"യുഡിഎഫ് വന്നാൽ പിഎം ശ്രീ ചവറ്റുകൊട്ടയിലെറിയും"; കെ എം ഷാജി അന്ന് പറഞ്ഞത്

കെ എം ഷാജി
തിരുവനന്തപുരം: വിദ്യാഭ്യാസമേഖലയെ വർഗീയവൽക്കരിക്കാനും ദേശീയ വിദ്യാഭ്യാസനയം അടിച്ചേൽപ്പിക്കാനുമുള്ള കേന്ദ്രത്തിന്റെ ഗൂഢനീക്കമായ പിഎം ശ്രീ പദ്ധതി നടപ്പാക്കാൻ ഒരുങ്ങുകയാണ് യുഡിഎഫ് സർക്കാർ. ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കില്ലെന്ന് വ്യക്തമാക്കിയാണ് കേന്ദ്രം തടഞ്ഞുവച്ച എസ്എസ്‌കെ വിഹിതം നേടിയെടുക്കാൻ മുൻ എൽഡിഎഫ് സർക്കാർ പദ്ധതിയിൽ ഒപ്പിട്ടത്. വിദ്യാർഥികൾക്ക് അർഹമായ പണം നേടിയെടുക്കുക മാത്രമാണ് ലക്ഷ്യമെന്ന് വ്യക്തമാക്കിയിരുന്നു.
ധാരണാ പത്രം നടപ്പാക്കില്ലെന്നും പദ്ധതിയിൽനിന്ന് പിന്മാറുന്നതായും എൽഡിഎഫ് സർക്കാർ കേന്ദ്രത്തെ അറിയിച്ചിരുന്നു.
എന്നാൽ, അന്ന് തെറ്റിധരിപ്പിക്കുന്ന പ്രചാരണം നടത്തുകയും പിഎം ശ്രീ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ടതും യുഡിഎഫ് ആയിരുന്നു. ഇന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായ മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി ഉൾപ്പെടെയുള്ളവർ എൽഡിഎഫ് സർക്കാരിനെതിരെ സമരത്തിനിറങ്ങി. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ പിഎം ശ്രീ എടുത്ത് ചവറ്റുകൊട്ടയിലെറിയും എന്നാണ് ഒരു സമരവേദിയിൽ ഷാജി പ്രസംഗിച്ചത്.
ഇതേ ഷാജി അംഗമായ മന്ത്രിസഭയാണ് ഇപ്പോൾ, വർഗീയവൽകരണ അജണ്ടയോടെടുള്ളയുള്ള പിഎം ശ്രീ പദ്ധതി നടപ്പാക്കാൻ തയ്യാറെടുക്കുന്നത്. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിൽ ചർച്ചചെയ്‌ത് തീരുമാനമെടുക്കുമെന്നാണ് വിദ്യാഭ്യാസമന്ത്രി എൻ ഷംസുദ്ദീൻ മാധ്യമങ്ങളോട് കഴിഞ്ഞദിവസം പറഞ്ഞത്. മുൻ സർക്കാർ പിഎം ശ്രീ പദ്ധതി താൽക്കാലികമായി നിർത്തിവയ്‌ക്കുക മാത്രമാണ് ചെയ്‌തതെന്ന തെറ്റിദ്ധരിപ്പിക്കുന്ന പരാമർശവും മന്ത്രി നടത്തി. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുമെന്ന ഉപാധിയോടെ മാത്രം ഫണ്ട് നൽകുമെന്ന ഭീഷണിക്ക് വഴങ്ങില്ലെന്ന് പ്രഖ്യാപിക്കാനും തയ്യാറായിട്ടില്ല.
പ്രതിപക്ഷത്തായിരിക്കെ വിവാദം സൃഷ്ടിച്ച് കോലാഹലമുയർത്തിയവർ ഇപ്പോൾ പിഎം ശ്രീയെ പുണരുന്നത് യുഡിഎഫ്– ബിജെപി ഡീലിന്റെ ഭാഗമാണെന്ന വിമർശം ശക്തമായി.









0 comments