സാർവദേശീയതയുടെയും സാസ്കാരികതയുടെയും മുഖം

എം എ ബേബി ചെഗുവേരയുടെ മകൾ അലൈഡ ഗുവേരയോടൊപ്പം (ഫയൽ ചിത്രം)

സ്വന്തം ലേഖകൻ
Published on Apr 07, 2025, 09:38 AM | 2 min read
കൊല്ലം : പ്രാക്കുളത്തുകാരൻ എം എ ബേബി സിപിഐ എമ്മിന്റെ ദേശീയ ജനറൽ സെക്രട്ടറി പദവിയിലെത്തുമ്പോൾ തെളിയുന്നത് കേരളത്തിന്റെ സാർവദേശീയതയുടെയും സാംസ്‌കാരികതയുടെയും മുഖം. ലോക കമ്യൂണിസ്റ്റ് നേതാക്കളുമായി ബന്ധം പുലർത്തുന്ന നേതാവാണ് എം എ ബേബി. കമ്യൂണിസ്റ്റ് രാജ്യങ്ങൾ സന്ദർശിച്ച് കേരളത്തിന്റെ ആതിഥ്യമര്യാദയും സ്നേഹവായ്പും അവരെ അറിയിക്കാനും എം എ ബേബി ശ്രദ്ധിക്കാറുണ്ട്. നോം ചോംസ്കിയും അലെയ്ഡ ചെ ഗുവേരയുമൊക്കെ അങ്ങനെ കേരളത്തെ അറിഞ്ഞവരാണ്. രാഷ്ട്രീയ തിരക്കിനിടയിലും സാംസ്കാരിക സാമൂഹിക മേഖലകളിൽ ശ്രദ്ധചെലുത്തി.
1986മുതൽ രണ്ട് തവണ അദ്ദേഹം കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗം ആയിരുന്നു. ഈ സമയത്താണ് ഡൽഹിയിൽ സ്വരലയ സ്ഥാപിക്കുന്നത്. ജസ്റ്റിസ് ബാലകൃഷ്ണ ഏറാടി, മാധ്യമപ്രവർത്തകരായ ടി വി ആർ ഷേണായി, ജോൺ ബ്രിട്ടാസ്, കെ ഗോപാലകൃഷ്ണൻ എന്നിവരൊക്കെ ഒപ്പമുണ്ടായിരുന്നു. 1988ൽ കൊല്ലത്ത് കടപ്പാക്കട സ്പോർട്ട്സ് ക്ലബ്ബിൽ രാജ്യസഭാംഗങ്ങളായ എം എ ബേബിയുടെയും എൻ കെ പ്രേമചന്ദ്രന്റെയും ഫണ്ട് ഉപയോഗിച്ച് ഓപ്പൺ എയർ ഓഡിറ്റോറിയം നിർമിച്ചു. ശബാന ആസ്മി ആയിരുന്നു അതിനു നാമകരണത്തിന് എത്തിയത്. യേശുദാസായിരുന്നു ഉദ്ഘാടനം. അദ്ദേഹത്തിന്റെ ഇടപെടലിൽ യേശുദാസും എസ് പി ബാലസുബ്രഹ്മണ്യവും എൽ സുബ്രഹ്മണ്യവും ഉൾപ്പെടെ രാജ്യത്തിന് അകത്തും പുറത്തുമുള്ള സംഗീതജ്ഞർ കൊല്ലത്ത് കടപ്പാക്കടയിലെ സ്വരലയ ഓഡിറ്റോറിയത്തിൽ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്.
തുടർന്ന് ജി രാജ്മോഹൻ ചെയർമാനും ജി ശങ്കർ സെക്രട്ടറിയായും നെജീബ് ട്രഷററായും സ്വരലയ കേരള ചാപ്റ്റർ രൂപീകരിച്ചു. ഉസ്താദ് അംജദ് അലിഖാനും ഉമയാൾപുരം ശിവരാമനും സോണൽ മാൻസിങ്ങും ഉൾപ്പെടെയുള്ളവർ കേരളത്തിൽ പരിപാടികൾ അവതരിപ്പിക്കാനെത്തി. ഗന്ധർവസന്ധ്യയും ഗന്ധർവസംഗീതവും ഒക്കെ പിറന്നത് എം എ ബേബിയുടെ ഈ സംഗീത പ്രേമത്തിൽ നിന്നാണ്. യേശുദാസുമായി വലിയ ആത്മബന്ധമാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്.
ടി കെ രാമകൃഷ്ണൻ സാംസ്കാരിക മന്ത്രിയായിരിക്കെ മാനവീയം പദ്ധതി വരുന്നതിൽ എം എ ബേബിക്ക് വലിയ പങ്കുണ്ടായിരുന്നു. നാട്ടിലെ സാംസ്കാരിക സംഘടനകൾക്കും എം എ ബേബിയെന്ന സംഘാടകന്റെ സഹായം കിട്ടാറുണ്ടെന്ന് മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു പറഞ്ഞു. കാക്കനാടൻ ഫൗണ്ടേഷൻ രൂപീകരിക്കുന്നതിലും അദ്ദേഹം പങ്കു വഹിച്ചു. ജന്മനാട്ടിൽ നീരാവിൽ നവോദയം ഗ്രന്ഥശാലയുടെ പ്രവർത്തനങ്ങളിൽ എം എ ബേബിയുടെ പിന്തുണ എന്നും ഉണ്ടാകാറുള്ളതായി സെക്രട്ടറി എസ് നാസർ പറഞ്ഞു.











0 comments