ad
Deshabhimani

print edition രണ്ടാം കാനായി

unnikanayi.
avatar
പി വി ജീജോ 


Published on Jul 12, 2026, 12:01 AM | 6 min read

ഗലീലിയിലെ കാനായിൽ വിവാഹവിരുന്നിനായി കൽഭരണിയിലെ വെള്ളം വീഞ്ഞാക്കി മാറ്റിയ യേശുക്രിസ്‌തുവിന്റെ ദിവ്യാത്ഭുതകഥ ബൈബിളിലുണ്ട്‌. ഇവിടെ കണ്ണൂരിൽ ഒരു കാനായിക്കാരൻ കല്ലിൽ മറ്റൊരത്ഭുതം സൃഷ്‌ടിക്കുകയാണ്‌. കൂർത്തുമൂർത്ത പരുക്കൻ ശിലാശകലങ്ങളിൽ സുന്ദരവിസ്‌മയ ശിൽപ്പങ്ങളൊരുക്കി കാലത്തെ വിസ്‌മയിപ്പിക്കുന്നു.


കല്ലിൽ രചിച്ച കവിതകൾ, അതൊരു കേവല വാഗ്‌പ്രയോഗമല്ലെന്ന്‌ ഉണ്ണി കാനായിയുടെ ശിൽപ്പങ്ങൾ അനുഭവിപ്പിക്കുന്നു. കല്ലിലും കോൺക്രീറ്റിലും മനംതുടിക്കുന്ന ജീവിതം ത്രസിക്കുന്ന രൂപങ്ങൾ കൊത്തിയെടുക്കുകയാണ്‌ യുവശിൽപ്പി ഉണ്ണി കാനായി. കണ്ണിനെയും കരളിനെയും കുളിർപ്പിക്കുന്നതിനപ്പുറം കാലത്തിന്റെയും ജീവിതത്തിന്റെയും സംസ്‌കാരചരിതങ്ങളാണ്‌ ആ ശിൽപ്പരചനയുടെ ക്യാൻവാസ്‌. മാനത്തോളം തലയുയർത്തി നിൽക്കുന്ന മഹാന്മാരെമുതൽ മണ്ണിൽ പണിയെടുക്കുന്ന സാധാരണ മനുഷ്യരെവരെ കൊത്തിയെടുക്കുന്ന ശിൽപ്പപ്രതിഭ.

വിരലുകൊണ്ട്‌ കല്ലിലും ലോഹത്തിലും കോൺക്രീറ്റിലും രൂപങ്ങൾ സൃഷ്‌ടിച്ച്‌ മലയാളിക്ക്‌ ശിൽപ്പകലയെ പരിചയപ്പെടുത്തിയ മഹാശിൽപ്പി കാനായി കുഞ്ഞിരാമന്റെ നാട്ടിൽനിന്ന്‌ രണ്ടാം കാനായി. മഹദ്‌വ്യക്തികളുടെ രൂപാവിഷ്‌കാരത്തിലോ ദേവരൂപകൽപ്പനയിലോ ഒതുങ്ങുന്നതല്ല ഉണ്ണിയുടെ ശിൽപ്പമണ്ഡലം. സ്വാതന്ത്ര്യസമരവും ശ്രീനാരായണ ഗുരുവിന്റെ ജീവചരിതവും കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനത്തിന്റെ രാഷ്‌ട്രീയപഥങ്ങളും കല്ലുമാല സമരവുമായി ഭൂതത്തിലേക്കും വർത്തമാനത്തിലേക്കും ഉളിയിട്ട്‌ മിനുക്കി ഭാവിയിലേക്ക്‌ ചായംപൂശുന്ന വിശ്വമാനവികതയുടെ സ്രഷ്‌ടാവാണ്‌ ഉണ്ണി .


കാനായി കുഞ്ഞിരാമൻ പിറന്ന കണ്ണൂർ പയ്യന്നൂർ കാനായിഗ്രാമം രണ്ടാമതുമൊരു കാനായിയെ സമ്മാനിച്ച്‌ ശിൽപ്പകലയ്‌ക്ക്‌ പുതിയ വരപ്രസാദമേകിയിരിക്കയാണ്‌. അക്കാദമിക മികവുകളുടെ തൊങ്ങലുകളിലല്ല, കണ്ണീരും സ്വപ്‌നവും ചാലിച്ചെടുത്ത ബാല്യത്തിൽ ഉരുകിച്ചുട്ടെടുത്തതാണ്‌ ഉണ്ണിയുടെ കലാജീവിതം. ഉണ്ണിയുടെ കരചാരുതയിൽ കല്ലും ലോഹങ്ങളും കഥപറയും കവിതചൊല്ലും വർണനടനമാടും. സംസ്‌കാരത്തിന്റെ, രാഷ്‌ട്രീയത്തിന്റെ, ചരിത്രത്തിന്റെ മഹിതമായ ജീവിതകഥ ദേശത്തിന്റെ സിരകളിൽ കലയുടെ സർഗകാന്തി ചാർത്തി കൊത്തിയെടുക്കുകയാണ് ഈ പ്രതിഭ.


പൊലീസ്‌ പറഞ്ഞു, ശിൽപ്പിയായി


കാനായി കുഞ്ഞിരാമനാണ്‌ ഉണ്ണി തന്റെ കലാജീവിതവും സൃഷ്‌ടികളുമെല്ലാം സമർപ്പിക്കുന്നത്‌. എന്നാൽ ഉണ്ണിയെ ശിൽപ്പിയുടെ ജീവിതത്തിലേക്ക്‌ വഴിതിരിച്ചുവിട്ടത്‌ പൊലീസാണ്‌. ആ കഥ ഉണ്ണിതന്നെ പറയാറുണ്ട്‌. പയ്യന്നൂർ പൊലീസ്‌ എസ്‌ഐയായിരുന്ന പി കെ സുധാകരനാണ്‌ ജീവിതത്തെ വഴിമാറ്റിത്തിരിച്ച ആ കാക്കി സഹൃദയൻ. ഇരുപതാണ്ട്‌ മുന്പാണ്‌ ആ സംഭവം. ‘‘അന്ന്‌ മാർബിളിന്റെ പണിയായിരുന്നു. ഒരു ദിവസം ജോലിക്ക്‌ പോകുന്പം വഴിയിൽ പയ്യന്നൂർ ട‍ൗണിൽവച്ച്‌ പൊലീസ്‌ തടഞ്ഞ്‌ പരിശോധിച്ചു. എന്റെ കൈയിൽ വണ്ടിയുടെ ബുക്കും പേപ്പറുമൊന്നുമില്ലായിരുന്നു.

പിഴ അടയ്‌ക്കാൻ പൈസയുമില്ല. പയ്യന്നൂർ സ്‌റ്റേഷനിൽ രേഖകളുമായി ചെന്ന്‌ പിഴ അടയ്‌ക്കണമെന്ന്‌ പറഞ്ഞു. ഏറെ ബേജാറോടെ അടുത്തദിവസം സ്‌റ്റേഷനിലെത്തി. എസ്‌ഐ പി കെ സുധാകരനായിരുന്നു. എന്താണ്‌ പണിയെന്ന്‌ ചോദ്യം. എവിടുന്നോ തോന്നിയ ചിന്തയിൽ ശിൽപ്പിയാണെന്ന്‌ പറഞ്ഞു. സ്‌റ്റേഷന്‌ മുന്നിൽ ഗാന്ധിശിൽപ്പം ചെയ്‌തുതരാമോ, കാശ്‌ തരും എന്നായി സുധാകരൻ സാർ. അന്നേവരെ ഞാൻ പോർട്രെയ്‌റ്റ്‌ ശിൽപ്പം ചെയ്‌തിട്ടില്ല. ശരിക്കും ഉള്ളൊന്നു കാളി. എങ്കിലും ശിൽപ്പം ചെയ്യാമെന്ന്‌ സമ്മതിച്ചു. പണി തുടങ്ങി. ഗാന്ധി ശിൽപ്പം എല്ലാവർക്കും ഇഷ്‌ടായി. സുധാകരൻ സാറിനെന്നെ പിടിച്ചു. പയ്യന്നൂരിനടുത്ത സ്‌റ്റേഷനുകളിൽ, ആലക്കോട്‌, തളിപ്പറന്പ്‌, പൊലീസ്‌ ക്യാന്പുകളിൽ ഒക്കെ പിന്നീട്‌ ഗാന്ധിശിൽപ്പങ്ങൾ ചെയ്‌തു.’’ ആലക്കോട്‌, കാഞ്ഞങ്ങാട്‌, വടകര, തളിപ്പറന്പ്‌ തുടങ്ങി നിരവധി പൊലീസ്‌ സ്‌റ്റേഷനുകൾക്ക്‌ മുന്നിൽ ഉണ്ണിയുടെ ഗാന്ധി തലയുയർത്തി നിൽക്കുന്നുണ്ട്‌.


തുടക്കം എഴുത്തച്ഛനിൽ


മലയാളഭാഷാപിതാവായ തുഞ്ചത്ത്‌ എഴുത്തച്ഛന്റെ ശിൽപ്പം നിർമിച്ചാണ്‌ ഉണ്ണിയുടെ അരങ്ങേറ്റം. ജന്മനാടിനടുത്ത്‌ കടന്നപ്പള്ളി ഹൈസ്‌കൂളിലാണ്‌ ശിൽപ്പം ചെയ്‌തത്‌. ആ ശിൽപ്പം എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റി. ‘‘അതോടെ മാർബിൾ പണിക്കാരനായ എന്നെത്തേടി അന്പലക്കാരും ഉത്സവക്കമ്മിറ്റിക്കാരും എത്താൻ തുടങ്ങി. ക്ഷേത്രകവാടം, ഭണ്ഡാരങ്ങൾ, വീടുകൾക്ക്‌ കമാനങ്ങൾ... ജോലിക്കും തിരക്കേറി.’’

ഗാന്ധിയും ഗുരുവും


സ്‌കൂൾമുതൽ തെരുവിലും പൊലീസ്‌സ്‌റ്റേഷനിലുമായി നൂറിലധികം ഗാന്ധിശിൽപ്പങ്ങൾ. രാജ്യത്തുതന്നെ ഇത്രയധികം ഗാന്ധിശിൽപ്പങ്ങൾ നിർമിക്കാൻ ഭാഗ്യം ലഭിച്ച മറ്റൊരു ശിൽപ്പി സംശയമാണ്‌. ഗാന്ധിയിൽ ഹൃദയത്തോട്‌ ചേർന്നുനിൽക്കുന്നത്‌ പയ്യന്നൂരിലെ ആനന്ദാശ്രമത്തിനായി ചെയ്‌ത ശിൽപ്പമാണ്‌. ഗാന്ധിജി വന്ന്‌ മാവ്‌ നട്ട ആനന്ദാശ്രമത്തിൽ ആ മഹാന്റെ ചിതാഭസ്‌മം സൂക്ഷിക്കുന്നുവെന്ന സവിശേഷതയുമുണ്ട്‌. ഗാന്ധി നട്ട മാവിന്റെ ചുവട്ടിലാണ്‌ ഉണ്ണിയുടെ ശാന്തിസ്വരൂപനായ രാഷ്‌ട്രപിതാവിന്റെ ശിൽപ്പം. നാട്ടുകാരിൽനിന്ന്‌ ജനകീയമായി വെങ്കലം സമാഹരിച്ച്‌ സൃഷ്‌ടിച്ച ഗാന്ധിയെന്ന സവിശേഷതയുമുണ്ട്‌ ഇതിന്‌. അത്തരമൊരു ജനകീയ ശിൽപ്പനിർമിതി എവിടെയും ഉണ്ടായിട്ടുണ്ടാകില്ല. അവിടെ ആനന്ദതീർഥന്റെ ശിൽപ്പവും നിർമിച്ചു. കാസർകോട്‌ കലക്ടറേറ്റിൽ കേരളത്തിലെ ഏറ്റവും വലിയ ഗാന്ധി ശിൽപ്പം നിർമിച്ചതും ഉണ്ണിയാണ്‌. സാംസ്‌കാരിക വകുപ്പിനായി കോട്ടയം കുറവിലങ്ങാട്ടടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി വ്യത്യസ്‌തമായ നൂറോളം ഗാന്ധിശിൽപ്പങ്ങൾ തീർത്തു.


ലീഡറും കോടിയേരിയും


കോൺഗ്രസ്‌ നേതാവും മുൻ മുഖ്യമന്ത്രിയുമായ കെ കരുണാകരന്റെ ശിൽപ്പം ‘ലീഡർ’ നിർമിച്ചത്‌ തൃശൂർ കോർപറേഷന് വേണ്ടിയാണ്‌. ഏഴടി ഉയരമുള്ള പൂർണകായപ്രതിമ. മകൻ കെ മുരളീധരനും മകൾ പത്മജ വേണുഗോപാലും കല്ലിൽകൊത്തിയ ലീഡറെക്കണ്ട്‌ വികാരഭരിതരായത്‌ വല്ലാത്ത മുഹൂർത്തമായി ഉണ്ണി ഓർക്കുന്നു.


സിപിഐ എം നേതാവ്‌ കോടിയേരി ബാലകൃഷ്‌ണന്റെ ശിൽപ്പനിർമിതിയാണ്‌ മറക്കാനാകാത്ത വൈകാരികാനുഭവം. ഉണ്ണിയുടെ ഹൃദയം കവർന്ന പ്രിയനേതാവായിരുന്നു കോടിയേരി. അദ്ദേഹത്തിന്റെ മൃതദേഹം കോടിയേരിയിലെ വീട്ടിൽ കൊണ്ടുവന്ന അന്ന്‌ രാത്രി പ്ലാസ്‌റ്റർ ഓഫ്‌ പാരീസിൽ കൈയും കാലും മോൾഡ്‌ എടുത്തു. അത്‌ മറക്കാനാകില്ല. മരണത്തിന്റെ സങ്കടത്തിരത്തള്ളലിനിടയിലാണ്‌ ആ രൂപം പുനരാവിഷ്‌കരിക്കാനായുള്ള ശ്രമം. അതിവേഗത്തിൽ പൂർത്തിയാക്കിയ കോടിയേരിയുടെ ശിൽപ്പം ഇപ്പോൾ കോടിയേരി ബാലകൃഷ്‌ണൻ മ്യൂസിയത്തിന്‌ ജീവൻപകർന്ന്‌ സ്ഥാപിച്ചിട്ടുണ്ട്‌. പയ്യാന്പലത്ത്‌ കോടിയേരിയുടെ സ്‌മൃതികുടീരം മാർബിൾകഷ്‌ണങ്ങൾചേർത്ത്‌ നിർമിച്ചതും അതിമനോഹരമായ രൂപകൽപ്പനയാണ്‌. വിശ്വവിപ്ലവകാരി ചെ ഗുവേരയുടെ ശിൽപ്പം മകൾ അലൈഡ ഗുവേരയ്‌ക്ക്‌ സമ്മാനിച്ചതും മറക്കാനാകാത്ത ഏടാണ്‌. ചെ ഗുവേരയ്‌ക്കൊപ്പം തെയ്യപ്പെരുമയായ കതിവനൂർ വീരന്റെ ശിൽപ്പം കണ്ണൂരിലെ പരിപാടിയിൽ അലൈഡയ്‌ക്ക്‌ കൈമാറിയതും മനസ്സിന്റെ ചെപ്പിൽ ഇന്നും മങ്ങാതെ മായാതെ തിളങ്ങിനിൽക്കുന്നു.


ചരിത്രവും ചരിത്രനായകരും


ഗുരുവായൂർ അന്പലത്തിൽ മഞ്ജുളാലിലെ ഗരുഡൻ ശിൽപ്പം നിർമിച്ചത്‌ ഇ‍ൗയടുത്താണ്‌. സിമന്റ്‌ ശിൽപ്പത്തിന്‌ പകരമായിരുന്നു വെങ്കലത്തിൽ ചിറകുവിരിച്ച ഗരുഡനെ പുനഃസൃഷ്‌ടിച്ചത്‌. എട്ടടി നീളവും പതിനാറടി വീതിയും അയ്യായിരം കിലോ ഭാരവുമുള്ള ഗരുഡൻ. എന്നാൽ ഗുരുവായൂരിൽ ഇതിലുമേറെ പ്രാധാന്യമുള്ളൊരു ശിൽപ്പം തീർക്കാൻ സാധിച്ചത്‌ അഭിമാനകരമായി കാണുന്നു. അത്‌ കമ്യൂണിസ്‌റ്റ്‌ നേതാവ്‌ പി കൃഷ്‌ണപിള്ളയുടേതാണ്‌. ഗുരുവായൂർ അന്പലത്തിൽ കൃഷ്‌ണപിള്ള മണിയടിക്കുന്ന രംഗം ക്ഷേത്രപ്രവേശനസമരമടക്കം വലിയൊരു ചരിത്രസ്‌മൃതിയിലേക്ക്‌ കണ്ണുപായിക്കുന്നതാണ്‌. നവോത്ഥാന ചരിത്രത്തിലെ ഉജ്വലമായ കല്ലുമാല സമരശിൽപ്പമാണ്‌ മറ്റൊന്ന്‌. ജാതിയില്ലാ വിളംബരത്തിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത്‌ കനകക്കുന്നിനും വെള്ളയന്പലത്തിനും ഇടയിലായി ശ്രീനാരായണ ഗുരുവിന്റെ ശിൽപ്പവും നിർമിച്ചു. ഒപ്പം നിർമിച്ച ഗുരുജീവിതം വിവരിക്കുന്ന ചുവർശിൽപ്പങ്ങളും ആസ്വാദകശ്രദ്ധയ്‌ക്കും ചരിത്രാന്വേഷികളുടെ ചർച്ചയ്‌ക്കും പാത്രമായിരുന്നു.


​സിപിഐ എം സമ്മേളനങ്ങൾ, പാർടി കോൺഗ്രസ്‌ എന്നിവയ്‌ക്കെല്ലാമായി ജനകീയ നായകരെയും വിപ്ലവപ്രസ്ഥാന ചരിതവും പലതലങ്ങളിൽ ചിത്രീകരിച്ചിട്ടുണ്ട്‌. കമ്യൂണിസ്റ്റ്‌ പാർടി രൂപീകൃതമായ പിണറായി പാറപ്രം സമ്മേളനം ശിലയിൽ പകർത്താനായി. 1939ൽ അവിടെ ഒത്തുചേർന്ന നേതാക്കളെയെല്ലാം കല്ലിലാലേഖനം ചെയ്‌തു. കമ്യൂണിറ്റ്‌ നായകരായ എ കെ ജി, ഇ എം എസ്‌, സി എച്ച്‌ കണാരൻ, ഇ കെ നായനാർ എന്നിവരുടെ ശിൽപ്പവും നിർമിച്ചു.

തിരുവനന്തപുരം കോർപറേഷനായി ഒരുക്കിയ എ കെ ജിയുടെ പൂർണകായ പ്രതിമ ആത്മസംതൃപ്‌തിയും അംഗീകാരവും നൽകിയതാണ്‌. ഇ എം എസിന്റെ ശിൽപ്പം ഒടുവിലായി നിർമിച്ചത്‌ സിപിഐ എം മലപ്പുറം ജില്ലാകമ്മിറ്റി ഓഫീസിലാണ്‌. മുൻ മുഖ്യമന്ത്രി സി അച്യുതമേനോൻ, വിക്രംസാരാഭായ്‌, എ പി ജെ അബ്ദുൾകലാം, ഡോ. വർഗീസ്‌ കുര്യൻ, ഫാ. സുക്കോൾ, സ്വാമി ആനന്ദതീർഥൻ എന്നിവർക്കൊപ്പം വിശ്വമഹാകവി ടാഗോറിന്റെയും വൈക്കം മുഹമ്മദ്‌ ബഷീറിന്റെയും എസ്‌ പി ബാലസുബ്രഹ്മണ്യത്തിന്റെയും ശിൽപ്പമൊരുക്കി. മലയാളത്തിന്റെ മഹാപ്രതിഭ എം ടി വാസുദേവൻ നായരുടെ ശിൽപ്പനിർമിതിക്കുള്ള തയ്യാറെടുപ്പിലാണ്‌. തളിപ്പറന്പ്‌ രാജരാജേശ്വരി ക്ഷേത്രത്തിലെ നാലുവർഷമെടുത്ത്‌ നിർമിച്ച ശിവന്റെ വെങ്കലപ്രതിമയുൾപ്പെടെ നിരവധി ആരാധനാലയങ്ങൾക്കും ഉണ്ണിയുടെ സർഗചാരുത അലങ്കാരമേകുന്നുണ്ട്‌.


വണ്ണാത്തിപ്പുഴയോരത്ത്‌


വണ്ണാത്തിപ്പുഴയുടെ കളകളാരവം കേട്ടുണരുന്ന കാനായി ഗ്രാമത്തിലെ യുവശിൽപ്പിക്ക്‌ കലാജീവിതത്തിന്‌ പുഴയോട്‌ കടപ്പാടുണ്ട്‌. കടന്നപ്പള്ളി ഹൈസ്‌കൂളിൽ പഠിക്കുന്പോഴേ ചിത്രംവരച്ചിരുന്നു ഉണ്ണി. കൈതപ്രത്തെ ദാമോദരൻ മാഷാണ്‌ ആദ്യ ചിത്രകലാധ്യാപകൻ. അന്ന്‌ കുളിക്കുന്പോൾ വണ്ണാത്തിപ്പുഴയിലെ മണ്ണെടുത്ത്‌ പല രൂപങ്ങളുണ്ടാക്കും. കറുത്തമണ്ണിലെ രൂപങ്ങൾ പുഴയിൽത്തന്നെ ലയിക്കും. വീട്ടിലെ സാഹചര്യംമൂലം പത്താംക്ലാസ്‌ കഴിഞ്ഞതോടെ പഠനവും വരയുമൊന്നുമില്ല. പെയിന്റിങ്‌ പണിക്ക്‌ സഹായിയായി പോകും. അക്കാളത്ത്‌ ബാബുവേട്ടന്റെ കൂടെ ചമയങ്ങളുണ്ടാക്കാൻ പോയി. പിന്നീട്‌ മാർബിൾ പണിക്ക്‌ ശ്രീധരൻ കാരയുടെ കൂടെക്കൂടി. ഏഴുവർഷത്തോളം ശ്രീധരന്റെകൂടെ ചെയ്‌ത പണിയാണ്‌ തന്റെ ഫൈൻ ആർട്‌സ്‌ കോളേജെന്ന്‌ ഉണ്ണി പറയും. ശ്രീധരൻ പ്രശസ്‌തശിൽപ്പി കുഞ്ഞിമംഗലം നാരായണൻ മാഷുടെ ശിഷ്യനായിരുന്നു. രണ്ടായിരത്തിന്റെ തുടക്കമാണ്‌.

ആ സമയത്ത്‌ വീടിന്റെ ചാരുപടി കലാപരമായി ചെയ്യുന്നത്‌ ട്രൻഡായിരുന്നു. അന്നത്‌ ചെയ്യാൻ കളിമണ്ണിലും പ്ലാസ്‌റ്റർ ഓഫ്‌ പാരീസിലും മോൾഡുണ്ടാക്കി ഉണ്ണി തരംഗമുണ്ടാക്കി. ആ സമയത്താണ്‌ കടന്നപ്പള്ളി ഹൈസ്‌കൂൾ രജതജൂബിലി. അന്നാണ്‌ എഴുത്തച്ഛന്റെ പ്രതിമ നിർമിച്ചത്‌. വണ്ണാത്തിപ്പുഴയിലെ മണ്ണെടുത്ത്‌ ചെറുമാതൃകയുണ്ടാക്കി. ആദ്യമായി മണ്ണിൽ മെനഞ്ഞെടുത്ത എഴുത്തച്ഛന്റെ ആ രൂപം സ്വർഗീയസർഗാനുഭൂതിയോടെ ഉണ്ണി വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട്‌. ​കേരള ലളിതകലാ അക്കാദമി നിർവാഹകസമിതി അംഗമായിരുന്ന ഉണ്ണി വണ്ണാത്തിപ്പുഴയോരത്ത്‌ നവോത്ഥാന ശിൽപ്പ പാർക്കിനും തുടക്കം കുറിച്ചിട്ടുണ്ട്‌. ശ്രീനാരായണ ഗുരുവിന്റെ കണ്ണാടിപ്രതിഷ്‌ഠ, ആറാട്ടുപുഴ വേലായുധപ്പണിക്കർ, അയ്യൻകാളി, മാറുമറയ്‌ക്കൽ സമരം, വി ടിയുടെ അടുക്കളയിൽനിന്ന്‌ അരങ്ങത്തേക്ക്‌, പയ്യന്നൂർ ഉപ്പുസത്യഗ്രഹം തുടങ്ങിയ മുഹൂർത്തങ്ങൾ പന്ത്രണ്ടോളം കലാകാരന്മാരുടെകൂടി മുൻകൈയിലാണ്‌ ഒരുങ്ങിയത്.


ഒരേ ഒരു ഗുരു


ഗാന്ധിയെപ്പോലെ ഉണ്ണിയുടെ സൃഷ്‌ടിയിൽ പ്രധാനമാണ്‌ ശ്രീനാരായണ ഗുരു. കൊല്ലം ശ്രീനാരായണ ഗുരുസമുച്ചയത്തിൽ കേരളത്തിൽ ഏറ്റവും വലിയ ഗുരുശിൽപ്പം എട്ടടിയിൽ നിർമിക്കാനായി. തിരുവനന്തപുരത്ത്‌ മ്യൂസിയത്തിന്‌ എതിർഭാഗത്ത്‌ ഇരുപത്‌ സെന്റ്‌ സ്ഥലത്ത്‌ ഗുരുജീവചരിത്രം ചുവർശിൽപ്പം ചെയ്‌തു. നരബലിക്കെതിരെ, ശൈശവവിവാഹം തടയുന്നത്‌, മിശ്രവിവാഹം, ടാഗോർ–ഗുരു കൂടിക്കാഴ്‌ച, ചട്ടന്പിസ്വാമികൾ, ഗാന്ധിയുമായുള്ള സംവാദം, കണ്ണാടിപ്രതിഷ്‌ഠ തുടങ്ങി 26 ചുവരിൽ കൊത്തിയ ചിത്രനിർമിതിയിലൂടെ കേരളീയ നവോത്ഥാനത്തിന്റെ മഹത്തായ ചരിത്രസ്‌മൃതിയാണ്‌ ഉണ്ണി ആലേഖനം ചെയ്‌തത്‌. ഇതിനൊപ്പം മനോഹരമായി വലിയ കണ്ണാടിപ്രതിഷ്‌ഠ പ്ലാസ്‌റ്റർ ഓഫ്‌ പാരീസിലും ഒരുക്കി.

വെള്ളോറ ടാഗോർ സ്‌കൂളിലെ ടാഗോർ ശിൽപ്പം, കതിരൂരിൽ സി എച്ച്‌ കണാരന്റെ ഏഴടി പൊക്കമുള്ള ശിൽപ്പം, കണ്ണൂർ സിപിഐ എം പാർടി ഓഫീസിലെ അഴീക്കോടൻ രാഘവൻ, തിരുവനന്തപുരം പട്ടത്ത്‌ എ കെ ജി, എ വി കുഞ്ഞന്പു, സി കണ്ണൻ തുടങ്ങി അനശ്വരരായ നേതാക്കളും ഉണ്ണിയുടെ കരത്തിലൂടെ കാലത്തെ അഭിവാദനംചെയ്‌ത്‌ നിൽക്കുന്നുണ്ട്‌. തൃശൂർ പടിഞ്ഞാറേക്കോട്ടയിൽ ലീഡർ കെ കരുണാകരന്റെ ശിൽപ്പം, മന്നത്ത്‌ പത്മനാഭൻ, ആർ ബാലകൃഷ്‌ണപിള്ള എന്നിവർക്കൊപ്പം മഹാശിൽപ്പി കാനായി കുഞ്ഞിരാമന്റെ ശിൽപ്പവും ഉണ്ണി നിർമിച്ചു.

​പതിനൊന്നരയടി ഉയരത്തിലാണ്‌ മലപ്പുറം സിപിഐ എം ഓഫീസിലെ ഇ എം എസ്‌ പ്രതിമ. തിരുവനന്തപുരത്ത്‌ സി വി രാമൻപിള്ള പ്രതിമ സെൻട്രൽ ലൈബ്രറിക്ക്‌ മുന്നിലാണ്‌. കോഴിക്കോട്‌ മെഡിക്കൽ കോളേജിൽ ആദ്യ ആരോഗ്യമന്ത്രി ഡോ. എ ആർ മേനോന്റെ ശിൽപ്പവും ഒരുക്കി.


കൂത്തുപറന്പിൽ


കെ കെ രാജീവനും ഷിബുലാലും റോഷനും മധുവും ബാബുവും രക്തനക്ഷത്രങ്ങളായി ജ്വലിച്ചുനിൽക്കുന്ന കൂത്തുപറന്പ്‌ രക്തസാക്ഷി സ്‌തൂപം, കുന്നരുവിൽ ധനരാജ്‌, രാമന്തളിയിൽ ഒ കെ കുഞ്ഞിക്കണ്ണൻ, തളിപ്പറന്പിൽ ധീരജ്‌, ഇടുക്കി വട്ടവടയിൽ അഭിമന്യു ഇങ്ങനെ നാടിനായി ജീവരക്തമേകിയ രക്തസാക്ഷികളുടെ കുടീരം നിർമിച്ച്‌ ജനകീയ രാഷ്‌ട്രീയ ചരിത്രനിർമിതിയിൽ അഭിമാനത്തോടെ പങ്കാളിയായി. മുനയൻകുന്ന്‌, പാടിക്കുന്ന്‌ രക്തസാക്ഷിസ്‌തൂപം, കോറോം രക്തസാക്ഷിസ്‌മാരകം എന്നിവയിലും ഉണ്ണിയുടെ കൈയൊപ്പുണ്ട്‌. കണ്ണൂർ പയ്യാന്പലത്ത്‌ കോടിയേരി ബാലകൃഷ്‌ണന്റെ സ്‌മൃതികുടീരം ടൈൽസ്‌ പീസ്‌ വച്ച്‌ നിറംമങ്ങാത്തവിധംചെയ്‌തു.


രചനയ്‌ക്ക്‌ പുതുമാധ്യമം


വെങ്കലശിൽപ്പം ചെയ്യാൻ ഒരുവർഷംവേണം. മണ്ണാകുന്പോൾ ഉണങ്ങാൻ സമയമേറെവേണം. മണ്ണില്ലാതെ ശിൽപ്പം ചെയ്യാവുന്ന രീതി ഉണ്ണി ആവിഷ്‌കരിച്ചിട്ടുണ്ട്‌. ഫൈബർ നാരുപയോഗിച്ച്‌ വെങ്കലത്തിൽ വേഗത്തിൽ ചെയ്യാനുള്ള സാങ്കേതികവിദ്യ സ്വായത്തമാക്കിയിട്ടുണ്ട്‌. കാൾ മാർക്‌സ്‌, എ കെ ജി എന്നിവരുടെ വലിയ കോൺക്രീറ്റ്‌ ശിൽപ്പങ്ങൾ കണ്ണൂരിൽ ചെയ്യണമെന്നതാണ്‌ ഉണ്ണിയുടെ വലിയ ആഗ്രഹം. കമ്യൂണിസ്‌റ്റ്‌ പാർടി ചരിത്രം കോൺക്രീറ്റ്‌ ശിൽപ്പങ്ങളാക്കി ഭാവിതലമുറയ്‌ക്കായി നിലനിർത്തണമെന്ന മോഹവുമുണ്ട്‌. ജലാശയത്തിൽ പൊങ്ങിനിൽക്കുന്ന വലിയ ശിൽപ്പം ചെയ്യാനും ആഗ്രഹമുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home