ad
Deshabhimani

പോരാട്ടപാതയിലെ പ്രകാശം

prakash karat
avatar
പി ആര്‍ ചന്തുകിരൺ

Published on Apr 07, 2025, 03:37 AM | 1 min read

മധുര: ഇന്ത്യൻ വിപ്ലവപ്രസ്ഥാനത്തിന്റെ അമരക്കാരിൽ ഒരാളായിരുന്ന പ്രകാശ്‌ കാരാട്ട്‌ നേതാവും പ്രചോദനവുമായി സിപിഐ എമ്മിന്റെ പോരാട്ടങ്ങളുടെ മുൻനിരയിൽ തുടരും. പാർടി തീരുമാനിച്ച പ്രായപരിധി പ്രകാരം കേന്ദ്രകമ്മിറ്റിയിൽനിന്നും പൊളിറ്റ്‌ബ്യൂറോയിൽനിന്നും ഒഴിയുന്ന പ്രകാശ്‌ പ്രത്യേക ക്ഷണിതാവായി കേന്ദ്രകമ്മിറ്റിയിൽ ഉണ്ടാകും. 2005ൽ ഡൽഹിയിൽ ചേർന്ന 18-–-ാം പാർടി കോൺഗ്രസിലാണ് ഹർകിഷൻ സിങ് സുർജിത്തിന്റെ പിൻഗാമിയായി കാരാട്ട് ജനറൽ സെക്രട്ടറിയാകുന്നത്‌. ഇടതുപക്ഷത്തിന്റെ നിർണായക പിന്തുണയോടെ യുപിഎ സർക്കാർ അധികാരത്തിലിരുന്ന കാലയളവിലാണ്‌ കാരാട്ട് നേതൃസ്ഥാനത്ത്‌ എത്തുന്നത്‌. മൻമോഹൻ സർക്കാരിന്റെ കോർപറേറ്റ് അനുകൂല, സാമ്രാജ്യത്വവിധേയ നിലപാടുകളെ ചെറുക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുത്തതോടെ തീവ്ര ഇടത്‌, വലതുശക്തികൾ പാർടിക്കെതിരെ സംഘടിത ആക്രമണം നടത്തി. സാമ്രാജ്യത്വത്തിനും നവ ഉദാരവൽക്കരണത്തിനും കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധനയങ്ങൾക്കും എതിരെ ജനകീയ ഐക്യനിര കെട്ടിപ്പടുത്ത് ശക്തമായ പോരാട്ടങ്ങൾ നയിച്ചു. രാജ്യത്തിന്റെ മതനിരപേക്ഷ ആശയാടിത്തറയെ ലക്ഷ്യമിട്ടുണ്ടായ ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള തുടർപോരാട്ടങ്ങളുടെ നേതൃനിരയിലും അദ്ദേഹം നിലകൊണ്ടു.


2015ൽ വിശാഖപട്ടണത്ത്‌ 21–-ാം പാർടി കോൺഗ്രസിൽ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന്‌ ഒഴിഞ്ഞു. തുടർന്ന്‌ ജനറൽ സെക്രട്ടറിയായ സീതാറാം യെച്ചൂരിയുടെ ആകസ്‌മിക വിയോഗത്തോടെ കാരാട്ട്‌ പൊളിറ്റ്‌ബ്യൂറോ കോ–-ഓർഡിറേറ്റർ സ്ഥാനം ഏറ്റെടുത്തു. ഇ എം എസിന്റെയും എ കെ ജിയുടെയും സഹായിയായി പ്രവർത്തിച്ച കാരാട്ട്‌ വിദ്യാർഥിപ്രസ്ഥാനത്തിലൂടെയാണ്‌ അഖിലേന്ത്യ നേതൃത്വത്തിലേക്ക് ഉയർന്നത്‌. 1972ൽ എസ്എഫ്ഐ അംഗമായ കാരാട്ട് അഖിലേന്ത്യ ജോയിന്റ്‌സെക്രട്ടറിയും തുടർന്ന്‌ പ്രസിഡന്റുമായി. അടിയന്തരാവസ്ഥയിൽ ഒളിവിലിരുന്ന്‌ എസ്എഫ്ഐയെ നയിച്ചു. 1982 മുതൽ 1985 വരെ പാർടി ഡൽഹി സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചു. 1985ൽ കേന്ദ്രകമ്മിറ്റി അംഗം. പാർടി കേന്ദ്ര സെക്രട്ടറിയറ്റ് അംഗവുമായിരുന്നു. 1992ൽ ചെന്നൈ പാർടി കോൺഗ്രസിൽ പൊളിറ്റ്ബ്യൂറോ അംഗമായി. പൊളിറ്റ്ബ്യൂറോ അംഗമായിരുന്ന ബൃന്ദ കാരാട്ടാണ് ഭാര്യ. പാലക്കാട് ജില്ലയിലെ എലപ്പുള്ളിയിലെ രാധാനായരുടെയും ഒറ്റപ്പാലത്തെ ചുണ്ടുള്ളി പത്മനാഭൻനായരുടെയും മകനാണ്‌. ജനനം ബർമയിൽ. പഠനം മദിരാശിയിലും ഡൽഹിയിലും ബ്രിട്ടനിലുമായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home