ഇന്ന് ലോകാരോഗ്യ ദിനം
ആരോഗ്യത്തിനായി ഒരുമിക്കാം; ശാസ്ത്രത്തോടൊപ്പം നിൽക്കാം

നല്ല ജീവിതത്തിന് നല്ല ആരോഗ്യം അത്യാവശ്യമാണെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് മറ്റൊരു ലോകാരോഗ്യ ദിനം കൂടി എത്തിയിരിക്കുന്നു. "ആരോഗ്യത്തിനായി ഒരുമിച്ച്; ശാസ്ത്രത്തോടൊപ്പം നിൽക്കൂ" എന്ന സന്ദേശവുമായാണ് 2026ലെ ലോകാരോഗ്യ ദിനം ആചരിക്കുന്നത്. 1948 ഏപ്രിൽ 7ന് ലോകാരോഗ്യ സംഘടന (WHO) സ്ഥാപിതമായതിന്റെ 78-ാം വാർഷികത്തോടനുബന്ധിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന വിപുലമായ ആരോഗ്യ ക്യാമ്പയിനുകളാണ് ആരംഭിച്ചത്.
ആരോഗ്യ രംഗത്തെ കുതിച്ചുചാട്ടം
ആധുനിക വൈദ്യശാസ്ത്രത്തിന്റെ മുന്നേറ്റം മനുഷ്യരാശിയുടെ ശരാശരി ആയുസ്സും ആരോഗ്യവും വർദ്ധിപ്പിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു. 2000ത്തിന് ശേഷം ആഗോള മാതൃമരണ നിരക്കിൽ 40 ശതമാനവും, അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളുടെ മരണനിരക്കിൽ 50 ശതമാനത്തിലധികവും കുറവുണ്ടായതായി കണക്കുകൾ വ്യക്തമാക്കുന്നു.
ശാസ്ത്രത്തിന്റെ കരുത്ത്
കഴിഞ്ഞ 50 വർഷത്തിനിടെ വാക്സിനേഷനിലൂടെ മാത്രം 15.4 കോടി കുട്ടികളുടെ ജീവൻ രക്ഷിക്കാനായി. മീസിൽസ് വാക്സിൻ മാത്രം 9 കോടി കുട്ടികളെ മരണത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു. അനസ്തേഷ്യ, എച്ച്ഐവി ചികിത്സ, ക്യാൻസർ രോഗനിർണ്ണയം, ശസ്ത്രക്രിയകൾ എന്നിവയിലുണ്ടായ പുരോഗതി ദശലക്ഷക്കണക്കിന് ആളുകളുടെ ആയുസ് വർദ്ധിപ്പിക്കാൻ സഹായിച്ചു.
പുതിയ വെല്ലുവിളികൾ
ആരോഗ്യ മേഖലയിൽ വലിയ പുരോഗതി ഉണ്ടായപ്പോഴും പുതിയ വെല്ലുവിളികൾ ലോകത്തിന് ഭീഷണിയാകുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി തകർച്ച, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ എന്നിവ ആരോഗ്യ മേഖലയിൽ പുതിയ പ്രതിസന്ധികൾ സൃഷ്ടിക്കുന്നു. പകർച്ചവ്യാധികൾക്കൊപ്പം വർദ്ധിച്ചുവരുന്ന ജീവിതശൈലീ രോഗങ്ങളും ആഗോള ആരോഗ്യ സംവിധാനങ്ങൾക്ക് കനത്ത വെല്ലുവിളിയാണ്.
ഉച്ചകോടിയും അന്താരാഷ്ട്ര സഹകരണവും
ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ഏപ്രിൽ 5 മുതൽ 7 വരെ ഫ്രാൻസിലെ ലിയോണിൽ രാഷ്ട്രത്തലവന്മാരും ശാസ്ത്രജ്ഞരും പങ്കെടുക്കുന്ന ഉച്ചകോടി നടക്കുകയാണ്. കൂടാതെ, 80 രാജ്യങ്ങളിൽ നിന്നുള്ള 800ലധികം പ്രതിനിധികൾ പങ്കെടുക്കുന്ന ശാസ്ത്ര സഹകരണ കേന്ദ്രങ്ങളുടെ ആഗോള സംഗമവും ഏപ്രിൽ 7 മുതൽ 9 വരെ നടക്കും. വരുംകാലത്തെ ആരോഗ്യ വെല്ലുവിളികളെ ശാസ്ത്രീയമായ കൂട്ടായ്മയിലൂടെ നേരിടാനാണ് ലോകാരോഗ്യ സംഘടന ഇതിലൂടെ ലക്ഷ്യമിടുന്നത്.
കേരളത്തിന്റെ ആരോഗ്യം സൂപ്പറാണ്
ജനങ്ങൾക്ക് താങ്ങായി കൂടുതൽ കരുത്തു നേടുകയാണ് സർക്കാർ ആശുപത്രികളും ആരോഗ്യ സംവിധാനങ്ങളും. ഫാമിലി ഹെൽത്ത് സെന്ററുകളിൽ മുതൽ മെഡിക്കൽ കോളേജുകളിൽവരെ അത്യാധുനിക ചികിത്സ ഇന്ന് ലഭ്യമാണ്. നിപയും കോവിഡും പ്രതിരോധിച്ച് ലോകത്തിന് മാതൃകയായ നമ്മുടെ ആരോഗ്യ മേഖലയിൽ ഇന്ന് അതിശകരമായ മാറ്റങ്ങളാണ് നടക്കുന്നത്. ജില്ലാ ആശുപത്രികളിൽ ഉൾപ്പെടെ അവയവ മാറ്റ ശസ്‌ത്രക്രിയകൾ വരെ നടക്കുന്നു.
കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 50 ലക്ഷം പേരാണ് സർക്കാർ ആശുപത്രികളെ ആശ്രയിച്ചത്. ഈ കഴിഞ്ഞ 4 വർഷങ്ങളിൽ തുടർച്ചയായി ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനത്തിനുള്ള ദേശീയ പുരസ്‌കാരം കേരളത്തിനാണ് ലഭിച്ചത്. കാസ്പ്, കാരുണ്യ ബനവലന്റ് ഫണ്ട്, ആരോഗ്യകിരണം എന്നിവവഴി 5 വർഷം കൊണ്ട് 24.78 ലക്ഷം പേർക്ക് ആകെ 8425 കോടിയുടെ സൗജന്യ ചികിത്സ നൽകി.
വികസിത രാജ്യങ്ങളിലെ നിലവാരത്തിലേക്കുയരാൻ ആരോഗ്യ മേഖലയ്ക്കായി. ദേശീയ ഭക്ഷ്യ സുരക്ഷാ സൂചികയിൽ ചരിത്രത്തിൽ ആദ്യമായി കേരളത്തിന് ഒന്നാം സ്ഥാനം ഈ കാലഘട്ടത്തിൽ ലഭിച്ചു. ഏറ്റവും കുറവ് മാതൃ, ശിശുമരണമുള്ള സംസ്ഥാനമാണ് കേരളം. അമേരിക്കയേക്കാളും കുറഞ്ഞ ശിശുമരണ നിരക്കിൽ കേരളമെത്തി. പാലിയേറ്റീവ് കെയർ രംഗത്ത് വിജയകരമായ മാതൃകയാണ് കേരളത്തിന്റേതെന്ന് ലോകാരോഗ്യ സംഘടന നേരത്തെ അഭിനന്ദിച്ചിരുന്നു.










0 comments