ശാസ്‌ത്ര ലോകം @ 2020

കോവിഡ്‐19 മഹാമാരി ലോകത്തെ പിടിച്ചുകുലുക്കുമ്പോൾ ശാസ്‌ത്ര സാങ്കേതിക ഗവേഷണരംഗത്തും അതിന്റെ അനുരണനങ്ങൾ സ്വാഭാവികം. ഗവേഷണരംഗത്ത് കോവിഡ് വ്യാപനം പ്രതിസന്ധി സൃഷ്‌ടിച്ചെങ്കിലും അവയെ എല്ലാം അതിജീവിക്കാനാകും എന്ന സന്ദേശമാണ് ശാസ്‌ത്രലോകത്തുനിന്ന് 2020 നൽകുന്നത്. മികവുറ്റ കോവിഡ് പ്രതിരോധ വാക്‌സിൻ വികസിപ്പിക്കുന്നതിനുള്ള ഗവേഷണങ്ങളും തുടർപ്രവർത്തനങ്ങളും ലോകത്തിന് നൽകുന്നത് പ്രതീക്ഷയുടെയും പ്രത്യാശയുടെയും സന്ദേശമാണ്.
കഴിഞ്ഞ ജനുവരി 30 ന് ലോകാരോഗ്യസംഘടന കോവിഡ്19നെ അടിയന്തരശ്രദ്ധ ആവശ്യമായ ഒരു ആഗോള ആരോഗ്യപ്രതിസന്ധിയായി പ്രഖ്യാപിച്ചു. 2009 ന് ശേഷം ഇത് ആറാം തവണയാണ് ലോകാരോഗ്യസംഘടന ഇത്തരത്തിലൊരു മുന്നറിയിപ്പ് പുറപ്പെടുവിക്കുന്നത്. മാർച്ച് 11 ന് കോവിഡ്19നെ ലോകാരോഗ്യസംഘടന പകർച്ചവ്യാധിയായി പ്രഖ്യാപിച്ചു. മാർച്ച്18 മുതൽ കോവിഡിനെതിരെ വികസിപ്പിച്ച മരുന്നുകൾ മനുഷ്യനിൽ പരീക്ഷിക്കുന്നതിനായി ‘സോളിഡാരിറ്റി ട്രയൽ’ എന്ന പേരിലുള്ള വിപുലമായ പരീക്ഷണങ്ങൾ ആരംഭിച്ചു.
ഫെബ്രുവരി 13 : മനുഷ്യനിർമിതമായ ഒരു പര്യവേഷണവാഹനം നിരീക്ഷണ വിധേയമാക്കുന്ന ഏറ്റവും വിദൂരത്തുള്ള അരോഖോത്ത് (Arrokoth) എന്ന ഛിന്നഗ്രഹത്തിന്റെ വിശദാംശങ്ങൾ നാസ പുറത്തുവിട്ടു. നെപ്ട്യൂണിന്റെ ഭ്രമണപഥത്തിനും അപ്പുറത്തുള്ള ക്യൂപിയർവലയത്തിലെ ഒരംഗമാണിത്.
ഏപ്രിൽ 10 : യൂറോപ്യൻ യൂണിയന്റെയും ജപ്പാന്റെയും സംയുക്ത ബുധ ഗ്രഹ പര്യവേഷണവാഹനമായ ബെപ്പികൊളംബോ ഭൂമിയെ അവസാനമായി വലംവച്ച ശേഷം ശുക്രനു നേരെയുള്ള യാത്ര തുടങ്ങി. ശുക്രനെ വലംവച്ചശേഷം 2025ലാണ് ബെപ്പികൊളംബോ അതിന്റെ ലക്ഷ്യത്തിലെത്തുക.
ഏപ്രിൽ 27 : പറക്കുംതളികകൾ (Unidentified Flying Objects-UFO) എന്ന് ‘പറയപ്പെടുന്ന’ മൂന്ന് വീഡിയോകൾ പെന്റഗൺ പുറത്തുവിട്ടു. 2004ലും 2015ലും അമേരിക്കൻ വൈമാനികർ പകർത്തിയ വീഡിയോകളാണിത്.
മെയ് 4 : ചില പ്രത്യേകതരം പൂപ്പലുകളുടെ സൂക്ഷ്മരേണുക്കളെ (Microsporidia MB) ശരീരത്തിൽ വഹിക്കുന്നതിലൂടെ മലേറിയ പരത്താത്ത കൊതുകുകളെ കെനിയയിൽനിന്നും കണ്ടെത്തി. ഈ പൂപ്പൽരേണുക്കളെ കൊതുകുകളിലേക്ക് പടർത്തി മലേറിയാനിയന്ത്രണം സാധ്യമാക്കാമെന്ന് ശാസ്ത്രജ്ഞർ കരുതുന്നു. ഗവേഷണം പുരോഗമിക്കുന്നു.
മെയ് 30 : സ്പെയ്സ്എക്സ് കമ്പനിയുടെ ഡ്രാഗൺ2 എന്ന സ്പേസ്ഷട്ടിൽ രണ്ട് സഞ്ചാരികളുമായി വിക്ഷേപിച്ചു. 2015ൽ നാസ സ്പേസ്ഷട്ടിൽ പ്രോഗ്രാം നിർത്തിയതിനുശേഷം അമേരിക്കൻമണ്ണിൽനിന്നും ആദ്യമായാണ് പുനരുപയോഗക്ഷമമായ ബാഹ്യാകാശയാനം വിക്ഷേപിക്കുന്നത്.
ജൂൺ 7 : ബഹിരാകാശനടത്തത്തിലേർപ്പെട്ട ആദ്യഅമേരിക്കൻ വനിതയായ കാതി സള്ളിവൻ, ഭൂമിയിലെ ഏറ്റവും ആഴമേറിയ ഭാഗമായ പസഫിക് സമുദ്രത്തിലെ മറിയാനാട്രഞ്ചിന്റെ ഭാഗമായ ചലഞ്ചർ ഡീപ്പിലെത്തുന്ന ആദ്യവനിതയായി. 35,810 അടിയാണ് ചലഞ്ചർ ഡീപ്പിന്റെ ശരാശരി ആഴം.
ജൂലൈ 19 : ചൊവ്വാഗ്രഹത്തെക്കുറിച്ച് പഠിക്കുന്നതിനായി യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഹോപ്പ് എന്ന പര്യവേഷണപേടകത്തെ വിക്ഷേപിച്ചു. പേടകം നിർമിക്കച്ചത് അമേരിക്കയിലും വിക്ഷേപണം നടന്നത് ജപ്പാനിലുമായിരുന്നു. 2021 ഫെബ്രുവരിയിൽ ഹോപ്പ് ചൊവ്വയിലെത്തും.
ജൂലൈ 30 : ചൊവ്വാഗ്രഹത്തിലെ ജീവന്റെ ശേഷിപ്പുകൾ തെരയുക ലക്ഷ്യമാക്കുന്ന മാർസ്2020 എന്ന പര്യവേഷണപേടകം നാസ വിക്ഷേപിച്ചു. 2021 മാർച്ച് 18ന് ചൊവ്വയിലിറങ്ങുകയും അവിടെനിന്നും പെർസിവെറൻസ് എന്ന യന്ത്രവാഹനം ഉപയോഗിച്ച് ശേഖരിക്കുന്ന സാമ്പിളുകൾ ഭൂമിയിലെത്തിക്കുകയും ചെയ്യും.
ആഗസ്‌ത് 10 : കുള്ളൻഗ്രഹമായ സെറസ് (Ceres) ജലസമൃദ്ധമാണെന്ന സൂചന ശാസ്ത്രജ്ഞർക്ക് ലഭിച്ചു. 2007ൽ നാസ വിക്ഷേപിച്ച ഡാൺ എന്ന പര്യവേഷണപേടകം ശേഖരിച്ച വിവരങ്ങളിൽനിന്നാണ് ലവണജലാശയങ്ങൾ നിലനിൽക്കുന്നതിന്റെ ഏറ്റവും ഉറപ്പാർന്ന വിവരങ്ങൾ ശാസ്ത്രജ്ഞർക്ക് ലഭിച്ചത്.
ആഗസ്‌ത് 28 : തലച്ചോറും കംപ്യൂട്ടറും തമ്മിലുള്ള നേരിട്ടുള്ള സംവേദനം സാധ്യമാക്കുന്ന ചിപ്പ് പന്നികളിൽ പരീക്ഷണവിജയം നേടിയതായി ഇലോൺ മസ്കിന്റെ കമ്പനിയായ ന്യൂറാലിങ്ക് പ്രസ്താവിച്ചു. ഈ സാങ്കേതികവിദ്യ നാളെ മനുഷ്യരിലും പരീക്ഷിക്കാമെന്നാണ് ഇലോൺ മസ്കിന്റെ പ്രതീക്ഷ.
സെപ്തംബർ 3 : മാമത്ത് ഫോസിലുകളുടെ ഏറ്റവും വലിയ ശേഖരം മെക്സിക്കോയിലെ സാന്താ ലൂസിയ വിമാനത്താവളത്തിനടുത്തുനിന്നും കണ്ടെത്തി. 200 മാമത്ത് ഫോസിലുകളാണ് ഇവിടെനിന്നും കണ്ടെത്തിയത്. അമേരിക്കയിലെ ‘മാമത്ത് സൈറ്റി’ൽ നിന്നുപോലും 61 ഫോസിലുകളേ ലഭിച്ചിരുന്നുള്ളൂ.
സെപ്തംബർ 14 : ശുക്രഗ്രഹത്തിന്റെ അന്തരീക്ഷത്തിൽനിന്നും ഫോസ്ഫൈൻ (Phosphine) എന്ന വാതകത്തിന്റെ സാന്നിധ്യം കണ്ടെത്തിയത് ജീവന്റെ സൂചനയായി വിലയിരുത്തപ്പെട്ടു. എന്നാൽ ചില അജീവീയരാസപ്രവർത്തനങ്ങളിലൂടെയും ഫോസ്ഫൈൻ ഉടലെടുക്കാമെന്നത് തർക്കസംഗതിയായി നിലനിൽക്കുന്നു.
ഒക്ടോബർ 20 : നാസയുടെ ഒസിറിസ്റെക്സ് (OSIRIS-REx) പര്യവേഷണ പേടകം ‘ബെന്നു’ എന്ന ഛിന്നഗ്രഹത്തിലിറങ്ങി. 2023ൽ മാത്രമേ ഈ പേടകം ശേഖരിച്ച സാമ്പിളുമായി ഭൂമിയിലെത്തൂ.
ഒക്ടോബർ 26 : ചന്ദ്രന്റെ പ്രകാശിതവശത്ത് തന്മാത്രാരൂപത്തിലുള്ള ജലത്തിന്റെ സാന്നിധ്യമുള്ളതായി നാസ സ്ഥിരീകരിച്ചു. ചന്ദ്രനിലെ ക്ളാവിയസ് ഗർത്തഭാഗത്തിന് സമീപത്തായാണ് ജലസാന്നിധ്യം കണ്ടെത്തിയത്. ഇന്ത്യയുടെ ചാന്ദ്രയാൻ1 ആണ് ഇത്തരമൊരു കണ്ടെത്തലിന് നാസയെ പ്രാപ്തമാക്കിയത്.
.
ഡിസംബർ 16: ചൈനയുടെ ചാങ്ഇ-5 ചാന്ദ്രദൗത്യത്തിന്റെ ഭാഗമായി, ചന്ദ്രോപരിതലത്തിൽനിന്നും ശേഖരിച്ച സാമ്പിളുകൾ ഭൂമിയിലെത്തിച്ചു. ചന്ദ്രനിലെ മോൺസ് റംകെർ (Mons Rumker) മേഖലയിൽനിന്നുമാണ് ഇവ ശേഖരിച്ചത്.. നവംബർ 23-നായിരുന്നു ചാങ്ഇ-5-ന്റെ വിക്ഷേപണം. സോവിയറ്റ് യൂണിയന്റെ ലൂണാദൗത്യങ്ങൾക്കും അമേരിക്കയുടെ അപ്പോളോ ദൗത്യങ്ങൾക്കുംശേഷം ഇതാദ്യമായാണ് മറ്റൊരു രാജ്യം ചന്ദ്രനിലെ സാമ്പിളുകൾ ഭൂമിയിലെത്തിക്കുന്നത്.
ഡിസംബർ 23 : കെർണോവൈറ്റ് (Kernowite) എന്ന പേരിലുള്ള പുതിയൊരുതരം ലവണം തെക്കുപടിഞ്ഞാറൻ ഇംഗ്ളണ്ടിൽനിന്നും കണ്ടെത്തി. ഇരുമ്പിന്റെ സാന്നിധ്യമുള്ളതിനാൽ കടുംപച്ചനിറത്തിൽ കാണപ്പെടുന്ന ഇത് കോൺവാൾ എന്ന സ്ഥലത്തുനിന്നും ലഭിച്ചതിനാലാണ് ആ പേര് നൽകിയത്.
ഐഎസ്ആർഒ 2 വിക്ഷേപണം മാത്രം
ഇന്ത്യൻ ബഹിരാകാശ ഗവേഷണരംഗത്തെയും കോവിഡ് സാരമായി ബാധിച്ചു. 2020 ൽ നിശ്‌ചയിച്ചിരുന്ന മിക്ക ദൗത്യങ്ങളും മാറ്റിവയ്‌ക്കേണ്ടി വന്നു. ശ്രീഹരിക്കോട്ടയിൽനിന്ന് രണ്ട് വിക്ഷേപണം മാത്രമാണ് നടത്താനായത്. അതും വർഷാന്ത്യത്തിൽ.
വാർത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്–-30 ജനുവരി 17 ന് വിക്ഷേപിച്ചത് ഫ്രഞ്ച് ഗയാനയിൽ നിന്നായിരുന്നു. ജിസാറ്റ് –-1 വിക്ഷേപണം മാർച്ച് 5 ന് നിശ്‌ചയിച്ചിരുന്നെങ്കിലും കൗണ്ട് ഡൗൺ അവസാന ഘട്ടത്തിലേക്ക് കടക്കും മുമ്പ് മാറ്റിവച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേയ്‌സ് സെന്ററിൽനിന്നായിരുന്നു വിക്ഷേപണം നിശ്‌ചയിച്ചിരുന്നത്. കോവിഡ് വ്യാപനത്തെ തുടർന്ന് മാസങ്ങളോളം നിർത്തിവച്ച വിക്ഷേപണ ദൗത്യങ്ങൾ നവംബറിലാണ് പുനരാരംഭിച്ചത്. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്–-01 ഉം ഒമ്പത് വിദേശ ഉപഗ്രഹങ്ങളും നവംബർ ഏഴിന് വിക്ഷേപിച്ചു. വാർത്താവിനിമയ ഉപഗ്രഹമായ സിഎംഎസ് –-01 ഡിസംബർ 17 ന് ലക്ഷ്യം കണ്ടു. ഭൂമിയിൽ നിന്ന് 9.3 ബില്ല്യൻ പ്രകാശ വർഷം അപ്പുറത്തുള്ള ഒരു ഗാലക്‌സി(AUDFs01)യെപ്പറ്റിയുള്ള വിവരങ്ങൾ ഐഎസ്‌ആർഒയുടെ ആസ്‌ട്രോസാറ്റ് കണ്ടെത്തിയതിന്റെ വിശദാംശങ്ങൾ പുറത്തു വന്നതും ഈ വർഷമാണ്. മൂന്നാം ചാന്ദ്ര ദൗത്യവും മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്നതിനുള്ള ഗഗൻയാൻ പദ്ധതിയും നീണ്ടുപോയേക്കും. ഐഎസ്‌ആർഒയിൽ സ്വകാര്യവൽക്കരണ നടപടികൾക്ക് തുടക്കമിട്ടതും ആശങ്ക ഉയർത്തുകയാണ്.








0 comments