നാടാകെ പാടുന്നു

അറുപത്തഞ്ചോളം വീടുള്ള ഒരു കോളനിയിൽ എല്ലാവരും പാട്ടുകാർ. അഞ്ച് വയസ്സുള്ള മഹിമ മുതൽ 70 കഴിഞ്ഞ തത്തമ്മവരെ സാന്ദ്രമധുരമായി ശ്രുതി തെറ്റാതെ പാടും. ശാസ്ത്രീയ സംഗീതം, കഥകളി സംഗീതം, അഷ്ടപദി, പുള്ളുവൻപാട്ട് , നല്ലമ്മപ്പാട്ട്, നാടൻപാട്ട് മുതൽ പുത്തൻ പുതിയ ചലച്ചിത്ര ഗാനങ്ങൾ വരെ ഏതും പിടിക്കും. പാലക്കാട് ചിറ്റൂർ വാൽമുട്ടി കോളനി ഇപ്പോൾ പാട്ട് ഗ്രാമമാണ്.
നിർമാണ, കർഷകത്തൊഴിലാളികൾ, ബ്യൂട്ടിഷ്യന്മാർ, അധ്യാപകർ, ബാങ്ക് ഉദ്യോഗസ്ഥർ, സർക്കാർ ജീവനക്കാർ തുടങ്ങി വിവിധ മേഖലകളിൽ വിഹരിക്കുന്ന എല്ലാവരെയും കോർത്തിണക്കുന്നത് സംഗീതമെന്ന ഒറ്റത്തന്ത്രി. നാട്ടുത്സവങ്ങളിൽ ചെറുസാന്നിധ്യമായി കെട്ടടങ്ങുമായിരുന്ന ഇവിടുത്തെ പാട്ടുപെരുമ ഇന്ന് വാനോളമാണ്. സംസ്ഥാന ഫോക്ലോർ പുരസ്കാര ജേതാക്കൾ, സംഗീത നാടക അക്കാദമി അവാർഡ് നേടിയവർ മുതൽ ചലച്ചിത്ര പിന്നണി ഗായകർ വരെയുള്ള പ്രതിഭകൾ ഈ കോളനിയെ സമ്പന്നമാക്കുന്നു. സംഗീത അധ്യാപകരും സംഗീത സംവിധായകരും ഇവിടെയുണ്ട്. അരികുവൽക്കരിക്കപ്പെട്ട സമൂഹം സംഗീതം ഊർജമാക്കി ഉയിർത്തെണീക്കുകയാണ്. പാട്ടിൽ ജീവതാളം കണ്ടെത്തുന്ന നാടിന് ഉപജീവനവും അതിജീവനവുമാണ് സംഗീതം.
തുയിലുണർത്ത്
പാരമ്പര്യമായി തുടികൊട്ടി പാടിയിരുന്നവരുടെ പിൻതലമുറക്കാരാണിവർ. വീട് കയറി പാടുന്നത് നിയോഗമാണെന്ന് കരുതിയിരുന്ന പാണ സമുദായത്തിൽപ്പെട്ടവർ. പാർവതിയുമൊന്നിച്ച് ചൂത് കളിക്കുന്നതിനിടെ താംബൂലം കഴിച്ച ശിവൻ മോഹാലസ്യപ്പെട്ടെന്നും പാണന്മാർ കൊട്ടിപ്പാടിയാണ് ശിവനെ മയക്കത്തിൽനിന്ന് ഉണർത്തിയതെന്നുമാണ് വിശ്വാസം. അങ്ങനെ, പരമശിവന്റെ അനുഗ്രഹം ഏറ്റുവാങ്ങിയവരാണ് തുയിലുണർത്തു പാട്ടുകാരെന്ന് ഐതിഹ്യം. ഇവരുടെ പൂർവികർ കാൽനടയായി വീടുകൾക്ക് മുന്നിലെത്തി കൊട്ടിപ്പാടുമ്പോൾ അവിടങ്ങളിൽ ദോഷം അകന്ന് അഭിവൃദ്ധി പരക്കുമെന്നും വിശ്വസിക്കുന്നു. സന്തോഷത്തോടെ വീട്ടുകാർ നൽകുന്ന ദക്ഷിണയായ നെല്ലും നാണയവും ഉപജീവന മാർഗമായി. എന്നാൽ, തലമുറകളായി വാമൊഴിയിലൂടെ പകർന്നുകിട്ടിയ തുയിലുണർത്തുപാട്ടിന്റെ ഈണത്തിനും വരികൾക്കും തുടർച്ച ഉണ്ടായില്ല. ഇന്ന് തുയിലുണർത്തിന്റെ താളം വശമുള്ളവർ അപൂർവം.
അമ്മായിമാരുടെ ഓണപ്പാട്ട് കേട്ടാണ് 14–-ാം വയസ്സിൽ സംഗീതം മനസ്സിൽ കയറിയതെന്ന് ഫോക്ലോർ അക്കാദമി അവാർഡ് ജേതാവ് ദൈവാന പറഞ്ഞു. തുയിലുണർത്തുപാട്ടും നാടൻപാട്ടുമെല്ലാം വശമാക്കി. ഇപ്പോൾ 70 കഴിഞ്ഞു. 2019ലാണ് സർക്കാർ അംഗീകാരം ലഭിച്ചത്. മന്ത്രിയിൽനിന്ന് പുരസ്കാരം ഏറ്റുവാങ്ങിയതിന്റെ സന്തോഷം ഇന്നും മനസ്സിൽ മിഴിവോടെ കിടക്കുന്നു,- അവർ പറഞ്ഞു.

പൊറാട്ട് ഗാനവും നല്ലമ്മപ്പാട്ടും
പാലക്കാടിന്റെ കിഴക്കൻ മേഖലയിൽ ഏറെ പ്രചാരത്തിലുണ്ടായിരുന്ന കലാരൂപമാണ് പൊറാട്ട് നാടകം. പൊറാട്ട് നാടക പാട്ടുകാരിൽ പേരെടുത്ത രാമൻ ആശാൻ വാൽമുട്ടിക്കാരനാണ്. ഉത്സവപ്പറമ്പിലും കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിലും ജനം തിങ്ങിക്കൂടുന്ന പൊറാട്ട് നാടകത്തിന് മൈക്കില്ലാതെ പാടാൻ രാമന് കഴിയുമെന്ന് നാട്ടുകാരൻ വി പൊന്മല പറയുന്നു. പൊറാട്ട് നാടകത്തിന് ചെണ്ടകൊട്ടി പ്രസിദ്ധനായ പഴണിയാണ്ടിയും ഈ നാട്ടുകാരൻ. ഇവരെ പിൻപറ്റി പൊറാട്ടുനാടകത്തിന് പാടാൻ പലരും പോയി. കാലക്രമേണ ആ കലാരൂപത്തിന്റെ പ്രചാരം കുറഞ്ഞതോടെ ഈ മേഖലയിൽ പുതിയ പാട്ടുകാർ ഇല്ലാതായി.
കൊടുങ്ങല്ലൂരമ്മയെക്കുറിച്ചുള്ള നല്ലമ്മപ്പാട്ടിൽ കുലപതിയായിരുന്നു കോമൻ എന്ന കോമുത്തൻ. കോമന്റെ അച്ഛനും സഹോദരനുമെല്ലാം നല്ലമ്മപ്പാട്ടുകാരായി പേരെടുത്തവർ. ഇപ്പോഴും എല്ലാ വർഷവും കോളനിയിൽ നല്ലമ്മപ്പാട്ട് നടത്താറുണ്ട്. എങ്കിലും അനുഷ്ഠാന കലയുടെ ഹൃദയഭൂമിയായ വാൽമുട്ടി കോളനിയിൽ പുതുതലമുറ പാട്ടിന്റെ പുതുവഴിയിലേക്കാണ് ചുവടുവയ്ക്കുന്നത്.
പഠിക്കാൻ റേഡിയോ
അനുഷ്ഠാന കലാരൂപത്തിൽനിന്ന് ആധുനിക സംഗീതത്തിലേക്കുള്ള ഇവരുടെ ചുവടുമാറ്റം റേഡിയോയുടെയും ടെലിവിഷന്റെയും വരവോടെയാണ്. ഒന്നോ രണ്ടോ റേഡിയോ മാത്രമാണ് പ്രദേശത്തുണ്ടായിരുന്നത്. അതിൽ ചലച്ചിത്രഗാനങ്ങൾ കേൾക്കാൻ എല്ലാവരും ഒത്തുചേരുന്നത് സി കൃഷ്ണകുമാർ ഓർക്കുന്നു. ദൂരദർശനിലെ ചിത്രഹാറും മറ്റും കാണാൻ അയലത്തെ വീടുകളിലാണ് പോയിരുന്നത്. ഈ പാട്ടുകൾ നാടിനെ സ്വാധീനിച്ചു. അവർ പുതിയ പാട്ടുകൾ പഠിച്ച് പാടി. പത്താം ക്ലാസ് വരെ വിദ്യാഭ്യാസം ലഭിച്ചവർ അന്ന് കുറവായിരുന്നു. എന്നാൽ, പുതുതലമറ പഠിക്കാൻ തുടങ്ങി. പത്താം ക്ലാസും കഴിഞ്ഞ് കോളേജിൽ പ്രവേശിച്ചു. അവിടെ, കലോത്സവങ്ങളുടെ വിശാല ലോകത്തിന്റെ വാതിൽ തുറന്നു. സംഗീത മത്സരങ്ങളിൽ വാൽമുട്ടിയിലെ പാട്ടുകാർ സമ്മാനങ്ങൾ വാരിക്കൂട്ടി. കേരളോത്സവത്തിലും കുടുംബശ്രീ കലോത്സവങ്ങളിലും സംസ്ഥാനതലത്തിൽ മിന്നും പ്രകടനം കാഴ്ചവച്ചു. പലരും സംഗീത ട്രൂപ്പിൽ ഗായകരാണ്. മോഹനനും സുലതയും ഉണ്ണിക്കൃഷ്ണനും സംഗീതാധ്യാപകരാണ്. നൂറുകണക്കിന് വിദ്യാർഥികൾക്ക് ഇവർ സംഗീതം പകർന്നുനൽകുന്നു. സരിഗയും സജിനിയും ചിറ്റൂർ ഗവ. കോളേജിലെ സംഗീത വിഭാഗം വിദ്യാർഥിനികളാണ്. സംഗീതം പഠിപ്പിക്കുകയും ചെയ്യുന്നു.
പുരസ്കാരങ്ങൾ
കേരള സർക്കാരിന്റെ മൂന്ന് ഫോക്ലോർ അക്കാദമി അവാർഡുകൾ ഈ കോളനിയെ തേടിയെത്തി. 2017ൽ മോഹനൻ, 2019ൽ ദൈവാന, 2022ൽ തത്തമ്മ. സർക്കാരിന്റെ വജ്രജൂബിലി ഫെലോഷിപ് ദീപ കൃഷ്ണകുമാറിനും ലഭിച്ചു. ഈയിടെ പുറത്തിറങ്ങിയ ചാൾസ് എന്റർപ്രൈസസ് എന്ന ചിത്രത്തിലെ ആമുഖഗാനം പാടിയത് മോഹനനാണ്. ജയരാജിന്റെ പുതിയ ചിത്രത്തിൽ രമേഷ് നാരായണന്റെ സംഗീതത്തിൽ ഒരു ഗാനവും പാടി.
കേരളോത്സവത്തിൽ നാടോടിപ്പാട്ട്, സംഘഗാനം, എന്നിവയിലും കുടുംബശ്രീമിഷന്റെ " അരങ്ങ് ’സംസ്ഥാന കലോത്സവത്തിൽ നാടൻപാട്ടിലും ഇവിടുത്തെ ഗായകരുടെ സംഘമാണ് ജേതാക്കളായത്. ഈ പ്രദേശത്തെ ചെറുപ്പക്കാരുടെ സംഘമായ "ലെപ്പേർഡ്സി'ന്റെ മികച്ച പ്രകടനവും ജില്ലാ കേരളോത്സവത്തിലുണ്ടായി. ജനകീയ ഇടപെടലിലൂടെയാണ് ഇവർക്ക് മത്സരങ്ങളിൽ പങ്കെടുക്കാനുള്ള സൗകര്യം ഒരുക്കിയതെന്ന് നഗരസഭാ മുൻ കൗൺസിലർ മണികണ്ഠൻ പറയുന്നു. കഥകളി സംഗീതജ്ഞൻ സദനം സായ്കുമാർ വാൽമുട്ടിക്കാരനാണ്. കഥകളി സംഗീതത്തിൽ ഫെലോഷിപ് നേടിയ സായ്കുമാർ ഇതിനകം നിരവധി വിദേശ രാജ്യങ്ങളിൽ പരിപാടി അവതരിപ്പിച്ചു. ഇപ്പോൾ, തൃപ്പൂണിത്തുറ ആർഎൽവി കോളേജിൽ കഥകളി സംഗീതത്തിൽ ബിരുദാനന്തര ബിരുദം കോഴ്സ് പൂർത്തിയാക്കി പരീക്ഷയ്ക്ക് തയ്യാറായിരിക്കുന്നു.

അതിജീവനം
പനയോലയിൽ കുടയുണ്ടാക്കുന്നവരായിരുന്നു ഇവരുടെ പൂർവികർ. നമ്പൂതിരിമാരും മറ്റും അക്കാലത്ത് ഉപയോഗിച്ചിരുന്നത് പാണ വിഭാഗക്കാർ നെയ്തെടുത്ത ഓലക്കുടയാണ്. ഓലക്കുട നാടുനീങ്ങിയതോടെ ഉപജീവനത്തിന് മറ്റ് വഴി തേടേണ്ടിവന്നു. പലരും കാർഷിക, നിർമാണ മേഖലയിൽ തൊഴിൽ കണ്ടെത്തി. ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ പുതു തലമുറയിൽ സർക്കാർ ജോലിക്കാരും ബാങ്ക് ജീവനക്കാരും ഉണ്ടായി.
ഉപജീവനത്തിനായി തൊഴിലെടുക്കുമ്പോഴും പാട്ടിന്റെ പാരമ്പര്യം ഇവർ കൈവിട്ടില്ല. ക്ഷേത്രത്തിലെ നവരാത്രി ആഘോഷം ഇവർക്ക് സംഗീതോത്സവമാണ്. ക്ഷേത്രമുറ്റത്ത് നാടാകെ ഒത്തുചേരും. ഒമ്പത് നാൾ സംഗീതപ്പെരുമഴ. പല ദിവസങ്ങളിലും പൂജ കഴിഞ്ഞാലും പുലരുവോളം പാട്ട് തുടരും. വയോധികർ മുതൽ കൊച്ചു കുഞ്ഞുങ്ങൾവരെ ഭാഗമാകും. സംഗീതത്തിന്റെ മാസ്മരികത അവർപോലും അറിയാതെ തലമുറകളിലേക്ക് പകരുകയാണ്. ‘ഒരു മഴക്കാലത്ത് നിർമാണ മേഖല പൂർണമായി നിലച്ചതോടെ പണി ഇല്ലാതായി. ജീവിതം വഴിമുട്ടിയപ്പോൾ തുണയായത് സംഗീതമാണ്. കിട്ടുന്ന എല്ലാ സംഗീത പരിപാടിക്കും ഞാനും മകളും പാടി. ഒരു പരിപാടിക്ക് രണ്ടാളും പാടിയാൽ 1000 രൂപ കിട്ടും'- കൃഷ്ണകുമാറിന്റെ വാക്കുകൾ.
‘നല്ലേപ്പിള്ളിയിൽ ഒരു വീട് കെട്ടുന്നതിനിടെ ബോറടി മാറ്റാൻ ഞങ്ങൾ പാടിയ പാട്ട് വീട്ടുടമയ്ക്ക് ഇഷ്ടമായി. പിന്നീട്, അവർ ഇടപെട്ട് ഞങ്ങൾക്ക് സംഗീത പരിപാടി ഏർപ്പാടാക്കിയ സംഭവവും ഉണ്ടായിട്ടുണ്ട്'- കൃഷ്ണകുമാർ പറഞ്ഞു.
ആൽബം, ബാൻഡ്
1990 ൽ തന്നെ രാഗസുധ എന്ന പേരിൽ ഓർക്കസ്ട്ര തുടങ്ങി. വിവിധ പരിപാടികളും അവതരിപ്പിച്ചു. പിന്നീട് ഇത് മേഘമൽഹാർ എന്ന പേര് സ്വീകരിച്ചു. പുതിയ തലമുറ അത് ബാൻഡായി വികസിപ്പിച്ച് ‘തണൽ’ എന്ന പേരും നൽകി.
2009 ൽ ഇവരുടെ കൂട്ടായ്മയിൽ ഒരു സംഗീത ആൽബം പുറത്തിറങ്ങി. പത്ത് പാട്ടുകൾ കോർത്തിണക്കിയ ആൽബത്തിന് വീഡിയോയും ഒരുക്കി. പാട്ടെഴുത്തും ചിട്ടപ്പെടുത്തലും ആലാപനവുമെല്ലാം കോളനിക്കാർ തന്നെ. തന്റെ വരുമാനത്തിന്റെ ഒരു പങ്ക് ഇതിനായി മാറ്റിവച്ച് വിനിയോഗിച്ച മണികണ്ഠനാണ് നിർമാതാവ്. സംഗീത ആൽബങ്ങളുടെ തുടക്ക കാലമായതിനാൽ വേണ്ട പ്രചാരം കിട്ടിയില്ല. സമൂഹമാധ്യമങ്ങളുടെ പിന്തുണ ഉണ്ടായിരുന്നെങ്കിൽ അത് വൈറലാകുമായിരുന്നു എന്ന് പാട്ടെഴുതിയ ഗിരീഷ് ഉറപ്പിച്ചു പറയുന്നു.
പാട്ടുഗ്രാമം
പുരോഗമന കലാസാഹിത്യ സംഘം യൂണിറ്റ് രൂപീകരണ യോഗത്തിനിടെയാണ് പാട്ടുഗ്രാമം എന്ന ആശയം ഉടലെടുത്തത്. അത് ചിറ്റൂർ –-തത്തമംഗലം നഗരസഭ ഏറ്റെടുത്തു. പതിനാറാം വാർഡിൽ ഉൾപ്പെട്ട വാൽമുട്ടി കോളനിയെ 2023 ജൂൺ 13ന് പാട്ടുഗ്രാമമായി പ്രഖ്യാപിച്ചു.
അവശഗായകരുടെ സംരക്ഷണം, വളർന്നു വരുന്ന കലാപ്രതിഭകളെ പ്രോത്സാഹിപ്പിക്കൽ, പ്രസിദ്ധരായ സംഗീതജ്ഞരുടെ പരിപാടികൾ നേരിട്ടു കാണാൻ അവസരമൊരുക്കൽ, സൗജന്യ നിരക്കിൽ സംഗീതപഠന സൗകര്യം ഒരുക്കൽ എന്നിവയെല്ലാം പാട്ടുഗ്രാമ പ്രഖ്യാപനത്തിന്റെ ലക്ഷ്യങ്ങളാണെന്ന് നഗരസഭാ വൈസ് ചെയർമാൻ എം ശിവകുമാർ പറഞ്ഞു. സ്പോൺസർഷിപ്പിലൂടെ ഇവർക്ക് സംഗീതോപകരണങ്ങൾ ലഭ്യമാക്കാൻ മുൻകൈ എടുക്കുമെന്നും അദ്ദേഹത്തിന്റെ വാക്ക്. കോളനിയിലെ ഗായകർക്ക് പരിശീലനത്തിനും പരിപാടികൾ അവതരിപ്പിക്കാനും സ്ഥിരം സംവിധാനം ഒരുക്കുമെന്ന് ചെയർപേഴ്സൺ കെ എൽ കവിതയും ഉറപ്പ് നൽകുന്നു.









0 comments