ad
Deshabhimani

ഉരുൾ താണ്ടിയ വഞ്ചിപ്പാട്ട്‌

വയനാട് മേപ്പാടി ജിഎച്ച്‌എസ്എസ് 
വിദ്യാർഥികൾ വഞ്ചിപ്പാട്ട്  വേദിയിൽ

വയനാട് മേപ്പാടി ജിഎച്ച്‌എസ്എസ് 
വിദ്യാർഥികൾ വഞ്ചിപ്പാട്ട് വേദിയിൽ

വെബ് ഡെസ്ക്

Published on Jan 08, 2025, 11:15 AM | 1 min read

തിരുവനന്തപുരം > ആർപ്പോാാാാാ... ഇർറോ......ഇർറോ......ഇർറോ. വയനാട്‌ മേപ്പാടി സ്‌കൂളിന്റെ എച്ച്എസ്എസ് വിഭാഗം വഞ്ചിപ്പാട്ട്‌ വായ്ത്താരികൾക്ക്‌ കരുത്തേകുന്നത്‌ ജീവിതം തന്നെയാണ്‌. തലപ്പാട്ടുകാരിയായി ലക്ഷ്‌മിയും കൂട്ടാളികളായി സൽനയും ആർദ്രയും മുമ്പിൽ നിൽക്കുമ്പോൾ ഭൂമിപിളർന്നാലും കുലുങ്ങില്ലെന്ന ഭാവമാണ്‌ പിൻപാട്ടുകാർക്ക്‌. മുണ്ടക്കൈയിൽ ഉരുൾകുത്തിയൊലിച്ചപ്പോൾ അതിജീവനത്തിന്റെ തുഴയെറിഞ്ഞവരാണവർ. തലപിളർന്ന്‌ മീറ്ററുകൾ ഉരുളിൽ ഒലിച്ച്‌ ജീവിതത്തിലേക്ക്‌ തിരിച്ചുവന്നയാളാണ്‌ സൽന. ചൂരൽമല പാലം തകർന്ന്‌ കുത്തിയൊലിച്ച പുഴയ്‌ക്കപ്പുറം ഒറ്റപ്പെട്ട്‌ പോയവരാണ്‌ ലക്ഷ്‌മിയും ആർദ്രയും.


രക്ഷപ്പെടാൻ കയറിയ വീട്ടിൽ ഉരുൾ ഇരച്ചെത്തി കൂടെയുണ്ടായിരുന്ന അഞ്ചുപേരുടെ ജീവൻകൊണ്ടുപോയ ഓർമകൾ ഇപ്പോഴും സൽനയുടെ ഉള്ളിലുണ്ട്‌. ലക്ഷ്‌മിയുടെ ഗൃഹപ്രവേശനം നിശ്ചയിച്ച വീടും ഉരുളെടുത്തു. ടീം അംഗങ്ങളായ വിസ്‌മയ, ശ്രീനന്ദന എന്നിവരും ദുരിതബാധിതരാണ്‌. പത്തുപേരടങ്ങുന്ന ടീമിലെ അഞ്ചുപേരും വെള്ളാർമല സ്‌കൂളിലെ പൂർവ വിദ്യാർഥികളാണ്‌. ഹൈസ്‌കൂൾ വിഭാഗത്തിൽ വെള്ളാർമലയ്‌ക്കായി വഞ്ചിപ്പാട്ടിന്റെ കിരീടം ചൂടിയവർ. ഹൈസ്‌കൂൾ കാലത്ത്‌ വെള്ളാർമല സ്കൂളിലെ അധ്യാപകൻ ഉണ്ണിക്കൃഷ്‌ണൻ പഠിപ്പിച്ച വായ്ത്താരികൾ കൂടെയുള്ളവർക്ക്‌ പകർന്നാണ്‌ സംസ്ഥാന കലോത്സവത്തിന്റെ അരങ്ങ്‌ കീഴടക്കിയത്‌. എ ഗ്രേഡും ലഭിച്ചു. അനാമിക, വിഷ്‌ണുമായ, നാസിയ, ലക്ഷ്‌മി, അർച്ചന എന്നിവരാണ്‌ വഞ്ചിപ്പാട്ട്‌ സംഘത്തിലെ മറ്റു അംഗങ്ങൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home