തൊഴിലാളി, വിദ്യാർഥി, മഹിളാ പോരാട്ടങ്ങളിലൂടെ

മധുര: വരും കാല പോരാട്ടങ്ങളിൽ പാർടിയെ നയിക്കാനുള്ള പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്ത് സിപിഐ എമ്മിന്റെ 24–ാം പാർടി കോൺഗ്രസിന് ഐതിഹാസിക സമാപനം. 85 അംഗ കേന്ദ്ര കമ്മിറ്റിയേയാണ് പാർടി കോൺഗ്രസ് പുതുതായി തെരഞ്ഞെടുത്തത്. ഇതിൽ 30 പേർ പുതുമുഖങ്ങളാണ്.
മൂന്ന് പേരാണ് കേന്ദ്ര കമ്മിറ്റിയിലേക്ക് കേരളത്തിൽ നിന്നും പുതുതായി എത്തിയത്. ടി പി രാമകൃഷ്ണൻ, പുത്തലത്ത് ദിനേശൻ, കെ എസ് സലിഖ എന്നിവരാണ് കേന്ദ്ര കമ്മിറ്റിയിലെ മലയാളി സാന്നിധ്യം.
ടി പി രാമകൃഷ്ണൻ
അടിസ്ഥാന ജനവിഭാഗങ്ങൾക്കുവേണ്ടിയുള്ള സന്ധിയില്ലാ പോരാട്ടങ്ങളിലൂടെ ഉയർന്നുവന്ന നേതാവാണ് ടി പി രാമകൃഷ്‌ണൻ. മിച്ചഭൂമി സർക്കാർ ഏറ്റെടുത്ത് ഭൂമിയില്ലാത്തവർക്ക് പതിച്ചുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് 1970കളിൽ നടന്ന സമരത്തിൽ കീഴരിയൂർ മീറോട് സമരഭൂമിയിൽ ക്യാമ്പ് ലീഡറായിരുന്നു ടി പി. അടിയന്തരാവസ്ഥക്കാലത്ത് പൊലീസ് അറസ്റ്റ്‌ചെയ്ത് അതിക്രൂരമായ പീഡനത്തിനിരയാക്കി. കുപ്രസിദ്ധമായ കക്കയം ക്യാമ്പിൽ പാർപ്പിച്ചായിരുന്നു ദിവസങ്ങളോളം നീണ്ട മർദനമുറകൾ. മൃതപ്രായനായ ടി പിയെ ചികിത്സ നൽകാതെ 18 ദിവസം പേരാമ്പ്ര പൊലീസ് സ്റ്റേഷൻ ലോക്കപ്പിലിട്ടു. പിന്നീട് കോഴിക്കോട് ജില്ലാ ജയിലിലടച്ചു.
എൽഡിഎഫ് കൺവീനറും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും സിഐടിയു സംസ്ഥാന പ്രസിഡന്റുമാണ്. ഒന്നാം പിണറായി സർക്കാരിൽ എക്സൈസ്–- തൊഴിൽ മന്ത്രിയായിരുന്നു ടി പി രാമകൃഷ്ണൻ. ഹൈസ്കൂൾകാലം തൊട്ടേ പുരോഗമന വിദ്യാർഥിപ്രസ്ഥാനത്തിലേക്ക് ആകർഷിക്കപ്പെട്ടു. കേരള സ്റ്റുഡന്റ്‌സ് ഫെഡറേഷന്റെ മുൻനിരയിലെത്തി. തീക്ഷ്ണമായ ജീവിതാനുഭവങ്ങൾക്കിടയിലും പാവപ്പെട്ട തൊഴിലാളികളുടെ പ്രശ്നങ്ങൾ മുൻനിർത്തിയുള്ള പോരാട്ടത്തിനിറങ്ങി. സംശുദ്ധമായ എക്സൈസ്, മികച്ച തൊഴിൽ അന്തരീക്ഷം എന്നിവ മന്ത്രിയെന്ന നിലയിൽ ഉണ്ടാക്കിയ നേട്ടമാണ്. പ്രതിസന്ധിഘട്ടങ്ങളിൽ ഇടപെടാനും കക്ഷിരാഷ്ട്രീയത്തിന്റെ അതിരുകളില്ലാത്ത ജനബന്ധവും കൂടുതൽ ജനകീയനാക്കി.
1968ൽ സിപിഐ എം നമ്പ്രത്തുകര ബ്രാഞ്ച് അംഗമായി പ്രവർത്തനം ആരംഭിച്ച ടി പി പിന്നീട് നമ്പ്രത്തുകര ബ്രാഞ്ച് സെക്രട്ടറിയായി. 2001ലും 2016ലും 2021ലും പേരാമ്പ്രയിൽനിന്ന് നിയമസഭാംഗം. സിപിഐ എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവുമായ എം കെ നളിനിയാണ് ഭാര്യ. രജുലാൽ, രഞ്ജിനി എന്നിവർ മക്കൾ. നൊച്ചാട് പഞ്ചായത്തിലെ വെള്ളിയൂരാണ് താമസം.
പുത്തലത്ത് ദിനേശൻ
വിദ്യാർഥി പ്രക്ഷോഭങ്ങളിലൂടെ പൊതുരംഗത്ത് സജീവമായ പുത്തലത്ത് ദിനേശൻ എഴുത്തുകാരൻ, പത്രാധിപർ, പ്രഭാഷകൻ എന്നീ നിലകളിൽ ശ്രദ്ധേയനാണ്. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ്, അഖിലേന്ത്യ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. എസ്എഫ്ഐയുടെ മുഖപത്രമായ സ്റ്റുഡന്റിന്റെ എഡിറ്ററും കാലിക്കറ്റ് സർവകലാശാല യൂണിയൻ ജനറൽ സെക്രട്ടറിയുമായിരുന്നു.
സാംസ്‌കാരിക മേഖലയിലും സജീവമായി ഇടപെടുന്നു. ദേശാഭിമാനി ചീഫ് എഡിറ്റർ, സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം, മാർക്സിസ്റ്റ് സംവാദം പത്രാധിപർ, ഇ എം എസ് അക്കാദമി ഫാക്കൽറ്റി എന്നീ ചുമതലകൾ വഹിക്കുന്നു. 2016 ജൂൺ മുതൽ 2022 ഏപ്രിൽവരെ മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നു.
കേരളത്തിലെ ചരിത്ര–-സാംസ്കാരിക സവിശേഷതകളുള്ള വിവിധ പ്രദേശങ്ങളെക്കുറിച്ച് സുവനീറുകൾ ദേശാഭിമാനി പ്രസിദ്ധീകരിക്കാൻ മുൻകൈയെടുത്തു. ദേശാഭിമാനിയുടെ ഈ സംരംഭത്തിന് മലപ്പുറം ഉൾപ്പെടെയുള്ള ജില്ലകളിൽ വലിയ സ്വീകാര്യത ലഭിച്ചു. വർത്തമാനകാലത്തെ സാമൂഹ്യവും രാഷ്ട്രീയവുമായ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന നാല് ശ്രദ്ധേയ പുസ്തകങ്ങൾ അടുത്തിടെ പ്രകാശിപ്പിച്ചിരുന്നു. മാർക്സിസ്റ്റ് ക്ലാസിക്കുകളെക്കുറിച്ചുള്ള പഠനം ‘വെള്ളത്തിൽ മീനുകളെന്നപോൽ’, ചരിത്രത്തെയും സംസ്കാരത്തെയും തെറ്റായി വ്യാഖ്യാനിക്കുന്ന വർഗീയശക്തികളെ തുറന്നുകാണിക്കുന്ന ‘ബഹുസ്വരതയും മതരാഷ്ട്രവാദങ്ങളും ’, കേരളീയ നവോത്ഥാനത്തിന്റെ സവിശേഷതകൾ വിവരിക്കുന്ന ‘പഴമയുടെ പുതുവായനകൾ ’, സ്വാതന്ത്ര്യസമരത്തിലെ കമ്യൂണിസ്റ്റുകാരുടെ പങ്കിനെ വിശദീകരിക്കുന്ന ‘സ്‌മരണകൾ സമരായുധങ്ങൾ ’ എന്നിവയാണവ. കോഴിക്കോട് വടകര സ്വദേശിയാണ്. ഭാര്യ: ഡോ. യമുന. മക്കൾ: റോസ, ആസാദ്. തിരുവനന്തപുരം തിരുമല മങ്കാട്ടുകടവിലാണ് താമസം.
കെ എസ് സലീഖ
സ്‌ത്രീകളുടെ അവകാശപ്പോരാട്ടങ്ങളുടെ കരുത്തുമായാണ് കെ എസ് സലീഖ സിപിഐ എം കേന്ദ്രകമ്മിറ്റിയിൽ എത്തുന്നത്. യാഥാസ്ഥിതിക കുടുംബ പശ്‌ചാത്തലത്തിൽനിന്ന് പുരോഗമന പ്രസ്ഥാനത്തിന്റെ നേതൃനിരയിലെത്തി. പാർലമെന്ററി രംഗത്തും മികവ് തെളിയിച്ചു. 1991ൽ ശ്രീകൃഷ്‌ണപുരം കടമ്പഴിപ്പുറം ടൗൺ ബ്രാഞ്ച് അംഗമായി. 95ൽ ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായി. കുറഞ്ഞകാലം കൊണ്ടുതന്നെ നാടിന് പ്രിയപ്പട്ടവളായി.
2002ൽ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം. 2022മുതൽ സംസ്ഥാന കമ്മിറ്റി അംഗമാണ്. 2006ൽ ശ്രീകൃഷ്ണപുരത്തുനിന്നും 2011ൽ ഷൊർണൂരിൽനിന്നും നിയമസഭയിലെത്തി. നിലവിൽ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗമാണ്. 2001–2010 കാലയളവിൽ മഹിളാ അസോസിയേഷൻ പാലക്കാട് ജില്ലാ സെക്രട്ടറിയായിരുന്നു. പാലക്കാട് ജില്ലാ പഞ്ചായത്ത് അംഗം, ഒറ്റപ്പാലം താലൂക്ക് കോ–- ഓപ്പറേറ്റീവ് മാർക്കറ്റിങ് സൊസെറ്റി ഡയറക്ടർ, സംസ്ഥാന വനിതാ വികസന കോർപറേഷൻ ചെയർപേഴ്‌സൺ, കടമ്പഴിപ്പുറം സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചു. ഭർത്താവ് കടമ്പഴിപ്പുറത്തെ സിപിഐ എം നേതാവായിരുന്ന പരേതനായ എ കെ കുഞ്ഞുമോൻ. മക്കൾ: നിഷാദ്, ഷമീന.











0 comments