ad
Deshabhimani

'ആ പാട്ടിൽ അഭിനയിച്ച ഞാൻ മാത്രമേ ജീവനോടെ ഉണ്ടായിരുന്നുള്ളൂ'; ഒരിക്കൽ സലിം പറഞ്ഞു

വെബ് ഡെസ്ക്

Published on Jun 07, 2026, 10:23 AM | 2 min read

ഏറെ ചിരിപ്പിക്കുകയും അതിലേറെ ചിന്തിപ്പിക്കുകയും ചിലപ്പോഴൊക്കെ നമ്മെ ഈറനണിയിക്കുകയും ചെയ്ത ആ പ്രതിഭ ഒടുവിൽ വിടവാങ്ങുകയാണ്. ഒരു മഴയുള്ള രാത്രിയിൽ, ഒരിക്കലും മടങ്ങിവരാത്ത ദൂരങ്ങളിലേക്ക് സലിം കുമാർ യാത്രയായി. ചിരിയുടെ അവസാനിക്കാത്ത വസന്തം തീർത്ത അദ്ദേഹത്തിന്റെ വിയോഗം സിനിമാലോകത്തെയും മലയാളികളെയും ഒന്നാകെ സങ്കടക്കടലിലാഴ്ത്തുകയാണ്. സോഷ്യൽ മീഡിയയിലും വാർത്താ മാധ്യമങ്ങളിലും അദ്ദേഹത്തെക്കുറിച്ചുള്ള ഓർമകൾ സഹപ്രവർത്തകരും സിനിമാ ആസ്വാദകരും ഒരുപോലെ വേദനയോടെ പങ്കുവയ്ക്കുകയാണ്.


gramaphone movie


സ്വന്തം മരണത്തെക്കുറിച്ച് അദ്ദേഹം എപ്പോഴോ കണക്കുകൂട്ടിയിരുന്നു എന്ന് തോന്നിപ്പിക്കുന്നതായിരുന്നു 2024 ഒക്ടോബർ 10ന്, തന്റെ 55-ാം ജന്മദിനത്തിൽ അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പ്. "ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ്സ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങൾ പിന്നിട്ട് 55ലേക്ക് ഇന്ന് പ്രവേശിക്കുകയാണ്. ആയുസ്സിന്റെ സൂര്യൻ പടിഞ്ഞാറോട്ട് ചരിഞ്ഞു കഴിഞ്ഞു. അസ്തമയം വളരെ അകലെയല്ല. ഈ മഹാസാഗരത്തിൽ എവിടെയോ എനിക്കുവേണ്ടി ഒരു ചുഴി രൂപാന്തരപ്പെട്ടിരിക്കാം. അതിൽ അകപ്പെടുന്നത് വരെ എനിക്ക് ഈ വഞ്ചിയുമായി യാത്ര തുടർന്നേ പറ്റു. എന്റെ വഞ്ചിയിൽ ആണെങ്കിൽ ദ്വാരങ്ങളും വീണു തുടങ്ങി. അതിലൂടെ കയറിയ വെള്ളം കോരി കളഞ്ഞ് ഞാൻ യാത്ര തുടരുകയാണ്. എനിക്കെത്ര കാലം ഇതിലൂടെ ഇങ്ങനെ തുഴയാൻ പറ്റും എന്നറിയില്ല, എന്നാലും ഞാൻ യാത്ര തുടരുകയാണ്..." അന്ന് അദ്ദേഹം കുറിച്ചു. കാലം കരുതിവെച്ച ആ ചുഴിയിലേക്ക് അദ്ദേഹം മറയുമ്പോൾ, ഇന്ന് ഈ വരികൾ വേദനയോടെയാണ് കേരളം വായിക്കുന്നത്.


gramaphone movie


സലിം കുമാറിന്റെ ജീവിതത്തിൽ അദ്ദേഹത്തെ ഏറെ ഭയപ്പെടുത്തിയ, എപ്പോഴും വേട്ടയാടിയ ഒരു പാട്ടിന്റെ ഓർമ്മകൾ അദ്ദേഹം മുൻപൊരു ചാനൽ പരിപാടിയിൽ പങ്കുവെച്ചിരുന്നു. 2003ൽ ദിലീപിനെ നായകനാക്കി കമൽ സംവിധാനം ചെയ്ത 'ഗ്രാമഫോൺ' എന്ന ചിത്രത്തിലെ 'എന്തേ ഇന്നും വന്നീല' എന്ന ഗാനരംഗമാണത്. മുരളി അവതരിപ്പിച്ച രവീന്ദ്രനാഥ് എന്ന സംഗീതജ്ഞന്റെയും പാട്ട് സേട്ടുവിന്റെയും ക്ലാരനെറ്റ് ലൂയിയുടെയും സൈഗാൾ യൂസഫിന്റെയും തബല ഭാസ്കരന്റെയുമൊക്കെ കഥ പറഞ്ഞ ചിത്രത്തിൽ തബലിസ്റ്റായാണ് സലിം കുമാർ എത്തിയത്. സംഗീതലോകത്ത് എല്ലാവരാലും കബളിപ്പിക്കപ്പെട്ട്, ജീവിതത്തിൽ എല്ലാം നഷ്ടമായിട്ടും പാട്ടിനെ സ്നേഹിച്ച ഒരു കൂട്ടം ആളുകളുടെ ജീവിതം പറയുന്ന ആ പാട്ടിൽ ഒപ്പം അഭിനയിച്ചവർ ഓരോരുത്തരായി വിടവാങ്ങിയത് അദ്ദേഹത്തിൽ ഉണ്ടാക്കിയ ശൂന്യത ചെറുതായിരുന്നില്ല.


gramaphone movie


ആ ശൂന്യത ഒരു വേട്ടയാടലായി മാറിയതിനെക്കുറിച്ച് സലിം കുമാർ പറഞ്ഞതിങ്ങനെയായിരുന്നു: "ഏറ്റവും കൂടുതൽ പേടിച്ച ഒരു പാട്ടാണത്. എന്റെ ഒരു ബന്ധു മരിച്ച ദിവസമായിരുന്നു. അന്ന് രാത്രി വീട്ടിൽ ഞാൻ ഒറ്റയ്ക്കാണ്. സമയം പോകുന്നില്ല, ടിവി ഓണാക്കി. അതിൽ അപ്പോൾ ഈ പാട്ട് മുഴങ്ങുകയാണ്. ആ പാട്ട് കണ്ടപ്പോൾ ഞാൻ ശരിക്കും വിറച്ചുപോയി. കാരണം, അതിൽ ഞാൻ മാത്രമേ ജീവനോടെയുള്ളൂ. ബാക്കി ആ സീനിൽ അഭിനയിച്ച ആരും ജീവിച്ചിരിപ്പില്ല. മുരളി ചേട്ടൻ, ഒടുവിൽ ഉണ്ണികൃഷ്ണൻ, ഗീഥ സലാം, മൂസിക്ക, ഞാൻ... അഞ്ച് പേരാണ് ആ പാട്ടിലുള്ളത്. ഒന്നു ആലോചിച്ചു നോക്കൂ, ഒരു രാത്രി ടിവിയിൽ ഞാൻ ആ പാട്ട് കാണുമ്പോൾ ഞാനും ആ ലോകത്തേക്ക് അടുത്ത ആളായിട്ട് ഇരിക്കുകയാണെന്ന ചിന്ത വല്ലാത്തൊരു ഫീലിങ് ആയിരുന്നു."


അതേ, ആ പാട്ടിൽ അവശേഷിച്ചിരുന്ന അവസാനത്തെ ആളും ഇപ്പോൾ ഓർമകളുടെ ലോകത്തേക്ക് യാത്രയായിരിക്കുന്നു. കാലം ബാക്കിവെച്ച ആ അവസാനത്തെ കണ്ണിയും മുറിച്ചുകൊണ്ട്, തന്റെ സഹപ്രവർത്തകർക്കൊപ്പം സലിം ചേര്‍ന്നിരിക്കുന്നു. മലയാളികൾക്ക് ഒരുപിടി നല്ല ചിരികളും ചിന്തകളും നൽകിയ, പകരക്കാരനില്ലാത്ത ആ അഭിനയ പ്രതിഭയ്ക്ക് വിട.











deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home