശേഷത്തിലെഴുതിയതുകൊണ്ടും പുലയരുടെ ചരിത്രം പ്രതിപാദിക്കുന്നതുകൊണ്ടും  തന്റെ സമാഹാരത്തിന് മൂലൂർ പുലവൃത്തം എന്നു പേരു നൽകി. മധ്യതിരുവിതാംകൂറിലെ ഭഗവതിക്ഷേത്രങ്ങളിലും കാവുകളിലും പടയണിക്കാലത്ത് അനുഷ്ഠിച്ചുവരുന്ന സമൂഹനൃത്തമായ പുലവൃത്തത്തിന്റെ വൈവിധ്യമാർന്ന പാട്ടുരീതികളിൽ 
വെള്ളെരുതേറിക്കളിക്കുന്നോരീശനാർ തന്റെ 
പുള്ളയായ കെണേശനിന്നേനോ..  തെയ്താര തെയ്താ 
വെള്ളരികൊണ്ടുള്ള നല്ലപ്പം വാഴപ്പഴം പയർ
എള്ളിറുങ്ങു വറുത്തമലരടയും.. തെയ്താര തെയ്താ 
 എന്ന മട്ടാണ് പാട്ടുകളെഴുതുന്നതിന്  മൂലൂർ സ്വീകരിച്ചിട്ടുള്ളത്.


deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home