ad
Deshabhimani

ഡ്രമ്മിൽ കലാ
ഭരണം: കുട്ടികൾക്കൊപ്പം ബാൻഡ്‌ കൊട്ടി മേയർ ആര്യ രാജേന്ദ്രൻ

arya rajendran
വെബ് ഡെസ്ക്

Published on Jan 05, 2025, 06:30 PM | 1 min read

തിരുവനന്തപുരം: കലാമാമാങ്കം തലസ്ഥാനത്ത്‌ കൊട്ടിക്കയറുമ്പോൾ നഗരമാതാവിന്‌ പഴയ ബേസ്‌ ഡ്രമ്മറുടെ ആവേശം. കാർമൽ സ്‌കൂളിൽ ബാൻഡ്‌ വാദ്യത്തിന്റെ അവസാനഘട്ട പരിശീലനം തകൃതിയായി മുന്നേറുമ്പോൾ അപ്രതീക്ഷിത അതിഥിയായി മേയർ ആര്യ രാജേന്ദ്രനെത്തി. 2012ൽ സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഇതേ സ്‌കൂളിന്റെ ബാൻഡ്‌ സംഘത്തിൽ ബേസ്‌ ഡ്രമ്മറായിരുന്ന ആര്യ ഇന്ന്‌ കലോത്സവത്തിന്‌ ആതിഥേയത്വം വഹിക്കുന്ന തിരുവനന്തപുരത്തിന്റെ മേയറാണ്‌.


കലോത്സവ സംഘാടനത്തിന്റെ തിരക്കിനിടയിലും കാർമൽ സ്‌കൂളിലെ പരിശീലനം കാണാനെത്തിയതാണ്‌. വെറുതെയൊരു സന്ദർശനത്തിലൊതുക്കാൻ താൽപ്പര്യമില്ല. അതുകൊണ്ട്‌ ബേസ്‌ ഡ്രമ്മിൽ ഒന്ന്‌ കൈവച്ചു. താളങ്ങളൊന്നും മറന്നിട്ടില്ലെന്ന്‌ കണ്ടുനിന്ന അധ്യാപകരും പറഞ്ഞു.


സ്‌കൂൾ കാലഘട്ടത്തിലെ മനോഹര ഓർമകൾ സമ്മാനിച്ച കലോത്സവ ദിനങ്ങളിലേക്ക്‌ മടങ്ങിപ്പോകാൻ ആഗ്രഹിക്കുന്നതിനാലാണ്‌ പരിശീലനം കാണാനെത്തിയതെന്ന്‌ ആര്യ പറഞ്ഞു. തുടർച്ചയായി നാലുവർഷം ആര്യ സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ഭാഗമായിരുന്നു. അതിൽ മൂന്നുവർഷം ബാൻഡ്‌ സംഘത്തിനൊപ്പം. ഹയർ സെക്കൻഡറിയിൽ പഠിക്കുമ്പോൾ നാടകത്തിലും വേഷമിട്ടു. ആര്യയോടൊപ്പം പരിശീലനം കാണാനും പുതിയ താളം പഠിക്കാനും മകൾ ദുവാ ദേവുമുണ്ടായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home