ഭക്ഷണം ഭേഷ്, ഒപ്പം കലയുടെ വൈബും

തിരുവനന്തപുരം > തൂശനിലയിൽ ചോറും തോരനും. അച്ചാർ, അവിയൽ, കൂട്ടുകറി, പരിപ്പുകറി, സാമ്പാർ, പുളിശേരി..... ഒടുവിലതാ കുമ്പളങ്ങാ പായസവും... സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഭക്ഷണപുരയിൽ നിന്ന് മനവും വയറും നിറച്ചത് ഒന്നേകാൽ ലക്ഷം പേർ.
മീൻ ഇല്ലാത്ത മീൻകറിയും പഴവും ചക്കയും ഗോതമ്പും കൂട്ടിപ്പിടിച്ചൊരു മാജിക്കൽ പായസവുമെല്ലാം പലദിവസങ്ങളിലായി വിളമ്പി. ഇതിനൊപ്പം പാട്ടും ഡാൻസും ഫ്ലാഷ് മോബും ഒരുക്കി ഭക്ഷണപുരയെ വൈബാക്കുകയും ചെയ്തു. ഭക്ഷണപുരയ്ക്ക് അടുത്തൊരുക്കിയ പ്രത്യേക വിശ്രമയിടത്തിലാണ് കലാവിരുന്നുമൊരുക്കിയത്. ജില്ലയിലെ ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ കലാവതരണത്തിനും ഇവിടം വേദിയായി.
മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനിൽ, വീണാ ജോർജ്, വി ജോയി എംഎൽഎ എന്നിവരെയും വിശിഷ്ട വ്യക്തികളെയും ഒരേപ്പോലെ ഭക്ഷണപുര സ്വാഗതം ചെയ്തു. ഭക്ഷണപ്പുരയിൽ ദിവസവും ഇരുപതിനായിരത്തോളം പേരാണ് ഭക്ഷണത്തിനെത്തിയത്.
രാവിലെ 7.30ക്ക് പ്രഭാതഭക്ഷണത്തോടെ തുടങ്ങുന്ന ഭക്ഷണ വിതരണം രാത്രി പതിന്നോടെയാണ് അവസാനിക്കുന്നത്. ഒരേസമയം 200 പേർക്ക് ഇരിക്കാവുന്ന 12 പന്തികളാണ് ക്രമീകരിച്ചിട്ടുള്ളത്. അധ്യാപകരും വിദ്യാർഥികളും സ്‌കൗട്ട് ആൻഡ് ഗൈഡ് അംഗങ്ങളുമുൾപ്പടെ 350 പേർ ചേർന്നാണ് ഭക്ഷണം വിളമ്പിയത്. കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷനാണ് ഭക്ഷണ കമ്മിറ്റിയുടെ ചുമതല. പഴയിടം മോഹനൻ നമ്പൂതിരിയും മകൻ യദുവുമായിരുന്ന ഇത്തവണയും പാചകപുരയുടെ അമരത്ത്.










0 comments