ad
Deshabhimani

സമരധീരരെ...

party congress
വെബ് ഡെസ്ക്

Published on Apr 07, 2025, 03:50 AM | 3 min read

ചെറുത്തുനിൽപ്പിന്റെ മറുപേര്‌


മധുര: വിട്ടുവീഴ്‌ചയില്ലാത്ത പോരാട്ടത്തിന്റെ മറുപേരാണ്‌ ബൃന്ദ കാരാട്ട്‌. സിപിഐ എം പൊളിറ്റ്‌ബ്യൂറോയിലെ ആദ്യ വനിതയായ ബൃന്ദ പ്രക്ഷോഭങ്ങളുടെ മുന്നണിയിൽ സജീവമായി തുടരുന്നതിനിടെയാണ്‌ പ്രായപരിധിയെത്തുടർന്ന്‌ പൊളിറ്റ്‌ബ്യൂറോയിൽനിന്ന്‌ ഒഴിയുന്നത്‌. ഡൽഹി ജഹാംഗിർപുരിയിലെ ചേരികൾ തകർക്കാൻ പാഞ്ഞുകയറിയ ബുൾഡോസറുകൾ തടഞ്ഞ്‌ വിരൽചൂണ്ടി നിൽക്കുന്ന ചിത്രം രാജ്യത്തിന്‌ അപൂർവ കാഴ്‌ചയായിരുന്നു. എന്നാൽ, അവർ ഏറ്റെടുത്ത എണ്ണമറ്റ പോരാട്ടങ്ങളിൽ ഒന്നുമാത്രമാണത്‌. ആക്രമണങ്ങൾക്ക്‌ ഇരയാകുന്നവരുടെ കണ്ണീരൊപ്പാൻ സൗമ്യസാന്നിധ്യമായി രാജ്യത്തിന്റെ വിവിധ കോണിലേക്ക്‌ അവർ പാഞ്ഞെത്തി. ഏറ്റവും അവസാനം രാജസ്ഥാനിൽ രണ്ടുവയസ്സുള്ള കുഞ്ഞിനെ പൊലീസുകാർ ബൂട്ടുകൊണ്ട്‌ ചവിട്ടി അരച്ചുകൊന്ന ദാരുണസംഭവം രാജ്യത്തിനുമുന്നിൽ ചർച്ചയാക്കിയതും ഈ ഇടപെടൽ. രാജ്യസഭാംഗമായിരുന്ന ഘട്ടത്തിൽ പാർലമെന്ററി പ്രവർത്തനവും ജനകീയ പോരാട്ടമാക്കി അവർ മാറ്റി.


വിയത്‌നാം യുദ്ധകാലത്ത് ലോകമെങ്ങും അലയടിച്ച യുദ്ധവിരുദ്ധ പ്രസ്ഥാനത്തിലൂടെയാണ് ഇടതുപക്ഷ രാഷ്ട്രീയത്തിൽ ആകൃഷ്ടയായത്. എയർ ഇന്ത്യയുടെ ലണ്ടൻ ഓഫീസിൽ ജീവനക്കാരിയായിരുന്ന ബൃന്ദ ബ്രിട്ടനിലെ യുദ്ധവിരുദ്ധ പ്രസ്ഥാനത്തിൽ സജീവമായി. 1970ൽ എയർഇന്ത്യയിലെ ജോലി രാജിവച്ച്‌ കൊൽക്കത്തയിൽ എത്തി സിപിഐ എം പ്രവർത്തകയായി. 1975ൽ ഡൽഹിയിലേക്ക്‌ പ്രവർത്തനംമാറ്റി. ടെക്‌സ്‌റ്റൈൽ, കൈത്തറി തൊഴിലാളികളെ സംഘടിപ്പിച്ച്‌ ട്രേഡ്‌യൂണിയൻ പ്രവർത്തനത്തിൽ സജീവമായി. 1978ൽ യൂണിയൻ സെക്രട്ടറിയായി. 1979ൽ വനിതാ പാർടിപ്രവർത്തകരെ സംഘടിപ്പിച്ച് മഹിളാ അസോസിയേഷൻ ഡൽഹി ഘടകത്തിന് രൂപം നൽകി.


1978ൽ സിപിഐ എം സംസ്ഥാനകമ്മിറ്റിയിൽ. 1992ൽ മഹിളാ അസോസിയേഷൻ അഖിലേന്ത്യ ജനറൽ സെക്രട്ടറിയായി. 12 വർഷത്തോളം ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടർന്ന ബൃന്ദ അസോസിയേഷനെ കരുത്തുറ്റ സംഘടനയായി കെട്ടിപ്പടുത്തു. 1995ൽ ചണ്ഡീഗഡിൽ നടന്ന പാർടി കോൺഗ്രസിൽ സിപിഐ എം കേന്ദ്രകമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2005ൽ പൊളിറ്റ്‌ബ്യൂറോയിലെത്തി. പഞ്ചാബുകാരനായ സൂരജ് ലാൽ ദാസിന്റെയും ബംഗാളിയായ അശ്രുകോന മിത്രയുടെയും മകളായി 1947 ഒക്ടോബർ 19ന് കൊൽക്കത്തയിലാണ് ജനിച്ചത്. കൊൽക്കത്തയിലും ഡെറാഡൂണിലും ഡൽഹിയിലുമായി വിദ്യാഭ്യാസം. അടിയന്തരാവസ്ഥക്കാലത്താണ് ബൃന്ദയും പ്രകാശ്‌ കാരാട്ടും വിവാഹിതരായത്‌.


അനുഭവക്കരുത്തിന്റെ ലാളിത്യം


മധുര: പൊളിറ്റ്‌ബ്യൂറോ അംഗമെന്ന നിലയിൽ നീണ്ട 27 വർഷം സിപിഐ എമ്മിന്റെ പ്രവർത്തനങ്ങളെ ദേശീയതലത്തിൽ നയിച്ച ശേഷമാണ്‌ മണിക്‌ സർക്കാർ പുതുതലമുറയ്‌ക്കായി വഴിമാറുന്നത്‌. 1998ൽ 49–-ാം വയസ്സിലാണ്‌ ആദ്യമായി പിബിയിലേക്ക്‌ തെരഞ്ഞെടുത്തത്‌. അതേവർഷം ത്രിപുര മുഖ്യമന്ത്രിയായും തെരഞ്ഞെടുത്തു. നാല്‌ തെരഞ്ഞെടുപ്പുകൾ ജയിച്ച്‌ 20 വർഷം മുഖ്യമന്ത്രിസ്ഥാനത്ത്‌ തുടർന്നു.


വിദ്യാർഥി പ്രസ്ഥാനത്തിലൂടെയാണ്‌ മണിക്‌ സർക്കാരിന്റെയും രാഷ്ട്രീയപ്രവേശം. 1968ൽ 19–-ാം വയസ്സിൽ സിപിഐ എം അംഗമായി. ത്രിപുരയിലെ കോൺഗ്രസ്‌ ഭരണത്തിനെതിരായി നിരവധി വിദ്യാർഥി പ്രക്ഷോഭങ്ങൾക്ക്‌ നേതൃത്വമേകി. 23–-ാം വയസ്സിൽ സിപിഐ എം സംസ്ഥാന കമ്മിറ്റിഅംഗം. 1972ലെ പാർടി കോൺഗ്രസ്‌ മുതൽ എല്ലാ പാർടി കോൺഗ്രസിലും പ്രതിനിധിയായി. മണിക്‌ സർക്കാർ ജീവിതത്തിൽ പുലർത്തിയ ലാളിത്യം ദേശീയശ്രദ്ധ ആകർഷിച്ചിരുന്നു. ഏറ്റവും ദരിദ്രനായ മുഖ്യമന്ത്രിയെന്ന്‌ ദേശീയ മാധ്യമങ്ങൾ വിശേഷിപ്പിച്ചു. കേന്ദ്രകമ്മിറ്റി ക്ഷണിതാവ്‌ എന്ന നിലയിൽ സിപിഐ എം പ്രവർത്തനങ്ങൾക്ക്‌ തുടർന്നും അദ്ദേഹം നേതൃത്വമേകും.


തമിഴകത്തിന്റെ 
സമരവീര്യം


മധുര: തമിഴകത്തിന്റെ പോരാട്ടമുഖങ്ങളിൽ സുപരിചിതനാണ്‌ ജി രാമകൃഷ്ണൻ. സംസ്ഥാനത്ത്‌ പാർടിയെ ശക്തിപ്പെടുത്തുന്നതിൽ നിർണായക നേതൃത്വമായി. 2015ൽ സിപിഐ എം വിശാഖപട്ടണം പാർടി കോൺഗ്രസിൽ പൊളിറ്റ്‌ബ്യൂറോയിൽ എത്തി. ഒരു പതിറ്റാണ്ടിനുശേഷമാണ്‌ പ്രായപരിധി കാരണം അദ്ദേഹം ഒഴിയുന്നത്‌. വിവിധ തൊഴിൽസമരങ്ങൾ, ജാതിവിരുദ്ധ പോരാട്ടങ്ങൾ എന്നിവ നയിച്ചു. 1949 ജൂൺ ആറിന്‌ വില്ലുപുരം ജില്ലയിലെ മേമലൂരിൽ ജനിച്ചു. അഭിഭാഷകനാണ്‌. വിദ്യാർഥിപ്രസ്ഥാനത്തിലൂടെയാണ്‌ സിപിഐ എമ്മിൽ എത്തിയത്‌. മദ്രാസിൽ നിയമപഠനത്തിന്‌ എത്തിയതോടെ എസ്‌എഫ്‌ഐയുടെ ഭാഗമായി. 1969ൽ സിപിഐ എമ്മിൽ ചേർന്നു. എട്ടുവർഷം കടലൂർ കോടതിയിൽ പ്രാക്ടീസ്‌ ചെയ്തു. 1981ൽ പൂർണസമയ അംഗമായി. 2008ൽ കേന്ദ്ര കമ്മിറ്റിയിലെത്തി.


സമരവീര്യം ജ്വലിപ്പിച്ച ആതുരസേവകൻ


മധുര: ആതുരസേവനരംഗത്തെ പ്രവർത്തനങ്ങൾക്കൊപ്പം തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ വ്യാപൃതനായ സൂര്യകാന്തമിശ്ര ബംഗാളിലെ ചെറുത്തുനിൽപ്പുകളിൽ സജീവമായിരിക്കുന്നതിനിടെയാണ്‌ പ്രായപരിധിയെത്തുടർന്ന്‌ പൊളിറ്റ്‌ ബ്യൂറോയിൽനിന്ന്‌ ഒഴിവാകുന്നത്‌. പശ്‌ചിമ മിഡ്‌നാപുർ ജില്ലയിലെ നാരായൺഗഡ്‌ സ്വദേശിയാണ്‌. വിദ്യാർഥിപ്രസ്ഥാനത്തിലൂടെ പൊതുരംഗത്തെത്തി. കട്ടക്‌ മെഡിക്കൽ കോളേജിൽ വിദ്യാർഥിയായിരിക്കെ എസ്‌എഫ്‌ഐ ഒഡിഷ സംസ്ഥാനകമ്മിറ്റിയിലെത്തി. പഠനശേഷം നാട്ടിൽ തിരിച്ചെത്തി യുവജനപ്രസ്ഥാനത്തിൽ സജീവമായി. ആതുരസേവനത്തോടൊപ്പം പൊതുപ്രവർത്തനത്തിലും ഏർപെട്ടു. 1977ൽ നിയമസഭയിലേക്ക്‌ മത്സരിച്ച്‌ പരാജയപ്പെട്ടു. മിഡ്‌നാപുർ ജില്ലാ പരിഷത്ത്‌ പ്രസിഡന്റായി. പിന്നീട്‌ അഞ്ചുതവണ നിയമസഭയിലേക്ക്‌ തെരഞ്ഞെടുത്തു. 1996 മുതൽ 2011 വരെ സംസ്ഥാന മന്ത്രിസഭാംഗം. 2011 മുതൽ 16 വരെ പ്രതിപക്ഷ നേതാവായി. 2002ൽ കേന്ദ്രകമ്മിറ്റിയിലും 2012ൽ പൊളിറ്റ്‌ബ്യൂറോയിലുമെത്തി. ഭാര്യ ഉഷ മഹിളാ അസോസിയേഷൻ പ്രവർത്തകയാണ്‌. രണ്ടുമക്കളുണ്ട്‌.


പ്രക്ഷോഭങ്ങളുടെ തലപ്പൊക്കം


മധുര: സമരപോരാട്ടങ്ങളിലൂടെ നേതൃനിരയിലേക്ക് ഉയർന്നുവന്ന എ കെ ബാലൻ സിപിഐ എം കേന്ദ്രകമ്മിറ്റിയിൽ ഒരു പതിറ്റാണ്ട്‌ പ്രവർത്തിച്ചാണ്‌ പ്രായപരിധി പരിഗണിച്ച്‌ ഒഴിയുന്നത്‌. വിദ്യാർഥിപ്രസ്ഥാനത്തിലൂടെയാണ്‌ പാർടിയിൽ എത്തിയത്‌. എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌, സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചു. 1968ൽ തലശേരിയിൽ വിദ്യാർഥി സമരത്തിൽ പങ്കെടുത്തതിന്‌ പൊലീസിന്റെ ക്രൂരമർദനത്തിന്‌ ഇരയായി. തോട്ടാട്‌ മിച്ചഭൂമി സമരത്തിൽ പങ്കെടുത്തതിന്‌ ഒരുമാസം ജയിൽവാസം അനുഭവിച്ചു. പാലക്കാട്‌ ജില്ലാ കൗൺസിൽ പ്രസിഡന്റായിരുന്നു. നാലുതവണ നിയമസഭാംഗം. 2006 ലും 2016ലും സംസ്ഥാന മന്ത്രിസഭയിൽ അംഗമായി. വൈദ്യുതി, നിയമം തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്‌തു. 1980ൽ ഒറ്റപ്പാലത്തുനിന്ന്‌ ലോക്‌സഭയിലേക്ക്‌ തെരഞ്ഞെടുത്തു. 1997ൽ സിപിഐ എം സംസ്ഥാന കമ്മിറ്റിഅംഗമായി. 2005ൽ സംസ്ഥാന സെക്രട്ടറിയറ്റിൽ. 2015ൽ കേന്ദ്രകമ്മിറ്റിയിലെത്തി.


കോഴിക്കോട്‌ ഗവ.ലോ കോളേജിൽനിന്ന്‌ നിയമത്തിൽ ബിരുദം. സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയിൽ പ്രൊബേഷനറി ഓഫീസറായി. സംഘടനാ പ്രവർത്തനത്തിനായി ജോലി ഉപേക്ഷിച്ചു. 1948 ആഗസ്ത്‌ മൂന്നിന്‌ നാദാപുരം തൂണേരിയിൽ കേളപ്പന്റെയും- കുഞ്ഞിയുടെയും മകനായി ജനിച്ചു. കൂലിപ്പണിയെടുത്ത്‌ പഠനത്തിനുള്ള വഴി കണ്ടെത്തി. കല്ലാച്ചി സ്കൂളിൽ ലീഡറായും തലശേരി ബ്രണ്ണൻ കോളേജിൽ യൂണിയൻ ചെയർമാനായും തെരഞ്ഞെടുക്കപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home