ഐഷി ഘോഷ്... ഭയമെന്നല്ല എന്റെ പേര്

എം പ്രശാന്ത്
Published on Aug 02, 2026, 12:01 AM | 5 min read
രാജ്യത്തിന്റെ ശബ്‌ദം മുഴങ്ങുന്നത് യുവജനതയുടെ കണ്‌ഠങ്ങളിലൂടെയാണ്. അത് കാലദേശാതിവർത്തിയാണ്. ഇന്നലെകളിൽനിന്ന് അവർ ഉൗർജമുൾക്കൊണ്ട് നാളെയുടെ വഴിത്താരകളിൽ തണലുപണിയുന്നു. കഴിഞ്ഞദിവസം ഡൽഹി ജന്തർ മന്തറിൽനിന്ന് ഉണർന്നത് ഇന്ത്യയുടെ എതിർസ്വരം. ആയിരക്കണക്കിന് യുവജനങ്ങൾ കോർത്തണച്ച കരങ്ങളാൽ, ഇടറാത്ത മുദ്രാസ്വരങ്ങളാൽ കൊത്തളങ്ങളെ വിറപ്പിച്ചു. വേട്ടക്കാരുടെ ഉളിമൂർച്ചയുള്ള ആക്ഷേപങ്ങൾക്ക് അവർ ചൂണ്ടുവിരലുകൾകൊണ്ട് മറുപടി നൽകി. ആ പോരാട്ടത്തിന്റെ മുൻനിരയിൽ നിന്നാണ് ഐഷി ഘോഷ് സംസാരിക്കുന്നത്. സംഘടനാപ്രവർത്തനത്തിന്റെ തിരക്കുകൾക്കൊപ്പം ഗവേഷണവും മുന്നോട്ട് കൊണ്ടുപോകുന്ന എസ്‌എഫ്‌ഐ ജോയിന്റ് സെക്രട്ടറികൂടിയായ ഐഷി ഘോഷ് വൈകാതെ പ്രബന്ധം സമർപ്പിക്കാനുള്ള ഒരുക്കത്തിലാണ്. സംഘപരിവാർ വേട്ടയെ ഭയപ്പെടുന്നുണ്ടോയെന്ന ചോദ്യത്തിന്, ആര് ഭയക്കാനെന്നായിരുന്നു ചിരിയോടെയുള്ള മറുപടി.

2020 ജനുവരി അഞ്ച്
ഡൽഹി ജെഎൻയു ക്യാമ്പസിലെ സബർമതി ധാബയ്‌ക്കുമുന്നിൽ രാത്രി ഏഴോടെ ഒരുസംഘം വിദ്യാർഥികളും അധ്യാപകരും ഒത്തുചേർന്നു. ഫീസ് വർധനയ്‌ക്കെതിരായി രണ്ടുമാസത്തിലേറെയായി വിദ്യാർഥികൾ പ്രതിഷേധത്തിലാണ്. വിദ്യാർഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷാണ് നേതൃത്വം. സമരത്തെ അട്ടിമറിക്കാൻ എബിവിപി സംഘർഷത്തിന് ശ്രമിക്കുന്നു. ആയുധങ്ങളുമായി ഒരുസംഘം ക്യാമ്പസിലേക്ക് അതിക്രമിച്ചുകയറിയതായി വിവരം ലഭിച്ചു. അധ്യാപകരെയും പെൺകുട്ടികളെയും സംരക്ഷിക്കാനായി ഐഷിയും കൂട്ടരും ഇടപെട്ടു. അപ്പോഴേക്കും അക്രമിക്കൂട്ടമെത്തി. ഐഷിയെ പത്തോളം അക്രമികൾ വളഞ്ഞു. ഇരുമ്പുദണ്ഡുകൊണ്ട് തലയ്‌ക്കടിച്ചുവീഴ്‌ത്തി. ക്രൂരമായി തല്ലിച്ചതച്ചു. മണിക്കൂറുകളോളം അവരുടെ താണ്ഡവം നീണ്ടു. നിരവധി വിദ്യാർഥികൾക്കും അധ്യാപകർക്കും പരിക്കേറ്റു. ഐഷിയെ വേഗത്തിൽ ആശുപത്രിയിലേക്ക് മാറ്റി. തലയ്‌ക്കേറ്റ മുറിവിന് 32 തുന്നലുകൾ. കൈയിൽ പ്ലാസ്റ്ററിട്ടു. ഐഷിയെ ഇല്ലാതാക്കുകയായിരുന്നു സംഘപരിവാർ ലക്ഷ്യം. എന്നാൽ, അതൊന്നും കൂസാതെ ദിവസങ്ങൾക്കുള്ളിൽ ഐഷി തിരിച്ചെത്തി സമരനേതൃത്വം ഏറ്റെടുത്തു.

വർഷങ്ങൾക്കിപ്പുറം, മോദിസർക്കാരിനെ മുട്ടുകുത്തിച്ച ജന്തർ മന്തർ സമരത്തിന്റെ മുൻനിരയിലും ഐഷിയുണ്ടായിരുന്നു. കോക്രോച്ച് ജനതാ പാർടി പ്രവർത്തകർക്കും മറ്റ് ഇടതുപക്ഷ വിദ്യാർഥിസംഘടനാ നേതാക്കൾക്കുമൊപ്പം പ്രക്ഷോഭത്തിന് ആശയപരമായ നേതൃത്വമേകി സമരവേദിയിൽ ആദ്യാവസാനം നിലയുറപ്പിച്ചു. നിരാഹാരസമരത്തിലായിരുന്ന സോനം വാങ്‌ചുക്കിനെ ഡൽഹി പൊലീസ് ബലമായി നീക്കിയശേഷം സിജെപി സ്ഥാപകൻ അഭിജീത് ദീപ്‌കെയ്‌ക്കൊപ്പം നിരാഹാരവുമിരുന്നു.
വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയോടെ ഐഷിയെ തേടി ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഡൽഹി പൊലീസെത്തി. 2021ൽ ബംഗ ഭവനിലേക്ക് നടത്തിയ പ്രതിഷേധത്തിൽ പങ്കെടുത്തതിന്റെ പേരിലുള്ള കേസിൽ അറസ്റ്റ് ചെയ്യാനായിരുന്നു നീക്കം. യൂണി-ഫോമിലല്ലാതെ എത്തിയ പൊലീസ്, സിപിഐ എം ആസ്ഥാനം എ കെ ജി ഭവനിലേക്ക് ഇരച്ചുകയറി ഐഷിയെ ബലമായി കൊണ്ടുപോകാനാണ് ശ്രമിച്ചത്. എന്നാൽ, സിപിഐ എം രാജ്യസഭാ നേതാവ് ജോൺ ബ്രിട്ടാസിന്റെയും മറ്റു പ്രവർത്തകരുടെയും സമയോചിതമായ ഇടപെടലിനെ തുടർന്ന് പൊലീസിന് പിൻവാങ്ങേണ്ടിവന്നു. ജന്തർ മന്തർ പ്രക്ഷോഭത്തിൽ എസ്‌എഫ്‌ഐ വഹിച്ച പങ്ക് സംഘപരിവാറിനെ എത്രമാത്രം അസ്വസ്ഥമാക്കുന്നുവെന്നതിന് തെളിവാണ് അറസ്റ്റുനീക്കം. എന്നാൽ, ബംഗ ഭവൻ മാർച്ചിന്റെ പേരിലുള്ള അറസ്റ്റ് വാറന്റ് കോടതി റദ്ദാക്കിയതോടെ നീക്കം പൂർണമായും പാളി.

കുട്ടിക്കാലത്തേ രൂപപ്പെട്ട ഇടതുപക്ഷ ബോധ്യം
ബംഗാളിലെ ദുർഗാപുരാണ് ഐഷിയുടെ സ്വദേശം. കുട്ടിക്കാലംമുതൽ ഇടതുപക്ഷരാഷ്ട്രീയം കണ്ടാണ് വളർന്നത്. അച്ഛൻ ട്രേഡ് യൂണിയൻ പ്രവർത്തകനും ഇടതുപക്ഷ ചിന്താഗതിക്കാരനുമായിരുന്നു. വീട്ടിൽ രാഷ്ട്രീയചർച്ചകളും സംവാദങ്ങളും പതിവ്. സർക്കാരിന്റെ ഭരണനയങ്ങളുംമറ്റും ദൈനംദിനജീവിതത്തെ ഏതെല്ലാംവിധം ബാധിക്കുന്നുവെന്നും വിലയിരുത്തപ്പെട്ടു. ട്രേഡ് യൂണിയനുകൾ ദുർഗാപുരിൽ സജീവമായിരുന്നു. അവരുടെ പ്രവർത്തനങ്ങളുംമറ്റും കണ്ടും അനുഭവിച്ചുമാണ് ഇടതുപക്ഷത്തേക്കും എസ്‌എഫ്‌ഐയിലേക്കുമുള്ള വരവ്.
സമരപ്രക്ഷോഭങ്ങളുടെ ഡൽഹിക്കാലം
ബിരുദപഠനത്തിനായാണ് ഐഷി ഡൽഹിയിലെത്തുന്നത്. ദൗലത്‌റാം കോളേജിലാണ് പ്രവേശനം കിട്ടിയത്. വിദ്യാർഥികൾ സംഘടിക്കേണ്ടതിന്റെ അനിവാര്യത കോളേജിലെ അരാഷ്ട്രീയസാഹചര്യം ഐഷിയെ കൂടുതൽ ബോധ്യപ്പെടുത്തി. ഡൽഹി സർവകലാശാല വിദ്യാർഥി യൂണിയനിൽ ദൗലത്‌റാം കോളേജ് അഫിലിയേറ്റ് ചെയ്‌തിരുന്നില്ല. അതുകൊണ്ട് വിദ്യാർഥിസംഘടനകളുമുണ്ടായിരുന്നില്ല. കോളേജിന്റെ മേൽക്കൂര ഒരുദിവസം നിലംപൊത്തുന്ന സ്ഥിതിയുണ്ടായി. വലിയ പ്രതിഷേധം വിദ്യാർഥികൾക്കിടയിൽ രൂപപ്പെട്ടു. ഐഷിയടക്കം സംഘടിച്ച് അധികൃതർക്കുമുന്നിൽ വിഷയം ഉന്നയിച്ചു. അതോടെ പ്രശ്‌നക്കാരായ ഇടതുപക്ഷക്കാരെന്ന് ഐഷിയെയും കൂട്ടരെയും മുദ്രകുത്തി.

വിദ്യാർഥി യൂണിയന്റെ അനിവാര്യത തിരിച്ചറിഞ്ഞത് ദൗലത്‌റാമിലെ പഠനഘട്ടത്തിലാണ്. ഫീസ്, പാഠ്യപദ്ധതി, താമസസൗകര്യം തുടങ്ങി രാഷ്ട്രീയവുമായി ബന്ധമില്ലെന്ന് തോന്നുന്ന കാര്യങ്ങൾപോലും യഥാർഥത്തിൽ രാഷ്ട്രീയപരമാണെന്ന് ബോധ്യപ്പെട്ടു. പഠനത്തിനായി എത്ര ഫീസ് മുടക്കണമെന്നത് അരാഷ്ട്രീയമായ തീരുമാനമല്ല; അത് സർക്കാരിന്റെ നയനിലപാടുകളെ അടിസ്ഥാനമാക്കിയുള്ളതാണ്. മുതലാളിത്തസമൂഹത്തിൽ വിദ്യാഭ്യാസവും കച്ചവട ഉൽപ്പന്നമായി മാറുന്നു. സ്വകാര്യ കോളേജുകളിൽ വിദ്യാർഥികളെ പൂർണമായും ഉപഭോക്താക്കളായാണ് കാണുന്നത്. പൊതുവിദ്യാഭ്യാസത്തിൽനിന്ന് സർക്കാരുകൾ പിന്തിരിയുമ്പോൾ വിദ്യാഭ്യാസക്കച്ചവടത്തിനുകൂടിയാണ് കൂട്ടുനിൽക്കുന്നത്.
ദൗലത്‌റാമിൽ പഠിക്കുമ്പോൾ വാർഷികഫീസ് 5000 രൂപയിൽനിന്ന് 16,000 രൂപയായി വർധിക്കുന്ന സാഹചര്യമുണ്ടായി. പിജി കോഴ്‌സുകളുടെ ഫീസ് 30,000 രൂപയായി കൂട്ടി. അന്യായ ഫീസ് വർധനയ്‌ക്കെതിരെ പ്രതിഷേധിക്കാൻ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥി യൂണിയനുണ്ടായില്ല. യൂണിയനെ നയിച്ച വലത് വിദ്യാർഥിസംഘടനകളും മുഖംതിരിച്ചു. പ്രതിഷേധിച്ച വിദ്യാർഥികളെയും സംഘടനകളെയും അപകടകാരികളായി മുദ്രകുത്തി. ബിരുദാനന്തര പഠനത്തിനായി ജെഎൻയുവിൽ പ്രവേശനം നേടി. രണ്ട് സർവകലാശാലകളിലെയും സംഘടനാപ്രവർത്തനത്തിന്റെ രാഷ്ട്രീയവ്യത്യാസം ഐഷി വിശദീകരിച്ചു. ഡൽഹി സർവകലാശാലയിൽ എൻഎസ്‌യുഐ, എബിവിപി എന്നീ വലത് വിദ്യാർഥിസംഘടനകൾക്കാണ് സ്വാധീനവും ആധിപത്യവും. യൂണിയൻ തെരഞ്ഞെടുപ്പുപ്രചാരണ ഘട്ടത്തിൽമാത്രമാണ് വിദ്യാർഥികൾക്ക് പ്രതിനിധികളെ കാണാനാവുക. വോട്ടിനായി ചോക്ലേറ്റും പിസയും ബർഗറുമൊക്കെ വാങ്ങിനൽകുകയായിരുന്നു എൻഎസ്‌യുഐയും എബിവിപിയുമൊക്കെ ചെയ്‌തിരുന്നത്.

വിദ്യാർഥികളെ കാണുകയും കേൾക്കുകയും ചെയ്യാത്ത യൂണിയനുകളായിരുന്നു ഡൽഹി സർവകലാശാലയിൽ. നിലവിൽ സ്ഥിതി മാറുന്നുണ്ട്. എസ്‌എഫ്‌ഐ, ഐസ തുടങ്ങിയ ഇടതുപക്ഷ വിദ്യാർഥിസംഘടനകൾ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കുന്നു. ജെഎൻയുവിൽ തികച്ചും വ്യത്യസ്‌ത സാഹചര്യമാണ്. അവിടെ ജനാധിപത്യ സംസ്‌കാരമുണ്ട്. ഫീസ് വർധനയ്‌ക്കെതിരെ പൊരുതുന്നതിനൊപ്പം ഹോസ്റ്റൽ ബാത്ത്‌റൂമിലെ കേടായ പൈപ്പ് ശരിയാക്കാൻവരെ യൂണിയൻ ഇടപെടും. വിദ്യാർഥികൾക്ക് തടസ്സമില്ലാതെ പഠിക്കാൻ കഴിയുന്ന സാഹചര്യമൊരുക്കാനാണ് ശ്രമിക്കാറുള്ളത്. ഇടതുപക്ഷവും വലതുപക്ഷവുമായുള്ള ഇൗ പ്രകടമായ വ്യത്യാസമാണ് ഡൽഹി സർവകലാശാലയിലും ജെഎൻയുവിലും പ്രതിഫലിക്കുന്നത്. വിദ്യാർഥികൾ, അധ്യാപകർ, മറ്റു ജീവനക്കാർ, തൊഴിലാളികൾ, അധ്യാപകരുടെ കുടുംബങ്ങൾ തുടങ്ങി ക്യാമ്പസിൽ ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന എല്ലാവരെയും സർവകലാശാലയുടെ പൗരന്മാരായാണ് ജെഎൻയു യൂണിയൻ കാണുന്നത്. വിദ്യാർഥികൾതന്നെ നടത്തുന്ന തെരഞ്ഞെടുപ്പുസമിതി ജെഎൻയുവിലുണ്ട്. എന്നാൽ, സമീപകാലത്ത് ജെഎൻയു അധികൃതർ തെരഞ്ഞെടുപ്പുപ്രക്രിയയിൽ ഇടപെടുന്നു. എബിവിപിക്ക് ഏതുവിധേനയും യൂണിയൻ പിടിക്കുന്നതിനാണിത്. എല്ലാ സമ്മർദങ്ങളെയും അടിച്ചമർത്തലുകളെയും പ്രതിരോധിച്ച് വിദ്യാർഥികൾ പൊരുതുകയാണ്.

ജെഎൻയുവിലെ ‘ധാബ സംസ്‌കാര’വും എടുത്തുപറയേണ്ടതാണ്. ധാബകൾ എന്നറിയപ്പെടുന്ന ചെറുഭക്ഷണശാലകൾ വിദ്യാർഥികൾക്കും അല്ലാത്തവർക്കും രാത്രി മുഴുവൻ ഇരുന്ന് സംസാരിക്കാനുള്ള ഇടങ്ങളാണ്. വിദ്യാർഥിജീവിതവും രാഷ്ട്രീയവുമെല്ലാം ഇവിടെ ചർച്ചയാകുന്നു. അധ്യാപകരും പങ്കുചേരും. എല്ലാ കാഴ്‌ചപ്പാടുകളെയും ഉൾക്കൊള്ളുന്നതാണ് രാത്രികാലചർച്ചകൾ. പരസ്‌പരം പഠിക്കാനും പുരോഗമനചിന്താഗതികളിലേക്ക് നയിക്കാനുമുള്ള സംഗമവേദി. പോസ്റ്റർ, പർച്ച (ലഘുലേഖ) സംസ്‌കാരവും മറ്റൊരു സവിശേഷതയാണ്. സംഘടനകൾ തങ്ങളുടെ ആശയങ്ങൾ ചുവരുകളിൽ പോസ്റ്ററുകളായി പതിച്ചും ലഘുലേഖകളിലൂടെ വിതരണംചെയ്‌തും വിദ്യാർഥിമനസ്സുകളിലേക്ക് എത്തിക്കുന്നു. ആഭ്യന്തരവിഷയങ്ങൾമുതൽ ദേശീയ–-അന്തർദേശീയ രാഷ്ട്രീയംവരെ പ്രമേയമാക്കി സ്ഥാനാർഥികൾ നടത്തുന്ന സംവാദം വലിയ വാർത്താപ്രാധാന്യം നേടാറുമുണ്ട്. ജെഎൻയുവിലെ ജനറൽ ബോഡി യോഗങ്ങളും എടുത്തുപറയേണ്ടതുണ്ട്. കാലങ്ങളായുള്ള ഇത്തരം ജനാധിപത്യ സ്വാതന്ത്ര്യങ്ങളെയെല്ലാം ഇല്ലാതാക്കാനാണ് ഇപ്പോൾ സംഘപരിവാർ നിയന്ത്രിക്കുന്ന സർവകലാശാലാ അധികൃതരുടെ നീക്കം. 2020 ജനുവരിയിലുണ്ടായ സംഘപരിവാർ ക്രിമിനലുകളുടെ ആക്രമണം ജെഎൻയുവിനെ പൂർണമായും വലതുപക്ഷരാഷ്ട്രീയത്തിന് കീഴ്‌പെടുത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു. പരിക്കേറ്റ് ആശുപത്രിയിലായിരുന്നപ്പോൾ മരിച്ചുപോകുമെന്നുപോലും കരുതി. വലിയ പിന്തുണ ലഭിച്ചതോടെ ആത്മവിശ്വാസം കൈവന്നു. പോരാട്ടത്തിൽ തനിച്ചല്ലെന്ന് ബോധ്യമായി– ഐഷി പറഞ്ഞു.
‘ജെഎൻയു അടച്ചുപൂട്ടൽ’ പ്രചാരണത്തിന് 2016ൽത്തന്നെ ബിജെപിയും സംഘപരിവാറും തുടക്കമിട്ടിരുന്നു. പലവട്ടം ആക്രമണമുണ്ടായി. ഇൗ ശ്രമങ്ങൾ തുടരുകയാണ്. യൂണിയൻ ഭാരവാഹികൾ ഒരുവർഷത്തിലേറെയായി സസ്‌പെൻഷനിലാണ്. നിലവിൽ സംഘപരിവാറിന് താൽപ്പര്യമുള്ള കോഴ്‌സുകളാൽ കുത്തിനിറയ്‌ക്കുകയാണ്. ജെഎൻയുവിന്റെ പുരോഗമനസ്വഭാവം തകർക്കുകയാണ് ലക്ഷ്യം.

ആവേശമായ ജന്തർ മന്തർ സമരം
നീറ്റ് ചോദ്യപേപ്പർ ചോർച്ച അടക്കമുള്ള വിഷയങ്ങളിൽ പ്രക്ഷോഭം പ്രഖ്യാപിച്ച് യുഎസിൽനിന്ന് ഇന്ത്യയിലേക്ക് വരുംമുന്പായി അഭിജീത് ദീപ്‌കെ, ഐഷിയെ വിളിച്ചു. എസ്‌എഫ്‌ഐ അടക്കമുള്ള ഇടതുപക്ഷ വിദ്യാർഥിസംഘടനകളുടെ പിന്തുണ സിജെപിക്ക് ആവശ്യമാണെന്ന് ദീപ്‌കെ പറഞ്ഞു. എസ്‌എഫ്‌ഐ നേതൃത്വം കൂടിയാലോചിച്ച് പ്രക്ഷോഭത്തെ പിന്തുണയ്‌ക്കാൻ തീരുമാനിച്ചു. ജന്തർ മന്തറിലെ സമരവേദിയിൽ എസ്‌എ-ഫ്‌ഐ ക്രാന്തി കോർണർ തീർത്തു. അംബേദ്‌കറുടെയും ഭഗത് സിങ്ങിന്റെയും ചെ ഗുവേരയുടെയുമെല്ലാം ചിത്രങ്ങൾ ഉയർന്നു. തുടർന്ന് സംഭവിച്ചത് ചരിത്രം. വിദ്യാർഥികളും യുവജനങ്ങളും പാർലമെന്റിനുമുന്നിലെത്തി മോദിയെയും അമിത് ഷായെയും ചോദ്യംചെയ്‌തു. പൊലീസിന്റെ ലാത്തിയെയും പെല്ലറ്റ് തോക്കുകളെയും കണ്ണീർവാതകത്തെയുമൊന്നും ഭയപ്പെട്ടില്ല. സർക്കാർ തെറ്റായ പാതയിൽ സഞ്ചരിച്ചാൽ ഇനിയും ചോദ്യങ്ങളുയരും. പ്രക്ഷോഭത്തിൽ ഏർപ്പെട്ടവരെ വേട്ടയാടാനുള്ള ദുർബലനീക്കങ്ങൾ തുടരുന്നുണ്ട്. തനിക്കെതിരായ അറസ്റ്റുനീക്കം അതിന്റെ ഭാഗമാണ്.
വിദ്യാർഥിനേതാക്കളുടെ വാട്‌സാപ്‌പോലും ചോർത്തുകയാണ്. നിർമിതബുദ്ധി അടിസ്ഥാനമാക്കിയ മുഖം തിരിച്ചറിയൽ സംവിധാനങ്ങൾ (എഫ്‌ആർഎസ്) ഏർപ്പെടുത്തിയതും വിദ്യാർഥികളെ നിരീക്ഷണവലയത്തിലാക്കാനാണ്. അതിനെതിരെ നൽകിയ പൊതുതാൽപ്പര്യഹർജി ഡൽഹി ഹൈക്കോടതിയുടെ പരിഗണനയിലാണ്. കഴിഞ്ഞദിവസങ്ങളിൽ കേസ് പിൻവലിപ്പിക്കാൻ കേന്ദ്രത്തിന്റെ അഭിഭാഷകരുടെ ഭാഗത്തുനിന്ന് വലിയ സമ്മർദമുണ്ട്. എഫ്‌ആർഎസ് മുഖേന എടുത്ത ഫേ-ാട്ടോകളും വീഡിയോകളും ആയുധമാക്കി വേട്ടയാടാനാണ് കേന്ദ്രസർക്കാരിന്റെ പദ്ധതി. മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ജന്തർ മന്തർ സമരത്തിന്റെ ആവശ്യങ്ങളിൽ ഒന്നുമാത്രമായിരുന്നു. മോദിഭരണം വിദ്യാഭ്യാസമേഖലയെ തകർക്കുകയാണ്. പുതിയ വിദ്യാഭ്യാസമന്ത്രിയുടെ കാര്യത്തിലും ഒരു പ്രതീക്ഷയുമില്ല. പരീക്ഷകളിൽ ചോദ്യപേപ്പർ ചോർച്ച തുടർന്ന് ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തണം. നാഷണൽ ടെസ്റ്റിങ് ഏജൻസി പിരിച്ചുവിടണം. പ്രവേശനപരീക്ഷകൾ വികേന്ദ്രീകരിക്കണം. പുതിയ വിദ്യാഭ്യാസനയത്തിലൂടെ വിദ്യാഭ്യാസമേഖലയെ കാവിവൽക്കരിക്കാനുള്ള നീക്കങ്ങളെ ചെറുക്കണം. ഇൗ വിഷയങ്ങളിലെല്ലാം ഉൗന്നി ഇടതുപക്ഷ വിദ്യാർഥിസംഘടനകൾ മുന്നോട്ടുനീങ്ങും. വരാനിരിക്കുന്നതും പ്രക്ഷോഭത്തിന്റെ നാളുകളാണ്– ഐഷി പറഞ്ഞുനിർത്തി.










0 comments