കാട്ടുതീക്ക് ഇരയാവുന്നവരുടെ എണ്ണം വർധിക്കുന്നു, കിടപ്പാടം നഷ്ടമായത് 44 കോടി മനുഷ്യർക്ക്

കാട്ടുതീ കാരണം ലോകമെമ്പാടുമായി കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ കുടിയിറക്കപ്പെട്ടത് ഏകദേശം 440 മില്യൺ (44 കോടി) മനുഷ്യർ. 2021 വരെ പത്തുവർഷത്തിനകം ഏകദേശം യൂറോപ്യൻ യൂണിയൻ മുഴുവനുമായി വസിക്കുന്ന അത്രയും ആളുകൾക്കാണ് വീടും കിടപ്പാടവും നഷ്ടമായത്. കഴിഞ്ഞ രണ്ട് ദശാബ്ദമായി ഈ എണ്ണം സ്ഥിരമായി ഉയരുകയാണ്. ലോകത്തിൽ കാട്ടുതീ ദുരന്തങ്ങളിൽ 40% വർധനവ് രേഖപ്പെടുത്തി.
അതേസമയം അഗ്നിക്കിരയായ ഭൂവിഭാഗത്തിന്റെ വിസ്തൃതി 26% ശതമാനം വരെ കുറഞ്ഞു. മനുഷ്യരെ ബാധിക്കുന്നത് വർധിച്ചു. ലോകത്ത് ഏറ്റവും കൂടുതൽ ഭൂവിഭാഗങ്ങൾ കത്തിപ്പോകുന്നത് ആഫ്രിക്കയിലാണ്.
വനത്തെ ബാധിക്കുന്നത് കുറഞ്ഞു
മനുഷ്യരെ ബാധിക്കുന്നത് കൂടി
കൃഷി കാട്ടുതീ ബാധിക്കാൻ സാധ്യതയുള്ള വനപ്രദേശങ്ങളെ ചെറിയ കഷണങ്ങളാക്കി ചിതറിച്ചുകൊണ്ടിരിക്കയാണ്. കൃഷിയിടങ്ങളും റോഡുകളും തീയുടെ വ്യാപനം തടയാൻ സഹായിക്കുന്നു. അതേ സമയം കൃഷിയും മനുഷ്യ വികസനവും വനപ്രദേശങ്ങളിലേക്ക് കൂടുതലായി കേന്ദ്രീകരിക്കുന്നത് കൂടുതൽ ആളുകളെ കാട്ടുതീയുടെ ഭീഷണിക്ക് ഇരയാക്കുന്നു.
മാധ്യമ കൂട്ടായ്മയായ ദ കൺവേർഷൻ നടത്തിയ പഠനത്തിലാണ് കണ്ടെത്തലുകൾ. ഭൂമിയെ സസ്യജാലങ്ങൾ മൂടിയിരിക്കുന്നിടത്തോളം കാലം നിലനിൽക്കുന്ന സ്വാഭാവിക പ്രക്രിയയാണ് കാട്ടുതീ. വനത്തിൽ ഇടയ്ക്കിടെ ഉണ്ടാകുന്ന സ്വഭാവിക തീപിടുത്തങ്ങൾ ഒരു പരിധിവരെ ആരോഗ്യകരമാണ്. അവ ജീർണ്ണിച്ച മരങ്ങളും ഇലകളും ശാഖകളും നീക്കം ചെയ്യുന്നു. ഭാവിയിലെ തീപിടുത്തങ്ങൾക്ക് ഇന്ധനം പകരാതെ കാക്കുന്നു.
കൂടുതൽ ആളുകൾ തീപിടുത്ത സാധ്യതയുള്ള പ്രദേശങ്ങളിലേക്ക് നീങ്ങുമ്പോൾ തീവ്രമായ തീപിടുത്ത സാധ്യതകളും വർധിക്കയാണ്. മനുഷ്യജീവിതത്തിനും അടിസ്ഥാന സൗകര്യങ്ങൾക്കും പ്രകൃതിക്കും സമ്പദ്‌വ്യവസ്ഥയ്ക്കും ഇത് ഗുരുതരമായ ഭീഷണി ഉയർത്തുന്നു.

കാലാവസ്ഥാ മാറ്റത്തിന്റെ തീവ്രത കാട്ടുതീകളുടെ വർദ്ധനവിനെ സ്വാധീനിക്കുന്നുണ്ട്. ചൂട്, കുറഞ്ഞ ഈർപ്പം, ശക്തമായ കാറ്റ് എന്നിവ കാട്ടുതീ പടരാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും നിയന്ത്രിക്കാൻ പ്രയാസകരമാക്കുകയും ചെയ്യും. കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി ആഗോളതലത്തിൽ തീപിടുത്ത സ്വഭാവത്തിനും പുതിയ തീപിടുത്തങ്ങൾക്കും അനുകൂലമായ സാഹചര്യ ഘടകങ്ങൾ 50%-ത്തിലധികം വർദ്ധിച്ചു.
സമീപ വർഷങ്ങളിൽ, വടക്കേ അമേരിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ വർദ്ധിച്ചുവരുന്ന കാട്ടുതീ ദുരന്തങ്ങൾ ആഗോള ശ്രദ്ധ പിടിച്ചുപറ്റി. 2025-ലെ ലോസ് ഏഞ്ചൽസ് തീപിടുത്തങ്ങൾ, 2019-2020-ലെ ഓസ്‌ട്രേലിയൻ കാട്ടുതീ, 2018-ൽ ഗ്രീസിലെ ഏഥൻസിൽ ഉണ്ടായ കാട്ടുതീ എന്നിവ ഏറ്റവും ഭീഷണമായി.
കാട്ടുതീ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളുടെ ഏകദേശം 85% ഉം ആഗോളതലത്തിൽ കത്തിനശിച്ച കാടിന്റെ 65% ഉം ആഫ്രിക്കയിലാണ്. അമേരിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിൽ ആഗോളതലത്തിൽ കാട്ടുതീയുടെ 2.5% ൽ താഴെ മാത്രമാണ്.
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ദക്ഷിണ സുഡാൻ, മൊസാംബിക്ക്, സാംബിയ, അംഗോള എന്നീ അഞ്ച് മധ്യ ആഫ്രിക്കൻ രാജ്യങ്ങളാണ് ആഗോളതലത്തിൽ കാട്ടുതീ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളുടെ പകുതിയും അനുഭവിക്കുന്നത്. ആഗോള ജനസംഖ്യയുടെ 3% ൽ താഴെ ജനങ്ങൾ ഇതിന്റെ ദുരന്തം ഏറ്റുവാങ്ങേണ്ടി വരുന്നു.
തെക്കേ അമേരിക്കയിൽ, വർദ്ധിച്ചുവരുന്ന വരൾച്ചയുടെ ആവൃത്തിയും തീവ്രതയും, തീവ്രമാകുന്ന ഉഷ്ണതരംഗങ്ങളും കാർഷിക വ്യാപനവും കൂടിച്ചേർന്ന് കാട്ടുതീയുടെ തീവ്രത വർദ്ധിപ്പിക്കുകയും തീപിടുത്ത സാധ്യതയുള്ള പ്രദേശങ്ങളിലെ ജനസംഖ്യ വർദ്ധിപ്പിക്കുകയും ചെയ്തു.










0 comments