ആർഎസ്‌എസിന്റെ തന്ത്രം ചിലർക്ക് മനസ്സിലാകുന്നില്ല: പിണറായി വിജയൻ

എൻ ശങ്കരയ്യ നഗർ: മതന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിച്ച് മുതലെടുക്കാനുള്ള ആർഎസ്എസ് ശ്രമം മനസ്സിലാക്കുന്നതിൽ ചിലർ പരാജയപ്പെട്ടെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ പറഞ്ഞു. വഖഫ് നിയമഭേദഗതി ബിൽ പാർലമെന്റിൽ പാസാക്കിയതിനുശേഷം ക്രൈസ്തവ സമൂഹത്തെയാണ് സംഘപരിവാർ ലക്ഷ്യം വച്ചിട്ടുള്ളത്. ആർഎസ്എസ് മുഖപത്രം ഓർഗനൈസറിലെ ലേഖനം പിൻവലിച്ചെങ്കിലും അവരുടെ മനസ്സിലിരിപ്പ് കൃത്യമായി അറിയാനായി. സിപിഐ എം 24–-ാം പാർടി കോൺഗ്രസിന് സമാപനം കുറിച്ച് മധുരയിൽ നടന്ന മഹാറാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വഖഫ് നിയമഭേദഗതി ഒറ്റപ്പെട്ട സംഭവമല്ല, ആസൂത്രിത നീക്കമാണ്. ഒരു പ്രത്യേക സമൂഹത്തെ ലക്ഷ്യം വച്ചുള്ളതുമല്ല. വൈവിധ്യത്തെ ഘട്ടം ഘട്ടമായി തുടച്ചുനീക്കുകയാണ്. മതന്യൂനപക്ഷങ്ങളെന്ന നിലയിൽ മുസ്ലിങ്ങളും ക്രിസ്ത്യാനികളും ഒറ്റക്കെട്ടായി നിൽക്കുമ്പോൾ അവരുടെ ഐക്യം തകർക്കാൻ ആദ്യം മുസ്ലിങ്ങളെ ക്രിസ്ത്യാനികളിൽനിന്ന് ഒറ്റപ്പെടുത്തി തമ്മിലടിപ്പിക്കുന്നു. വഖഫ് മുസ്ലിം മതവുമായും അതിന്റെ വിശ്വാസം, പാരമ്പര്യം, ചരിത്രം, ആചാരങ്ങൾ എന്നിവയുമായും ബന്ധപ്പെട്ടിരിക്കുന്നു. അതിൽ മാറ്റങ്ങൾ വരുത്തണമെങ്കിൽ ആ സമൂഹത്തിനുള്ളിൽനിന്ന് ആവശ്യമുയരണം. അതിനു കാത്തിരിക്കാതെയാണ് ആ മതകാര്യങ്ങളിൽ നേരിട്ട് ഇടപെട്ട് അവരെ മറ്റ് മതങ്ങളിൽനിന്ന് വേർപെടുത്തി അവിശ്വാസം വളർത്തുന്നത്.
ചില പാർടികൾ സംഘപരിവാറിന്റെ പദ്ധതികളെ ന്യായീകരിക്കുന്നു. ചില മതനേതാക്കൾ സംഘപരിവാറിന്റെ വഞ്ചനാപരമായ പദ്ധതികൾ തിരിച്ചറിയുന്നതിൽ പരാജയപ്പെടുന്നു. ആർഎസ്‌എസ് അജൻഡയോടൊപ്പം നിൽക്കാത്തവരിൽ ശത്രുത വളർത്താനുള്ള തന്ത്രമാണിതെന്ന് ഇവർക്ക് മനസ്സിലാകുന്നില്ല. ഗുജറാത്തിലും യുപിയിലും മുസ്ലിങ്ങളാണ് ആക്രമിക്കപ്പെടുന്നതെങ്കിൽ ഒഡിഷയിലും മധ്യപ്രദേശിലും ക്രിസ്ത്യാനികളാണ് ഇരയാകുന്നത്. ഛത്തീസ്ഗഡിൽ ഹിന്ദുക്കളല്ലാത്ത ആദിവാസികൾ ആക്രമിക്കപ്പെടുമ്പോൾ കേരളത്തിൽ കമ്യൂണിസ്റ്റുകാരെ വേട്ടയാടുന്നു–- പിണറായി പറഞ്ഞു.











0 comments