Deshabhimani

മൂക്കുത്തി പറിച്ചെടുത്തു ചോരചിന്തി മുഖം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 06, 2018, 06:10 PM | 0 min read


ആലപ്പുഴ
ശബരിമല അയ്യപ്പനുമായി അഭേദ്യബന്ധമുള്ള പന്തളത്ത‌് 1860ലായിരുന്നു ആ സംഭവം. വഴിനടന്ന ഈഴവപ്പെൺകുട്ടിയുടെ മൂക്കുത്തി സവർണ്ണർ പറിച്ചെടുത്ത‌് അപമാനിച്ചു. ചോരചിന്തിയ മുഖവുമായി പെൺകുട്ടി നടുറോഡിൽ അധിക്ഷേപത്തിന‌് ഇരയായി. അക്കാലത്ത‌് ഇൗഴവർ അടക്കമുള്ള പിന്നോക്ക വിഭാഗക്കാർക്ക‌് മൂക്കുത്തിയണിയാൻ അനുവാദമില്ലായിരുന്നു.

വിവരമറിഞ്ഞ ആറാട്ടുപുഴ വേലായുധപ്പണിക്കർ സ്വർണ്ണപ്പണിക്കാരനെക്കൊണ്ട‌് ആയിരം മൂക്കുത്തിയുണ്ടാക്കി പന്തളത്തെ സ്ത്രീകളെ വിളിച്ചുകൂട്ടി അണിയിച്ചു. ഇവരെ സവർണ്ണർ അപമാനിക്കാതിരിക്കാൻ ദിവസങ്ങളോളം പന്തളത്തു തങ്ങിയ പണിക്കർ എതിർക്കാൻ വന്ന സവർണ്ണഗുണ്ടകളെ തല്ലിയോടിച്ചു.

1825 ജനുവരി 11ന‌് അമ്പലപ്പുഴ മംഗലത്ത‌് സമ്പന്നമായ കല്ലിശേരിൽ തറവാട്ടിൽ ജനിച്ച   വേലായുധപ്പണിക്കരായിരുന്നു ചരിത്രത്തിൽ ഇടംപിടിച്ച  ഏത്താപ്പുസമവും സംഘടിപ്പിച്ചത‌്.  കായംകുളത്ത്‌ അവർണ സ്‌ത്രീ നാണം മറയ്‌ക്കാൻ മാറിൽ ഏത്താപ്പിട്ടതു സവർണപ്രമാണിമാർക്കു സഹിച്ചില്ല. പൊതുനിരത്തിൽ അവരുടെ മേൽമുണ്ടു വലിച്ചുകീറി മാറിൽ മച്ചിങ്ങത്തൊണ്ടു പിടിപ്പിച്ച്‌ കൂവിവിട്ടു. ഇതറിഞ്ഞ പണിക്കർ തൊഴിലാളി സ്‌ത്രീകൾക്കിടയിൽ മേൽമുണ്ടു വിതരണം ചെയ്‌തു. ജന്മികൾക്കു വേണ്ടി കീഴാളരെ ഒരുമിപ്പിച്ചു കൂട്ടിയ വേലായുധപ്പണിക്കർ കൃഷിപ്പണിയും തേങ്ങാപ്പണിയും ബഹിഷ്‌ക്കരിക്കാനും ആഹ്വാനം ചെയ്‌തു. പണി മുടങ്ങിയതോടെ ജന്മിമാരുടെ സാമ്പത്തിക നില പരുങ്ങലിലായി.

തൊഴിലാളികൾക്ക്‌ കഴിഞ്ഞുകൂടാനുള്ള തുക പണിക്കർ തന്നെ നൽകി. ദൂരെ നിന്ന്‌ ജന്മികളെത്തിച്ച കൃഷിപ്പണിക്കാരെ കൊന്നുകളയുമെന്ന്‌ പണിക്കർ പരസ്യപ്രഖ്യാപനം നടത്തി. മുണ്ട്‌ ഇറക്കിയുടുത്ത ഈഴവ സ്‌ത്രീയെ പരിഹസിച്ച കര പ്രമാണിമാർ സമരം ശക്തമായപ്പോൾ പരസ്യമായി മാപ്പു പറഞ്ഞു. അവഹേളിക്കപ്പെട്ട സ്‌ത്രീയ‌്ക്ക‌് പ്രായശ്‌ചിത്തമായി മുണ്ടു വാങ്ങിക്കൊടുക്കാൻ പണിക്കർ  നിർദ്ദേശിച്ചു. അനുസരിക്കുകയല്ലാതെ പ്രമാണിമാർക്ക‌് മാർഗമില്ലാതായി. 

ആദ്യത്തെ കർഷകത്തൊഴിലാളി  സമരമായി അത‌് ചരിത്രത്തിൽ ഇടംപിടിച്ചു.  ശ്രീനാരായണഗുരു 1888 ൽഅരുവിപ്പുറം പ്രതിഷ്ഠ നടത്തുന്നതിന് 36 വർഷം മുമ്പ് 1852ൽ അവർണർക്കായി ഈഴവശിവനെ വേലായുധപ്പണിക്കർ പ്രതിഷ‌്ഠിച്ചു.  കാർത്തികപ്പള്ളിയിലെ മംഗലത്ത് ജ്ഞാനേശ്വരം ക്ഷേത്രത്തിലായിരുന്നു പ്രതിഷ്ഠ. താഴ‌്ന്ന ജാതിക്കാർക്ക‌് കഥകളി അവതരിപ്പിക്കാൻ അനുവാദമില്ലാതിരുന്ന കാലത്ത‌് അദ്ദേഹം 1861ൽ താഴ‌്ന്ന ജാതിക്കാരെ സംഘടിപ്പിച്ച‌് കഥകളി പഠിപ്പിച്ച‌് അവതരിപ്പിച്ചു.

1874 ജനുവരി മൂന്നിനു പാതിരാത്രി  തണ്ടുവള്ളത്തിൽ കായംകുളം കായൽ കടക്കുമ്പോൾ മറ്റൊരു വള്ളത്തിൽ എത്തിയ സവർണഗുണ്ടകൾ  ഉറക്കത്തിലായിരുന്ന വേലായുധപ്പണിക്കരെ
കുത്തിക്കൊല്ലുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home