അഭിമാനത്തോടെ സിസി ഓഫീസ്

സീതാറാം യെച്ചൂരി നഗർ : അജൻഡകളെല്ലാം വിജയകരമായി പൂർത്തിയാക്കി പാർടി കോൺഗ്രസ് അന്തിമനടപടികളിലേക്ക് നീങ്ങുമ്പോൾ കേന്ദ്ര കമ്മിറ്റി ഓഫീസിന് അഭിമാനിക്കാം. സീതാറാം യെച്ചൂരി നഗറിലെ താൽക്കാലിക ഓഫീസിൽ റിപ്പോർട്ടുകളും പ്രമേയങ്ങളും ഭേദഗതികളും ക്രഡൻഷ്യൽ വിവരങ്ങളുമൊക്കെ തയ്യാറാക്കുന്നതിന്റെ തിരക്കിലാണ് കേന്ദ്ര കമ്മിറ്റിഅംഗം മുരളീധരന്റെ നേതൃത്വത്തിലുള്ള പ്രവർത്തകർ.
ഡൽഹി എ കെ ജി ഭവനിൽ പ്രവർത്തിക്കുന്ന മലയാളികളായ എം വി സുമ, വി എസ് നിതിൻ എന്നിവരാണ് സിസി ഓഫീസ് പ്രവർത്തനം ഏകോപിപ്പിച്ചത്. സഹായത്തിനായി തമിഴ്‌നാട്ടിലെ ബാങ്ക്, ഇൻഷുറൻസ് യൂണിയനുകളിൽ പ്രവർത്തിക്കുന്ന 15 പേരുമുണ്ട്.
മധുര പാർടി കോൺഗ്രസ് മൂന്നുകാര്യങ്ങളിൽ വ്യത്യസ്‌തമാണെന്ന് മുരളീധരൻ ‘ദേശാഭിമാനി’യോട് പറഞ്ഞു. സാധാരണ സമ്മേളന പ്രതിനിധികളുടെ ക്രഡൻഷ്യൽ അംഗീകരിക്കൽ പാർടി കോൺഗ്രസിന്റെ അവസാനഘട്ടത്തിലാണ് നടക്കുക. ഇക്കുറി ക്രഡൻഷ്യൽ വിവരങ്ങൾ അവതരിപ്പിച്ച് അംഗീകാരം നേടിയശേഷമാണ് സമ്മേളനത്തിന് തുടക്കമായത്. ക്രഡൻഷ്യൽ വിവരങ്ങളുടെ ശേഖരണത്തിനായി പ്രത്യേക പോർട്ടലിന് രൂപം നൽകി. കഴിഞ്ഞ പാർടി കോൺഗ്രസിലെയും ഇത്തവണത്തെയും ക്രഡൻഷ്യൽ വിവരങ്ങളുടെ താരതമ്യം നടത്തി. യുവാക്കളുടെ എണ്ണത്തിലെ മാറ്റം, വനിതാപ്രതിനിധികളുടെ എണ്ണം, പ്രതിനിധികളുടെ വർഗപശ്ചാത്തലം, ആദിവാസി– -ദളിത്–- ന്യൂനപക്ഷ പ്രതിനിധികളുടെ എണ്ണത്തിലെ മാറ്റം തുടങ്ങിയവ വേഗത്തിൽ താരതമ്യപ്പെടുത്താനായി.











0 comments