ക്രഡൻഷ്യൽ റിപ്പോർട്ട്: എസ് ആർ പി പ്രായം കൂടിയ പ്രതിനിധി; ഇളമുറക്കാരനായി സന്ദീപ്

എം പ്രശാന്ത്
Published on Apr 07, 2025, 02:53 AM | 2 min read
കോടിയേരി ബാലകൃഷ്‌ണൻ സ്‌മാരക ഹാൾ: ഇരുപത്തിമൂന്നാം പാർടി കോൺഗ്രസിനെ അപേക്ഷിച്ച് വനിതകളുടെയും ദളിത്–- മുസ്ലിം വിഭാഗങ്ങളുടെയും പ്രാതിനിധ്യത്തിൽ വർധന ഉണ്ടായതായി ക്രഡൻഷ്യൽ റിപ്പോർട്ട്. വനിതാ പ്രതിനിധികളുടെ എണ്ണം 106ൽനിന്ന് 120 ആയി ഉയർന്നു. ദളിത് പ്രാതിനിധ്യം 62ൽനിന്ന് 83ൽ എത്തി. മുസ്ലിം വിഭാഗത്തിൽനിന്നുള്ള പ്രതിനിധികളുടെ എണ്ണം കഴിഞ്ഞ കോൺഗ്രസിലെ 60ൽനിന്ന് എഴുപതായി ഉയർന്നു–- കേന്ദ്രകമ്മിറ്റി അംഗം മുരളീധരൻ അവതരിപ്പിച്ച ക്രഡൻഷ്യൽ റിപ്പോർട്ട് വ്യക്തമാക്കി.
ഭിന്നശേഷിക്കാരുടെ എണ്ണം രണ്ടിൽനിന്ന് പത്തായി ഉയർന്നു. തൊഴിലാളിവർഗ പ്രാതിനിധ്യം 155ൽനിന്ന് 174ൽ എത്തി. കർഷകത്തൊഴിലാളി പ്രാതിനിധ്യം 60ൽനിന്ന് 69 ആയി. 287 പ്രതിനിധികൾ കർഷക പശ്‌ചാത്തലത്തിൽനിന്നാണ്. കഴിഞ്ഞ കോൺഗ്രസിൽ കർഷക പശ്‌ചാത്തലത്തിൽനിന്നുള്ള 323 പ്രതിനിധികൾ ഉണ്ടായിരുന്നു. മധ്യവർഗപ്രാതിനിധ്യം 223ൽനിന്ന് 254 ആയി. പ്രതിനിധികളിലും നിരീക്ഷകരിലുമായി 11 പേർ 30 വയസ്സിൽ താഴെയുള്ളവരാണ്. 70 വയസ്സിൽ കൂടുതലുള്ള പ്രതിനിധികളുടെ എണ്ണം 125ൽനിന്ന് 112 ആയി കുറഞ്ഞു.
പാർടി കോൺഗ്രസ് പ്രതിനിധികളായി നിശ്‌ചയിച്ച 731ൽ 729 പേർ പങ്കെടുത്തു. നിരീക്ഷകരായി നിശ്‌ചയിച്ച 80 പേരിൽ 79 പേർ പങ്കെടുത്തു. 87 വയസ്സുള്ള എസ് ആർ പിയാണ് പ്രായം കൂടിയ പ്രതിനിധി. നിരീക്ഷകരിൽ 83 വയസ്സുള്ള കെ ജെ തോമസാണ് മുതിർന്നയാൾ. കേരളത്തിൽനിന്നുള്ള 22 വയസ്സുകാരൻ ഡി എസ് സന്ദീപാണ് പ്രായംകുറഞ്ഞ പ്രതിനിധി. 1956ൽ പാർടി അംഗമായ എസ് ആർ പിക്കാണ് ഏറ്റവും ദീർഘമുള്ള സംഘടനാജീവിതം. ഈ വർഷം പാർടിയിലെത്തിയ സിസി യൂണിറ്റിൽനിന്നുള്ള ബി എം ശർമയ്‌ക്കാണ് കുറഞ്ഞ പാർടി ജീവിതം. ഏറ്റവും കൂടുതൽ പാർടി കോൺഗ്രസുകളിൽ പങ്കെടുത്തിട്ടുള്ളത് ബിമൻ ബസുവാണ്–- 18. എസ് ആർ പി പതിനേഴും മണിക് സർക്കാർ, പി കരുണാകരൻ എന്നിവർ പതിനാറും പാർടി കോൺഗ്രസുകളിൽ പങ്കെടുത്തു.
പ്രതിനിധികളിൽ 294 പേർ 60–-69 വയസ്സ് പരിധിയിലാണ്. 219 പേർ 50 നും -59 നും ഇടയിൽ. 229 പേർ ബിരുദാനന്തരബിരുദക്കാരും 315 ബിരുദധാരികളും 96 പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസമുള്ളവരുമാണ്. 1963നു മുമ്പ് പാർടിയിൽ ചേർന്നവർ മൂന്നുപേർ. 153 പേർ 1964–-77 കാലയളവിലും 355പേർ 1978 നും -1990 നും ഇടയിലും 18 പേർ 1990നുശേഷവും പാർടിയിൽ അംഗങ്ങളായവരാണ്. 41 പേർ ബ്രാഞ്ചിൽനിന്നും ഏഴുപേർ വീതം ലോക്കൽ–- ഏരിയ കമ്മിറ്റികളിൽനിന്നുമാണ്. 182 ജില്ലാ കമ്മിറ്റിഅംഗങ്ങളും 406 സംസ്ഥാന കമ്മിറ്റി അംഗങ്ങളും 86 കേന്ദ്ര കമ്മിറ്റി അംഗങ്ങളുമാണ്.
458 പേർ വിദ്യാർഥി മുന്നണിയിലൂടെയും 128 പേർ യുവജന മുന്നണിയിലൂടെയും 45 പേർ ട്രേഡ്‌യൂണിയനിലൂടെയും 38 പേർ വനിതാ മുന്നണിയിലൂടെയുമാണ് പാർടിയിലെത്തിയത്. 118 പേർ പാർടി സംഘടനയിൽ പ്രവർത്തിക്കുന്നവരും 205 പേർ ട്രേഡ്‌യൂണിയൻ രംഗത്താണ്. 643 പേർ പൂർണസമയ പ്രവർത്തകരാണ്. 84 പേർ മാത്രമാണ് പ്രതിമാസം 50,000 രൂപയിൽ കൂടുതൽ വരുമാനക്കാർ. 18 പേരുടെ പ്രതിമാസ വരുമാനം 1000 രൂപയിൽ താഴെ. നാലുപേർ അഞ്ചുമുതൽ 10 വർഷം വരെ തടവ് അനുഭവിച്ചവരാണ്. രണ്ടുമാസത്തിൽ താഴെ തടവ് അനുഭവിച്ചവർ 256 പേർ. ഹിമാചലിൽനിന്നുള്ള രാകേഷ് സിംഗ ആറുവർഷവും ആറുമാസവും തടവ് അനുഭവിച്ചു. ബംഗാളിലെ ഹിമാംഗ്‌ശു ദാസ് ഏഴുവർഷം ഒളിവിലായിരുന്നു.











0 comments