നിളയിൽ ചുവടുവച്ച് എം ടി സ്മരണകൾ

തിരുവനന്തപുരം: സംഘനൃത്തവേദിയിൽ എം ടി ഓർമകളുടെ അനുപമനടനം. എം ടിയുടെ കഥാപാത്രങ്ങളോരോന്നും ചുവടുവച്ചെത്തിയപ്പോൾ കാണികൾക്ക് വിശ്വസിക്കാനായില്ല. എം ടി വിട പറഞ്ഞ് രണ്ടാഴ്ച തികയുംമുമ്പ് അദ്ദേഹത്തിന് ആദരമായി അവതരിപ്പിച്ച നൃത്തം അവതരണത്തിലും ആശയത്തിലും അടിമുടി വിസ്മയമായിരുന്നു. എം ടി നിള എന്ന് പേരിട്ട സെൻട്രൽ സ്റ്റേഡിയത്തിലെ വേദിയിലാണ് എം ടി നടനം അരങ്ങേറിയതെന്നതും കാണികളിൽ ആവേശംനിറച്ചു.
കോഴിക്കോട് സിൽവർ ഹിൽസ് എച്ച്എസ്എസാണ് ഹൈസ്കൂൾ വിഭാഗം സംഘനൃത്ത മത്സരത്തിൽ എം ടി ഓർമകളുമായെത്തിയത്. എം ടി തിരക്കഥകളിലെ പെരുന്തച്ചനെയും വൈശാലിയെയും ചന്തുവിനെയും ആർച്ചയെയും നിറഞ്ഞ കൈയടിയോടെയാണ് പ്രേക്ഷകർ എതിരേറ്റത്. മലയാള സിനിമയിലെ എക്കാലത്തെയും ക്ലാസിക്കുകളായ ഈ സിനിമകളിലെ പാട്ടിന്റെ ഈണങ്ങളും നൃത്തത്തിന് ചാരുത കൂട്ടി.
വിനീത് സൗഷ്ടവയാണ് നൃത്തം ചിട്ടപ്പെടുത്തിയത്. എം ടിയുടെ ഭാര്യ കലാമണ്ഡലം സരസ്വതിയുടെ ശിഷ്യനായ വിനീത് കഴിഞ്ഞ സെപ്തംബറിലാണ് എം ടിക്ക് ആദരമായി നൃത്തം ചിട്ടപ്പെടുത്തിയത്. സ്കൂളിലെ എച്ച്എസ്എസ് സംഘനൃത്ത ടീമും ഈ നൃത്തമാണ് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അവതരിപ്പിച്ചത്.










0 comments