ad
Deshabhimani

പുതുനിര; സിപിഐ എം പൊളിറ്റ്ബ്യൂറോയിൽ 8 പുതുമുഖം

cpim party congress lef unity.
വെബ് ഡെസ്ക്

Published on Apr 07, 2025, 03:14 AM | 4 min read


കർഷകപ്പോരാട്ടങ്ങളുടെ 
കരുത്ത്


VIJU KRISHNANമഹാരാഷ്ട്രയിലെ നാസിക്കിൽനിന്ന്‌ 2018 മാർച്ച്‌ ആറിന്‌ അരലക്ഷത്തോളം കർഷകർ ചെങ്കൊടിയേന്തി മുംബൈയിലേക്ക്‌ നടത്തിയ പദയാത്ര ജനഹൃദയങ്ങളിലേക്കാണ്‌ നടന്നുകയറിയത്‌. കൊടുംചൂടിൽ തിളച്ചുമറിഞ്ഞ റോഡുകളിൽ നടന്ന്‌ കർഷകരുടെ കാലുകൾ പൊള്ളിമുറിഞ്ഞു. 200 കിലോമീറ്റർ താണ്ടി 12ന്‌ കർഷകർ മുംബൈയിലേക്ക്‌ പ്രവേശിച്ചപ്പോൾ നഗരവാസികൾ ഹൃദയം കൊണ്ടാണ്‌ സ്വീകരിച്ചത്‌. ആവശ്യങ്ങളെല്ലാം വേഗത്തിൽ അംഗീകരിക്കാൻ മഹാരാഷ്ട്രയിലെ ബിജെപി സർക്കാർ നിർബന്ധിതമായി. ലോകശ്രദ്ധ നേടിയ കർഷക ലോങ്‌മാർച്ചിന്റെ മുഖ്യസംഘാടകരിലൊരാൾ വിജൂ കൃഷ്‌ണനാണ്‌. കേന്ദ്രസർക്കാരിന്റെ കർഷകദ്രോഹ ബില്ലുകൾ പിൻവലിക്കണം എന്ന്‌ ആവശ്യപ്പെട്ട്‌ ഡൽഹി വളഞ്ഞ്‌ കർഷകസംഘടനകൾ നടത്തിയ ഐതിഹാസിക സമരത്തിന്‌ പിന്നിലും വിജൂ സജീവമായിരുന്നു. സമരങ്ങളും പ്രക്ഷോഭങ്ങളും ആസൂത്രണം ചെയ്യുന്നതിലും സംഘടിപ്പിക്കുന്നതിലും പ്രകടിപ്പിക്കുന്ന അസാമാന്യമികവാണ്‌ 51–-ാം വയസ്സിൽ സിപിഐ എം പൊളിറ്റ്‌ബ്യൂറോയിലേക്ക്‌ വിജൂവിനെ എത്തിച്ചിരിക്കുന്നത്‌.


ബംഗളൂരു സെന്റ്‌ ജോസഫ്‌സ്‌ കോളേജിൽ പൊളിറ്റിക്കൽ സയൻസ്‌ വകുപ്പുമേധാവി ആയിരിക്കെയാണ്‌ 2008ൽ പൂർണസമയ പ്രവർത്തകനാകുന്നത്‌. കർഷകമുന്നണിയിൽ പ്രവർത്തിക്കാനായിരുന്നു പാർടി നിർദേശം. 2018ൽ സിപിഐ എം കേന്ദ്രകമ്മിറ്റിയിലെത്തി. 2022ൽ കിസാൻസഭയുടെ ഏറ്റവും പ്രായംകുറഞ്ഞ ജനറൽ സെക്രട്ടറിയായി. കണ്ണൂരിലെ കരിവെള്ളൂരിൽ ഡോ. പി കൃഷ്‌ണയുടെയും ശ്യാമളയുടെയും മകനായി ജനനം. കുട്ടിക്കാലം ബംഗളൂരുവിൽ. സെന്റ്‌ ജോസഫ്‌ കോളേജിൽ വിദ്യാർഥിയായിരിക്കെ ബാബ്‌റി മസ്‌ജിദ്‌ ധ്വംസനത്തിനെതിരായ പ്രതിഷേധത്തിലൂടെയാണ്‌ സംഘടനാരംഗത്തേക്കുള്ള കടന്നുവരവ്‌. ജെഎൻയുവിൽ പിജി, എംഫിൽ, പിഎച്ച്‌ഡി പഠനകാലത്ത്‌ എസ്‌എഫ്ഐയിൽ. വിദ്യാർഥി യൂണിയൻ വൈസ്‌പ്രസിഡന്റും പ്രസിഡന്റുമായി. എസ്‌എഫ്‌ഐ ഡൽഹി പ്രസിഡന്റായി. പിന്നീട്‌ കേന്ദ്രഎക്‌സിക്യൂട്ടീവിലെത്തി. ഹിന്ദി, ഇംഗ്ലീഷ്‌, മലയാളം, കന്നഡ തുടങ്ങി പത്തോളം ഇന്ത്യൻ ഭാഷകളിൽ പ്രാവീണ്യമുണ്ട്‌. സമതയാണ് ഭാര്യ. മകൾ: റിയ


പോരാളികളുടെ മകൾ


U VASUKIകുട്ടിക്കാലം മുതലുള്ള രാഷ്ട്രീയപ്രവർത്തന പരിചയമാണ്‌ യു വാസുകിയെ തമിഴ്‌നാട്ടിലെ ട്രേഡ്‌ യൂണിയന്റെയും മഹിളാ പ്രസ്ഥാനത്തിന്റെയും നെടുനായകത്വം വഹിക്കുന്ന നിലയിൽ എത്തിച്ചത്‌. വാസുകിയെ സിപിഐ എം പൊളിറ്റ്‌ബ്യൂറോയിലേക്ക്‌ തെരഞ്ഞെടുക്കുമ്പോൾ തമിഴ്‌നാട്ടിലെ സ്‌ത്രീകളുടെ പോരാട്ടങ്ങളാണ്‌ ആദരിക്കപ്പെടുന്നത്‌. പൊളിറ്റ്‌ബ്യൂറോ അംഗവും സിഐടിയു അഖിലേന്ത്യ വൈസ്‌ പ്രസിഡന്റുമായിരുന്ന ആർ ഉമാനാഥിന്റെയും ജനാധിപത്യ മഹിളാ അസോസിയേഷൻ സ്ഥാപക നേതാക്കളിൽ ഒരാളായ പാപ്പ ഉമാനാഥിന്റയും മകൾ. അച്ഛനമ്മമാർ പങ്കുവച്ച സമരാനുഭവങ്ങളിലൂടെ മുളപൊട്ടിയ രാഷ്ട്രീയബോധ്യങ്ങളാണ്‌ വാസുകിയെ സംഘടനയിലേക്ക്‌ നയിച്ചത്‌.

ഇന്ത്യ–- ചൈന, ഇന്ത്യ–- പാകിസ്ഥാൻ യുദ്ധഘട്ടങ്ങളിൽ ഡിഫൻസ്‌ ഓഫ്‌ ഇന്ത്യ ആക്ട്‌ പ്രകാരം തിരുച്ചിറപ്പള്ളിയിലെ വീട്ടിൽനിന്ന്‌ ഉമാനാഥിനെയും പാപ്പയെയും അറസ്റ്റ്‌ ചെയ്യുമ്പോൾ വാസുകി സ്‌കൂൾ വിദ്യാർഥി. വാസുകിക്കും സഹോദരങ്ങൾക്കും കാവലായത്‌ പാർടി പ്രവർത്തകരായിരുന്നു. കൊമേഴ്‌സ്‌ ബിരുദം നേടിയശേഷം ഐഡിബിഐ, യൂണിയൻ ബാങ്ക്‌, കനറാ ബാങ്ക്‌ എന്നിവിടങ്ങളിൽ ജോലിചെയ്‌തു. ‘എന്നാണ്‌ പൂർണസമയ പ്രവർത്തകയാകുക എന്ന പതിവ്‌ ചോദ്യം അച്ഛൻ ഒരിക്കൽ ആവർത്തിച്ചു. റിട്ടയർ ചെയ്‌തശേഷം എന്ന്‌ ഞാൻ മറുപടി പറഞ്ഞു. സത്തയും സാരവും എല്ലാം ബാങ്ക്‌ മുതലാളിക്ക്‌ നൽകിയശേഷം എന്തിന്‌ പാർടിയിൽ വരണം. ആ ചോദ്യം ജീവിതത്തിൽ മറക്കില്ല. 2000ൽ രാജിവച്ച്‌ പൂർണസമയ രാഷ്ട്രീയപ്രവർത്തകയായി’–- വാസുകി ഓർക്കുന്നു.


ചെറുത്തുനിൽപ്പിന്റെ 
നേതൃമുഖം


JITHENDRA CHODARYത്രിപുരയിൽ ബിജെപിയുടെ ഭീകരമായ തേർവാഴ്‌ചയ്‌ക്കെതിരായ പോരാട്ടത്തിന്‌ ധീരമായ നേതൃത്വം നൽകുന്ന നേതാവാണ്‌ ജിതേന്ദ്ര ചൗധരി. അറുപത്തിനാലുകാരനായ ജിതേന്ദ്ര ചൗധരി നിയമസഭയിലെ പ്രതിപക്ഷ നേതാവാണ്‌. ആദിവാസി അധികാർ രാഷ്‌ട്രീയ മഞ്ച്‌ അഖിലേന്ത്യ അധ്യക്ഷനാണ്‌. ത്രിപുര ഈസ്റ്റ്‌ മണ്ഡലത്തിൽനിന്ന്‌ രണ്ടുതവണ ലോക്‌സഭാംഗമായി. 1983 മുതൽ 2014 വരെ നിയമസഭാംഗമായിരുന്ന ചൗധരി 2023ലെ തെരഞ്ഞെടുപ്പിൽ സബ്‌രൂം മണ്ഡലത്തിൽനിന്ന്‌ വീണ്ടും നിയമസഭാംഗമായി. 2018 മുതൽ പാർടി കേന്ദ്രകമ്മിറ്റി അംഗമാണ്‌.


ശാസ്‌ത്രപ്രസ്ഥാനത്തിന്റെ 
പ്രചാരകൻ


SRIDIP BHATTACHARYAബംഗാളിൽ സിപിഐ എമ്മിന്റെ സംഘടനാപരമായ പുനരുജ്ജീവനം അനിവാര്യമായ സുപ്രധാന ചരിത്രഘട്ടത്തിലാണ്‌ ശ്രീദിപ്‌ ഭട്ടാചാര്യ പൊളിറ്റ്‌ബ്യൂറോയിൽ എത്തുന്നത്‌. ഇപ്പോൾ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്‌ ഫോർ എൻജിനിയറിങ്‌ സയൻസ്‌ ആൻഡ്‌ ടെക്‌നോളജി ആയി മാറിയ ശിബ്‌പുരിലെ ബംഗാൾ എൻജിനിയറിങ്‌ കോളേജിൽനിന്ന്‌ മെക്കാനിക്കൽ എൻജിനിയറിങ്‌ ബിരുദം ഉയർന്ന മാർക്കോടെ പാസായ ശ്രീദിപ്‌ വിദ്യാർഥിയായിരിക്കെ തന്നെ പൊതുപ്രവർത്തന രംഗത്തെത്തി. എസ്‌എഫ്‌ഐ ഹൗറ ജില്ലാ സെക്രട്ടറി, പ്രസിഡന്റ്‌, പശ്‌ചിമ ബംഗാൾ സംസ്ഥാന സെക്രട്ടറി, കേന്ദ്ര എക്‌സിക്യൂട്ടീവ്‌ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. സിപിഐ എം ഹൗറ ജില്ലാ സെക്രട്ടറിയായിരുന്നു. നിലവിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം. ജനകീയ ശാസ്‌ത്രപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ശ്രീദിപ്‌ ജനങ്ങളിൽ ശാസ്‌ത്രബോധം വളർത്താനുള്ള പ്രചാരണ പരിപാടികളുമായി രാജ്യമൊട്ടാകെ സഞ്ചരിച്ചിട്ടുണ്ട്‌. ഓൾ ഇന്ത്യ പീപ്പിൾസ്‌ സയൻസ്‌ നെറ്റ്‌വർക്കിന്റെ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്‌. പാർടി കോൺഗ്രസ്‌ പ്രതിനിധിയും അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന ട്രഷററുമായ ഷപ്‌ന ഭട്ടാചാര്യയാണ്‌ ഭാര്യ.


സമരാരുണം


അവിഭക്ത ആന്ധ്രപ്രദേശിലെ വിദ്യാർഥി പ്രക്ഷോഭങ്ങളുടെ കുന്തമുനയായിരുന്നു അരുൺകുമാർ. സിപിഐ എം ആസ്ഥാനമായ ഡൽഹി എ കെ ജി ഭവനിൽ വിദേശവിഭാഗം സഹചുമതലക്കാരനായിരിക്കെയാണ്‌ കൃഷ്‌ണ ജില്ല സ്വദേശിയായ അരുൺകുമാറിനെ പൊളിറ്റ്‌ബ്യൂറോയിലേക്ക്‌ തെരഞ്ഞെടുക്കുന്നത്‌. വിദ്യാഭ്യാസത്തിന്റെ സ്വകാര്യവൽക്കരണത്തെക്കുറിച്ചും വിദേശരാജ്യങ്ങളിലെ സംഭവവികാസങ്ങളെക്കുറിച്ചും നിരന്തരം എഴുതുന്നു. എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റായും സെക്രട്ടറിയായും പ്രവർത്തിക്കവെ നടന്ന ഹോസ്റ്റൽ സമരങ്ങളുടെ ആസൂത്രകനായി സംസ്ഥാനമൊട്ടുക്ക്‌ സഞ്ചരിച്ചു. ഹോസ്റ്റൽ ഫീസും മെസ്‌ ഫീസും വർധിപ്പിച്ചതിനെതിരെയുള്ള സമരങ്ങളിൽ അന്നത്തെ സർക്കാർ മുട്ടുകുത്തി. ആന്ധ്രപ്രദേശിലായിരിക്കെ ബഹുജന സമരങ്ങളിലും സജീവമായിരുന്നു. 2005ൽ എസ്‌എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റായതോടെ പ്രവർത്തന കേന്ദ്രം ഡൽഹിക്ക്‌ മാറ്റി. സിഐടിയു അഖിലേന്ത്യ പ്രസിഡന്റ്‌ ഡോ. കെ ഹേമലതയുടെയും ഡൽഹിയിലെ സിപിഐ എം പ്രവർത്തകൻ ശ്യാംസുന്ദറിന്റെയും മകനാണ്‌. പീപ്പിൾസ്‌ ഡെമോക്രസിയിലെ മാധ്യമപ്രവർത്തക മമതയാണ്‌ ഭാര്യ. മകൻ അർണവ്‌.


വിദ്യാർഥിപ്രസ്ഥാനത്തിലൂടെ നേതൃനിരയിലേക്ക്‌


MARIYAM DHAVLEവിദ്യാർഥി പ്രക്ഷോഭങ്ങളുടെയും സ്‌ത്രീകളുടെ അവകാശങ്ങൾക്കായി നടത്തിയ പോരാട്ടങ്ങളുടെ കരുത്തുമായാണ്‌ മറിയം ധാവ്‌ളെ സിപിഐ എം പൊളിറ്റ്‌ ബ്യൂറോയിലെത്തുന്നത്‌. മഹാരാഷ്ട്ര സ്വദേശിയാണ്‌. 1979ൽ എസ്‌എഫ്‌ഐ അംഗമായി. 1981–-82ൽ മുംബൈ വിൽസൺ കോളേജ്‌ വിദ്യാർഥി കൗൺസിലിലേക്ക്‌ എസ്‌എഫ്‌ഐ പ്രതിനിധിയായി തെരഞ്ഞെടുത്തു. മുംബൈ സർവകലാശാലയിൽനിന്ന്‌ ചരിത്രത്തിൽ എംഎ ബിരുദം നേടി. 1988 മുതൽ 1994 വരെ എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി. എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറിയാകുന്ന ആദ്യ വനിത. 1989–-97ൽ അഖിലേന്ത്യ വൈസ്‌പ്രസിഡന്റായി. 1997–-2004ൽ മഹിളാ അസോസിയേഷൻ മഹാരാഷ്ട്ര വർക്കിങ്‌ പ്രസിഡന്റായും 2013–-2017ൽ പ്രസിഡന്റായും പ്രവർത്തിച്ചു. 2016ൽ മഹിളാ അസോസിയേഷൻ അഖിലേന്ത്യ ജനറൽ സെക്രട്ടറിയായി. മഹാരാഷ്ട്രയിലെ താനെ–- പാൽഘർ മേഖലയിൽ ആദിവാസി സ്‌ത്രീകളുടെ അവകാശങ്ങൾക്കായി നിരവധി പ്രക്ഷോഭങ്ങൾ നയിച്ചു. ദേശീയതലത്തിൽ വനിതാസംവരണ ബില്ലടക്കം വിവിധ വിഷയങ്ങളിൽ പ്രക്ഷോഭങ്ങൾക്ക്‌ നേതൃത്വം നൽകി. പൊളിറ്റ്‌ബ്യൂറോ അംഗം അശോക്‌ ധാവ്‌ളെയാണ്‌ ഭർത്താവ്‌.


ജനകീയപോരാളി


AMRARAMകർഷകരുടെയും യുവജനങ്ങളുടെയും സ്‌ത്രീകളുടെയും എണ്ണമറ്റ അവകാശസമരങ്ങൾക്ക്‌ നേതൃത്വം നൽകിയ കരുത്തുമായാണ്‌ രാജ്യത്തെ കർഷകപ്രസ്ഥാനത്തിന്റെ പ്രമുഖ നേതാവും സിക്കറിൽനിന്നുള്ള ലോക്‌സഭാംഗവുമായ അമ്രാറാം പൊളിറ്റ്‌ബ്യൂറോയിൽ എത്തിയത്‌. കിസാൻസഭ അഖിലേന്ത്യ വൈസ്‌പ്രസിഡന്റുകൂടിയായ അമ്രാറാം രാജസ്ഥാനിൽ ഒട്ടേറെ കർഷകസമരങ്ങൾക്ക്‌ നേതൃത്വം നൽകി. കാർഷിക നിയമങ്ങൾക്കെതിരായ ഐതിഹാസിക കർഷകസമരം രാജസ്ഥാനിൽ നയിച്ചു. ശെഖാവത്തി മേഖലയിൽ സിപിഐ എമ്മിനും കിസാൻസഭയ്‌ക്കും അടിത്തറ പാകിയതിൽ പ്രധാന പങ്ക്‌ വഹിച്ചു. മൂന്നുവട്ടം ദോഡ്‌ മണ്ഡലത്തിൽനിന്നും ഒരു വട്ടം ദാത്താ രാംഗഢ്‌ മണ്ഡലത്തിൽനിന്നും എംഎൽഎയായി. മികച്ച എംഎൽഎക്കുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം നേടി. സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്നു. 2015ൽ കേന്ദ്രകമ്മിറ്റിയിൽ എത്തി. 2013 മുതൽ 2017 വരെ അഖിലേന്ത്യ കിസാൻസഭ പ്രസിഡന്റായിരുന്നു. എസ്‌എഫ്‌ഐ പ്രവർത്തകനായി പൊതുജീവിതം ആരംഭിച്ചു.


പ്രക്ഷോഭങ്ങളുടെ കണ്ണ്‌


തമിഴ്‌നാട്ടിലെ ജനകീയ പ്രക്ഷോഭങ്ങളുടെ ജ്വലിക്കുന്ന മുഖവുമായാണ്‌ കെ ബാലകൃഷ്‌ണൻ സിപിഐ എം പൊളിറ്റ്‌ ബ്യൂറോയിൽ എത്തുന്നത്‌. സാമൂഹിക പിന്നാക്കാവസ്ഥ മുതലെടുത്ത്‌ കർഷകരെയും ദളിതരെയും ദ്രോഹിക്കുന്നവർക്കെതിരെ നിരന്തര പ്രക്ഷോഭങ്ങൾ നടത്തുക മാത്രമല്ല ഡിഎംകെയുമായും മറ്റ്‌ മതനിരപേക്ഷ കക്ഷികളുമായും ചേർന്ന്‌ മതനിരപേക്ഷ പുരോഗമന മുന്നണി രൂപീകരിക്കുന്നതിന്‌ നേതൃത്വം നൽകി. അണ്ണാമലൈ യൂണിവേഴ്‌സിറ്റിയിൽ വിദ്യാർഥിയായിരിക്കെ എസ്‌എഫ്‌ഐയിലൂടെ പൊതുരംഗത്തെത്തി. കർഷക സംഘത്തിന്റെ സംസ്ഥാന പ്രസിഡന്റും ജനറൽ സെക്രട്ടറിയുമായി. ചിദംബരം മണ്ഡലത്തിൽനിന്ന്‌ നിയമസഭയിലേക്ക്‌ ജയിച്ചു. ഏഴുവർഷം സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചു.


സൗത്ത്‌ ആർകോട്ട്‌ ജില്ലയിലെ കുപ്രസിദ്ധമായ ലോക്കപ്പ്‌ കൂട്ട ബലാൽസംഗക്കേസിലും ഇടപെടൽ സുപ്രധാനമായിരുന്നു. മോഷണക്കുറ്റം ചുമത്തി പൊലീസ്‌ ലോക്കപ്പിലിട്ട യുവാവിനെത്തേടി സ്റ്റേഷനിലെത്തിയ ഭാര്യയെ പൊലീസുകാർ കൂട്ട ബലാൽസംഗം ചെയ്‌ത സംഭവം സമൂഹശ്രദ്ധയിൽ കൊണ്ടുവന്നതും കുറ്റവാളികൾക്ക്‌ ശിക്ഷ ഉറപ്പാക്കിയതും കെ ബാലകൃഷ്‌ണന്റെ നേതൃത്വത്തിലുള്ള പ്രക്ഷോഭമാണ്‌. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും നാഷണൽ പ്ലാറ്റ്‌ഫോം ഫോർ ദ റൈറ്റ്‌സ്‌ ഓഫ്‌ ദ ഡിസേബിൾഡിന്റെ നേതാവുമായ ഝാൻസി റാണിയാണ്‌ ഭാര്യ.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home