Deshabhimani

യുപി തെരത്തെടുപ്പ് ; കള്ളം പറഞ്ഞ് വർഗീയാന്തരീക്ഷം സൃഷ്ടിക്കുന്ന യോ​ഗി

yogi adithyanadh
avatar
വി ബി പരമേശ്വരൻ

Published on Nov 13, 2026, 07:18 PM | 2 min read

ഹിന്ദുത്വ രാഷ്ട്രീയത്തിൽ മോദിയുടെ പിൻഗാമിയാകാൻ സാധ്യതയുള്ള നേതാവാണ് യോഗി ആദിത്യനാഥ് എന്നെഴുതിയത് ലണ്ടനിൽ നിന്നും ഇറങ്ങുന്ന ഫിനാൻഷ്യൽ ടൈംസാണ്. (2026 ആഗസ്ത് 19) ബിജെപിയിലെ ഗുജറാത്ത് ലോബിയുമായി (മോദി, ഷാ) മോശം ബന്ധമാണ് യോഗിക്കുള്ളത്. അതുകൊണ്ടു തന്നെ യോഗിയുടെ ഓരോ വാക്കിനും പല അർഥ തലങ്ങളും വ്യാഖ്യാനങ്ങളും സ്വാഭാവികം. ഫെബ്രുവരിയിൽ യുപി നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ പ്രത്യേകിച്ചും.


കഴിഞ്ഞ ദിവസം ആജ് തക്കിന്റെ പഞ്ചായത്ത് ന്യൂസ് പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് ഉത്തർപ്രദേശിലെ ഇലക്ടറൽ റോളിൽ നിന്നും 1.27 കോടി ഹിന്ദു വോട്ടർമാരെ ഒഴിവാക്കിയതായി യോഗി ആദിത്യനാഥ് അവകാശപ്പെട്ടത്. ഹിന്ദുവോട്ടർമാർ ഒഴിവാക്കപ്പെട്ടുവെന്നു മാത്രമല്ല മുസ്ലിം വോട്ട് 1.65 ശതമാനം വർധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ എത്ര സംഖ്യ വർധിച്ചുവെന്ന് പറയാൻ യോഗി തയ്യാറായില്ല. തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയതായും യോഗി അറിയിച്ചു.


അർഹരായ 13 കോടിയിലധികം വോട്ടർമാരെ ഒഴിവാക്കായഎസ് ഐ ആറിന്റെ പേരിൽ രാജ്യം മുഴുവൻ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം നടക്കുന്ന വേളയിലാണ് അതിന് ആക്കം പകരുന്ന രീതിയിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ഇത്തരമൊരു പ്രസ്താവനയുമായി രംഗത്ത് വന്നത്. മോദിയും ഷായും ഗ്യാനേഷ് കുമാറിനു ചുറ്റും രക്ഷാ കവചം തീർക്കാൻ പാടുപെടുമ്പോഴാണ് പ്രതിപക്ഷ ആരോപണം ശരിവെച്ചു കൊണ്ടുള്ള പ്രതികരണവുമായി യോഗി രംഗത്തെത്തിയത്. എസ്എ ആർ തുടങ്ങിയതു മുതൽ അതിനെ പിന്തുണച്ചു സംസാരിച്ച യോഗിക്ക് പൊടുന്നനവെ മനം മാറ്റാൻ വരാൻ കാരണമെന്താണ്?


നിയമസഭാ തെരഞ്ഞെടുപ്പിൽ തോറ്റാൽ അത് തന്റെ പിഴവ് കൊണ്ടല്ലെന്നും ബിജെപിക്ക് ലഭിക്കേണ്ട ഹിന്ദുവോട്ടർമാരെ എസ് ഐ ആർ വഴി ഒഴിവാക്കിയതിന്റെ ഫലമാണെന്ന മുൻകൂർ ജാമ്യമെടുക്കലാണ് യോഗിയുടെ പ്രസ്താവനയുടെ അർഥമെന്നാണ് ഒരു പക്ഷത്തിന്റെ വാദം. ബിജെപി സംസ്ഥാന അധ്യക്ഷൻ പങ്കജ് ചൗധരിയും തെരഞ്ഞെടുപ്പിന്റെ മുഖ്യ ചുമതലക്കാരൻ മഹാരാഷ്ട്രയിൽ നിന്നുള്ള വിനോദ് താവ്‌ഡെയും മറ്റും ഗുജറാത്ത് ലോബിയുടെ ആൾക്കാരാണ്. അവരെ കൂടി പ്രതികൂട്ടിൽ നിർത്താനാണ് യോഗിയുടെ ആരോപണം എന്ന വിലയിരുത്തലും ഉയർന്നു വരുന്നുണ്ട്.


എന്നാൽ മൂന്നാമതും വിജയം നേടാൻ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെയും മോദിയെയും അമിത്ഷായെയും കൂടെ നിർത്തണം എന്ന് യോഗിക്കറിയാം. മഹാരാഷ്ട്രയിലും ബിഹാറിലും പശ്ചിമ ബംഗാളിലും ബിജെപിയെ ജയിപ്പിച്ചത് അമിത്ഷാ ആണെന്ന് യോഗിക്കും അറിയാം. അതിനാലാണ് ദീപാവലി ദിനത്തിൽ ആയോധ്യയിലെ സരയൂ നദിക്കരയിലുള്ള ദീപോത്സവത്തിൽ പ്രധാന അതിഥിയായി അമിത്ഷായെ യോഗി ക്ഷണിച്ചത്. എന്നാൽ അമിത്ഷാ ചടങ്ങിനെത്തിയില്ല. തൊട്ടടുത്ത ദിവസമാണ് വിവാദ പ്രസ്താവനയുമായി യോഗി രംഗത്തെത്തിയത്.


യു പി തെരഞ്ഞെടുപ്പ് സ്വയം തന്നെ നേരിടേണ്ടിവരുമെന്ന് മനസ്സിലാക്കിയ യോഗി അദ്ദേഹത്തിന് ആകെ അറിയാവുന്ന വർഗീയ കാർഡ് പയറ്റാൻ തീരുമാനിച്ചു. ഹിന്ദു - മുസ്ലിം വിഭജനം സൃഷ്ടിച്ച് ഭൂരിപക്ഷ ഹിന്ദുവിന്റെ വോട്ട് നേടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് യോഗി ഹിന്ദുവോട്ട് ഒഴിവാക്കിയെന്ന പ്രസ്താവനയുമായി രംഗത്തുവന്നിട്ടുള്ളത്. ജാതിവിവേചനം തടയാനുള്ള യുജിസി ചട്ടത്തിന്റെ പരിധിയിൽ മറ്റു പിന്നാക്ക സമുദായത്തെ ഉൾപ്പെടുത്തിയതും യോഗിയുടെ ഭരണം താക്കൂർ ഭരണമാണെന്ന പ്രതിഛായയും ബ്രാഹ്മണ വോട്ടുകൾ ബിജെപിയിൽ നിന്നും അകറ്റുകയാണെന്ന ചർച്ച സജീവമാണ്. അയോധ്യയിലെ ക്ഷേത്രകൊള്ളയും ബിജെപി വോട്ട് ബാങ്കിനെ ഉലയ്ക്കുന്നുണ്ട്. അതോടൊപ്പം ദളിത്, കുർമി, വോട്ടുകളും ബി ജെപിയിൽ നിന്നും അതിവേഗം അകലുകയാണ്. ഈ സാഹചര്യത്തിൽ ഹിന്ദു വികാരം കുത്തിയിളക്കി ജാതി വോട്ടുകൾ ഹിന്ദു വോട്ടുകളാക്കി ബിജെപിക്ക് ലഭ്യമാക്കിയാൽ മാത്രമേ ജയിക്കാനാകൂ എന്ന് യോഗി തിരിച്ചറിയുന്നു. ഇതിന്റെ ഭാഗമാണ് ഈ പ്രസ്താവന എന്നു വേണം കരുതാൻ. ഫിലിബിത്തിലും മറ്റ് മണ്ഡലങ്ങളിലും എസ്ഐആറിലൂടെ കണ്ടെത്തിയ വിവരം യോഗിയുടെ പ്രസ്താവനക്ക് കടകവിരുദ്ധമാണ്. ഒഴിവാക്കപ്പെട്ടവരിൽ ഭൂരിപക്ഷവും മുസ്ലീം വോട്ടർമാരാണെന്നതാണ് വസ്തുത.


എന്നാൽ യോഗിക്ക് ഈ കണക്ക് എവിടെ നിന്നു കിട്ടി എന്ന ചോദ്യം അവശേഷിക്കുന്നു. തെരഞ്ഞെടുപ്പ് കമീഷൻ മതം തിരിച്ചുള്ള കണക്ക് എടുത്തതായി അറിവില്ല. അപ്പോൾ അതും കൃത്രിമമായി നിർമിച്ചതാണോ? അതോ സംസ്ഥാന സർക്കാരിന്റെ വശം എന്തെങ്കിലും ഡാറ്റയുണ്ടോ ? വസ്തുതകളെ വെറുക്കുന്ന ബിജെപിക്ക്, അതിന്റെ നേതാവായ യോഗിക്ക് കള്ളം പറഞ്ഞും വർഗീയാന്തരീക്ഷം സൃഷ്ടിക്കുന്നതിൽ മിടുക്കുണ്ട്. ബാബ്റി മസ്ജിദ്, ഗുജറാത്ത് വിഷയങ്ങളിൽ അതു നമ്മൾ കണ്ടതാണല്ലോ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home